22 November Friday

‘ദേശാഭിമാനി’ക്ക്‌
 എന്നും വഴികാട്ടി

വെബ് ഡെസ്‌ക്‌Updated: Saturday Sep 14, 2024


ഫൊയർബാഹിനെ സംബന്ധിച്ച അതിപ്രശസ്‌തങ്ങളായ പല തീസിസുകളിലൊന്നിൽ കാൾമാർക്‌സ്‌ അടിവരയിട്ടപോലെ, ദാർശനികർ ഇതുവരെ പലമട്ടിൽ പ്രപഞ്ചത്തെ വ്യാഖ്യാനിക്കുകയായിരുന്നു. എന്നാൽ, അതിനെ മാറ്റിമറിക്കുകയാണ്‌ ആവശ്യമെന്ന മാർക്‌സിന്റെ ബോധ്യം നിരന്തരം പ്രസരിപ്പിച്ച ഇടപെടലുകളിലൂടെയായിരുന്നു സീതാറാം യെച്ചൂരി ഇന്ത്യൻ കമ്യൂണിസ്‌റ്റ്‌ പ്രസ്ഥാനത്തിന്റെ ചലനങ്ങളിൽ നിർണായക സംഭാവനകൾ നൽകിയത്‌. ധിഷണയുടെ സൂര്യവെളിച്ചംതൂകിയ  വൈരുധ്യാത്മക രൂപീകരണങ്ങളിലൂടെ എല്ലാ പ്രവണതകളെയും നിർധാരണംചെയ്‌തു. ഗുരുനാഥനായ ഇ എം എസിനെ ഓർമിപ്പിക്കുംവിധം എല്ലാ ധൈഷണിക മണ്ഡലങ്ങളിലും സ്വന്തം കൈയൊപ്പ്‌ പതിപ്പിച്ച അദ്ദേഹം സാമ്പത്തികശാസ്‌ത്രം, ചരിത്രം, പത്രപ്രവർത്തനം, അധ്യാപനം, പ്രഭാഷണം തുടങ്ങിയ മേഖലകളിലെല്ലാം തിളങ്ങി. ദ മാർക്‌സിസ്‌റ്റ്‌, പീപ്പിൾസ്‌ ഡെമോക്രസി, ലോക്‌ലഹർ തുടങ്ങിയ അഖിലേന്ത്യ മാധ്യമശൃംഖലയുടെ അഭേദ്യ ഭാഗമായിരുന്ന യെച്ചൂരി അവയിൽ ചിലതിന്റെ പത്രാധിപരുമായി. വിവിധ സംസ്ഥാനങ്ങളിലെ സിപിഐ എം പ്രസിദ്ധീകരണങ്ങൾക്ക്‌ ദിശാബോധം നൽകുന്നതിലും നേതൃപരമായ പങ്കുവഹിച്ചു.

കേരളത്തിലെ സംസ്ഥാന നിലവാരത്തിലുള്ള ഒട്ടുമിക്ക കേഡർമാരുമായും യെച്ചൂരിക്ക്‌ ആഴമുള്ള ബന്ധമായിരുന്നു. ആ അടുപ്പത്തിൽ ‘ദേശാഭിമാനി’യും ഇടംനേടി. ജനകീയ സമരങ്ങൾ നിരന്തരം മുന്നോട്ടുകൊണ്ടുപോകുന്നതിനുള്ള ആയുധമായി അതിനെ കണ്ട അദ്ദേഹം പ്രചാരകനും പ്രക്ഷോഭകനും മാത്രമല്ല, സംഘാടകൻകൂടിയാണ് പത്രം എന്ന ലെനിനിസ്റ്റ് കാഴ്‌ചപ്പാടിന് അനുസൃതമായി പ്രവർത്തിക്കാൻ ദേശാഭിമാനി പ്രവർത്തകരെ ഉണർത്തിച്ചു. പുതിയ ലോക സാഹചര്യത്തിൽ പത്രത്തിന്‌ പ്രത്യേക ഉത്തരവാദിത്വമുണ്ടെന്നും കൂട്ടിച്ചേർത്തു. സമൂഹത്തിലെ മൂർത്ത സാഹചര്യങ്ങളിലാണ് മാധ്യമങ്ങൾ പ്രവർത്തിക്കുന്നത് എന്നതാണ് അതിന് കാരണമെന്നും ഊന്നി. വിദ്യാർഥി നേതാവായിരുന്ന കാലയളവിൽത്തന്നെ വിവിധ ദേശാഭിമാനി പ്രസിദ്ധീകരണങ്ങളിൽ എഴുതിവന്നു. പ്രത്യേക പതിപ്പുകളിലേക്ക്‌ നൽകിയ സൈദ്ധാന്തിക സംഭാവനകളും അതിഗംഭീരം. ദേശാഭിമാനി നേതൃത്വം നൽകിയ ചർച്ചകളിലും സംവാദങ്ങളിലും പ്രധാന പ്രഭാഷകനായി മാധ്യമരംഗത്തെ കോർപറേറ്റുവൽക്കരണത്തെ ഉൾപ്പെടെ തുറന്നുകാട്ടി. ദേശാഭിമാനി 80–-ാം വാർഷിക പരിപാടിയുടെ  സമാപനം 2023 ജനുവരി 18ന്‌ തിരുവനന്തപുരത്ത്‌  ഉദ്ഘാടനം ചെയ്‌തത്‌ അദ്ദേഹമായിരുന്നു. ഇന്ത്യയെ മത ഫാസിസ്റ്റ് രാജ്യമായി കീഴ്‌മേൽ മറിക്കാനുള്ള പരിശ്രമത്തിനെതിരായ പോരാട്ടത്തിൽ ദേശാഭിമാനിക്ക് സുപ്രധാന പങ്കുവഹിക്കാനുണ്ടെന്നായിരുന്നു അന്നത്തെ പ്രസംഗത്തിലെ പ്രധാന ഊന്നൽ. 

