24 November Sunday

പ്രസക്തിയേറിയ കോടതിവിധി

വെബ് ഡെസ്‌ക്‌Updated: Saturday Dec 21, 2019

ഉത്തർപ്രദേശിലെ ഉന്നാവിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബലാത്സംഗംചെയ്‌ത കേസിൽ ബിജെപി എംഎൽഎയായിരുന്ന കുൽദീപ്‌ സിങ് സെൻഗറിനെ കോടതി മരണംവരെ ജീവപര്യന്തത്തിന്‌ ശിക്ഷിച്ച വാർത്ത ആശ്വാസത്തോടെയാണ്‌ രാജ്യം ശ്രവിച്ചത്‌. രണ്ടുവർഷംമുമ്പ്‌ ഉന്നാവിലെ മാൻഖി ഗ്രാമത്തിൽനിന്ന്‌ പതിനേഴുകാരിയെ തട്ടിക്കൊണ്ടുപോയി ക്രൂരമായി ബലാത്സംഗംചെയ്‌ത കേസിലെ പ്രതിയെയാണ്‌ ഡൽഹിയിലെ കോടതി ജഡ്‌ജി ധർമേഷ്‌ ശർമ ശിക്ഷിച്ചിട്ടുള്ളത്‌. 25 ലക്ഷംരൂപ സെൻഗറിൽനിന്ന്‌ പിഴ ഈടാക്കാനും 10 ലക്ഷംരൂപ പെൺകുട്ടിയുടെ കുടുംബത്തിന്‌ നൽകാനും കോടതി ഉത്തരവായി. പെൺകുട്ടിയും കുടുംബവും ഇപ്പോൾ താമസിക്കുന്ന ഡൽഹിയിലെ വസതിയിൽത്തന്നെ തുടർന്നും താമസിക്കാൻ സൗകര്യം നൽകാനും അതിന്റെ വാടക ഉത്തർപ്രദേശ്‌ സർക്കാരിനോട്‌ നൽകാനും കോടതി നിർദേശിച്ചു. കുടുംബത്തിന്റെ സുരക്ഷ മൂന്നുമാസത്തിലൊരിക്കൽ വിലയിരുത്തി ആവശ്യമായ നടപടികൾ സ്വീകരിക്കാനും കോടതി സിബിഐയോട്‌ നിർദേശിച്ചിട്ടുണ്ട്‌.

സംഘപരിവാരവുമായി ബന്ധപ്പെട്ട പല കേസിലും വ്യക്തമായ സമീപനംപോലും സ്വീകരിക്കാൻ ജുഡീഷ്യറി മടിച്ചുനിൽക്കുന്നുവെന്ന പരാതി ഉയരവെയാണ്‌ ബിജെപി എംഎൽഎ ഉൾപ്പെട്ട കേസിൽ ശിക്ഷ വിധിക്കാൻ കോടതി തയ്യാറായിട്ടുള്ളത്‌. സെൻഗർ കുറ്റക്കാരനാണെന്ന്‌ തിങ്കളാഴ്‌ചതന്നെ പറഞ്ഞ കോടതി ഇപ്പോൾ ജീവപര്യന്തം തടവ്‌ നൽകാനും തയ്യാറായി. പ്രതി രാഷ്ട്രീയനേതാവായിട്ടും നീതിക്കുവേണ്ടി ഉറച്ചുനിന്ന്‌ പേരാടാൻ തയ്യാറായ പെൺകുട്ടിയെയും കുടുംബത്തെയും അഭിനന്ദിക്കാനും കോടതി മറന്നില്ല.

