27 September Friday

തമിഴ്‌നാട്‌ ഗവർണറുടേത്‌ രാജ്യവിരുദ്ധ പ്രസംഗം

വെബ് ഡെസ്‌ക്‌Updated: Thursday Sep 26, 2024


സംസ്ഥാന ഗവർണർമാർ ഭരണഘടനയെ തള്ളിപ്പറയുന്ന സ്ഥിതിയിലേക്ക്‌ രാജ്യം മാറുന്നത് അത്യന്തം ഗുരുതരമാണ്. തമിഴ്നാട് ഗവർണർ ആർ എൻ രവി ഇന്ത്യയുടെ മതനിരപേക്ഷത യൂറോപ്യൻ ആശയമാണെന്ന് പൊതുപരിപാടിയിൽ പ്രസംഗിച്ചത് സംഘപരിവാർ ഭരണം രാജ്യത്തെ എങ്ങോട്ട് നയിക്കുന്നുവെന്നതിന്റെ ഏറ്റവും പ്രകടമായ തെളിവാണ്. ഭരണഘടന അനുസരിക്കാൻ ബാധ്യസ്ഥനാണെന്ന് പ്രതിജ്ഞയെടുത്ത്‌ അധികാരമേറ്റ ഗവർണർ  ഭരണഘടനയെ തള്ളിപ്പറഞ്ഞ് ഒരുനിമിഷംപോലും ആ സ്ഥാനത്ത് തുടരാൻ യോഗ്യനല്ല. കന്യാകുമാരിയിൽ ഹിന്ദു ധർമ വിദ്യാപീഠത്തിന്റെ ചടങ്ങിൽ സംസാരിക്കവെയാണ്‌ ഗവർണർ രാജ്യവിരുദ്ധപ്രസംഗം നടത്തിയത്.

ഭരണഘടനയുടെ ആമുഖത്തിൽത്തന്നെ വ്യക്തമായി നിർവചിച്ചിട്ടുള്ള കാര്യമാണ് ഗവർണർ പരസ്യമായി തള്ളിപ്പറഞ്ഞത്. ‘‘നമ്മൾ, ഇന്ത്യയിലെ ജനങ്ങൾ,  ഇന്ത്യയെ ഒരു പരമാധികാര, സ്ഥിതിസമത്വ , മതനിരപേക്ഷ, ജനാധിപത്യ റിപ്പബ്ലിക്കായി സംവിധാനം ചെയ്യുന്നതിനും ഇന്ത്യയിലെ എല്ലാ പൗരന്മാർക്കും സാമൂഹ്യവും സാമ്പത്തികവും രാഷ്ട്രീയവുമായ നീതി, ചിന്ത, ആശയാവിഷ്കാരം, വിശ്വാസം, ഭക്തി, ആരാധന എന്നിവയ്ക്കുള്ള സ്വാതന്ത്ര്യം, സ്ഥാനമാനങ്ങൾ, അവസരങ്ങൾ എന്നിവയിലുള്ള സമത്വം എന്നിവ  ഉറപ്പുവരുത്തുന്നതിനും വ്യക്തിയുടെ അന്തസ്സും രാഷ്‌ട്രത്തിന്റെ ഐക്യവും അഖണ്ഡതയും ഉറപ്പുവരുത്തുന്ന  സാഹോദര്യം എല്ലാവരിലും വളർത്തുന്നതിനും ദൃഢനിശ്ചയം ചെയ്യുന്നു’’ എന്നാണ് ഭരണഘടനയുടെ ആമുഖത്തിൽ സുവ്യക്തമായി പറയുന്നത്. ആർ എൻ രവിയും അദ്ദേഹത്തെ നിയമിച്ച സംഘപരിവാറും ഈ ആമുഖമെങ്കിലും  വായിക്കണം. മതനിരപേക്ഷത എന്നത് ജനാധിപത്യത്തിലെ ഏറ്റവും സുന്ദരമായ വിഭാവനമാണ്. വിവിധ മത-, ജാതി വിഭാഗങ്ങളും വ്യത്യസ്ത ഭാഷ സംസാരിക്കുന്നവരും വൈവിധ്യപൂർണമായ ആചാരാനുഷ്ഠാനങ്ങൾ ഉള്ളവരും തിങ്ങിപ്പാർക്കുന്ന ഇന്ത്യയെ മറ്റു രാജ്യങ്ങളിൽനിന്ന് വേറിട്ട് നിർത്തുന്നതും നമ്മുടെ മതനിരപേക്ഷ സംസ്കാരമാണ്. 75 വർഷമായി നാം സംരക്ഷിച്ചുവന്ന മതനിരപേക്ഷത ഇന്ത്യൻ സംസ്കാരമല്ലെന്ന പ്രതികരണം ഗവർണർ പദവിയിൽ ഇരിക്കുന്നയാളിൽ നിന്നുണ്ടാകുന്നത് നാക്കുപിഴയെന്നോ സ്വാഭാവികമെന്നോ പറയാൻ കഴിയില്ല. തികച്ചും ആസൂത്രിതമായി സംഘപരിവാർ നടപ്പാക്കാൻ ലക്ഷ്യമിടുന്ന പദ്ധതിയുടെ ബഹിർസ്ഫുരണമാണ്. ചില വിഭാഗങ്ങളെ പ്രീണിപ്പിക്കാനാണ് മതനിരപേക്ഷത ഭരണഘടനയുടെ ഭാഗമാക്കിയതെന്ന് ഗവർണർ തുടർന്ന് പറയുമ്പോൾ കാര്യം കുറച്ചുകൂടി വ്യക്തമാകുകയാണ്. പരമ്പരാഗതമായി ഇവിടെ ജനിച്ച്  വളരുന്നവരെല്ലാം ഇന്ത്യക്കാരാണെന്ന് അംഗീകരിക്കാനുള്ള ഹൃദയവിശാലതയാണ് മതനിരപേക്ഷതയുടെ കാതൽ. ഏതു മതത്തിൽപ്പെട്ടവരായാലും നാം എല്ലാം മനുഷ്യരാണെന്ന സാമാന്യബോധമാണ് ഏതൊരു ഇന്ത്യക്കാരനെയും നയിക്കേണ്ടതെന്നാണ് ഭരണഘടന ഊന്നിപ്പറയുന്നത്. എല്ലാവർക്കും നീതിയും സമത്വവും ലഭിക്കണം. എന്നാൽ ആർഎസ്എസ് ആശയങ്ങളാൽ നയിക്കുന്ന എൻ ആർ രവിക്ക് അങ്ങനെ ചിന്തിക്കാൻ സാധിക്കില്ല.

