22 December Sunday

അവകാശവാദങ്ങളുടെ ഘോഷയാത്ര

വെബ് ഡെസ്‌ക്‌Updated: Wednesday Feb 1, 2023


ചൊവ്വാഴ്ച ആരംഭിച്ച പാർലമെന്റിന്റെ ബജറ്റ് സമ്മേളനത്തിൽ രാഷ്ട്രപതി ദ്രൗപദി മുർമു നടത്തിയ നയപ്രഖ്യാപനത്തിൽ ഹിന്ദുത്വ ലക്ഷ്യങ്ങൾ ഒളിഞ്ഞിരിപ്പുണ്ടോ? ഹിന്ദുത്വ അജൻഡയുടെ ഭീതി പരത്തുന്ന ചില പ്രഖ്യാപനങ്ങളും പ്രയോഗങ്ങളും ആ പ്രസംഗത്തിലുണ്ട്. ദാരിദ്ര്യം പൂർണമായും അവസാനിപ്പിച്ച് ഇന്ത്യയെ വൻ വികസിത രാജ്യമായി മാറ്റുമെന്ന് പ്രഖ്യാപിച്ച രാഷ്ട്രപതി ആരും അന്യരല്ലെന്നും ആരോടും വിവേചനമില്ലെന്നും പറയുന്നുണ്ട്. എന്നാൽ, തൊട്ടുപിന്നാലെ പറയുന്നത് കശ്മീരിന് പ്രത്യേക പദവി നൽകിയ ഭരണഘടനയിലെ 370–--ാം വകുപ്പ് റദ്ദാക്കിയതിനെക്കുറിച്ചും മുത്തലാഖിനെ ക്കുറിച്ചുമാണ്. മതപരമായ ചേരിതിരിവും വിവേചനവും സൃഷ്ടിക്കുന്ന നടപടികളെ പുകഴ്ത്തിക്കൊണ്ട് ആരോടും വിവേചനമില്ലെന്നും ആരും അന്യരല്ലെന്നും പറയുന്നത് വിരോധാഭാസംതന്നെ. 

ഭൂതകാലത്തിന്റെ ‘അഭിമാനവും' ‘ചരിത്ര പാരമ്പര്യവും' ഉയർത്തിപ്പിടിക്കുന്ന രാജ്യമായി ഇന്ത്യയെ മാറ്റുമെന്നും രാഷ്‌ട്രപതി  മറ്റൊരിടത്ത് പറയുന്നു. ഇതിനോട് ചേർന്നു കേട്ടത് അയോധ്യയിലെ രാമക്ഷേത്ര നിർമാണവും ബഹുനില പാർലമെന്റും ചാർധാമുമൊക്കെയാണ്. ഇന്ത്യക്കിണങ്ങാത്ത ഒരു ഭൂതകാലത്തെക്കുറിച്ചും ചരിത്ര പാരമ്പര്യത്തെക്കുറിച്ചുമൊക്കെയാണ് ബിജെപി സർക്കാരിനെ നയിക്കുന്ന ആർഎസ്എസ് തുടർച്ചയായി പറയുന്നത്.  ആർഎസ്എസ് മേധാവി മോഹൻ ഭാഗവത് അടുത്തിടെ  പറഞ്ഞ "ചരിത്ര പാരമ്പര്യം’ ഓർമയിൽ വരുന്നു. ഹിന്ദുക്കൾ ആയിരം വർഷമായി നടത്തുന്ന യുദ്ധം തുടരണമെന്നായിരുന്നു ഭാഗവതിന്റെ പ്രസ്താവന. മുസ്ലിങ്ങളെയും ക്രൈസ്‌തവരെയും കമ്യൂണിസ്റ്റുകാരെയും നാടിന്റെ ബാധയായി കണ്ട് ഒഴിപ്പിക്കാനിറങ്ങിയിട്ടുള്ള ഹിന്ദുത്വ വാദികൾക്ക് ആവേശം പകരുന്ന ആ പ്രസ്താവന ഭരണഘടനാ വിരുദ്ധവും അങ്ങേയറ്റം അപകടകരവുമാണ്. അങ്ങനെയൊരു യുദ്ധത്തിന്റെ ചരിത്രമേ ഇന്ത്യക്കില്ല. ഭാഗവതിന്റെ പ്രസ്താവനയും രാഷ്‌ട്രപതിയുടെ പ്രഖ്യാപനങ്ങളും കൂട്ടിവായിക്കുമ്പോഴാണ് ഭീതി പടരുന്നത്.

