പശ്ചിമേഷ്യയിൽ അമേരിക്കൻ സാമ്രാജ്യത്വത്തിനെതിരെ നിലപാട് സ്വീകരിച്ച്, പൊരുതിനിന്ന ഒരു ഭരണാധികാരികൂടി അധികാരഭ്രഷ്ടനായിരിക്കുന്നു. സിറിയയിൽ ബഷാർ അൽ അസദിന്റെ പതനത്തിലൂടെ സംഭവിച്ചിരിക്കുന്നത് അതാണ്. ഇനി ആ അർഥത്തിൽ പൊരുതാൻ മേഖലയിൽ ബാക്കിനിൽക്കുന്നത് ഇറാൻ മാത്രമാണ്. അതുകൊണ്ടുതന്നെ അമേരിക്കയ്‌ക്കും ഇസ്രയേൽ അടക്കമുള്ള കൂട്ടാളികൾക്കും ആഹ്ലാദിക്കാൻ വക നൽകുന്നതാണ് സിറിയയിലെ സംഭവവികാസങ്ങൾ. എന്നാൽ, മതനിരപേക്ഷരും സമാധാനകാംക്ഷികളുമായ മനുഷ്യർക്ക് സിറിയയിൽ മതഭീകരർ നടത്തിയ അട്ടിമറി അങ്ങേയറ്റം ആശങ്ക പകരുന്നതാണ്.
അൽ ഖായ്‌ദയുടെ ഉപസംഘടനയെന്ന് വിശേഷിപ്പിക്കാവുന്ന ഹയാത്ത് തഹ്‌രീർ അൽ-ഷാം (എച്ച്ടിഎസ്) ആണ് സിറിയ പിടിച്ചതെന്ന റിപ്പോർട്ടുകൾ സ്ഥിതിഗതി എത്രത്തോളം ഭീതിദമായ അവസ്ഥയിലാണ് എത്തിനിൽക്കുന്നതെന്ന് വ്യക്തമാക്കുന്നതാണ്. അസദിന്റെ ഭരണം അവസാനിച്ചതായി സിറിയയുടെ സൈനിക കമാൻഡ് ഉദ്യോഗസ്ഥരെ അറിയിച്ചതായി റിപ്പോർട്ടുണ്ടായിരുന്നു. എന്നാൽ ഹമായിലെയും ഹോംസിലെയും പ്രധാന നഗരങ്ങളിലും ദേര ഗ്രാമപ്രദേശങ്ങളിലും ഭീകരഗ്രൂപ്പുകൾക്കെതിരായ പ്രവർത്തനങ്ങൾ തുടരുകയാണെന്നാണ് സിറിയൻ സൈന്യം പിന്നീട് വ്യക്തമാക്കിയത്. അതെന്തായാലും ഭീകരതയ്‌ക്കെതിരായ ചെറുത്തുനിൽപ്പിൽ സിറിയൻ ജനതയുടെ പോരാട്ടം പശ്ചിമേഷ്യക്കു നിർണായകമായ വഴിത്തിരിവാകും. ഇറാഖിൽ സദ്ദാം ഹുസൈനെ അമേരിക്കൻ സാമ്രാജ്യത്വം പുറത്താക്കിയശേഷമുള്ള ഏറ്റവും നിർണായകമായ സാമ്രാജ്യത്വ അട്ടിമറിയാണ് സിറിയയിൽ നടന്നത്.
