26 December Thursday

അടിമകളല്ല റെയിൽവേയുടെ കരാർ തൊഴിലാളികൾ

വെബ് ഡെസ്‌ക്‌Updated: Wednesday Nov 6, 2024


റെയിൽവേ ട്രാക്കിലെ പണിക്കിടയിൽ ട്രെയിൻ തട്ടി  തൊഴിലാളികൾ മരിക്കുന്നത് പതിവ് സംഭവമായിരിക്കുകയാണ്. കേരളത്തിൽത്തന്നെ നിരവധി ജീവനുകളാണ് അടുത്ത കാലത്ത് പൊലിഞ്ഞത്. കഴിഞ്ഞ ദിവസം ഷൊർണൂരിൽ ട്രെയിൻ തട്ടി നാല് ശുചീകരണ ജീവനക്കാർ മരിച്ചത് ഞെട്ടിക്കുന്ന സംഭവമായിരുന്നു.  ഇതിനുമുമ്പ്‌ തൃശൂരിൽ ട്രാക്ക് നന്നാക്കുന്നതിനിടയിൽ മൂന്ന്‌ പേർ ട്രെയിൻതട്ടി മരിച്ചു. തിരുവനന്തപുരം ആമയിഴഞ്ചാൻ തോട്ടിൽ ഒഴുക്കിൽപ്പെട്ട് മരിച്ചതും റെയിൽവേയുടെ ശുചീകരണ തൊഴിലാളിയാണ്. ജോലിക്കിടയിൽ ഉണ്ടാകുന്ന അപകടത്തിന്റെ ഉത്തരവാദിത്വത്തിൽനിന്ന് തൊഴിലുടമയ്‌ക്ക് ഒഴിഞ്ഞുമാറാൻ പറ്റില്ല. ആവശ്യമായ സുരക്ഷാസംവിധാനം ഒരുക്കാതെയാണ് പണി എടുപ്പിക്കുന്നതെങ്കിൽ അപകടത്തിന്റെ പൂർണ ഉത്തരവാദി തൊഴിലുടമ തന്നെയാണ്. ഇവിടെ ഉണ്ടായിട്ടുള്ള അപകടങ്ങൾ പരിശോധിച്ചാൽ റെയിൽവേയുടെ കുറ്റകരമായ അനാസ്ഥ പ്രകടമാണ്. മരിച്ചവരുടെ ആശ്രിതർക്ക്‌ കേവലം ഒരു ലക്ഷം രൂപ വീതം മാത്രം അനുവദിച്ച്‌ ഉത്തരവാദിത്വം മറക്കുകയാണ്‌ റെയിൽവേ.

ട്രെയിനുകൾ ചീറിപ്പാഞ്ഞ് വരുന്ന ട്രാക്കിൽ പണി എടുക്കുന്നവരുടെ സുരക്ഷ ഉറപ്പാക്കേണ്ട  ഉത്തരവാദിത്വം റെയിൽവേക്കാണ്. ട്രെയിനുകൾ വരുന്നത് അറിയാനും സുരക്ഷിതമായി മാറി നിൽക്കാനുമുള്ള സംവിധാനം ഏർപ്പെടുത്തണം. ആവശ്യമായ പരിശീലനം നൽകിയതിനു ശേഷമേ ആളുകളെ ഇത്തരം ജോലിക്ക് നിയോഗിക്കാൻ പാടുള്ളൂ. എന്നാൽ, ഇതൊന്നും ബാധകമല്ലെന്ന നിലപാടാണ് റെയിൽവേ സ്വീകരിക്കുന്നത്. മരിച്ചവർ തങ്ങളുടെ സ്ഥിരം ജീവനക്കാരല്ലെന്ന് പറഞ്ഞ് ഒഴിയാൻ റെയിൽവേയ്ക്ക് അവകാശമില്ല. മുമ്പ് സ്ഥിരം ജീവനക്കാർ ചെയ്തിരുന്ന ശുചീകരണം ഉൾപ്പെടെയുള്ള പണികൾ ഇപ്പോൾ കരാർ കൊടുക്കുകയാണ്.  പരിചയമോ പരിശീലനമോ ഇല്ലാത്ത ആളുകളെ ഏറ്റവും അപകടകരമായ റെയിൽവേ ട്രാക്കിൽപ്പോലും കരാറുകാർ പണിക്ക്‌ ഇറക്കുകയാണ്. റെയിൽവേ മന്ത്രിയുടെ സന്ദർശനത്തിനു മുന്നോടിയായി ട്രാക്കിലെ മാലിന്യങ്ങൾ നീക്കം ചെയ്യുന്ന തൊഴിലിൽ ഏർപ്പെട്ട നാലുപേർക്കാണ് ജീവൻ നഷ്ടമായത്. ഷൊർണൂരിലെ കൊച്ചി പാലത്തിലാണ് അപകടം. ഒരു കിലോമീറ്ററോളം ദൂരമുള്ള പാലത്തിലൂടെ പാഞ്ഞ് വന്ന ട്രെയിൻ രണ്ട് സ്ത്രീകളെയും രണ്ട് പുരുഷൻമാരെയും ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. ഈ പാലത്തിൽ കയറി നിൽക്കാൻ സുരക്ഷിത ക്യാബിനുകൾ ഇല്ലാത്തതിനാൽ ട്രെയിനിനടിയിൽ പെടുകയല്ലാതെ ഇവർക്ക് മറ്റു മാർഗമുണ്ടായിരുന്നില്ല.

