27 December Friday

ഇന്ത്യയെ കാണാത്ത ബജറ്റ്

വെബ് ഡെസ്‌ക്‌Updated: Wednesday Jul 24, 2024


മൂന്ന്‌ പതിറ്റാണ്ടിലേറെയായി ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയെന്ന കപ്പലിന്റെ യാത്രാപഥം ഒരേ ദിശയിലാണ്. നവ ഉദാരനയത്തിന്റെ പാത. ഇക്കാലയളവിലെ എല്ലാ ബജറ്റും ഈ നയത്തിന്റെ വഴിയേതന്നെയായിരുന്നു. ധനമന്ത്രി നിർമല സീതാരാമൻ ചൊവ്വാഴ്ച അവതരിപ്പിച്ച മൂന്നാം മോദി സർക്കാരിന്റെ ആദ്യ ബജറ്റിലും ഒരു നയംമാറ്റവുമില്ല. മാത്രമല്ല, ഇത്തവണ ദേശീയമായ കാഴ്ചപ്പാടുപോലുമില്ല. കേരളമടക്കം ദക്ഷിണേന്ത്യയെ പൂർണമായും അവഗണിച്ചു. അതേസമയം, എൻഡിഎ ഭരണത്തെ താങ്ങിനിർത്തുന്ന സഖ്യകക്ഷികളായ ജെഡിയു ഭരിക്കുന്ന ബിഹാറിനും ടിഡിപി ഭരിക്കുന്ന ആന്ധ്രപ്രദേശിനും കോടികൾ വാരിക്കോരി നൽകിയിട്ടുമുണ്ട്. കേന്ദ്രത്തിൽ ബിജെപിയുടെ ഭരണം നിലനിർത്തണമല്ലോ. ആ അർഥത്തിൽ ഒരു രാഷ്ട്രീയക്കളിയുമാണ് നിർമല സീതാരാമന്റെ ബജറ്റ്.

പത്തുവർഷമായി മോദി സർക്കാർ തീവ്രമായി നടപ്പാക്കിയ നവ ഉദാരനയം രാജ്യത്തിന്റെ ഉൽപ്പാദനമേഖലകളെ മാന്ദ്യത്തിലേക്ക് തള്ളി. തൊഴിലും വരുമാനവുമില്ലാതെ ജനങ്ങളുടെ ക്രയശേഷി (വാങ്ങൽ കഴിവ്) നഷ്ടമായി. അരനൂറ്റാണ്ടിനിടയിലെ ഏറ്റവുംവലിയ തൊഴിലില്ലായ്‌മ, രൂക്ഷമായ വിലക്കയറ്റം, അതിഭീകരമായ അസമത്വം, ദാരിദ്ര്യം, പട്ടിണി, സമ്പാദ്യനിരക്കിലെ ഇടിവ്, മുതൽമുടക്കില്ലായ്മ എന്നിവയാണ് ഇന്ത്യ നേരിടുന്ന മുഖ്യപ്രശ്നങ്ങൾ. ഇവ പരിഹരിക്കാൻ സർക്കാർ നേരിട്ട് ഇടപെടുന്ന കൃത്യമായ പദ്ധതികളൊന്നും ബജറ്റിലില്ല. നവ ഉദാരനയത്തിന്റെ പ്രഖ്യാപിതലക്ഷ്യമായ ധനക്കമ്മി കുറയ്‌ക്കൽ ആവർത്തിച്ചു പ്രഖ്യാപിച്ച ധനമന്ത്രി വിദേശ മുതൽമുടക്ക് ആകർഷിക്കാനെന്നപേരിൽ വിദേശ കമ്പനികളുടെ കോർപറേറ്റ് നികുതി അഞ്ചുശതമാനം കുറയ്ക്കുകയുംചെയ്തു. ഈ വിദേശമുതലാളിമാർ പലരും ഇന്ത്യൻ മുതലാളിമാർ തന്നെയായിരിക്കുമെന്നും അവർ മോദി ഭരണത്തിന്റെ ചങ്ങാതിമാരായിരിക്കുമെന്നും അറിയാൻ കൂടുതൽ അന്വേഷണമൊന്നും വേണ്ടിവരില്ല. അടുത്ത തലമുറ സാമ്പത്തിക പരിഷ്കാരങ്ങൾ ഉടൻ നടപ്പാക്കുമെന്ന പ്രഖ്യാപനവും നയംമാറ്റമില്ലെന്ന സൂചന തന്നെ.