വമ്പൻ സ്വപ്നങ്ങൾ യാഥാർഥ്യമാക്കാൻ ശ്രമിക്കുന്ന, ലോകം പ്രതീക്ഷയോടെ ഉറ്റുനോക്കുന്ന, ലോകത്തിന് പരിഹാരം നിർദേശിക്കുന്ന സർക്കാരാണ് രാജ്യം ഭരിക്കുന്നത് എന്നതടക്കം ഒട്ടേറെ കാര്യങ്ങൾ രാഷ്ട്രപതി പ്രതിപാദിക്കുന്നുണ്ട്. സ്വതന്ത്ര ഇന്ത്യക്ക് 100 വയസ്സാകുന്ന 2047 ആകുമ്പോഴേക്കും ആത്മനിർഭര ഭാരതം കെട്ടിപ്പടുക്കും. സമൂഹത്തിനും രാജ്യത്തിനും വഴികാട്ടിയായി സ്ത്രീകളെയും യുവജനങ്ങളെയും കുട്ടികളെയും  മുന്നിൽ നിർത്തും. പാവപ്പെട്ടവരെ സ്വപ്നം കാണാൻ പ്രേരിപ്പിച്ചു. കൃഷിക്കാർക്കൊപ്പം നിന്നു. ഭീകരതയെ നേരിട്ടു. സ്കൂളുകളിലെ കൊഴിഞ്ഞുപോക്ക് തടഞ്ഞു. ഗരീബ് കല്യാൺ അന്നയോജന പദ്ധതി തുടരും. ദാരിദ്ര്യ നിർമാർജനം ഒരു മുദ്രാവാക്യം മാത്രമാകില്ല. അങ്ങനെ പോകുന്നു നയപ്രഖ്യാപനം. കർഷകരോടും പാവപ്പെട്ടവരോടുമെല്ലാം കേന്ദ്ര സർക്കാർ ഇതുവരെ സ്വീകരിച്ച സമീപനവും നയപ്രഖ്യാപനത്തിൽ പറയുന്നതും തമ്മിൽ ഒരു ബന്ധവുമില്ലെന്നത് ജനങ്ങളുടെ അനുഭവം.

ഇതേസമയം, 2023–-24ൽ രാജ്യത്തിന്റെ മൊത്തം ആഭ്യന്തരോൽപ്പാദനത്തിൽ കുറവുണ്ടാകുമെന്ന്  ധനമന്ത്രി നിർമല സീതാരാമൻ അവതരിപ്പിച്ച സാമ്പത്തിക സർവേ പറയുന്നു. എങ്കിലും ലോകത്ത് അതിവേഗം വളരുന്ന സമ്പദ്‌വ്യവസ്ഥയായി ഇന്ത്യ തുടരുമെന്ന് സർവേ അവകാശപ്പെടുന്നു. കോവിഡിനുശേഷം സമ്പദ്‌വ്യവസ്ഥയുടെ എല്ലാ മേഖലയും വീണ്ടെടുത്തുവത്രേ.

2023–-24ലെ മൊത്തം ആഭ്യന്തരോൽപ്പാദനം ആറു ശതമാനമോ 6.8 ശതമാനമോ ആയിരിക്കും.  കയറ്റുമതി  ഇറക്കുമതിയിലെ തന്നാണ്ട് കണക്കിലെ കമ്മി (കറന്റ് അക്കൗണ്ട് കമ്മി) പെരുകിയാൽ രൂപ കടുത്ത സമ്മർദത്തിലായേക്കാം. എന്നാൽ, സമ്പദ്‌വ്യവസ്ഥയുടെ അടിസ്ഥാനശിലകൾ ഭദ്രമാണെന്നും ആഗോള സാഹചര്യത്തിൽ ഇത് പ്രതീക്ഷാ നിർഭരമാണെന്നും സർവേ പറയുന്നു. മഹാമാരിയിൽ നഷ്ടപ്പെട്ടതെല്ലാം ഇന്ത്യ തിരിച്ചുപിടിച്ചുവത്രേ.  മൂലധനച്ചെലവ്, സ്വകാര്യ ഉപഭോഗം, വായ്പകൾ എന്നിവയെല്ലാം വർധിച്ചു. വിനിമയ നിരക്കിന്റെ അടിസ്ഥാനത്തിൽ ഇന്ത്യ ലോകത്തെ അഞ്ചാമത്തെയും ക്രയശേഷിയുടെ അടിസ്ഥാനത്തിൽ മൂന്നാമത്തെയും വലിയ സമ്പദ്‌വ്യവസ്ഥയാണ്. ഇതൊക്കെ പറയുമ്പോഴും അസമത്വം ഭീകരമായി പെരുകുന്നതും  അതിസമ്പന്നർ വർധിക്കുന്നതും സർവേ കാണുന്നില്ല.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top