ട്രാക്ക് ശുചീകരണത്തിന് മേൽനോട്ടം വഹിക്കാൻ റെയിൽവേയുടെ സൂപ്പർവൈസർ വേണ്ടതാണ്. ഷൊർണൂരിൽ അതുണ്ടായില്ല. മരിച്ച നാലുപേരും അന്ന് ആദ്യമായാണ് ജോലിക്കെത്തിയത്. റെയിൽവേ ലൈനിൽ പണിയെടുത്ത് മുൻ പരിചയമില്ലാത്ത സേലം സ്വദേശികളായ ഇവർക്ക് ട്രെയിൻ സമയവും നിശ്ചയമില്ല. ട്രെയിൻ വരുന്നത് അറിയാനുള്ള രക്ഷക് പോലുള്ള ഉപകരണങ്ങൾ വികസിപ്പിച്ചിട്ടുണ്ടെങ്കിലും കരാർ തൊഴിലാളികൾക്ക് ഇവ അനുവദിച്ചിട്ടില്ല. കിലോമീറ്ററോളം പാളത്തിലൂടെ നടന്ന് തൊഴിലെടുക്കുന്ന മനുഷ്യരുടെ ജീവന് അൽപ്പംപോലും വില കൽപ്പിക്കാത്ത റെയിൽവേ കൊലയാളിയായി മാറുകയാണ്. കരാർ തൊഴിലാളികളെ അടിമകളെപ്പോലെയാണ് കൈകാര്യം ചെയ്യുന്നത്. ആവശ്യത്തിന് സുരക്ഷ മാത്രമല്ല കൂലിയോ മറ്റ് ആനുകൂല്യങ്ങളോ നൽകാറില്ല. കരാറുകാരന്റെ ദ്രോഹ നടപടികളിൽ പ്രതിഷേധിച്ച് ഷൊർണൂരിലും പാലക്കാടും തൊഴിലാളികൾ പ്രത്യക്ഷ സമരത്തിലേക്ക് വന്നിരുന്നു. ജീവനക്കാരുടെ പരാതി റെയിൽവേ അധികൃതർ കേൾക്കാറില്ലെന്ന് മാത്രമല്ല പരമാവധി ദ്രോഹിക്കുകയും ചെയ്യും. കരാറുകാരെ സംരക്ഷിക്കുന്ന നിലപാടാണ് അധികൃതർ സ്വീകരിക്കുന്നത്.

അപകടത്തിൽപ്പെടുന്നവരുടെ കുടുംബത്തെ സംരക്ഷിക്കാനുള്ള ബാധ്യത റെയിൽവേക്കുണ്ടെങ്കിലും അതിനും തയ്യാറാകാതെ മനുഷ്യത്വ വിരുദ്ധമായാണ് പെരുമാറുന്നത്. ഷൊർണൂരിൽ മരിച്ചവരുടെ കുടുംബത്തിന് ഒരു ലക്ഷം രൂപ നൽകാനാണ് തീരുമാനം. ഇത് തികച്ചും അപര്യാപ്തമാണ്‌. മുഖ്യമന്ത്രി പിണറായി വിജയൻ കേന്ദ്ര റെയിൽവേ മന്ത്രിയോട് ആവശ്യപ്പെട്ടതുപോലെ മരിച്ചവരുടെ കുടുംബത്തിന് മതിയായ നഷ്ടപരിഹാരം നൽകണം. തൊഴിലാളികൾക്ക് ആവശ്യമായ സുരക്ഷയും ഒരുക്കണം. അപകടത്തെക്കുറിച്ച്‌ സമഗ്ര അന്വേഷണവും നടത്തണം. കൊളോണിയൽ കാലത്തെ സംസ്കാരത്തിൽനിന്ന് മോചിതമായി തൊഴിലാളികളെ മനുഷ്യരായി കാണാനും റെയിൽവേ അധികൃതർ തയ്യാറാകണം.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top