22 November Friday

യുപിഎസ്‌ : വഞ്ചനയുടെ പുതിയ മുഖം

വെബ് ഡെസ്‌ക്‌Updated: Wednesday Aug 28, 2024


രണ്ട്‌ പതിറ്റാണ്ടു മുമ്പ്‌ നടപ്പാക്കിയ എൻപിഎസ്‌ എന്ന പുതിയ പെൻഷൻ പദ്ധതിയിൽനിന്ന്‌ കേന്ദ്രസർക്കാർ പിന്മാറുകയാണ്‌. 2025 ഏപ്രിൽ ഒന്നുമുതൽ ഏകീകൃത പെൻഷൻ പദ്ധതി (യുപിഎസ്‌) നടപ്പാക്കാൻ തീരുമാനമായി. സ്റ്റാട്ട്യൂട്ടറി പെൻഷൻ സംവിധാനം അട്ടിമറിച്ച്‌ 2004ൽ വിജ്ഞാപനം‌ വഴി എൻപിഎസ്‌ നടപ്പാക്കിയത് എൻഡിഎ സർക്കാരാണ്‌;  ഇതിന്‌ നിയമസാധുത നൽകാൻ പിഎഫ്‌ആർഡിഎ ബിൽ പാസാക്കിയത്‌ 2013ൽ രണ്ടാം യുപിഎ സർക്കാരും. എൻപിഎസിനും പിഎഫ്‌ആർഡിഎ നിയമത്തിനും എതിരായി രാജ്യത്താകെ  ജീവനക്കാരുടെയും തൊഴിലാളികളുടെയും ശക്തമായ പ്രതിഷേധം അലയടിച്ചു. എൻപിഎസ്‌ പിൻവലിക്കുകയെന്നത്‌ കഴിഞ്ഞ വർഷങ്ങളിൽ കേന്ദ്ര ട്രേഡ്‌ യൂണിയനുകൾ നടത്തിയ എല്ലാ അഖിലേന്ത്യ പണിമുടക്കുകളിലും പ്രധാന ആവശ്യമായി ഉയർത്തി. കഴിഞ്ഞ ലോക്‌സഭാ പൊതുതെരഞ്ഞെടുപ്പിൽ ബിജെപിക്ക്‌ തിരിച്ചടിയേൽക്കാൻ കാരണമായ വിഷയങ്ങളിൽ ഒന്നായും ഇത്‌ വിലയിരുത്തപ്പെടുന്നു. ഇപ്പോൾ ഹരിയാന, ജമ്മു -കശ്‌മീർ നിയമസഭാ തെരഞ്ഞെടുപ്പുകൾ പ്രഖ്യാപിച്ചിരിക്കുകയാണ്‌. മാസങ്ങൾക്കകം മഹാരാഷ്‌ട്ര, ജാർഖണ്ഡ്‌ നിയമസഭകളിലേക്കും തെരഞ്ഞെടുപ്പ്‌ നടക്കും. ഈ സാഹചര്യത്തിലാണ്‌, ജീവനക്കാരുടെ ആവശ്യപ്രകാരം എൻപിഎസ്‌ പരിഷ്‌കരിക്കുന്നെന്ന വിശദീകരണത്തോടെ യുപിഎസ്‌ പ്രഖ്യാപിച്ചത്‌.

