22 November Friday

ഇന്ത്യയുടെ കാവലാൾ

വെബ് ഡെസ്‌ക്‌Updated: Friday Sep 13, 2024


താങ്ങാനാകാത്ത ദുഃഖഭാരത്തോടെയാണ് ഞങ്ങൾ ഈ മുഖപ്രസംഗം പ്രസിദ്ധീകരിക്കുന്നത്. സിപിഐ എം ജനറൽ സെക്രട്ടറിയും ഇന്ത്യൻ ഇടതുപക്ഷ പ്രസ്ഥാനത്തിന്റെ നായകനും മതനിരപേക്ഷ, ജനാധിപത്യ വിശ്വാസികൾക്കാകെ പ്രിയങ്കരനുമായ സഖാവ് സീതാറാം യെച്ചൂരി നമ്മെ വിട്ടുപിരിഞ്ഞിരിക്കുന്നു. ഏതാനും ദിവസങ്ങൾക്കുമുമ്പുവരെ രാഷ്ട്രീയ പ്രവർത്തനങ്ങളിൽ മുഴുകിയിരുന്ന അദ്ദേഹം, ചുരുങ്ങിയ കാലയളവിലെ ആശുപത്രി വാസത്തിനൊടുവിലാണ് അന്തരിച്ചത്. ഇന്ത്യൻ രാഷ്ട്രീയത്തിലെ സവിശേഷ വ്യക്തിത്വമായിരുന്നു സീതാറാം യെച്ചൂരി. അദ്ദേഹത്തിന്റെ ജീവിതത്തെ വ്യാഖ്യാനിക്കാൻ സാധാരണ അളവുകോലുകൾ പര്യാപ്തമല്ല.

വിദ്യാർഥി ജീവിതകാലംമുതൽ അരനൂറ്റാണ്ടിലേറെ പൊതുരംഗത്ത് മായാമുദ്രകൾ പതിപ്പിച്ച സീതാറാം യെച്ചൂരി നമ്മെ വിട്ടുപിരിഞ്ഞത് രാജ്യം നിർണായക രാഷ്ട്രീയ ദശാസന്ധിയിൽ എത്തിനിൽക്കെയാണ്. കോൺഗ്രസ് ഭരണകാലത്തെ അടിയന്തരാവസ്ഥയ്‌ക്കെതിരായ പോരാട്ടത്തിലൂടെ രാഷ്ട്രീയത്തിൽ സജീവമായ അദ്ദേഹം, പതിറ്റാണ്ടുകൾക്കുശേഷം ബിജെപി സർക്കാർ പരീക്ഷിച്ച അപ്രഖ്യാപിത അടിയന്തരാവസ്ഥയ്ക്കെതിരെ വിട്ടുവീഴ്ചയില്ലാതെ പോരാടി. മോദി സർക്കാരിന്റെ ഫാസിസ്റ്റ് നടപടികൾക്കെതിരെ രാജ്യത്തെ പ്രതിപക്ഷത്തെ അണിനിരത്തുന്നതിൽ മുഖ്യപങ്ക് വഹിച്ചു. ഈ പോരാട്ടങ്ങളാണ് കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ബിജെപിയെ ദുർബലമാക്കിയത്. 1996 ൽ ഐക്യമുന്നണി സർക്കാർ രൂപീകരണത്തിലും 2004 ലെ ഒന്നാം യുപിഎ സർക്കാർ ഒരുപിടി ജനക്ഷേമപദ്ധതികൾ നടപ്പാക്കിയതിലും യെച്ചൂരിയുടെ പങ്ക് നിർണായകമായിരുന്നു. ജമ്മു -കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളയൽ, ഇലക്ടറൽ ബോണ്ട്, പൗരത്വ ഭേദഗതി നിയമം എന്നീ വിഷയങ്ങളിൽ സീതാറാം യെച്ചൂരി നടത്തിയ പോരാട്ടം ജനാധിപത്യ ഇന്ത്യയുടെ ചരിത്രത്തിൽ സുവർണ ലിപികളിൽ എഴുതേണ്ടതാണ്. ദീർഘകാലം സിപിഐ എമ്മിൽ സാർവദേശീയ കാര്യങ്ങൾ കൈകാര്യം ചെയ്ത സീതാറാം വിദേശനേതാക്കളുമായി അടുത്തബന്ധം പുലർത്തി.

ഈ വിയോഗം ഇന്ത്യൻ രാഷ്ട്രീയത്തിന്, പ്രത്യേകിച്ച് ഇടതുപക്ഷ, മതനിരപേക്ഷ, ജനാധിപത്യ പ്രസ്ഥാനങ്ങൾക്ക് വരുത്തിയ നഷ്ടം അപരിഹാര്യമാണെന്ന് പറയുന്നതിൽ അതിശയോക്തിയുടെ അംശമില്ല. എവിടെയും ഇഴുകിച്ചേരാൻ സീതാറാം യെച്ചൂരിക്ക് അസാമാന്യ കഴിവുണ്ടായിരുന്നു. സമരഭൂമികളിലും രാഷ്ട്രീയ സംവാദങ്ങളിലും ധൈഷണിക ലോകത്തും ഒരേപോലെ ഊർജസ്വലനായി. യുക്തിഭദ്രമായ വാദങ്ങളിലൂടെ മറ്റുള്ളവരെ തന്റെ നിലപാടുകളിലേക്ക്‌ കൊണ്ടുവരാൻ കഴിഞ്ഞു. ചെറുപുഞ്ചിരിയോടെ രാഷ്ട്രീയ എതിരാളികളെ നേരിട്ടു. വാക്കുകൾക്ക് മൂർച്ച കുറച്ചതുമില്ല. രാജ്യസഭാ പ്രസംഗങ്ങൾ എക്കാലത്തും രാഷ്ട്രീയ വിദ്യാർഥികൾക്കും സാമൂഹ്യ-, സാമ്പത്തിക ഗവേഷകർക്കും മുതൽക്കൂട്ടാണ്. നർമപ്രിയനായ അദ്ദേഹം ഹിന്ദി ചലച്ചിത്രഗാനങ്ങളുടെ ആരാധകനായിരുന്നു. വിവിധ ഭാഷകളിൽ മനോഹരമായി സംസാരിക്കുമായിരുന്നു. ഹിന്ദുത്വ രാഷ്ട്രീയ പദ്ധതിക്കെതിരായി അദ്ദേഹം 1980കളിൽ തന്നെ എഴുതിയിരുന്നു. എസ്എഫ്ഐ അഖിലേന്ത്യാ ജോയിന്റ്‌ സെക്രട്ടറിയായും പിന്നീട്‌ പ്രസിഡന്റായും പ്രവർത്തിച്ച സഖാവ്‌ രാജ്യത്തെ പുരോഗമന വിദ്യാർഥി പ്രസ്ഥാനത്തിന്റെ കുതിപ്പിന് വലിയ സംഭാവന നൽകി.