കൂട്ടിലടച്ച തത്തയെന്ന്‌ നേരത്തേ സുപ്രീംകോടതിതന്നെ വിശേഷിപ്പിച്ച സിബിഐ ഉന്നാവ്‌ കേസ്‌ അന്വേഷണത്തിലും മറ്റും കാട്ടിയ അലംഭാവത്തെയും ഡൽഹി കോടതി രൂക്ഷമായി വിമർശിച്ചു. അന്വേഷണം താമസിപ്പിച്ചുവെന്ന്‌ മാത്രമല്ല, കുറ്റപത്രം സമർപ്പിക്കുന്നതിൽ കാലതാമസം വരുത്തുകയും ചെയ്‌തുവെന്ന്‌ കോടതി കുറ്റപ്പെടുത്തി. പോക്‌സോ നിയമത്തിന്റെ പരിധിയിൽ വരുന്ന കേസായിട്ടുപോലും പെൺകുട്ടിയെ വീട്ടിൽച്ചെന്ന്‌ മൊഴിയെടുക്കുന്നതിനുപകരം സിബിഐ ഓഫീസിലേക്ക്‌ വിളിച്ചുവരുത്തി പീഡിപ്പിക്കുകയായിരുന്നുവെന്ന്‌ കോടതി കുറ്റപ്പെടുത്തി. മാത്രമല്ല, പോക്‌സോ നിയമം അനുശാസിക്കുംവിധം വനിതാ ഓഫീസറെ ചുമതലപ്പെടുത്താൻ സിബിഐ തയ്യാറാകാത്തതിനെയും കോടതി രൂക്ഷമായി വിമർശിച്ചു. ഉത്തർപ്രദേശിലെ യോഗി ആദിത്യനാഥ്‌ സർക്കാർ ബലാത്സംഗക്കേസുകളും മറ്റും എങ്ങനെയാണ്‌ കൈകാര്യം ചെയ്യുന്നത്‌ എന്നതിന്റെ നഖചിത്രംകുടിയാണ്‌ കോടതി നമുക്കുമുമ്പിൽ കാട്ടിത്തന്നത്‌.

പ്രമാദമായ കേസായിരുന്നിട്ടുപോലും അതർഹിക്കുന്ന ഗൗരവത്തിൽ കേസന്വേഷിക്കാനും പ്രതികളെ അറസ്‌റ്റ്‌ ചെയ്യാനും യോഗി ആദിത്യനാഥ്‌ സർക്കാർ തയ്യാറായിരുന്നില്ല. മാത്രമല്ല, സെൻഗറിനെതിരെ മുഖ്യമന്ത്രിക്ക്‌ പരാതി നൽകിയതിന്റെ പേരിൽ പെൺകുട്ടിയുടെ കുടുംബത്തിനെതിരെ കേസെടുക്കാനും ഉത്തർപ്രദേശ്‌ സർക്കാർ തയ്യാറായി. പെൺകുട്ടിയുടെ പിതാവ്‌ പൊലീസ്‌ കസ്‌റ്റഡിയിൽ ദുരൂഹസാഹചര്യത്തിൽ മരണപ്പെടുകയും ചെയ്‌തു. തുടർന്ന്‌, പെൺകുട്ടിയെയും കുടുംബാംഗങ്ങളെയും വധിക്കാനും ശ്രമമുണ്ടായി. ഇവർ സഞ്ചരിച്ച വാഹനത്തിൽ ട്രക്കിടിച്ച്‌ പെൺകുട്ടിയുടെ രണ്ട്‌ ബന്ധുക്കൾ മരിച്ചു. അഭിഭാഷകനും പെൺകുട്ടിക്കും പരിക്കേൽക്കുകയും ചെയ്‌തു. ബിജെപി നേതാവ്‌ സെൻഗറാണ്‌ ഇതിനുപിന്നിലെന്ന്‌ പകൽപോലെ വ്യക്തമായിരുന്നു. എന്നിട്ടും ഒരു നടപടിയും സ്വീകരിക്കാൻ യോഗി ആദിത്യനാഥ്‌ സർക്കാർ തയ്യാറായില്ല. ഈ പശ്ചാത്തലത്തിൽ ഉയർന്ന പ്രതിഷേധത്തിനൊടുവിലാണ്‌ കേസ്‌ സിബിഐയെ ഏൽപ്പിക്കാൻ ഉത്തർപ്രദേശ്‌ സർക്കാർ നിർബന്ധിതമായത്‌. അതിനുശേഷവും കേസന്വേഷണം പതുക്കെയാക്കി പ്രതിയെ രക്ഷിക്കാൻ ശ്രമമുണ്ടായി എന്നാണ്‌ കോടതിയുടെ നിരീക്ഷണം വ്യക്തമാക്കുന്നത്‌. അതുകൊണ്ടുതന്നെ പ്രതിക്ക്‌ ജീവപര്യന്തം നൽകിയ കോടതിവിധിക്ക്‌ ഏറെ പ്രസക്തിയുണ്ട്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top