പങ്കാളിത്ത പെൻഷൻ പദ്ധതിയുടെ ചട്ടക്കൂടിൽത്തന്നെയാണ്‌ യുപിഎസ്‌. ചുരുങ്ങിയത്‌ 25 വർഷം  സർവീസുള്ളവർക്ക് അവസാന 12 മാസത്തെ അടിസ്ഥാന ശമ്പളത്തിന്റെ ശരാശരിയുടെ  50 ശതമാനം പെൻഷനായി ലഭിക്കുമെന്ന്‌ ഉറപ്പാക്കും;  10 വർഷം സർവീസുള്ളവർക്ക്‌ മിനിമം പെൻഷൻ 10,000 രൂപ; പെൻഷൻകാർ മരിച്ചാൽ  പെൻഷന്റെ 60 ശതമാനം കുടുംബ പെൻഷൻ നൽകും തുടങ്ങിയവയാണ്‌ യുപിഎസിന്റെ  ഉള്ളടക്കം. എൻപിഎസ്‌ ബാധകമായവരിൽ 99 ശതമാനവും യുപിഎസിലേക്ക്‌ മാറുമെന്നാണ്‌ കരുതുന്നതെന്ന്‌ പെൻഷൻ പദ്ധതി പരിഷ്‌കരണം ശുപാർശ ചെയ്‌ത സമിതിയുടെ തലവനും നിലവിലെ ക്യാബിനറ്റ്‌ സെക്രട്ടറിയുമായ ടി വി സോമനാഥൻ അഭിപ്രായപ്പെട്ടിട്ടുണ്ട്‌. ജീവനക്കാർക്കും പെൻഷൻകാർക്കും എൻപിഎസ്‌ നഷ്ടക്കച്ചവടമാണെന്ന്‌ ഇതുവഴി സർക്കാർ സമ്മതിച്ചിരിക്കുകയാണ്‌. അതേസമയം, പഴയ പെൻഷൻ പദ്ധതി പുനഃസ്ഥാപിക്കാനോ പിഎഫ്‌ആർഡിഎ നിയമം പിൻവലിക്കാനോ കേന്ദ്രം തയ്യാറായിട്ടില്ല. പെൻഷൻഫണ്ടിന്റെ കോർപറേറ്റ്‌വൽക്കരണത്തിൽനിന്ന് പിന്നോട്ടില്ലെന്ന്‌ മാത്രമല്ല, കൂടുതൽ ശക്തിപ്പെടുത്തുകയുമാണ്‌. എൻപിഎസ്‌ ഓഹരിവിപണിയുടെ ചാപല്യങ്ങൾക്ക്‌ വിധേയമാണെന്ന്‌ മുൻ ധന സെക്രട്ടറികൂടിയായ ടി വി സോമനാഥൻ അഭിപ്രായപ്പെട്ടെങ്കിലും യുപിഎസ്‌ ഫണ്ടും ഓഹരിവിപണിയിലേക്കാണ്‌ പോകുന്നത്‌. പെൻഷൻ ഫണ്ടിലേക്ക്‌  ജീവനക്കാരുടെ പ്രതിമാസ ശമ്പളത്തിൽനിന്ന്‌ 10 ശതമാനം ഈടാക്കുന്നത്‌ ഒഴിവാക്കാൻ സർക്കാർ തയ്യാറായില്ല. സർക്കാർവിഹിതം 14ൽനിന്ന്‌ 18.5 ശതമാനമായി ഉയർത്തി. കഴിഞ്ഞ സാമ്പത്തികവർഷംവരെ എൻപിഎസ്‌ വഴി 10 ലക്ഷം കോടിയിൽപ്പരം രൂപ ഓഹരിവിപണിയിൽ ഇറക്കിയിട്ടുണ്ട്‌. സർക്കാർവിഹിതം 4.5 ശതമാനംകൂടി ഉയർത്തുന്നതോടെ കോർപറേറ്റുകൾക്ക്‌ കുശാലാകും. സർക്കാരിന്റെയും ജീവനക്കാരുടെയും വക ലക്ഷക്കണക്കിന്‌ കോടി രൂപ ഓഹരി കമ്പോളത്തിൽ കോർപറേറ്റുകൾക്ക് കൊള്ളലാഭമുണ്ടാക്കാനായി വിട്ടുകൊടുക്കുകയാണ്‌. പഴയ സംവിധാനം അനുസരിച്ച്‌ പെൻഷൻ നൽകാൻ പണമില്ലെന്ന്‌ പറയുന്ന കേന്ദ്രത്തിന്‌ ഇക്കാര്യത്തിൽ ബുദ്ധിമുട്ടില്ല.

എംപ്ലോയീസ്‌ പെൻഷൻ പദ്ധതി (ഇപിഎസ്‌) വിഷയത്തിൽ കോടതി വിധികൾ അട്ടിമറിക്കാൻ കേന്ദ്രം നടത്തിയ ശ്രമങ്ങൾ പൊതുവെ ബോധ്യമുള്ളതാണ്‌. ഒടുവിൽ സുപ്രീംകോടതി വിധിയെത്തുടർന്ന്‌  പ്രോ–-റേറ്റ സംവിധാനം കൊണ്ടുവന്ന്‌ പെൻഷൻ തുകയിൽ വീണ്ടും വെട്ടിക്കുറവ്‌ വരുത്തി. ഉയർന്ന പെൻഷൻ ലഭിക്കാൻ നൽകിയ ലക്ഷക്കണക്കിന്‌ അപേക്ഷകൾ ഇപിഎഫ്‌ ഓഫീസുകളിൽ കെട്ടിക്കിടക്കുകയാണ്‌. ജീവനക്കാരോടും പെൻഷൻകാരോടും കേന്ദ്രസർക്കാരിന്റെ ദ്രോഹസമീപനത്തിന്‌ ഇത്തരം ഉദാഹരണങ്ങൾ ഏറെയാണ്‌. കർഷകരും തൊഴിലാളികളും നടത്തിയ ഐതിഹാസിക പോരാട്ടത്തിന്റെ ഫലമായാണ്‌ എൻപിഎസ്‌ ജനങ്ങളെ ബാധിക്കുന്ന വിഷയമാണെന്ന വിധത്തിൽ ഉയർന്നുവന്നത്‌. ശിങ്കിടിമുതലാളിത്തം അരങ്ങുവാഴുന്ന ഇക്കാലത്ത്‌  അർഹമായ പെൻഷൻ ഉറപ്പുവരുത്താൻ കൂടുതൽ ശക്തമായ പോരാട്ടങ്ങൾ വേണ്ടിവരും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top