വിദ്യാഭ്യാസപരമായും സാമൂഹികമായും ഉയർന്നുനിന്ന കുടുംബത്തിൽ ജനിച്ച സീതാറാം യെച്ചൂരിയെ നന്നേ ചെറുപ്പത്തിൽ വിപ്ലവചിന്തകൾ ആകർഷിച്ചു. രാജ്യസഭയിലെ വിടവാങ്ങൽ പ്രസംഗത്തിൽ യെച്ചൂരി തന്റെ ജീവിതത്തെ ഇന്ത്യൻ രാഷ്ട്രീയത്തിലെ ഗതിവിഗതികളുമായി കോർത്തിണക്കി വിശദീകരിച്ചത് അവിസ്മരണീയമാണ്. ചെന്നൈയിൽ, തെലുഗു കുടുംബത്തിലാണ്‌ ജനനം. സ്കൂൾ വിദ്യാഭ്യാസത്തിന്റെ ഏറിയ പങ്കും ഹൈദരാബാദിലായിരുന്നു. പതിനൊന്നാം ക്ലാസ് മുതൽ ബിരുദാനന്തര ബിരുദ പഠനംവരെ ഡൽഹിയിൽ. ജെഎൻയു ക്യാമ്പസാണ് അദ്ദേഹത്തെ നിരന്തര പോരാട്ടങ്ങളുടെ പാതയിലേക്ക്‌ നയിച്ചത്. പിന്നീട് പി സുന്ദരയ്യ, ഇ എം എസ്, ബസവ പുന്നയ്യ, ബി ടി ആർ, ഹർകിഷൻ സിങ് സുർജിത് എന്നിവരുടെ മാർഗനിർദേശങ്ങളും കരുതലും സീതാറാം യെച്ചൂരിയുടെ രാഷ്ട്രീയ വ്യക്തിത്വം വളർത്തിയെടുത്തു. 1984ൽ മുപ്പത്തിരണ്ടാം വയസ്സിൽ സിപിഐ എം കേന്ദ്രകമ്മിറ്റി അംഗമായി. 1992 മുതൽ പൊളിറ്റ് ബ്യൂറോ അംഗമാണ്. 2015 ലെ വിശാഖപട്ടണം പാർടി കോൺഗ്രസിൽ ജനറൽ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടു. ഹൈദരാബാദ്, കണ്ണൂർ കോൺഗ്രസുകളിൽ വീണ്ടും ജനറൽ സെക്രട്ടറിയായി. മികച്ച മാർക്സിസ്റ്റ് സൈദ്ധാന്തികനായിരുന്ന അദ്ദേഹം സിപിഐ എം കേന്ദ്രകമ്മിറ്റിയുടെ ഇംഗ്ലീഷ്‌ വാരിക പീപ്പിൾസ് ഡെമോക്രസിയുടെ എഡിറ്ററായും പ്രവർത്തിച്ചു. ഇപ്പോൾ ഇരുപത്തിനാലാം പാർടി കോൺഗ്രസിന് മുന്നോടിയായി സമ്മേളനങ്ങൾ ആരംഭിച്ചിരിക്കെയാണ് അദ്ദേഹത്തിന്റെ ആകസ്മിക വിയോഗം.ലക്ഷക്കണക്കിന് പാർടി പ്രവർത്തകരെയും ഇടതുപക്ഷ ചിന്താഗതിക്കാരെയും ഒപ്പം ഇതര രാഷ്ട്രീയ പ്രസ്ഥാനങ്ങളിലെ ജനാധിപത്യവിശ്വാസികളെയും കടുത്ത ദുഃഖത്തിലാഴ്ത്തിയാണ് അദ്ദേഹം നമ്മെ വിട്ടുപിരിഞ്ഞത്. സഖാവിന് ലാൽ സലാം. ചെങ്കൊടി താഴ്ത്തി ഞങ്ങൾ ആദരാഞ്ജലി അർപ്പിക്കുന്നു. വർഗീയതയ്ക്കും ജനാധിപത്യ ധ്വംസനങ്ങൾക്കുമെതിരെ ചൂഷണരഹിതലോകം കെട്ടിപ്പടുക്കാനുള്ള പോരാട്ടം മുന്നോട്ടുകൊണ്ടുപോകുകയെന്നതാണ് സഖാവിന്റെ സമരജീവിതം ചിരസ്മരണയാക്കാനുള്ള മാർഗം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top