03 November Sunday

അപകട വാതിൽ അഥവാ യോഗിയുടെ നവമാധ്യമ നയം

വെബ് ഡെസ്‌ക്‌Updated: Saturday Aug 31, 2024


വംശഹത്യയുടെ ആഴത്തിലുള്ള മുറിവുകളടക്കം അവശേഷിപ്പിച്ച നരേന്ദ്രമോദി മുഖ്യമന്ത്രിയായിരുന്ന ( 2001 മുതൽ 2014വരെ) ഗുജറാത്ത്‌,  ജനാധിപത്യത്തിന്റെയും മനുഷ്യാവകാശങ്ങളുടെയും ശവപ്പറമ്പായി. മാധ്യമങ്ങളുടെ നാവരിയലും ന്യൂനപക്ഷവേട്ടയും എല്ലാ അതിരുകളും ലംഘിച്ചു. എന്നിട്ടും സംഘപരിവാർ കുഴലൂത്തുകാർ അതിനെ ‘ഗുജറാത്ത്‌ മാതൃക’ എന്നാണ്‌ വിളിച്ചത്‌. ആ കറുത്ത ദിനങ്ങളെ ഏറെ പിന്നിലാക്കുന്ന സമീപനങ്ങളാണ്‌ യോഗി ആദിത്യനാഥിന്റെ നേതൃത്വത്തിലുള്ള ഉത്തർപ്രദേശിലെ ബിജെപി സർക്കാർ കൈക്കൊണ്ടുവരുന്നത്‌. ഗുജറാത്തുപോലെ  വിമർശത്തിന്റെ ചെറിയ നിഴൽപോലും അനുവദിക്കപ്പെടുന്നില്ല. ഗോപൂജയുടെ മറവിൽ  നിരപരാധികൾ കൊല്ലപ്പെടുകയും എത്രയോപേർ ആക്രമിക്കപ്പെടുകയും ചെയ്യുന്നു. അത്‌ തുറന്നുകാട്ടിയ മാധ്യമ പ്രവർത്തകരെ ജയിലിലിടാനും തയ്യാറായി. എന്നിട്ടും ‘യുപി മാതൃകയാണ്‌’ പുതിയ വായ്‌ത്താരി. കുറ്റകൃത്യങ്ങളുടെ രാജ്യതലസ്ഥാനമായ ഉത്തർപ്രദേശിൽ യോഗി മന്ത്രിസഭ കഴിഞ്ഞ ദിവസം കൊട്ടിഘോഷിച്ച്‌ അംഗീകരിച്ച സമൂഹമാധ്യമ നയം ഈയർഥത്തിൽ  അത്യന്തം അപകടകരമാണ്‌. വിമർശകരുടെ വായമൂടിക്കെട്ടാനും അടിച്ചമർത്താനും പുകഴ്‌ത്തുന്നവർക്ക്‌ പാരിതോഷികം അനുവദിക്കാനുമാണ്‌  പ്രധാന നിർദേശം. സംസ്ഥാന  സർക്കാരിന്റെ വിവിധ പരിപാടികൾ സമൂഹമാധ്യമങ്ങളിലൂടെ പ്രോത്സാഹിപ്പിക്കുന്നവർക്ക്‌ മാസം എട്ട്‌ ലക്ഷം രൂപ വരെ നൽകും. യോഗി സർക്കാരിനെതിരെ  ആരായാലും, ഏതു മാധ്യമത്തിലായാലും എങ്ങനെയുള്ള വിമർശം ഉന്നയിച്ചാലും രാജ്യദ്രോഹക്കുറ്റം ചാർത്തി ജീവപര്യന്തം ജയിലിലിടാനുമുള്ള വകുപ്പുമുണ്ട്‌.

