ഏതാനും പതിറ്റാണ്ടുകളായി പ്രസക്തി ചോദ്യം ചെയ്യപ്പെടുന്നുണ്ടെങ്കിലും ലോകത്തിന്റെ മനസ്സാക്ഷിയായാണ് ഐക്യരാഷ്‌ട്ര സംഘടനയെ കണക്കാക്കുന്നത്. 193 അംഗരാഷ്‌ട്രങ്ങളുള്ള അതിന്റെ പൊതുസഭയാകട്ടെ ധനിക– -ദരിദ്ര വ്യത്യാസമില്ലാതെ, ശക്തരും ദുർബലരുമെന്ന വേർതിരിവില്ലാതെ എല്ലാ അംഗങ്ങൾക്കും തുല്യ അവകാശങ്ങളുള്ള ലോകവേദിയാണ്. ആ സമുന്നതവേദിയുടെ 78–-ാം വാർഷിക സമ്മേളനം ന്യൂയോർക്കിൽ ആരംഭിച്ച ദിവസമാണ് (സെപ്‌തംബർ 17) ലബനനിൽ വ്യാപകമായി ഇസ്രയേൽ പേജർ സ്‌ഫോടനങ്ങളിലൂടെ നിരവധിയാളുകളെ കൊന്നത്. യുഎൻ പൊതുസഭാ വാർഷികസമ്മേളനത്തിൽ രാഷ്‌ട്രത്തലവന്മാരും ഭരണാധികാരികളും പ്രസംഗിക്കുന്ന സുപ്രധാന സെഷൻ ചൊവ്വാഴ്‌ച സമാപിക്കാനിരിക്കെയാണ് തിങ്കളാഴ്‌ച തെക്കൻ ലബനനിലും കിഴക്കൻ ലബനനിലും വ്യാപകമായി യുദ്ധവിമാനങ്ങളയച്ച് കൂട്ടക്കൊല നടത്തിയത്. ലോക ജനതയെയോ അതിന്റെ മനസ്സാക്ഷിയായ യുഎന്നിനെയോ അൽപ്പംപോലും വകവയ്‌ക്കുന്നില്ല എന്നാണ് ഈ നിഷ്‌ഠുരമായ ആക്രമണങ്ങളിലൂടെ ഇസ്രയേൽ വീണ്ടും തെളിയിച്ചിരിക്കുന്നത്. ഗാസയിൽ നടത്തിവരുന്ന വംശഹത്യ ഒരുവർഷം പിന്നിടാൻ ദിവസങ്ങൾമാത്രം അവശേഷിക്കെയാണ് സയണിസ്റ്റ് വംശീയ ഭീകരരാഷ്‌ട്രം ഒരു പരമാധികാര രാഷ്‌ട്രത്തെതന്നെ ആക്രമിച്ച് മറ്റൊരു യുദ്ധമുഖം തുറന്നിരിക്കുന്നത്.
ഭീകരസംഘടനകൾപോലും ചെയ്‌തിട്ടില്ലാത്ത ഭീകരകൃത്യമാണ് വാർത്താവിനിമയ ഉപകരണങ്ങൾക്കുള്ളിലും സ്‌ഫോടകവസ്‌തുക്കൾ സ്ഥാപിച്ച് ഇസ്രയേൽ നടത്തിയ കൂട്ടസ്‌ഫോടനം. 17ന് ഉച്ചകഴിഞ്ഞാണ് ലബനനിലെങ്ങും ആയിരക്കണക്കിന് പേജറുകൾ ഒരേസമയം പൊട്ടിത്തെറിച്ചത്. അതിൽ കൊല്ലപ്പെട്ടവരുടെ അന്ത്യോപചാര ചടങ്ങുകൾക്കിടെയാണ് പിറ്റേന്ന് വാക്കിടോക്കികളും പരക്കെ പൊട്ടിത്തെറിച്ചത്. നാൽപ്പതോളം പേരാണ് ഇരുസംഭവങ്ങളിലുമായി കൊല്ലപ്പെട്ടത്. ലബനീസ് പാർലമെന്റംഗം അലി അമ്മാറിന്റെ മകനും ഇതിലുൾപ്പെടുന്നു. സ്‌ത്രീകളും കുട്ടികളുമടക്കം ആയിരക്കണക്കിന് പേർക്ക് പരിക്കേറ്റു. ലബനനിലെ ഇറാൻ സ്ഥാനപതിയടക്കം പലർക്കും തലയ്‌ക്കാണ് മാരകമായി പരിക്കേറ്റത്. ചിലർക്ക് കണ്ണുകൾ നഷ്‌ടപ്പെട്ടു. മേഖലയിൽ ഇസ്രയേലിന്റെ അതിക്രമങ്ങളെ സൈനികമായിത്തന്നെ നേരിടുന്ന ലബനനിലെ ഷിയാ സായുധ രാഷ്‌ട്രീയ സംഘടനയായ ഹിസ്‌ബുള്ളയെ ലക്ഷ്യമിട്ടാണ് ആക്രമണങ്ങളെന്ന് ഇസ്രയേൽ അവകാശപ്പെടുന്നുണ്ട്. എന്നാൽ, പലസ്‌തീൻ ജനതയെ കൊന്നൊടുക്കുന്നതിന് ഹമാസിന്റെ പേര് പറയുന്നതുപോലെ മറ്റൊരു പച്ചക്കള്ളമാണ് ഇതെന്ന് വ്യക്തമായിട്ടുണ്ട്. ലബനനിൽ വീട്ടമ്മമാർമുതൽ ഡോക്ടർമാരടക്കം ആരോഗ്യപ്രവർത്തകരും പേജറുകൾ ഉപയോഗിക്കുന്നുണ്ട്.
