22 December Sunday

അമർ രഹേ, സീതാറാം

വെബ് ഡെസ്‌ക്‌Updated: Sunday Sep 15, 2024


ഈ വേർപാട്‌ അനശ്വരതയിലേക്കുള്ള സഞ്ചാരമാണ്‌. നിസ്വരായ  ജനകോടികൾക്കുവേണ്ടി മിടിച്ച ഹൃദയവും ചടുലമായ ചിന്തയും സെപ്‌തംബർ 12ന്‌  നിശ്‌ചലമായെങ്കിലും ഒരായുസ്സിന്റെ ആ രാഷ്‌ട്രീയഭാവന അമരത്വമാർജിക്കും. പ്രിയപ്പെട്ട സീതാറാം, നിങ്ങൾ ഈ രാജ്യത്തെ പാവപ്പെട്ട മനുഷ്യർക്കുവേണ്ടി സമർപ്പിച്ച ജീവിതമാണ്‌ ഇനി വർത്തമാനകാലത്തിന്റെ ഇരുട്ടിൽ വിളക്കുമാടംപോലെ ഇന്ത്യക്ക്‌ വഴികാട്ടുക. 

ദാർശനികനായ വിപ്ലവകാരി എങ്ങനെയായിരിക്കണമെന്നതിന്റെ പാഠപുസ്‌തകമായി സ്വജീവിതം വരുംതലമുറകൾക്കായി സമർപ്പിച്ചുകൊണ്ടാണ്‌ യെച്ചൂരി യാത്രയാകുന്നത്‌. ഇന്ത്യയിലെ രാഷ്‌ട്രീയ വിദ്യാർഥികൾക്കായി ആ രാഷ്‌ട്രീയ ജീവിതവും വൈദ്യവിദ്യാർഥികൾക്കായി ആ ശരീരവും അവശേഷിപ്പിച്ചുകൊണ്ടുള്ള യാത്ര.

സഖാവിന്റെ സാന്നിധ്യവും ഇടപെടലും ഈ രാജ്യം ഏറ്റവുമധികം ആവശ്യപ്പെടുന്ന ചരിത്ര ഘട്ടത്തിലാണ്‌ വേർപാട്‌ എന്നത്‌ വർഗീയതയ്‌ക്കും നവലിബറൽ നയങ്ങൾക്കുമെതിരെ പോരാടുന്ന മനുഷ്യരുടെ ദുഃഖഭാരം ഇരട്ടിയാക്കുന്നു. ഇന്ത്യയിലെ ദരിദ്രരും സാധാരണക്കാരുമായ ജനകോടികൾ മാത്രമല്ല, അയൽരാജ്യങ്ങളും സഖാവിനെ എത്രമാത്രം നെഞ്ചോടു ചേർക്കുന്നെന്നു കാണിക്കുന്നു രണ്ടു ദിവസത്തെ വൈകാരികമായ യാത്രാമൊഴി. ജീവിതംകൊണ്ടു മാത്രമല്ല, മരണംകൊണ്ടും ജനങ്ങളെ സേവിക്കാമെന്ന്‌ കാണിച്ചുതരുന്നു മൃതദേഹം വൈദ്യപഠനത്തിനായി കൈമാറണമെന്ന അദ്ദേഹത്തിന്റെ ആഗ്രഹപ്രകടനം. 

ഇടതുപക്ഷ പാർടികളിലെ നേതാക്കൾ മാത്രമല്ല, സോണിയ ഗാന്ധിയെയും ജെ പി നദ്ദയെയുംപോലെ ആശയപരമായി വിരുദ്ധചേരിയുള്ള പാർടികളിലെ നേതാക്കൾ, പ്രൊഫ. റൊമില ഥാപ്പറിനെപ്പോലുള്ള ലോകാദരണീയരായ ധൈഷണികർ, റഷ്യയുടെയും ക്യൂബയുടെയും പലസ്‌തീനിന്റെയും സിറിയയുടെയും തുർക്കിയയുടെയും നേപ്പാളിന്റെയും മറ്റും സ്ഥാനപതിമാർ, കർഷകരുടെയും തൊഴിലാളികളുടെയും പ്രതിനിധികളായ സാധാരണക്കാർ.  യെച്ചൂരിക്ക്‌ ആദരമർപ്പിക്കാൻ വസന്ത്‌കുഞ്ജിലെ വീട്ടിലേക്കും എ കെ ജി ഭവനിലേക്കും പ്രവഹിച്ചത്‌ ഇന്ത്യയുടെയല്ല ലോകത്തിന്റെ പരിച്ഛേദം തന്നെയായിരുന്നു. യെച്ചൂരി ഇവർക്കൊക്കെ ആരായിരുന്നെന്ന്‌ രാജ്യം ഒരിക്കൽക്കൂടി തിരിച്ചറിഞ്ഞ രണ്ടു ദിനങ്ങളാണ്‌ കടന്നുപോയത്‌.