സർക്കാരിന്റെ വികസന പരിപാടികളും പുതിയ പദ്ധതികളും ശ്രദ്ധേയ നേട്ടങ്ങളും പ്രചരിപ്പിക്കുന്ന പരാമർശങ്ങൾ, ട്രോളുകൾ, കുറിപ്പുകൾ, വീഡിയോ, റീൽസ്‌ എന്നിവ പോസ്റ്റ്‌ ചെയ്‌താൽ  മാസാമാസം പ്രതിഫലം നൽകും. അവ യുട്യൂബിൽ അപ്‌ലോഡ്‌ ചെയ്‌താൽ എട്ട്‌ ലക്ഷംവരെയാണ്‌ പ്രതിഫലം. ഹ്രസ്വചിത്രങ്ങൾ (ഏഴു ലക്ഷം), പോഡ്‌കാസ്‌റ്റ്‌ (ആറ്‌), മറ്റ്‌ ഉള്ളടക്കങ്ങൾ (നാല്‌ ) തുടങ്ങിയ നിലയിലാണ് തുക നൽകുക. എക്‌സ്‌, ഫെയ്‌സ്‌ബുക്ക്‌, ഇൻസ്റ്റഗ്രാം തുടങ്ങിയവയിൽ സ്വാധീനം ചെലുത്തുന്നവർക്ക്‌ മാസം അഞ്ച്‌, നാല്‌, മൂന്ന്‌ ലക്ഷം വീതമാണ്‌. വിവിധ മാതൃകയിലുള്ള ഡിജിറ്റൽ പരസ്യങ്ങളുടെ ഏകോപനത്തിനും മേൽനോട്ടത്തിനും ‘വി ഫോം’ എന്ന പ്രത്യേക ഏജൻസിക്ക്‌ രൂപംനൽകാനും പരിപാടിയുണ്ട്‌. അത്തരം ഏജൻസികളുടെയും സ്ഥാപനങ്ങളുടെയും പട്ടിക തയ്യാറാക്കാൻ സർക്കാർ തീരുമാനിച്ചതായാണ്‌  ഇൻഫർമേഷൻ  പ്രിൻസിപ്പൽ സെക്രട്ടറി സഞ്ജയ് പ്രസാദ് ഇറക്കിയ വാർത്താക്കുറിപ്പിൽ പറഞ്ഞത്‌.

അവയിൽ രാജ്യദ്രോഹപരമോ സാമൂഹികവിരുദ്ധമോ അപകീർത്തികരമോ ആയ ഉള്ളടക്കങ്ങളുണ്ടെന്ന്‌ പരാതിയുയർന്നാൽ കർശന നിയമനടപടി കൈക്കൊള്ളാൻ സർക്കാരിന് അധികാരമുണ്ടാകുമെന്ന വകുപ്പ്‌ ഇരുതല മൂർച്ചയുള്ളതാണ്‌. എതിർശബ്ദങ്ങളെയെല്ലാം ആ ഗണത്തിൽപ്പെടുത്തി ഭീഷണി മുഴക്കുകയോ അടിച്ചമർത്തുകയോ നടപടിയെടുക്കുകയോ ആകാം. അതുപോലെ ലക്ഷ്യംവച്ചുള്ള പരാതികൾക്കും സാധ്യതയേറെയാണ്‌. കഴിഞ്ഞ അഞ്ച് വർഷത്തിനുള്ളിൽ ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകൾ ജനങ്ങൾക്കു മുന്നിൽ ഒട്ടേറെ സത്യങ്ങൾ കൊണ്ടുവന്നുനിർത്തി. 2014 മുതൽ ബിജെപി ചമച്ച വ്യാജ വിവരണങ്ങൾ പരാജയപ്പെടുത്തുകയുമുണ്ടായി. പുതിയ നടപടികൾ  അവയെ നിശ്ശബ്ദമാക്കാനുള്ള തന്ത്രമാണ്‌. എന്നാൽ ഡിജിറ്റൽ മാധ്യമ ദുരുപയോഗം ഗൗരവത്തോടെ നേരിടുമെന്നാണ്‌ മന്ത്രി സഞ്‌ജയ്‌ നിഷാദിന്റെ വാദം. സർക്കാർ ഫണ്ട്‌ ബിജെപി അനുകൂലികൾക്ക്‌ വീതംവയ്‌ക്കാനും വിമർശകരെ രാജ്യദ്രോഹികളായി ചാപ്പകുത്താനുമാണ്‌   നയം വഴിയൊരുക്കുകയെന്ന വിമർശം പ്രബലമാണ്‌.

വിയോജിക്കുന്നവരെ അഴികൾക്കുള്ളിലാക്കാനും വ്യവസ്ഥ ചെയ്യുന്ന കരടിനെതിരെ പ്രതിപക്ഷം അതിശക്തമായി രംഗത്തെത്തി. അഴിമതി നിയമപരമാക്കുന്ന നയം ഭരണഘടനാവിരുദ്ധവുമാണ്‌. പൊതുപണം ഉപയോഗിച്ചുള്ള സ്വയം പുകഴ്‌ത്തൽ പുതിയ അഴിമതിക്ക്‌ വഴിവയ്‌ക്കും.  ഡിജിറ്റൽ സാക്ഷരതയുടെ ഘട്ടത്തിൽ സമൂഹ മാധ്യമ പ്ലാറ്റ്‌ഫോമുകളിലൂടെ സത്യം പുറത്തുവരുന്നതിൽ യോഗി സർക്കാരിന്റെ  പുതിയ നവമാധ്യമ നയത്തിന്റെ കരട്‌ പരിഭ്രാന്തി പ്രകടിപ്പിക്കുകയുമാണ്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top