രാഷ്ട്രീയ സ്വാതന്ത്ര്യത്തിൽനിന്ന് സാമൂഹ്യവും സാമ്പത്തികവുമായ സ്വാതന്ത്ര്യത്തിലേക്കുള്ള പരിവർത്തനം അനിവാര്യമാണ്. ജനാധിപത്യ–- മതനിരപേക്ഷ മൂല്യങ്ങൾ സംരക്ഷിക്കുന്നതിൽ ദേശാഭിമാനിക്ക് നിർണായക കടമ ഏറ്റെടുക്കാനുണ്ട്. വിവിധ സമ്മർദങ്ങൾ അതിജീവിച്ചാണ് അത്‌ വളർന്നത്. സാമൂഹ്യഘടന മാറ്റിയെഴുതാനുള്ള ഗൂഢാലോചനകളാണ്‌ ചുറ്റും. പുതിയ ദിശയിലേക്ക് സമൂഹത്തെ നടത്തുമ്പോൾ അതിനെതിരായ അവബോധം സൃഷ്ടിക്കാൻ ദേശാഭിമാനിക്ക് രാഷ്ട്രീയ സ്വാതന്ത്ര്യത്തിൽനിന്ന് സാമൂഹ്യവും സാമ്പത്തികവുമായ സ്വാതന്ത്ര്യത്തിലേക്കുള്ള പരിവർത്തനം അനിവാര്യമാണ്.

കോർപറേറ്റ് വർഗീയ കൂട്ടുകെട്ടാണ് രാജ്യം ഭരിക്കുന്നത്‌. പകുതി സമ്പത്തും ഒരു ശതമാനത്തിന്റെ കൈകളിലാണ്. ഈ കൂട്ടുകെട്ട് ഫാസിസത്തിന്റെ പടിവാതിൽക്കലോളം എത്തിയിരിക്കുന്നു. കേന്ദ്ര സർക്കാർ ഇന്ത്യയെ അമേരിക്കൻ പങ്കാളിയാക്കി മാറ്റിയിരിക്കുന്നു. റഷ്യയിൽനിന്ന് ഇറക്കുമതി ചെയ്യുന്ന എണ്ണവിഭവങ്ങൾ അമേരിക്കയുടെ കാൽക്കീഴിലേക്ക്‌ ഒഴുക്കുന്നത് അതിന്റെ ഭാഗവുമാണ്‌. അതാകട്ടെ സാമ്രാജ്യത്വ വിധേയത്വത്തിന്റെയും പങ്കാളിത്തത്തിന്റെയും ലക്ഷണവും. കോർപറേറ്റ് വർഗീയശക്തികൾ മാധ്യമങ്ങളെ പലമട്ടിലാണ്‌ ദുരുപയോഗം ചെയ്യുന്നത്‌. രണ്ട് വൻകുത്തകകളാണ് രാജ്യത്തെ മാധ്യമങ്ങളെയാകെ നിയന്ത്രിച്ചുനിർത്തുന്നതെന്നതും വസ്‌തുത. വിദ്വേഷലാവ ആഴത്തിൽ പടർത്തി ഭിന്നിപ്പിക്കാനാണ്‌ കുത്തകമാധ്യമങ്ങളുടെ പദ്ധതി. കോർപറേറ്റ് മാധ്യമ വർഗീയ സഖ്യത്തിനെതിരായ ചെറുത്തുനിൽപ്പ്‌  കാലഘട്ടത്തിന്റെ ആവശ്യമാണ്. അവ  നിർമിച്ചെടുക്കുന്ന വ്യാജ ചരിത്രം തുറന്നുകാട്ടിയുള്ള ആശയപ്രചാരണങ്ങളും അത്യാവശ്യം. 

രണ്ടു ദശാബ്ദത്തിനുശേഷം ദേശാഭിമാനി ഒരു നൂറ്റാണ്ട്‌ ആഘോഷിക്കുമ്പോഴേക്കും ഫാസിസ്റ്റ് കോർപറേറ്റ് ശക്തികളെ കീഴടക്കാനും സോഷ്യലിസ്റ്റ് ലോകത്തേക്ക് നയിക്കാനും സാധിക്കണമെന്ന പ്രത്യാശയോടെയാണ്‌ യെച്ചൂരി പ്രസംഗം അവസാനിപ്പിച്ചത്‌. എന്നാൽ, വിലയേറിയ ജീവൻ പെട്ടെന്നു നിലച്ചുപോയി. ആ ഓർമകൾ എന്നും പ്രകാശവും പ്രചോദനവും ആവേശവും പകരും.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top