19 December Thursday

വ്യവസായരംഗത്തെ വിസ്‌മയക്കുതിപ്പുകൾ

വെബ് ഡെസ്‌ക്‌Updated: Saturday Sep 7, 2024


ഫെഡറലിസത്തെപ്പോലും അടിമുടി തുരങ്കംവയ്‌ക്കുംനിലയിൽ, പ്രതിപക്ഷ പാർടികൾ ഭരിക്കുന്ന  സംസ്ഥാനങ്ങളോട്‌ നരേന്ദ്ര മോദി ഭരണം തുടരുന്ന വിദ്വേഷപരമായ സാമ്പത്തിക വിവേചനത്തിനെതിരെ കേരളത്തിന്റെ നേതൃത്വത്തിൽ 12ന്‌ കോൺക്ലേവ്‌ നടക്കാൻപോകുകയാണ്‌. തമിഴ്‌നാട്‌, കർണാടകം, തെലങ്കാന, പഞ്ചാബ്‌ധനമന്ത്രിമാരും  ഉന്നതോദ്യോഗസ്ഥരുമാണ്‌ പങ്കെടുക്കുക. സംസ്ഥാനങ്ങൾ അഭിമുഖീകരിക്കുന്ന വികസന– ധനപ്രശ്‌നങ്ങൾ 16–-ാം ധനകമീഷനു മുന്നിൽ അവതരിപ്പിക്കുന്നത്‌ മുൻനിർത്തിയുള്ള  നിലപാട്‌ രൂപീകരണമാണ്‌ കോൺക്ലേവിന്റെ പ്രധാന ലക്ഷ്യം. അരവിന്ദ്‌ പനഗാരിയ തലവനായ 16–-ാം ധനകമീഷൻ സംസ്ഥാനങ്ങളുമായി ചർച്ചകൾ ആരംഭിച്ചിരിക്കുകയാണ്‌. കേന്ദ്ര– സംസ്ഥാന സാമ്പത്തിക ബന്ധങ്ങൾ പൊളിച്ചെഴുതേണ്ടതിന്റെ അനിവാര്യത ബോധ്യപ്പെടുത്താനുള്ള പ്രധാന അവസരങ്ങളിൽ ഒന്നാണത്‌. അതിന്‌ നേർവിപരീതങ്ങളായ സമീപനങ്ങളാണ്‌ കേന്ദ്രം കൈക്കൊണ്ടുവരുന്നത്‌.  -

ബോധപൂർവം തീർക്കുന്ന അത്തരം തടസ്സങ്ങൾക്കിടയിലും പല മേഖലകളിലും കേരളം രാജ്യത്തിനാകെ മാതൃകയാകുകയാണ്‌. വ്യവസായ സംരംഭകർക്ക്‌ സൗഹാർദപരവും അനുകൂലവുമായ അന്തരീക്ഷം ഒരുക്കുന്നതിൽ (കേന്ദ്ര വാണിജ്യ– -വ്യവസായ മന്ത്രാലയം തയ്യാറാക്കുന്ന ഈസ്‌ ഓഫ്‌ ഡൂയിങ്‌ ബിസിനസ്‌) സംസ്ഥാനം ചരിത്രത്തിൽ ആദ്യമായി ഒന്നാമതെത്തിയ വാർത്ത പുറത്തുവന്നത്‌ കഴിഞ്ഞ ദിവസമാണ്‌. 2020ൽ 28–-ാം സ്ഥാനത്തായിരുന്നു. 2021ൽ 15–-ാമതായി.  2022– -23ൽ അഭിമാനകരമായ നേട്ടമാണ്‌ സ്വന്തമാക്കിയത്‌.  

‘വ്യവസായ സമാഗമം’ എന്ന ശീർഷകത്തിൽ സംസ്ഥാന വ്യവസായമന്ത്രിമാരുടെ യോഗത്തിൽ കേന്ദ്ര വാണിജ്യ–- വ്യവസായ മന്ത്രി പിയുഷ്‌ ഗോയലാണ്‌ കേരളത്തിന്റെ അസുലഭ്യമായ നേട്ടം സംബന്ധിച്ച്‌ വിശദാംശങ്ങൾ പ്രഖ്യാപിച്ചത്‌. നൂതന പരിഷ്‌കാരങ്ങളിലൂടെ വ്യവസായങ്ങൾ ആരംഭിക്കുന്നതിനുള്ള പ്രക്രിയകൾ ഏകോപിപ്പിച്ചും വ്യവസായികൾക്കും പൗരന്മാർക്കും കാര്യക്ഷമമായ സേവനങ്ങൾ ഒരുക്കിയ കേരളത്തിന്റേത്‌ മികച്ച പ്രകടനമായിരുന്നെന്നും ഗോയൽ അറിയിച്ചു. പട്ടിക തയ്യാറാക്കുന്നതിന്‌ ഈസ്‌ ഓഫ്‌ ഡൂയിങ്‌ ബിസിനസ്‌ പരിഗണിച്ച 30 സൂചികയിൽ ഒമ്പതിലും കേരളമാണ്‌ ആദ്യസ്ഥാനത്ത്‌.

