05 December Thursday

ദക്ഷിണ കൊറിയ നൽകുന്ന പാഠം

വെബ് ഡെസ്‌ക്‌Updated: Thursday Dec 5, 2024


ദക്ഷിണ കൊറിയയിൽ പട്ടാളഭരണം പിൻവലിച്ച്‌ ജനാധിപത്യം പുനഃസ്ഥാപിക്കപ്പെട്ടു. ജനം തെരുവിലിറങ്ങിയാൽ ഏത്‌ ഏകാധിപതിക്കും പിടിച്ചുനിൽക്കാനാകില്ലെന്ന ഈ അനുഭവം മറ്റു രാജ്യങ്ങൾക്കും പാഠമാണ്‌. ഒപ്പം ജീവിതയാഥാർഥ്യങ്ങൾ മറയ്‌ക്കാൻ പൊതുശത്രുവിനെ സൃഷ്ടിച്ച്‌ അതിലൂടെ രാജ്യത്തെയും ജനങ്ങളെയും ഏറെ നാൾ കബളിപ്പിക്കാനാകില്ലെന്നും.

പ്രതിപക്ഷം കമ്യൂണിസ്റ്റ്‌ രാജ്യമായ വടക്കൻ കൊറിയക്കൊപ്പം ചേർന്ന്‌ പ്രവർത്തിക്കുന്നെന്ന്‌ ആരോപിച്ചാണ്‌ പ്രസിഡന്റ്‌ യൂൺ സുക്‌ യോൾ  ദക്ഷിണ കൊറിയയിൽ ചൊവ്വാഴ്‌ച രാത്രി പട്ടാളഭരണം പ്രഖ്യാപിച്ചത്‌. പക്ഷേ, വിദ്യാർഥികളും മറ്റു ജനവിഭാഗങ്ങളും തെരുവിലിറങ്ങുകയും പാർലമെന്റ്‌ അടിയന്തരമായി ചേർന്ന്‌ പട്ടാളഭരണം പിൻവലിക്കണമെന്ന്‌ ആവശ്യപ്പെടുകയും ചെയ്‌തതോടെ പ്രസിഡന്റിനു മുന്നിൽ മറ്റു മാർഗമൊന്നും ഉണ്ടായിരുന്നില്ല. ഭരണകക്ഷിയായ പീപ്പിൾസ്‌ പവർ പാർടിക്കുപോലും ഇക്കാര്യത്തിൽ യൂൺ സുക്‌ യോളിനൊപ്പം നിൽക്കാനായില്ല. പട്ടാള ഭരണത്തിന്റെ ആയുസ്സ്‌ ആറുമണിക്കൂറിലൊതുങ്ങി. 

വടക്കൻ കൊറിയയാണ്‌ പാശ്ചാത്യ മാധ്യമങ്ങൾക്ക്‌ ഇരുമ്പുമറയും ഏകാധിപത്യവുമെങ്കിലും സത്യത്തിൽ ദക്ഷിണ കൊറിയക്കാണ്‌ ജനാധിപത്യധ്വംസനങ്ങളുടെയും പട്ടാള അട്ടിമറികളുടെയും ചരിത്രം കൂടുതലുള്ളത്‌. രണ്ടാം ലോകയുദ്ധത്തിൽ അമേരിക്കയുടെ കൈവശമുണ്ടായിരുന്ന കൊറിയൻ ഭാഗമാണ്‌ പിന്നീട്‌ ദക്ഷിണകൊറിയയായി മാറുന്നത്‌. സോവിയറ്റ്‌ യൂണിയന്റെ കൈവശമുണ്ടായിരുന്ന ഭാഗം വടക്കൻ കൊറിയയും. ഐക്യകൊറിയക്കുള്ള ചർച്ച പരാജയപ്പെട്ടതിനെത്തുടർന്ന്‌ 1948ൽ ദക്ഷിണ ഭാഗം റിപ്പബ്ലിക്‌ ഓഫ്‌ കൊറിയയായി മാറി. 1950-ൽ ഉത്തരകൊറിയയുമായി യുദ്ധം തുടങ്ങി. 1953-ൽ അവസാനിച്ചു. 1960-ൽ സിങ്‌മാൻ റീയുടെ നേതൃത്വത്തിലുള്ള ആദ്യ റിപ്പബ്ലിക് ഓഫ് കൊറിയ അട്ടിമറിക്കപ്പെട്ടു. പട്ടാള മേധാവിയായിരുന്ന പാർക് ചുങ് ഹീയുടെ നേതൃത്വത്തിൽ 1961ൽ നടന്ന അട്ടിമറി രണ്ടാം റിപ്പബ്ലിക്കിന് അന്ത്യംകുറിച്ചു. തുടർന്ന്‌ 1979-ൽ അട്ടിമറി പാർക്കിന്റെ  വധത്തിൽ കലാശിച്ചു. വീണ്ടും മൂന്ന്‌ അട്ടിമറി നടന്നു. 1987ലെ ജനാധിപത്യ സമരത്തെതുടർന്നാണ്‌ പട്ടാള ഭരണം അവസാനിപ്പിച്ച് നിലവിലെ ആറാം റിപ്പബ്ലിക്‌ രൂപീകരിച്ചത്‌. അമേരിക്കപോലെ പ്രസിഡൻഷ്യൽ ഭരണസമ്പ്രദായം നിലനിൽക്കുന്ന ദക്ഷിണ കൊറിയയിൽ പക്ഷേ പാർലമെന്റിന്‌ പരിമിതമായ അധികാരം മാത്രമാണുള്ളത്‌. 