പേജറുകൾ ആയുധമാക്കി നടത്തിയ ഭീകരാക്രമണത്തിനെതിരെ ലോകമെങ്ങും വിമർശം ഉയരുന്നതിനിടെയാണ് തങ്ങൾ ‘യുദ്ധ’ത്തെ പുതിയ ഘട്ടത്തിലേക്ക് കൊണ്ടുപോകുകയാണെന്ന് ഇസ്രയേൽ പ്രതിരോധമന്ത്രി യോവ് ഗാലന്റ് പ്രഖ്യാപിച്ചത്. ഇസ്രയേലിന്റെ ഉറ്റബന്ധുവായ അമേരിക്കയുടെ ചാരസംഘടനയുടെ മുൻ തലവൻ ലിയോൺ പനേറ്റയെപ്പോലുള്ളവർപോലും പേജർ സ്‌ഫോടനം ഭീകരാക്രമണമാണെന്ന് തുറന്നടിച്ചിട്ടുണ്ട്. ഇതിനിടെയാണ് തിങ്കളാഴ്‌ച ലബനനിൽ വിവിധയിടങ്ങളിൽ വ്യോമാക്രമണം നടത്തി ഇസ്രയേൽ അഞ്ഞൂറിലേറെപേരെ കൊന്നത്. ഇതിൽ 50 കുട്ടികളും 94 സ്‌ത്രീകളും ഉൾപ്പെടുന്നു. രണ്ടായിരത്തോളം പേർക്ക് പരിക്കേറ്റു. ഗാസയിൽ ഇസ്രയേൽ വംശഹത്യ ആരംഭിച്ചതുമുതൽ ലബനൻ അതിർത്തിയിൽ ഹിസ്‌ബുള്ളയും ഇസ്രയേലും തമ്മിൽ സംഘർഷമുണ്ടെങ്കിലും അത് വല്ലപ്പോഴുമുള്ള റോക്കറ്റ് ആക്രമണങ്ങളിൽ ഒതുങ്ങിയിരുന്നു. എന്നാൽ, ജൂലൈ 30ന് തെക്കൻ ബെയ്‌റൂട്ടിനടുത്ത് ഹാറെത് ഹ്രേയ്‌കിൽ പാർപ്പിടസമുച്ചയം തകർത്ത് ഇസ്രയേലി സേന നിരവധിയാളുകളെ കൊന്നതോടെയാണ് സംഘർഷം വഷളായത്. ഹിസ്‌ബുള്ള നേതൃനിരയിൽ പ്രധാനിയായ ഇബ്രാഹിം അഖീലടക്കം 16 പേരെ കൊന്ന് കഴിഞ്ഞദിവസം ഇസ്രയേൽ യുദ്ധാസക്തി ഒരിക്കൽക്കൂടി വ്യക്തമാക്കിയിരുന്നു. തിങ്കളാഴ്‌ച ബെക്കാ താഴ്‌വരയിൽമാത്രം അരമണിക്കൂറിനിടെ എൺപതിൽപ്പരം വ്യോമാക്രമണങ്ങളാണ് നടത്തിയത്.
2006ൽ ഇസ്രയേലും ലബനനും തമ്മിൽ 34 ദിവസം നീണ്ട യുദ്ധത്തിനുശേഷം ഏറ്റവും വലിയ സംഘർഷമാണ് ഇരുരാജ്യങ്ങളും തമ്മിൽ ഉണ്ടായിരിക്കുന്നത്. അമേരിക്കയുടെയും കൂട്ടാളികളായ ഏതാനും പാശ്ചാത്യ രാഷ്‌ട്രങ്ങളുടെയും പിന്തുണ ഒന്നുമാത്രമാണ് ഈ അതിക്രമങ്ങൾക്ക് ഇസ്രയേലിന് ധൈര്യം നൽകുന്നത്. പാശ്ചാത്യ രാജ്യങ്ങളുടെ പിന്തുണയുള്ള, ചെറുതല്ലാത്ത സൈനിക ശക്തിയായ ഉക്രയ്‌നുമായുള്ള യുദ്ധത്തിന്റെ പേരിൽ പാരീസ് ഒളിമ്പിക്‌സിൽനിന്ന് റഷ്യയെ വിലക്കിയവർ ഗാസയിൽ നിരായുധരായ ജനതയെ വംശഹത്യ ചെയ്യുന്ന ഇസ്രയേലിനെ വിലക്കിയിരുന്നില്ലെന്ന് ഓർക്കാവുന്നതാണ്. ഈ സാഹചര്യത്തിൽ, ലോകത്തിന് അംഗീകരിക്കാനാകാത്ത വംശീയ ഭീകരരാഷ്‌ട്രമാണ് തങ്ങളെന്ന് സ്വയം തെളിയിക്കുന്ന ഇസ്രയേലിന്റെ അതിക്രമങ്ങൾക്കെതിരെ ശബ്ദമുയർത്താൻ ബുദ്ധന്റെയും ഗാന്ധിജിയുടെയും നാടെന്ന് പ്രസിദ്ധമായ ഇന്ത്യക്ക് ധാർമിക ഉത്തരവാദിത്വമുണ്ട്. സയണിസ്റ്റ് രാഷ്‌ട്രത്തോട് വിധേയത്വം പുലർത്തുന്ന മോദി സർക്കാരിന്റെ നിലപാട് തിരുത്തിക്കാൻ ജനരോഷം ഉണരണം.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..