രാജ്യത്തിന്റെ  വ്യവസായ ഭൂപടത്തിൽ പരിഗണനാർഹമായ സ്ഥാനമില്ലാതിരുന്ന ഘട്ടത്തിൽനിന്ന്‌ വ്യാവസായിക കുതിപ്പിൽ  ആദ്യപടിയിലേക്കുള്ള സംസ്ഥാനത്തിന്റെ മുന്നേറ്റത്തിനു ശക്തിനൽകിയത്‌ എൽഡിഎഫ്‌ സർക്കാരിന്റെ  ഉറച്ച നിലപാടുകളാണ്‌. ഒരിക്കലും എത്തിപ്പിടിക്കാനാകില്ലെന്ന്‌ ചിലർ ഉറപ്പിച്ച നേട്ടങ്ങളാണ്‌ കേരളം കൈവരിച്ചതും. അവസാനം  കൊച്ചി– ബംഗളൂരു വ്യവസായ ഇടനാഴിക്ക്‌ അനുമതി നേടിയതും ലോജിസ്‌റ്റിക്‌സ്‌ നയ പ്രഖ്യാപനവും അതിന്റെ കൂടുതൽ ഉദാഹരണങ്ങൾ. പ്രതികൂല വ്യാവസായികാന്തരീക്ഷം,  ക്രമസമാധാന പ്രശ്‌നം, തൊഴിലാളികളുടെ നിസ്സഹകരണം തുടങ്ങിയ പ്രവണതകൾ ചൂണ്ടി കേരളത്തെ പ്രതിക്കൂട്ടിലാക്കാനും മാധ്യമങ്ങളടക്കം ശ്രമിക്കാറുണ്ട്‌. എന്നാൽ, ഈ കാലയളവിൽ വ്യവസായ സൗഹൃദ നിലവാരത്തിൽ വൻ കുതിച്ചുചാട്ടമുണ്ടാക്കി. 20 പൊതുമേഖലാ സ്ഥാപനങ്ങൾ ലാഭം ചുരത്തി. കേന്ദ്രം ചാപ്പകുത്തി വിൽക്കാൻ അണിനിരത്തിയ സ്ഥാപനങ്ങൾ ഏറ്റെടുത്ത്‌ പുതിയ വ്യവസായങ്ങൾ തുടങ്ങി. സ്വകാര്യ വ്യവസായ പാർക്കുകളും ക്യാമ്പസ്‌ വ്യവസായ പാർക്കുകളും വേറെ. 25 പാർക്കിന്‌ അനുമതി കൊടുത്തു. ഐബിഎം ഉൾപ്പെടെ അന്താരാഷ്ട്ര സംരംഭങ്ങളും സാന്നിധ്യമറിയിച്ചു.  രണ്ടു വർഷത്തിനിടെ രണ്ടേമുക്കാൽ ലക്ഷം സംരംഭങ്ങൾ ആരംഭിച്ചതിനാൽ ദേശീയതലത്തിൽ മികച്ച പ്രകടനത്തിനുള്ള അംഗീകാരം നേടി. പദ്ധതിയിലൂടെ 16,000 കോടി നിക്ഷേപവും അഞ്ചരലക്ഷം തൊഴിലവസരവും ഒഴുകിയെത്തി. ഓൺലൈൻ ഏകജാലകം, തദ്ദേശസ്ഥാപനങ്ങളിലൂടെ വ്യത്യസ്‌ത നിലവാരത്തിലുള്ള സർട്ടിഫിക്കറ്റുകൾ വേഗം കിട്ടുമാറാക്കൽ, പെർമിറ്റുകൾ അനുവദിക്കൽ, ഗതാഗതരംഗത്തെ മെച്ചപ്പെട്ട സ്ഥിതി, എംപ്ലോയ്‌മെന്റ്‌ എക്‌സ്‌ചേഞ്ചുകളുടെ മികവാർന്ന നടത്തിപ്പ്‌ തുടങ്ങിയവയാണ്‌ കേരളത്തെ ഏറെ മുന്നിലെത്തിച്ചത്‌. ഈസ് ഓഫ്‌ ഡൂയിങ്‌ ബിസിനസ്‌ പട്ടികയിൽ ഒന്നാമതായതോടെ സംസ്ഥാനത്തേക്ക്‌ കൂടുതൽ നിക്ഷേപമെത്തും. സംരംഭങ്ങളുടെ വളർച്ചയ്‌ക്കുള്ള അവസ്ഥയൊരുക്കാൻ ഏറ്റെടുത്ത  പരിശ്രമങ്ങൾക്കുള്ള അംഗീകാരംകൂടിയാണത്‌.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top