22 October Tuesday

പൂരത്തിന്റെ 
ശോഭ കെടുത്താൻ
 കേന്ദ്ര സർക്കാർ ഗൂഢാലോചന

വെബ് ഡെസ്‌ക്‌Updated: Tuesday Oct 22, 2024


കേരളത്തിന്റെ സ്വന്തവും തൃശൂരിന്റെ അഭിമാനവും ലോക പ്രശസ്തവുമാണ് തൃശൂർ പൂരം.  അതിന്റെ ആകർഷണീയതകളിലൊന്ന് മണിക്കൂറുകൾ നീണ്ടുനിൽക്കുന്ന നയനമനോഹര വെടിക്കെട്ടാണ്.  എന്നാൽ, അത് പൂർണമായും ഇല്ലാതാക്കി പൂരത്തിന്റെ ശോഭ കെടുത്താനുള്ള ഗൂഢാലോചന കേന്ദ്ര സർക്കാർ തലത്തിൽ നടക്കുന്ന വിവരങ്ങളാണ് പുറത്തുവരുന്നത്. ഈ മാസം 11ന് കേന്ദ്ര വാണിജ്യ വ്യവസായമന്ത്രാലയം ഇറക്കിയ അസാധാരണ വിജ്ഞാപന പ്രകാരം തൃശൂരിൽ മാത്രമല്ല ഭൂരിപക്ഷം ക്ഷേത്രങ്ങളിലും പള്ളികളിലും നടത്തുന്ന വെടിക്കെട്ട്  ഇനി നടത്താനാകില്ല. നിലവിലുള്ള വ്യവസ്ഥകളിൽ 35 ഭേദഗതിയാണ് പുതിയ ഉത്തരവിൽ വരുത്തിയിട്ടുള്ളത്. അതിൽ രണ്ടെണ്ണം പാലിച്ചാൽത്തന്നെ തൃശൂർ പൂരത്തിന്റെ വെടിക്കെട്ട് ഉപേക്ഷിക്കേണ്ടിവരും.

വെടിക്കെട്ടുപുരയിൽനിന്ന് 200 മീറ്റർ അകലെ മാത്രമേ ഫയർലൈൻ പാടുള്ളൂ എന്നാണ് പുതിയ നിബന്ധന. 2008ലെ വിജ്ഞാപന പ്രകാരം ഇത് 45 മീറ്ററായിരുന്നു. വെടിക്കെട്ട് സ്ഥലത്തിന്റെ 100 മീറ്റർ അകലെയായിരിക്കണം കാണികളുടെ സ്ഥാനമെന്ന നിബന്ധനയും തിരുത്തി. ഇനിമുതൽ 300 മീറ്റർ അകലെ നിൽക്കണം. ഉത്തരവു പ്രകാരം സ്വരാജ് റൗണ്ടിൽപ്പോലും വെടിക്കെട്ട് നടത്താനാകില്ല. കാണികൾക്ക് സ്വരാജ് റൗണ്ടിലോ തേക്കിൻകാട് മൈതാനിയിലോ നിൽക്കാനുമാകില്ല. കെഎസ്ആർടിസി ബസ് സ്റ്റാൻഡിന് അരികിലോ എംജി റോഡിൽ കോട്ടപ്പുറം പാലത്തിനു സമീപമോ നിൽക്കേണ്ടിവരും. നിലവിൽ വിശാലമായ തേക്കിൻകാട് മൈതാനത്തിനുപോലും ഉൾക്കൊള്ളാൻ കഴിയുന്നതിനപ്പുറമാണ് ആളുകൾ എത്തുന്നത്. ഇവിടെയൊന്നും ആളുകളെ നിർത്താനാകുന്നില്ലെങ്കിൽ വെടിക്കെട്ട് ഉപേക്ഷിക്കുക മാത്രമായിരിക്കും അതിന്റെ ഫലം.