2019 ഒക്ടോബറിൽ സിറിയയിൽ അമേരിക്കൻ വ്യോമാക്രമണത്തിലാണ് ഐഎസ് തലവനായിരുന്ന അബൂബക്കർ അൽ ബാഗ്‌ദാദി കൊല്ലപ്പെട്ടത്. ബാഗ്‌ദാദി സൃഷ്ടിക്കുകയും നയിക്കുകയുംചെയ്ത ഇസ്ലാമിക് സ്റ്റേറ്റ് എന്ന ഭീകര സംഘടന അതേത്തുടർന്ന് ചിതറിപ്പോകുകയും ദുർബലമാകുകയും ചെയ്തു. കിഴക്കൻ സിറിയയിലെ ദെയർ എസോർ മുതൽ ഇറാഖിലെ മൊസൂൾ വരെ ഐഎസിനെ ഉച്ചസ്ഥായിയിൽ വ്യാപിപ്പിച്ച ബാഗ്‌ദാദി സ്ഥാപിച്ച ‘ഖിലാഫത്ത്’ തകർക്കപ്പെട്ടു. എന്നാൽ സിറിയയിലെ തന്റെ ശൃംഖലയെ നയിക്കാൻ ബാഗ്‌ദാദി തെരഞ്ഞെടുത്ത അബു മൊഹമ്മദ് അൽ ജോലാനിയാണ് ഇപ്പോൾ സിറിയയിലെ സായുധ കലാപത്തിന്റെ നേതാവ്. വടക്കുപടിഞ്ഞാറൻ പ്രവിശ്യയായ ഇദ്‌ലിബിൽ പ്രവർത്തിക്കുന്ന സിറിയൻ സാൽവേഷൻ ഗവൺമെന്റിന്റെ അമീറും പ്രധാന പ്രതിപക്ഷ ജിഹാദി ഗ്രൂപ്പായ ഹയാത്ത് തഹ്‌രീർ അൽ-ഷാമിന്റെ നേതാവുമാണ് ഇയാൾ.
സിറിയയിലെ സംഭവവികാസങ്ങളിൽ അമേരിക്കയുടെയും കൂട്ടാളികളുടെയും താൽപ്പര്യവും ഇടപെടലും വ്യക്തമാണ്. അസദ് രാജ്യം വിട്ടുപോയിരിക്കുന്നുവെന്നും അദ്ദേഹത്തിന്റെ സംരക്ഷകൻ വ്‌ളാദിമിർ പുടിന്റെ നേതൃത്വത്തിലുള്ള റഷ്യ അദ്ദേഹത്തെ സംരക്ഷിക്കാൻ താൽപ്പര്യം കാണിച്ചില്ല എന്നുമാണ് അസദിന്റെ വീഴ്‌ചയിൽ റഷ്യയെ പരിഹസിച്ച് നിയുക്ത യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പ്രതികരണം. ഒരു രാജ്യത്ത് ജനാധിപത്യം അട്ടിമറിക്കപ്പെടുമ്പോഴും എത്രത്തോളം സങ്കുചിത താൽപ്പര്യത്തോടെയാണ് അമേരിക്ക ചിന്തിക്കുന്നതെന്ന് വ്യക്തമാക്കുന്നതാണ് ഈ വാക്കുകൾ. "ഞങ്ങൾ ഞങ്ങളുടെ സൈനികരിൽ ഒരാളായ അൽ -ജൊലാനിയെ ഞങ്ങളുടെ ഒരുകൂട്ടം ആൺമക്കളോടൊപ്പം നിയോഗിച്ചു, സിറിയയിലെ ഞങ്ങളുടെ സെല്ലുകളുമായി കൂടിക്കാഴ്ച നടത്താൻ അവരെ ഇറാഖിൽനിന്ന് സിറിയയിലേക്ക് തള്ളിവിട്ടു’–- ഇസ്ലാമിക് സ്റ്റേറ്റ് ഓഫ് ഇറാഖ് ആൻഡ് സിറിയയുടെ (ഐഎസ്ഐഎസ്) തലവനായിരുന്ന അബൂബക്കർ അൽ ബാഗ്‌ദാദി 2011-ൽ ആഭ്യന്തരയുദ്ധം പൊട്ടിപ്പുറപ്പെട്ട സിറിയയിലേക്ക് തന്റെ ഭീകര ശൃംഖല വ്യാപിപ്പിക്കാൻ തീരുമാനിച്ചപ്പോൾ വർഷങ്ങൾക്കുമുമ്പ് പ്രഖ്യാപിച്ചത് ഇങ്ങനെയാണ്. തങ്ങൾ എല്ലാ മാസവും ട്രഷറിയിലുള്ളതിന്റെ പകുതി പണം അവർക്ക് വിതരണം ചെയ്യുന്നുവെന്നും അയാൾ വെളിപ്പെടുത്തി. ഇത്തരത്തിലുള്ള സംഘത്തിന്റെ അട്ടിമറിയെയാണ് അമേരിക്ക ഇപ്പോൾ സ്വാഗതംചെയ്യുന്നത്.