2022ലാണ്‌ യൂൺ പ്രസിഡന്റാകുന്നത്‌. അതും കേവലം ഒരു ശതമാനം വോട്ടിന്റെ വ്യത്യാസത്തിൽ. തുടർന്ന്‌ കഴിഞ്ഞ ഏപ്രിലിൽ നടന്ന 300 അംഗ പാർലമെന്റ്‌ തെരഞ്ഞെടുപ്പിലാകട്ടെ പ്രതിപക്ഷ ഡെമോക്രാറ്റിക്‌ പാർടിക്ക്‌ 190 സീറ്റ്‌ ലഭിച്ചു.  മാത്രമല്ല, വിലക്കയറ്റവും രാജ്യത്തിന്റെ കറൻസിയായ വോണിന്റെ മൂല്യത്തകർച്ചയും സമ്പദ്‌വ്യവസ്ഥയെ പ്രതിസന്ധിയിലുമാക്കി. ഇത്‌ ജനങ്ങളിൽ വൻ പ്രതിഷേധം വളർത്തിയിട്ടുണ്ട്‌. അടുത്ത വർഷത്തേക്കുള്ള യൂണിന്റെ നിർദിഷ്ട ബജറ്റ്‌ 6.77 ലക്ഷം കോടിയിൽനിന്ന്‌ പാർലമെന്റ്‌ ഏകദേശം 4000 കോടി വോൺ വെട്ടിക്കുറച്ചിരുന്നു. ഇതിനു പുറമെ അമേരിക്കയുമായി ചേർന്ന്‌ ഉക്രയ്‌ന്‌ ആയുധം നൽകുന്ന യൂണിന്റെ നയത്തിനെതിരെ രാജ്യത്ത്‌ വൻ പ്രതിഷേധം ഉയർന്നിരുന്നു. ഇവ സൃഷ്ടിക്കുന്ന പ്രതിസന്ധിയിൽനിന്ന്‌ രക്ഷപ്പെടാനാണ്‌ ഉത്തരകൊറിയയുടെ പേരിൽ അറ്റകൈക്ക്‌ യൂൺ തുനിഞ്ഞതെന്നാണ്‌ അനുമാനം.

പട്ടാള നിയമം പ്രഖ്യാപിച്ചതിനു പിന്നാലെ, സുരക്ഷാസേന ദേശീയ അസംബ്ലി സീൽ ചെയ്തു. അസംബ്ലിയുടെ മേൽക്കൂരയിൽ സൈനിക ഹെലികോപ്റ്ററുകൾ ഇറക്കി. കുറച്ച് സമയത്തേക്കാണെങ്കിലും സൈനികർ അസംബ്ലി കെട്ടിടത്തിനുള്ളിൽ പ്രവേശിച്ചു. എന്നാൽ, നാഷണൽ അസംബ്ലിയിലെ 190 അംഗങ്ങളും  പട്ടാളഭരണത്തിനെതിരെ വോട്ട് ചെയ്തു. പാർലമെന്റിനു പുറത്ത് നൂറുകണക്കിനു പ്രതിഷേധക്കാർ ഒത്തുകൂടി യൂണിനെ അറസ്റ്റ് ചെയ്യണമെന്ന്‌ ആവശ്യപ്പെട്ടു.  

യൂൺ സ്ഥാനമൊഴിയണം അല്ലെങ്കിൽ ഇംപീച്ച് ചെയ്യപ്പെടണം എന്നാണ്‌ പ്രക്ഷോഭകരുടെ ഇപ്പോഴത്തെ ആവശ്യം. പ്രസിഡന്റ് രാജിവയ്‌ക്കുംവരെ രാജ്യത്തെ പ്രധാന തൊഴിലാളി യൂണിയൻ ഗ്രൂപ്പ് അനിശ്ചിതകാല പൊതു പണിമുടക്കിന് ആഹ്വാനം ചെയ്‌തിട്ടുണ്ട്. ചുരുക്കത്തിൽ പട്ടാള ഭരണം പിൻവലിച്ചെങ്കിലും അതിന്റെ അലയൊലികൾ നീളുമെന്നുറപ്പ്‌. പട്ടാള അട്ടിമറിനീക്കത്തെ അമേരിക്ക അപലപിച്ചിട്ടുപോലും ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യയിലെ ഭരണാധികാരികൾ വായ തുറന്നില്ലെന്നത്‌ ആശ്ചര്യജനകമാണ്‌. ഇത്‌ ജനാധിപത്യത്തോടുള്ള പുറംപൂച്ചാണ്‌ വ്യക്തമാക്കുന്നത്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top