ബിജെപിയും കോൺഗ്രസും കള്ളപ്പണം ഒഴുക്കിയതിന്റെ കഥകളാണ് ഇപ്പോൾ വ്യാപകമായി ചർച്ച ചെയ്തുകൊണ്ടിരിക്കുന്നത്. ജനാധിപത്യ രീതിയിലുള്ള തെരഞ്ഞെടുപ്പ് പണം ഒഴുക്കി അട്ടിമറിക്കുക എന്നത് ഇരുപാർടികളുടെയും മുഖ്യ അജൻഡയാണ്. ഇപ്പോൾ നടക്കുന്ന ഉപതെരഞ്ഞെടുപ്പിനോടനുബന്ധിച്ച് വലിയ തോതിൽ കള്ളപ്പണം ഒഴുക്കുകയാണ് കോൺഗ്രസ്. ഷാഫി പറമ്പിൽ എംപിക്ക് നാലുകോടി രൂപ കൊടുത്തെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ വെളിപ്പെടുത്തിയിട്ട് അധികദിവസമായിട്ടില്ല. തെരഞ്ഞെടുപ്പ് സമയത്ത് കേരളത്തിൽ ബിജെപി മാത്രമല്ല, കോൺഗ്രസും വൻതോതിൽ കള്ളപ്പണം വിനിയോഗിക്കുന്നുണ്ടെന്ന് പാലക്കാട്ടെ സംഭവത്തോടെ വ്യക്തമായിരിക്കുന്നു. ഇതുമറച്ചുവയ്‌ക്കാനാണ് കള്ളപ്പണം കണ്ടെത്താനായി പൊലീസ് ഹോട്ടലിൽ നടത്തിയ പരിശോധനയെ യുഡിഎഫും ഒരു വിഭാഗം മാധ്യമങ്ങളും വിവാദമാക്കുന്നത്. പാലക്കാട്ടെ ഹോട്ടൽ പരിശോധനയിൽ കോൺഗ്രസിന് പരിഭ്രാന്തിയാണ്. സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നതോടെ ജനങ്ങൾക്ക് കാര്യങ്ങൾ വ്യക്തമായിട്ടുണ്ട്. കോൺഗ്രസ് നേതാക്കൾ എന്തോ മറച്ചുവയ്ക്കാൻ ശ്രമിക്കുകയാണ്. അതുകൊണ്ടുതന്നെയാണ് എൽഡിഎഫ് നേതാക്കൾ ഉന്നയിച്ച ചോദ്യങ്ങൾക്ക് മറുപടി പറയാതെ പ്രതിപക്ഷ നേതാവ് ഉൾപ്പെടെയുള്ള കോൺഗ്രസ് നേതാക്കൾ വിഷയം വഴിതിരിച്ചുവിടാൻ ശ്രമിക്കുന്നത്.
തെരഞ്ഞെടുപ്പ് കമീഷന്റെ തിരിച്ചറിയൽ കാർഡ് വ്യാജമായുണ്ടാക്കി യൂത്ത് കോൺഗ്രസ് തെരഞ്ഞെടുപ്പ് അട്ടിമറിച്ച് പ്രസിഡന്റായ രാഹുൽ മാങ്കൂട്ടത്തിലിനെ ഷാഫി പറമ്പിലിന്റെ നോമിനിയായി വി ഡി സതീശൻ ഏകപക്ഷീയമായി പാലക്കാട്ട് സ്ഥാനാർഥിയാക്കിയതോടെ കോൺഗ്രസിൽ കലാപാന്തരീക്ഷമാണ്. മണ്ഡലത്തിലെ വലിയൊരു വിഭാഗം നേതാക്കളും സ്ഥാനാർഥിക്കെതിരെ പരസ്യമായി രംഗത്തുവന്നു. അവരിൽ പലരും എൽഡിഎഫ് സ്ഥാനാർഥി ഡോ. പി സരിന് പിന്തുണ പ്രഖ്യാപിച്ചു. തോൽവി ഉറപ്പായതോടെയാണ് വി ഡി സതീശനും ഷാഫി പറമ്പിലും സ്ഥാനാർഥിയും ചേർന്ന് കള്ളപ്പണമൊഴുക്കി വോട്ടർമാരെ വശത്താക്കാൻ ശ്രമിക്കുന്നത്. യൂത്ത് കോൺഗ്രസ് തെരഞ്ഞെടുപ്പിൽ വ്യാജ വോട്ടർ ഐ ഡി കാർഡ് നിർമിച്ച കേസിലെ പ്രതി ഫെനി നൈനാൻ ചൊവ്വ രാത്രി 10.54നാണ് നീല ട്രോളിബാഗുമായി കെപിഎം റീജൻസിയിലെത്തിയത്. രാഹുൽ മാങ്കൂട്ടത്തിൽ, ജ്യോതികുമാർ ചാമക്കാല, എംപിമാരായ വി കെ ശ്രീകണ്‌ഠൻ, ഷാഫി പറമ്പിൽ എന്നിവരുടെ സാന്നിധ്യം സിസിടിവി ദൃശ്യത്തിൽ തെളിയുന്നുണ്ട്. കള്ളപ്പണം എത്തിയെന്ന രഹസ്യവിവരത്താലാണ് പൊലീസ് ഹോട്ടലിൽ പരിശോധനയ്‌ക്കെത്തിയത്. എന്നാൽ, പൊലീസിനെ കൈയേറ്റം ചെയ്‌ത് പരിശോധന കോൺഗ്രസ് നേതാക്കൾ തടസ്സപ്പെടുത്തി. ഒന്നും ഒളിപ്പിച്ചുവയ്‌ക്കാനില്ലെങ്കിൽ പരിശോധന തടസ്സപ്പെടുത്തി സംഘർഷമുണ്ടാക്കിയത് എന്തിനാണ്. ഹോട്ടലിലെ 12 മുറിയിൽ മാത്രമായിരുന്നു പരിശോധന. മറ്റു മുറികളിൽ പരിശോധന പൂർത്തീകരിക്കാൻ പൊലീസിനെ അനുവദിക്കാത്തതുതന്നെ കള്ളപ്പണം എത്തിച്ചതിന്റെ തെളിവല്ലേ. സ്ഥാനാർഥി രാഹുൽ മാങ്കൂട്ടത്തിലിന്റെ ബുധനാഴ്‌ച പുലർച്ചെയുള്ള ഫെയ്‌സ്‌ബുക്ക് ലൈവും വൈകിട്ട് നടത്തിയ വാർത്താസമ്മേളനത്തിലെ വാക്കുകളും പരസ്‌പരവിരുദ്ധമാണ്. ഹോട്ടലിൽ ഉണ്ടായിരുന്നില്ലെന്നും കോഴിക്കോട്ടാണെന്ന് സ്ഥാപിക്കാനുമായിരുന്നു ഫെയ്‌സ്‌ബുക്ക് ലൈവ്. എന്നാൽ, സിസിടിവി ദൃശ്യങ്ങളിലൂടെ കള്ളം പിടിക്കപ്പെട്ടപ്പോൾ ഹോട്ടലിൽ ഉണ്ടായിരുന്നതായി സമ്മതിച്ചു. സ്ഥാനാർഥിയുടെയും കോൺഗ്രസ് നേതാക്കളുടെയും വാക്കും പ്രവൃത്തിയും സാമാന്യയുക്തിക്ക് നിരക്കുന്നതല്ല. പൊതുജനങ്ങൾക്കു മുന്നിൽ കോൺഗ്രസും സ്ഥാനാർഥിയും തുറന്നുകാട്ടപ്പെട്ടിരിക്കുകയാണ്. കുറച്ചുകാര്യങ്ങൾമാത്രം പുറത്തുവന്നപ്പോൾത്തന്നെ കോൺഗ്രസ് കടുത്ത പരിഭ്രാന്തിയിലായിരിക്കുകയാണ്.
രാഷ്ട്രീയമായി എൽഡിഎഫിനെ തെരഞ്ഞെടുപ്പിൽ നേരിടാനാകാതെ വരുമ്പോഴാണ് യുഡിഎഫും ബിജെപിയും കള്ളപ്പണം ഒഴുക്കി വോട്ടർമാരെ സ്വാധീനിക്കാൻ ശ്രമിക്കുന്നത്. ലോക്‌സഭ, നിയമസഭ തെരഞ്ഞെടുപ്പ് സമയത്ത് ഓരോ സംസ്ഥാനത്തേക്കും കേന്ദ്രനേതൃത്വത്തിൽനിന്ന് കള്ളപ്പണം എത്തിക്കുന്ന പതിവ് തുടങ്ങിയത് കോൺഗ്രസാണ്. കോൺഗ്രസിന്റെ പാത ബിജെപിയും പിന്തുടരുന്നു. ഡൽഹിയിൽനിന്ന് എത്തിക്കുന്ന തെരഞ്ഞെടുപ്പ് ഫണ്ട് വീതംവയ്‌ക്കുന്നതിനെ ചൊല്ലി കോൺഗ്രസ് നേതാക്കൾ തമ്മിൽ സംഘർഷവും പോർവിളിയും നടന്ന നിരവധി സംഭവങ്ങൾ കേരളത്തിലുണ്ട്. 2009ൽ വടകരയിൽ മത്സരിച്ച മുല്ലപ്പള്ളി രാമചന്ദ്രനുവേണ്ടി ഒരുകോടി രൂപയുടെ കള്ളപ്പണം കൊണ്ടുവന്നതായി യൂത്ത്‌കോൺഗ്രസ് നേതാവ് തിരുവള്ളൂർ മുരളി തന്നെ സമ്മതിച്ചിരുന്നു. കള്ളപ്പണമിറക്കി വോട്ടുവാങ്ങി വിജയിക്കുക എന്നത് കേരളത്തിൽ യുഡിഎഫ് കാലങ്ങളായി പിന്തുടരുന്ന രീതിയാണെന്ന് ഇതിൽനിന്ന് വ്യക്തമാണ്. അശ്ലീലചിത്രങ്ങൾ വ്യാജമായി നിർമിച്ച് സോഷ്യൽ മീഡിയകളിലൂടെ പ്രചരിപ്പിക്കുന്ന അധമ സംസ്‌കാരവും യുഡിഎഫിന്റെ ഭാഗമാണ്. തൃക്കാക്കര ഉൾപ്പെടെയുള്ള ഉപതെരഞ്ഞെടുപ്പുകളിലും കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ വടകരയിലും ഇത് കണ്ടതാണ്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..