ലോകം കണ്ടതിൽവച്ച്‌ ഏറ്റവും വലിയ മനുഷ്യവിരോധിയും ക്രൂരനും ഫാസിസ്റ്റുമായിരുന്ന അഡോൾഫ് ഹിറ്റ്‌ലറുടെ ആശയങ്ങളിൽ പ്രചോദിതരായി രൂപംകൊണ്ട ആർഎസ്എസിന് മതനിരപേക്ഷതയെന്ന വാക്ക് കേൾക്കുന്നതുതന്നെ കലിയായിരിക്കും. ജർമൻ ദേശീയത, കമ്യൂണിസ്റ്റ് വിരുദ്ധത, ജൂതവിരുദ്ധത എന്നിവയിലൂന്നിയായിരുന്നു ഹിറ്റ്‌ലറുടെ വളർച്ച. ആർഎസ്എസ്‌ ഇന്ത്യയിൽ പ്രവർത്തിക്കുന്നതും സമാനരീതിയിലാണ്. സംഘപരിവാറുകാർ മാത്രമാണ്‌ ദേശസ്നേഹികളെന്നും ഹിന്ദുക്കളല്ലാത്തവരൊന്നും ഇന്ത്യക്കാരല്ലെന്നുമാണ് അവരുടെ പ്രചാരണം.

ബിജെപി അധികാരത്തിലുള്ള 10 വർഷമായി, ഈ ചിന്താഗതിക്ക് സ്വീകാര്യത കിട്ടുന്നതിനുള്ള തീവ്രശ്രമത്തിലാണ്. ഭരണഘടനാ സ്ഥാപനങ്ങളെയെല്ലാം ആർഎസ്എസ് ചൊൽപ്പടിക്കാക്കുന്നതാണ് ഇതിൽ പ്രധാനം. സംഘപരിവാർ താൽപ്പര്യങ്ങൾക്കനുസരിച്ച് ചില കോടതികളിൽനിന്ന് വിധികളുണ്ടാകുന്നതും ഇതിന്റെ  ഭാഗമാണ്. മുഴുവൻ സംസ്ഥാനങ്ങളിലെയും ഗവർണമാർ ആർഎസ്എസിന്റെ കളിപ്പാവകളാണ്.  നിലവിലെ ഭരണഘടനമാറ്റി മനുസ്മൃതിയെ അടിസ്ഥാനമാക്കി  ഇന്ത്യയെ മതരാഷ്ട്രമാക്കാനുള്ള ശ്രമത്തിലാണ് ആർഎസ്എസ്. അനുസരണയുള്ള സംഘ പ്രവർത്തകനായ നരേന്ദ്ര മോദിയെ ഉപയോഗിച്ച് അതിനുള്ള എല്ലാ നീക്കവും അവർ വളരെ വേഗം നടപ്പാക്കുകയാണ്.  ബിജെപിക്ക് സ്വാധീനമില്ലാത്ത സംസ്ഥാനങ്ങളിൽ സംഘപരിവാർ ആശയങ്ങൾ പരമാവധി പ്രചരിപ്പിക്കാനുള്ള ഉപകരണങ്ങളാകുന്നു ഗവർണർമാർ. കേരളത്തിൽ സർവകലാശാലകൾ പിടിച്ചെടുക്കാൻ ഗവർണറെ ഉപയോഗിക്കുന്നതും ഇതിന്റെ ഭാഗമാണ്‌. ഇപ്പോൾ ഗവർണറാണ് ഭരണഘടനയെ തള്ളിപ്പറഞ്ഞതെങ്കിൽ നാളെ കേന്ദ്രഭരണകൂടംതന്നെ ഭരണഘടനയെ അസാധുവായി പ്രഖ്യാപിച്ചാലും അത്ഭുതപ്പെടാനില്ല. മോദിഭരണം ആ വഴിക്കാണ് സഞ്ചരിക്കുന്നത്. ഇന്ത്യൻ ജനത ഒറ്റക്കെട്ടായി ഇതിനെ പ്രതിരോധിച്ചില്ലെങ്കിൽ പാകിസ്ഥാനെയും അഫ്ഗാനിസ്ഥാനെയുംപോലെ മതരാഷ്‌ട്രമാകും നമ്മുടെ രാജ്യവും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top