കാണികളുടെ സ്ഥാനം 100 മീറ്റർ അകലെയായിരിക്കണമെന്ന നിലവിലുള്ള നിബന്ധനയിലെ തർക്കമാണ് ഈ വർഷം പൂരം അലങ്കോലമാക്കാനുള്ള ശ്രമത്തിൽ എത്തിയത്. ഇതു സംബന്ധിച്ച ആരോപണങ്ങളും വിവാദങ്ങളും ഇപ്പോൾ കൊടുമ്പിരിക്കൊണ്ടിരിക്കയാണ്. പ്രശ്നം കത്തിച്ച് രാഷ്ട്രീയ നേട്ടമുണ്ടാക്കാനുള്ള തീവ്രശ്രമത്തിലാണ് പ്രതിപക്ഷവും അവരെ താങ്ങുന്ന മാധ്യമങ്ങളും. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫിന്റെ വോട്ട് കൂട്ടത്തോടെ ബിജെപിക്ക് ഒഴുക്കിയതിന്റെ മാനക്കേട് മറയ്ക്കാൻ പറ്റുമോ എന്ന ശ്രമത്തിലാണ് കോൺഗ്രസ്. അതിനായി സർക്കാരിനും സിപിഐ എമ്മിനും എതിരെ നുണക്കഥകൾ പടച്ചുവിടുന്ന തിരക്കിൽ  വെടിക്കെട്ടുതന്നെ അസാധ്യമാക്കുന്ന കേന്ദ്ര സർക്കാർ ഉത്തരവ് പ്രതിപക്ഷമോ വലതുപക്ഷ മാധ്യമങ്ങളോ അറിഞ്ഞിട്ടേ ഇല്ല.

ഈ വർഷം തർക്കം ഉണ്ടായപ്പോൾ സംസ്ഥാന സർക്കാരിന്റെ അവസരോചിത ഇടപെടലിൽ പൂരം തടസ്സംകൂടാതെ പൂർത്തിയാക്കി. അന്ന് ഇപ്പോഴത്തെ കേന്ദ്ര സഹമന്ത്രി പറഞ്ഞത് തർക്കത്തിനു കാരണമായ ദൂരപരിധി 100 മീറ്ററിൽനിന്ന് 60 ആക്കി ചുരുക്കുമെന്നാണ്. പൂരം പുതിയ രൂപത്തിൽ നടത്തുമെന്നും അദ്ദേഹം വീമ്പടിച്ചിരുന്നു. എന്നാൽ,  കേന്ദ്ര വാണിജ്യ വ്യവസായമന്ത്രാലയം ഇറക്കിയ വിജ്ഞാപന പ്രകാരം പൂരത്തിന്റെ വെടിക്കെട്ട് നടത്താൻപോലും പറ്റില്ല. കേന്ദ്രമന്ത്രി ഉദ്ദേശിച്ച പുതിയ രൂപത്തിലുള്ള പൂരം ഇതായിരിക്കാം. ശബരിമലയ്‌ക്കെതിരെ എന്നതുപോലെ തൃശൂർ പൂരത്തിനെതിരെയും സംഘപരിവാർ വലിയ ഗൂഢാലോചന നടത്തുകയാണെന്ന് ന്യായമായും സംശയിക്കാവുന്ന ഉത്തരവാണിത്. വെടിക്കെട്ട്  ഉപേക്ഷിക്കേണ്ടിവന്നാൽ ജനങ്ങളിലും വിവിധ ദേവസ്വങ്ങളിലും വലിയ പ്രതിഷേധം ഉണ്ടാകും. അത് സംസ്ഥാന സർക്കാരിനെതിരായ ആയുധമാക്കി മുതലെടുപ്പ് നടത്താനുള്ള തരംതാണ രാഷ്ട്രീയമായിരിക്കാം സംഘപരിവാർ ലക്ഷ്യമിടുന്നത്. പതിറ്റാണ്ടുകളായി മലയാളികൾ ആഘോഷിക്കുന്ന തൃശൂർ പൂരത്തിന്റെ ശോഭ കെടുത്താനുള്ള നീക്കത്തിൽനിന്ന് കേന്ദ്ര സർക്കാർ പിന്മാറണം. വെടിക്കെട്ട് പ്രധാന ആഘോഷമായ നിരവധി ക്ഷേത്രങ്ങളും പള്ളികളും കേരളത്തിലുണ്ട്. അവയെയെല്ലാം പ്രതികൂലമായി ബാധിക്കുന്നതാണ് കേന്ദ്ര ഉത്തരവ്. അതിനാൽ, ഇതു സംബന്ധിച്ച് പ്രായോഗിക സമീപനം സ്വീകരിക്കണമെന്ന സംസ്ഥാനത്തിന്റെ ആവശ്യം അംഗീകരിച്ച് കേന്ദ്രം ഉത്തരവ് തിരുത്തണം.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top