ഇസ്ലാമിക ഭീകരതയ്‌ക്കെതിരെ എന്നപേരിൽ അമേരിക്കൻ സാമ്രാജ്യത്വം നടത്തുന്ന രാഷ്‌ട്രീയ–- സൈനിക നീക്കങ്ങളും നയങ്ങളും എത്രമാത്രം പൊള്ളയാണെന്ന് ഒരിക്കൽക്കൂടി തെളിയിക്കുന്നുണ്ട് സിറിയയിലെ അട്ടിമറി. കൂട്ടാളികളായ തുർക്കിയയും ഇസ്രയേലും നിർലോഭമായ സഹായങ്ങൾ സ്വാർഥതാൽപ്പര്യം മുൻനിർത്തി സിറിയയിലെ വിമതഭീകരർക്ക് നൽകുന്നുമുണ്ട്. സിറിയയിൽ അട്ടിമറി നടത്തുന്ന സമയവും പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. ബഷാർ അൽ അസദിനെ പിന്തുണയ്‌ക്കുന്ന ഇറാനും ലബനനിലെ ഹിസ്‌ബുള്ളയും മറ്റ് പോരാട്ടമുഖങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന ഘട്ടത്തിലാണ് അമേരിക്ക–-ഇസ്രയേൽ പിന്തുണയുള്ള വിമത ഭീകരരുടെ സർജിക്കൽ സ്‌ട്രൈക്ക്. ഗാസയിൽ ഇസ്രയേൽ നടത്തുന്ന കുരുതിയിൽനിന്നു ശ്രദ്ധതിരിക്കുകയെന്ന പ്രധാനലക്ഷ്യവും ഇതിനു പിന്നിലുണ്ടെന്നും വിലയിരുത്തലുണ്ട്. ഇസ്ലാമിക് സ്റ്റേറ്റ് എന്ന പേരിൽ അവതരിച്ച ഭീകരതയുടെ പുതുരൂപമായി മാറുമോ സിറിയയിലെ മത ഭീകരനീക്കമെന്ന ആശങ്ക ശക്തമാണ്.
നിരന്തരമായ വിമതനീക്കങ്ങളും ഭീകരാക്രമണ ഭീഷണിയും ഉണ്ടായിട്ടും പതിറ്റാണ്ടുകളോളം അതിശക്തമായി സ്വന്തം രാജ്യത്തെ മതനിരപേക്ഷമായി സംരക്ഷിച്ചുനിർത്തിയ ഭരണാധികാരിയാണ് ബഷാർ അൽ അസദ്. പലവട്ടം പതനത്തിന്റെ മുനമ്പിലേക്ക് എത്തിയെന്ന് പാശ്‌ചാത്യമാധ്യമങ്ങൾ റിപ്പോർട്ടുകൾ പുറത്തുവിട്ടിട്ടുണ്ട്. അപ്പോഴെല്ലാം വിട്ടുകൊടുക്കാതെ പൊരുതിമുന്നേറിയ ചരിത്രമാണ് അദ്ദേഹത്തിനുള്ളത്. വാഗ്‌ദ്ധോരണികൾക്കപ്പുറം സിറിയൻ ജനതയെയും സൈനികരെയും വിശ്വാസത്തിലെടുത്ത് രാജ്യത്തെ അതിശക്തമായി അമേരിക്കൻ സാമ്രാജ്യത്വ വിരുദ്ധപക്ഷത്ത് നിലനിർത്തി എന്നതുകൊണ്ടാണ് തിരിച്ചെത്തിയാലും ഇല്ലെങ്കിലും ബഷാർ അൽ അസദ് ചരിത്രത്തിൽ അടയാളപ്പെടുക. അസദ് രാജ്യം വിട്ടതിനുശേഷം അധികാരമാറ്റത്തെ പിന്തുണയ്ക്കാനും പ്രതിപക്ഷവുമായി സഹകരിക്കാനും തയ്യാറാണെന്ന് സിറിയൻ പ്രധാനമന്ത്രി മുഹമ്മദ് അൽ ജലാലി വ്യക്തമാക്കിയിട്ടുണ്ട്. ഇത്തരം സഹകരണം എത്രത്തോളം പ്രായോഗികമാകുമെന്ന് കണ്ടറിയേണ്ടതുണ്ട്. മതഭീകരർ നേതൃത്വം ഏറ്റെടുക്കുന്ന സാഹചര്യത്തിൽ ഇറാനും റഷ്യയും ഉൾപ്പെടെയുള്ള സഖ്യകക്ഷികൾ സ്വീകരിക്കുന്ന നിലപാടും നിർണായകമാകും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..