സമ്പദ്‌വ്യവസ്ഥ ശക്തമായി നിലകൊള്ളുന്നുവെന്ന അവകാശവാദത്തോടെ തുടങ്ങുന്ന ബജറ്റിൽ പാവപ്പെട്ടവർ, സ്ത്രീകൾ, യുവജനങ്ങൾ, കൃഷിക്കാർ എന്നിവരെയൊക്കെ പ്രത്യേകം പരിഗണിക്കുന്നതായി തോന്നിപ്പിക്കുന്ന ചില പ്രഖ്യാപനങ്ങളുണ്ട്. അഞ്ചുവർഷംകൊണ്ട് 4.1 കോടി യുവജനങ്ങൾക്ക് തൊഴിൽ നൽകാൻ രണ്ടുലക്ഷം കോടി രൂപ നീക്കിവയ്‌ക്കുമെന്ന പ്രഖ്യാപനം ഇത്തരത്തിലൊന്നാണ്. എവിടെ, എങ്ങനെ തൊഴിൽ നൽകുമെന്നൊന്നും വ്യക്തമല്ല. അഞ്ചുവർഷംകൊണ്ട് 20 ലക്ഷം യുവജനങ്ങൾക്ക് വ്യവസായപരിശീലനം നൽകുമെന്നും പറഞ്ഞിട്ടുണ്ട്. പ്രതിമാസം 5000 രൂപ സ്റ്റൈപെൻഡിൽ. തൊഴിൽ നൈപുണ്യം നേടുന്നതിന്‌ പ്രതിവർഷം 25,000 വിദ്യാർഥികൾക്ക് 7.5 ലക്ഷം രൂപവരെ ലഭ്യമാക്കുമെന്നും പറയുന്നു. ഉന്നതവിദ്യാഭ്യാസത്തിന് പത്തുലക്ഷം രൂപയുടെ വായ്‌പയും നൽകും. രൂക്ഷമായ തൊഴിലില്ലായ്‌മ പരിഹരിക്കാൻ ഈ വായ്‌പാ പദ്ധതികളൊന്നും മതിയാവില്ല. സാധാരണ ജനങ്ങളുടെ തൊഴിലില്ലായ്‌മയ്‌ക്ക് തെല്ല്‌ പരിഹാരം കാണാനാകുന്ന ഗ്രാമീണ തൊഴിലുറപ്പുപദ്ധതിക്ക് വിഹിതം കൂട്ടിയില്ല.

കാർഷികമേഖലയെ ശക്തിപ്പെടുത്തൽ, തൊഴിൽ, നൈപുണ്യം, മനുഷ്യശേഷിവികസനം, സാമൂഹ്യനീതി, മാനുഫാക്ചറിങ്, നഗരവികസനം, ഊർജസുരക്ഷ, പശ്ചാത്തലസൗകര്യം, ഗവേഷണം, - വികസനം, അടുത്ത തലമുറ സാമ്പത്തിക പരിഷ്‌കാരങ്ങൾ തുടങ്ങിയ മേഖലകളെ മുൻനിർത്തിയാണ് പ്രഖ്യാപനങ്ങളത്രയും.  കൃഷിക്ക് 1.52 ലക്ഷം കോടി രൂപയുടെ സഹായം പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയുടെ നട്ടെല്ലായ കാർഷികമേഖലയെ സംരക്ഷിക്കാൻ അതൊന്നുമാകില്ല. സ്വാമിനാഥൻ കമീഷൻ ശുപാർശ ചെയ്‌ത മിനിമം താങ്ങുവിലയെക്കുറിച്ച് ബജറ്റ് മൗനംപാലിക്കുന്നു. കൃഷിക്കാരുടെ പ്രധാന ആവശ്യം അതായിരുന്നു. പിഎം കിസാൻ യോജന പ്രകാരം പ്രതിവർഷം നൽകുന്ന തുക 6000 രൂപയിൽനിന്ന് വർധിപ്പിക്കാനും തയ്യാറായിട്ടില്ല. ചെറുകിട വ്യവസായമേഖലയെ മുൻനിർത്തി മുദ്ര വായ്‌പ പത്തുലക്ഷത്തിൽനിന്ന് 20 ലക്ഷമായി വർധിപ്പിക്കുമെന്നാണ് പ്രധാനമായും പറഞ്ഞിരിക്കുന്നത്.

