22 November Friday

ഈ മുത്തുകൾ ചോരാതിരിക്കട്ടെ

വെബ് ഡെസ്‌ക്‌Updated: Tuesday Nov 12, 2024


സൗഹൃദത്തിന്റെയും ഒരുമയുടെയും മഹാമേളയാണ്‌ ഒളിമ്പിക്‌സ്‌. അതിന്‌ ചുവടുപിടിച്ച്‌ ഒളിമ്പിക്‌സ്‌ മാതൃകയിലായിരുന്നു ഇക്കുറി സംസ്ഥാന സ്‌കൂൾ കായികമേള. ഇന്ത്യയിൽ ആദ്യമായാണ്‌ ഒരു സംസ്ഥാനം ഒളിമ്പിക്‌സ്‌ മാതൃകയിൽ ഇത്തരത്തിൽ സമഗ്രമായൊരു കായികമേള സംഘടിപ്പിക്കുന്നത്‌. എല്ലാ കളികളും ഒറ്റക്കുടക്കീഴിൽ ഒരു നഗരത്തിലെന്ന ആശയത്തിന്‌ വലിയ പിന്തുണയാണ്‌ കിട്ടിയത്‌. അതിനാൽ ഈ മാതൃക വരുംവർഷങ്ങളിലും തുടരാനാണ്‌ സർക്കാർ തീരുമാനം. പരാതിയും പരിഭവവും ഇല്ലാതെയുള്ള നടത്തിപ്പ്‌ അഭിനന്ദനം അർഹിക്കുന്നു. കാൽലക്ഷം കുട്ടികളെ അണിനിരത്തിയുള്ള മഹാമേളയുടെ വേറിട്ട സംഘാടനം മാതൃകാപരമാണ്‌.

സംസ്ഥാന സ്‌കൂൾ കായികമേള ആറരപ്പതിറ്റാണ്ട്‌ പിന്നിട്ടിരിക്കുന്നു. ഈ ട്രാക്കിലൂടെ പോയവരാണ്‌  പിന്നീട്‌  ഇന്ത്യയുടെ അഭിമാനമായത്‌. കേരളം സംഭാവന ചെയ്‌ത പ്രമുഖ താരങ്ങളുടെയെല്ലാം നഴ്‌സറിയായിരുന്നു ഇവിടം. എറണാകുളത്തെ പുതിയ സിന്തറ്റിക്‌ ട്രാക്ക്‌ അടക്കം 17 വേദികളിലായിരുന്നു മത്സരങ്ങൾ. നീന്തലും ഗെയിംസ്‌ ഇനങ്ങളും അത്‌ലറ്റിക്‌സും ഒരുമിച്ചെത്തിയ മേള. അതിനൊപ്പംതന്നെ സവിശേഷ പരിഗണന അർഹിക്കുന്ന കുട്ടികളുടെ കായികമേളയും. ആ കുട്ടികളെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക്‌ കൈപിടിച്ചുയർത്താനുള്ള വലിയൊരു ശ്രമവും ഇതിനൊപ്പമുണ്ടായി.  ഭിന്നശേഷിയുള്ള കുട്ടികളും ഗൾഫിലെ സ്‌കൂളുകളിൽനിന്നുള്ള  കുട്ടികളും  ആദ്യമായി പങ്കാളികളായി. എല്ലാംകൊണ്ടും സവിശേഷമായിരുന്ന ‘സ്‌കൂൾ ഒളിമ്പിക്‌സിന്‌’ വിജയകരമായ പരിസമാപ്‌തിയായിരിക്കുന്നു.

നീന്തലിലും ഗെയിംസ്‌ ഇനങ്ങളിലും തിരുവനന്തപുരം ജില്ലയുടെ സമഗ്രാധിപത്യമാണ്‌. ഓവറോൾ കിരീടവും തലസ്ഥാന ജില്ലയ്‌ക്കുതന്നെ.  എന്നാൽ അത്‌ലറ്റിക്‌സിൽ മലപ്പുറത്തിന്റെ കുതിപ്പാണ്‌ ഈ മേളയുടെ സവിശേഷത. അത്‌ ഒറ്റദിവസംകൊണ്ടുണ്ടായതല്ല.  കഠിനാധ്വാനത്തിന്റെയും അർപ്പണബോധത്തിന്റെയും അർഹിച്ച വിജയമാണ്‌. പത്തുവർഷംമുമ്പ്‌ 43 പോയിന്റുമായി ഏഴാംസ്ഥാനത്തായിരുന്നു മലപ്പുറം. കോട്ടയവും പിന്നെ എറണാകുളവും ഒടുവിൽ പാലക്കാടും മുദ്രചാർത്തിയ കൗമാര അത്‌ലറ്റിക്‌സ്‌ ഭൂപടത്തിൽ മലപ്പുറം സ്വന്തമായൊരിടം കണ്ടെത്തുകയായിരുന്നു. തുടർച്ചയായി നാലാം കിരീടം ലക്ഷ്യമിട്ട പാലക്കാടിനെ 34 പോയിന്റ്‌ വ്യത്യാസത്തിലാണ്‌ പിന്തള്ളിയത്‌.  മലപ്പുറത്തിന്‌ 22 സ്വർണമടക്കം 247 പോയിന്റ്‌. പാലക്കാടിന്‌ 25 സ്വർണം കിട്ടിയെങ്കിലും  213 പോയിന്റിൽ അവസാനിച്ചു. ഒന്നോ രണ്ടോ സ്‌കൂളുകളുടെ ശക്തിയിലല്ല മലപ്പുറത്തിന്റെ വിജയം. ഒരുപിടി സ്‌കൂളുകൾ ഒത്തുപിടിച്ചാണ്‌ കിരീടമൊരുക്കിയത്‌. കടകശേരി ഐഡിയൽ സ്‌കൂൾ നയിച്ചപ്പോൾ തിരുനാവായ നാവാമുകുന്ദയും ആലത്തിയൂരും ചീക്കോടും പൂക്കൊളത്തൂരും തോളോടുതോൾ ചേർന്നുനിന്നു. അതോടെ പാലക്കാടൻ കോട്ട ഇളകി. ഒരുകാലത്ത്‌ കായികകിരീടം കുത്തകയാക്കിയിരുന്ന എറണാകുളം മൂന്നാംസ്ഥാനത്തേക്ക്‌ പിന്തള്ളപ്പെട്ടു.

ദേശീയ അത്‌ലറ്റിക്‌ മീറ്റുകളിൽ കേരളം പിന്നോട്ടടിക്കുന്ന കാലത്താണ്‌ സംസ്ഥാന സ്‌കൂൾ കായികമേളയുടെ 66–-ാം പതിപ്പിന്‌  കൊടിയിറങ്ങുന്നത്‌. അതിനാൽ ഇവിടെ കണ്ടെടുത്ത മിടുക്കരെ പോറ്റിവളർത്തേണ്ടതുണ്ട്‌. അവരെ കൈപിടിച്ചുയർത്താനും വലിയ മേളകളിൽ അവതരിപ്പിക്കാനുമുള്ള കരുതലും ജാഗ്രതയും വേണം. അടിസ്ഥാന സൗകര്യങ്ങൾ കുറഞ്ഞ മേഖലകളിൽനിന്നെത്തി വിജയം നേടിയവരുണ്ട്‌. നാട്ടുകാരുടെ കൂട്ടായ്‌മയിൽ വേദിയിലെത്തിയവരുണ്ട്‌. ജീവിതത്തിന്റെ പരുക്കൻ യാഥാർഥ്യങ്ങളോട്‌ പടപൊരുതി വിജയിച്ച കുട്ടികൾ വലിയ പരിഗണന അർഹിക്കുന്നു. ഈ വിജയത്തിനെല്ലാം  തുടർച്ചവേണം. കൂടുതൽ മെച്ചപ്പെട്ട പരിശീലനവും പരിഗണനയും വേണം. ദേശീയ വേദികളിലേക്ക്‌ പാകപ്പെടുത്തിയെടുക്കാനുള്ള കരുതൽ വേണം. 

ഇക്കാര്യത്തിൽ സർക്കാരിന്റെ ഫലപ്രദമായ ഇടപെടലുണ്ടാകുമെന്ന്‌  പ്രതീക്ഷിക്കാം. കഴിഞ്ഞ രണ്ട്‌ കായികമേളകൾ നടന്നത്‌ പുതിയ സിന്തറ്റിക്‌ ട്രാക്കുകളിലാണ്‌. ഇക്കുറി മഹാരാജാസ്‌ കോളേജ്‌ മൈതാനത്തും കഴിഞ്ഞതവണ കുന്നംകുളം സ്‌കൂളിലും.  എട്ടുവർഷത്തിനിടെ സർക്കാർ 14 സിന്തറ്റിക്‌ ട്രാക്കുകൾ സംസ്ഥാനത്ത്‌ സ്ഥാപിച്ചുവെന്നത്‌ ചെറിയ കണക്കല്ല.  കിഫ്‌ബി ഫണ്ടും സംസ്ഥാന സർക്കാരിന്റെ ബജറ്റ്‌ വിഹിതവുമടക്കം 2500 കോടി രൂപയുടെ അടിസ്ഥാനസൗകര്യ വികസനമാണ്‌ കായികരംഗത്ത്‌ നടപ്പാക്കുന്നത്‌. എട്ടുവർഷത്തിനിടെ 710 കായികതാരങ്ങൾക്ക്‌ സർക്കാർ ജോലി നൽകി. 1000 കായികതാരങ്ങൾക്ക്‌ ജോലി നൽകുമെന്ന വാഗ്‌ദാനം കുട്ടികൾക്ക്‌ നൽകുന്ന ആത്മവിശ്വാസം ചെറുതല്ല.

സംസ്ഥാന കായികമേളയിൽ പങ്കെടുത്ത എല്ലാവർക്കും അഭിനന്ദനം. ജയിച്ചവർ ദേശീയ മീറ്റിനായി മികച്ചരീതിയിൽ തയ്യാറെടുക്കണം. തോറ്റവർക്ക്‌ നിരാശയും സങ്കടവും വേണ്ട. മികച്ച പരിശീലനത്തിലൂടെയും കഠിനാധ്വാനത്തിലൂടെയും അവർക്ക്‌ വിജയവഴിയിൽ തിരിച്ചെത്താനാകും. തോൽവിയിൽ പതറാതെ പൊരുതിക്കയറിയവരുടെ ത്രസിപ്പിക്കുന്ന ജീവിതം നമ്മുടെ മുന്നിലുണ്ട്‌. അതിനാൽ, ഒട്ടും ആശങ്ക വേണ്ട, വിജയം കാത്തിരിക്കുന്നുണ്ട്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top