22 December Sunday

ഊർജോൽപ്പാദനരംഗത്തും മാതൃകയായി കേരളം

വെബ് ഡെസ്‌ക്‌Updated: Tuesday Oct 29, 2024


വെെദ്യുതി ഉൽപ്പാദനത്തിലും ഇന്ത്യക്ക് മാതൃകയായ കേരളം കൂടുതൽ നേട്ടങ്ങളിലേക്ക് കുതിക്കുകയാണ്. ഇടുക്കി ജില്ലയിലെ തൊട്ടിയാർ ജലവൈദ്യുത പദ്ധതി മുഖ്യമന്ത്രി പിണറായി വിജയൻ നാടിന് സമർപ്പിച്ചതോടെ 40 മെഗാവാട്ട്  വൈദ്യുതികൂടി വിതരണത്തിനായി എത്തി. കേരളത്തിലെ ആദ്യ ജലവൈദ്യുത പദ്ധതിയായ പള്ളിവാസലിന്റെ എക്സ്റ്റൻഷൻ പദ്ധതികൂടി പൂർത്തിയാകുന്നതോടെ ഇത് 100 മെഗാവാട്ടായി ഉയരും. ഇന്ത്യയിലെ ഭൂരിപക്ഷം സംസ്ഥാനങ്ങളും കടുത്ത ഊർജക്ഷാമം നേരിടുമ്പോഴും കേരളം വൈദ്യുതി ഉൽപ്പാദനരംഗത്ത് മുന്നേറുകയാണ്. കടുത്ത വേനലിലും ലോഡ് ഷെഡിങ്ങോ പവർകട്ടോ ഏർപ്പെടുത്താത്ത ഏക സംസ്ഥാനം കേരളമാണെന്നത് മുഴുവൻ മലയാളികൾക്കും അഭിമാനിക്കാം. തൊട്ടിയാർ പദ്ധതി പൂർത്തിയായതോടെ കെഎസ്ഇബി നേരിട്ട് ഉൽപ്പാദിപ്പിക്കുന്ന വൈദ്യുതി 2264.49 മെഗാവാട്ടാകും. സ്വകാര്യ മേഖലയിലുൾപ്പെടെ ഉൽപ്പാദിപ്പിക്കുന്ന ആകെ വൈദ്യുതി 2863 മെഗാവാട്ടും.

കേരളത്തിലെ വൈദ്യുതി ഉൽപ്പാദനത്തിൽ വലിയ പങ്കും  ജലവൈദ്യുത പദ്ധതികളിൽനിന്നാണെന്നതും എടുത്തു പറയേണ്ടതാണ്. 2092 മെഗാവാട്ടാണ് നിലവിൽ വെള്ളത്തിൽനിന്ന് ഉൽപ്പാദിപ്പിക്കുന്നത്. തിങ്കളാഴ്ച മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്ത തൊട്ടിയാർകൂടി ആകുമ്പോൾ കെഎസ്ഇബിക്ക് 17 വൻകിട ജലവൈദ്യുത പദ്ധതിയും 15 ചെറുകിട പദ്ധതിയും സ്വന്തമാകും. സംസ്ഥാനത്തിന്റെ ഊർജസ്രോതസ്സായ പദ്ധതികളിൽ പതിമൂന്നും ഇടുക്കി ജില്ലയിലാണ്. ഏറ്റവും വലിയ വൈദ്യുത ഉൽപ്പാദന കേന്ദ്രം ഇടുക്കി ഡാം തന്നെയാണ്. ഏഷ്യയിലെ ഏറ്റവും വലിയ ആർച്ച് ഡാമിൽനിന്നുള്ള വെള്ളംകൊണ്ട് 780 മെഗാവാട്ട് വൈദ്യുതി ഉൽപ്പാദിപ്പിക്കാനുള്ള സ്ഥാപിതശേഷിയുണ്ട്.