കേരളത്തിന്റെ ആവശ്യങ്ങൾ പാടേ അവഗണിച്ച ബജറ്റിൽ ഒരിടത്തും കേരളമെന്ന പേരുപോലുമില്ല. സംസ്ഥാനം ആവശ്യപ്പെട്ട 24,000 കോടിയുടെ പ്രത്യേക പാക്കേജ് തള്ളി. കേരളത്തിൽനിന്ന് രണ്ടുപേർ കേന്ദ്ര മന്ത്രിസഭയിലുണ്ടായിട്ടും ഒരു പ്രയോജനവും ലഭിച്ചില്ല. ഇക്കുറി എയിംസ്  പ്രഖ്യാപിക്കുമെന്ന് കരുതിയെങ്കിലും അതില്ല. വിഴിഞ്ഞം തുറമുഖത്തിന് അഞ്ചുപൈസപോലും തന്നില്ല. കേരളത്തെ അപ്പാടെ തള്ളിയ ബജറ്റ് പക്ഷേ, ബിഹാറിനും ആന്ധ്രപ്രദേശിനും പ്രത്യേക പാക്കേജ് അനുവദിച്ചു. ബിഹാറിന് 26,000 കോടിയും ആന്ധ്രപ്രദേശിന്‌ 15,000 കോടിയും അനുവദിച്ചതിനുപുറമെ ടൂറിസം, പശ്ചാത്തലസൗകര്യം എന്നീ മേഖലകളിൽ വിവിധ പദ്ധതികളും പ്രഖ്യാപിച്ചിട്ടുണ്ട്. ബിഹാറിൽ പുതിയ റോഡുകൾ, വിമാനത്താവളം, മെഡിക്കൽ കോളേജ് എന്നിവയൊക്കെയുണ്ട്.

അർബുദ ചികിത്സയ്‌ക്കുള്ള മൂന്നു മരുന്നിന്റെ വില കുറയും. ഇവയുടെ നികുതി കുറച്ചിട്ടുണ്ട്. മൊബൈൽ ഫോൺ, ചാർജറുകൾ എന്നിവയുടെ വിലയും കുറയും. സ്വർണത്തിന്റെയും വെള്ളിയുടെയും ഇറക്കുമതിത്തീരുവ 15 ശതമാനത്തിൽനിന്ന്‌ ആറു ശതമാനം ആക്കി. വ്യക്തിഗതമായ ആദായനികുതിയിൽ കാര്യമായ മാറ്റമൊന്നുമില്ല. പുതിയ നികുതിസമ്പ്രദായം സ്വീകരിച്ചിട്ടുള്ളവർക്ക് 75,000 രൂപ സ്റ്റാൻഡേർഡ് ഡിഡക്ഷൻ (കിഴിവ്) ലഭിക്കും. നിലവിൽ 50,000 രൂപയാണ്‌ ഇത്. ഇതേസമയം, വിദേശ കമ്പനികളുടെ കോർപറേറ്റ് നികുതി 40 ശതമാനത്തിൽനിന്ന് 35 ശതമാനമായി കുറച്ചു. കോർപറേറ്റ് മേഖലയിലെ കയറ്റുമതി, ഇറക്കുമതി സ്ഥാപനങ്ങൾക്കും മറ്റു പല ഇളവുകളുമുണ്ട്. ഈയൊരു നടപടിയിലൂടെമാത്രം ബജറ്റിന്റെ സമീപനം വ്യക്തമാകുന്നുണ്ട്. ചുരുക്കിപ്പറഞ്ഞാൽ, രാജ്യത്തെ അടിസ്ഥാനപ്രശ്നങ്ങൾ പരിഹരിക്കാൻ കഴിയാത്ത, ദേശീയ കാഴ്‌ചപ്പാടില്ലാത്ത, കോർപറേറ്റ് സേവ തുടരുന്ന നവ ഉദാര സാമ്പത്തികനയത്തിന്റെ പാതയിൽത്തന്നെയാണ് ഈ ബജറ്റും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top