സിപിഐ എമ്മിന്റെ സമുന്നതനായ നേതാവിൽനിന്ന്‌ ഒരു ദേശീയ നേതാവെന്ന നിലയിലേക്കുള്ള അടയാളപ്പെടുത്തലായിരിക്കും സീതാറാം യെച്ചൂരിയുടെ രാഷ്‌ട്രീയ ജീവിതരേഖ. മുപ്പത്തിരണ്ടാം വയസ്സിൽ കേന്ദ്രകമ്മിറ്റി അംഗം, നാൽപ്പതാം വയസ്സിൽ പൊളിറ്റ്‌ബ്യൂറോ അംഗം. പിന്നെ ഒമ്പതര വർഷംമുമ്പ്‌ 2015ൽ അഖിലേന്ത്യ ജനറൽ സെക്രട്ടറി പദത്തിലേക്ക്‌.  വർഗീയതയുടെ ഭീഷണിക്കും നവലിബറൽ നയങ്ങളുടെ ചൂഷണങ്ങൾക്കുമെതിരെ ജനങ്ങളെ അണിനിരത്താനും ദേശീയ രാഷ്‌ട്രീയത്തിൽ ജനപക്ഷ ബദലുകൾ കെട്ടിപ്പടുക്കാനും നേതൃപരമായ പങ്കുവഹിച്ചു എന്നതിൽ മാത്രമല്ല യെച്ചൂരിയുടെ പ്രസക്‌തി. മാർക്‌സിസം എന്ന പ്രത്യയശാസ്‌ത്രത്തെ എല്ലാ അർഥത്തിലും ഉൾക്കൊണ്ട്‌  അതിനെ വികസിപ്പിച്ച്‌ ഇന്ത്യൻ സാഹചര്യത്തിൽ പ്രായോഗികാനുഭവങ്ങളെക്കൂടി ഉൾച്ചേർക്കുകയായിരുന്നു അദ്ദേഹം.

അതുകൊണ്ടുതന്നെ ഇന്ത്യയുടെ വർഗ രാഷ്‌ട്രീയത്തിന്റെ മണ്ഡലത്തിൽ ചിരകാലം പ്രഭചൊരിഞ്ഞു നിൽക്കും സീതാറാം യെച്ചൂരി എന്ന വിപ്ലവ പ്രതിഭ.
2004ൽ തൊഴിലുറപ്പ്‌, വനാവകാശ, വിവരാവകാശ, വിദ്യാഭ്യാസ അവകാശ നിയമങ്ങൾക്കുവേണ്ടി ഒന്നാം യുപിഎ സർക്കാരിനുമേലുള്ള സിപിഐ എം സമ്മർദങ്ങൾ വിജയിക്കുന്ന ഘട്ടത്തിൽ ഡൽഹിയിലെ മാധ്യമപ്രവർത്തകർ യെച്ചൂരിയോട്‌ ചോദിച്ചു,  മൻമോഹൻസിങ് സർക്കാരിനെ പുറത്തുനിന്ന്‌ പിന്തുണയ്‌ക്കുന്നതു വഴി എന്ത്‌ നേട്ടമാണ്‌ ഇടതുപക്ഷത്തിനുള്ളതെന്ന്‌. അന്ന്‌ യെച്ചൂരി പറഞ്ഞ മറുപടി ഇങ്ങനെയായിരുന്നു: ‘‘ഇതുവരെ രാമക്ഷേത്ര നിർമാണം, അതിന്റെ പേരിലുള്ള വർഗീയ ധ്രുവീകരണവും കലാപങ്ങളുമൊക്കെയാണ്‌ നമ്മൾ ചർച്ച ചെയ്‌തത്‌. എന്നാൽ, ഇന്ന്‌ മനുഷ്യന്റെ വിശപ്പും തൊഴിൽ–- വിദ്യാഭ്യാസ അവകാശങ്ങളുമൊക്കെ നമ്മുടെ രാഷ്‌ട്രീയ വ്യവഹാരത്തിൽ ഇടംപിടിക്കുന്നില്ലേ. അതുതന്നെയാണ്‌ ഇടതുപക്ഷം ആഗ്രഹിക്കുന്നത്‌.''  അതായിരുന്നു യെച്ചൂരി. ഈ രാജ്യത്തിന്റെയെന്നല്ല, വിവിധ രാജ്യങ്ങളിലെ മർദിത ജനവിഭാഗങ്ങളുടെ വിമോചനത്തിനും സോഷ്യലിസത്തിനും ജനാധിപത്യത്തിനുംവേണ്ടി പൊരുതിയ സാർവദേശീയ വിപ്ലവകാരിയുടെ ഓർമകൾ ഇനിയുള്ള പോരാട്ടങ്ങൾക്ക്‌ ഊർജമാകട്ടെ. വിട, സഖാവേ വിട. ശോണാഭിവാദനങ്ങൾ...


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top