ഇടുക്കിയിലെ മന്നാക്കണ്ടം വില്ലേജിൽ നീണ്ടപാറയിലാണ് തൊട്ടിയാർ പവർഹൗസ് സ്ഥാപിച്ചിട്ടുള്ളത്. 188 കോടി രൂപ മുടക്കി നിർമിച്ച പദ്ധതിയിൽനിന്ന് വർഷത്തിൽ 990 ലക്ഷം യൂണിറ്റ് വൈദ്യുതി ഉൽപ്പാദിപ്പിക്കാനാകും. കുറഞ്ഞ അളവിൽ ജലം ഉപയോഗിക്കുന്ന 30, 10 മെഗാവാട്ടിന്റെ രണ്ട് ജനറേറ്ററാണ് സ്ഥാപിച്ചിട്ടുള്ളത്. വാളറയിൽ ദേവിയാറിനു കുറുകെ 222 മീറ്റർ നീളവും ഏഴര മീറ്റർ ഉയരവുമുള്ള ഡാമാണ് പദ്ധതിയുടെ ഊർജസ്രോതസ്സ്. ഉൽപ്പാദനം കഴിഞ്ഞുള്ള ജലം പെരിയാറിലേക്കുതന്നെ ഒഴുക്കും. 60 മെഗാവാട്ട് ശേഷിയുള്ള പള്ളിവാസൽ വിപുലീകരണ പദ്ധതി അവസാന ഘട്ടത്തിലാണ്. അടുത്ത ദിവസംതന്നെ ഇതും കമീഷൻ ചെയ്യും. യുഡിഎഫ് ഭരണത്തിൽ മുടങ്ങിക്കിടന്ന പദ്ധതികളാണിതൊക്കെ. 2016ൽ അധികാരത്തിൽ വന്ന ഒന്നാം പിണറായി സർക്കാരാണ് പദ്ധതികൾ വേഗത്തിലാക്കാൻ തീരുമാനിച്ചതും ഫണ്ട് അനുവദിച്ചതും. മുടങ്ങിക്കിടക്കുന്ന എല്ലാ ജലവൈദ്യുത പദ്ധതികളും വേഗത്തിൽ പൂർത്തിയാക്കാനാണ് എൽഡിഎഫ് സർക്കാർ ലക്ഷ്യമിടുന്നത്. 

ഇടുക്കി ജില്ലയിൽത്തന്നെ 24 മെഗാവാട്ടിന്റെ ചെങ്കുളം ജലവൈദ്യുത പദ്ധതി നിർമാണത്തിന് തുടക്കം കുറിച്ചത് കഴിഞ്ഞ ദിവസമാണ്. മുടങ്ങിക്കിടക്കുന്ന എല്ലാ വൈദ്യുത, കാറ്റാടി പദ്ധതികളും സമയബന്ധിതമായി പൂർത്തിയാക്കുമെന്ന് ഇതിന് തറക്കല്ലിട്ട് മന്ത്രി കൃഷ്ണൻകുട്ടി പറഞ്ഞത് എൽഡിഎഫ് സർക്കാരിന്റെ ഇച്ഛാശക്തിയാണ് കാണിക്കുന്നത്. കുഞ്ചിത്തണ്ണി, വെള്ളത്തൂവൽ വില്ലേജുകളിലായാണ് പുതിയ പദ്ധതി വരുന്നത്. 25 കോടിയുടെ ഭരണാനുമതിയാണ് ലഭിച്ചിട്ടുള്ളത്. വർഷത്തിൽ 532.2 ലക്ഷം യൂണിറ്റ് വൈദ്യുതി ഉൽപ്പാദിപ്പിക്കാനാകും.

നാടിന്റെ സമഗ്ര വികസനത്തിൽ നിർണായക സ്ഥാനമാണ് ഊർജ ലഭ്യതയ്‌ക്കുള്ളത്. ആവശ്യത്തിന് വൈദ്യുതി ലഭിക്കുമെന്നുള്ള ഉറപ്പാണ് മുതൽ മുടക്കാൻ സംരംഭകരെ പ്രേരിപ്പിക്കുന്ന പ്രധാന ഘടകങ്ങളിലൊന്ന്. ഈ ഉറപ്പാണ് എൽഡിഎഫ് സർക്കാർ നൽകുന്നത്. കേരളത്തിലെവിടെയും ആവശ്യത്തിന് വൈദ്യുതി ലഭ്യമാക്കാനുള്ള സർക്കാരിന്റെ ദീർഘവീക്ഷണം കേരളത്തിന്റെ കുതിച്ചുചാട്ടത്തിന്‌ മുതൽക്കൂട്ടാകും. വൈദ്യുതിയുടെ പേരിൽ കഥകൾ മെനയുന്ന മാധ്യമങ്ങളും അത് ഏറ്റുപിടിക്കുന്ന പ്രതിപക്ഷവും ഈ മുന്നേറ്റം കാണില്ലെങ്കിലും ജനങ്ങൾക്കിതെല്ലാം അനുഭവവേദ്യമാണെന്നതാണ് എൽഡിഎഫ് സർക്കാരിന്റെ കരുത്ത്.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top