21 November Thursday

അമേരിക്കൻ പൊള്ളത്തരത്തിന്റെ മുഖം

വെബ് ഡെസ്‌ക്‌Updated: Thursday Nov 7, 2024


അമേരിക്കയിൽ അത്ഭുതമൊന്നും സംഭവിച്ചില്ല. ആഗോള തീവ്രവലതുപക്ഷത്തിന്റെ നായകനായ ഡോണൾഡ്‌ ട്രംപ്‌ നാല്‌ വർഷത്തെ ഇടവേളയ്‌ക്കുശേഷം വർധിതവീര്യത്തോടെ വൈറ്റ്‌ഹൗസിൽ തിരിച്ചെത്തുന്നു. 2016ൽ ആദ്യം യുഎസ്‌ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടപ്പോൾ ജനകീയ വോട്ടിൽ എതിരാളി ഹിലരി ക്ലിന്റനെക്കാൾ 29 ലക്ഷത്തോളം വോട്ടിന്‌ പിന്നിലായിരുന്ന ട്രംപ്‌ ഇത്തവണ ആ കുറവും തിരുത്തി. ജനകീയ വോട്ടിലും യഥാർഥത്തിൽ അമേരിക്കൻ പ്രസിഡന്റിനെ തെരഞ്ഞെടുക്കുന്ന ഇലക്ടറൽ കോളേജിലും ഡെമോക്രാറ്റിക്‌ പാർടി സ്ഥാനാർഥി കമല ഹാരിസിനെ ബഹുദൂരം പിന്നിലാക്കിയാണ്‌ റിപ്പബ്ലിക്കൻ പാർടി സ്ഥാനാർഥിയായ ട്രംപിന്റെ അനിഷേധ്യവിജയം. 78 വയസ്സുള്ള ഒരാൾ അമേരിക്കൻ പ്രസിഡന്റാകുന്നത്‌ ആദ്യമായാണെങ്കിലും ട്രംപ്‌ ആയതിനാൽ അതിലും അത്ഭുതം വേണ്ട.

അമേരിക്കയിൽ ഏതുപാർടി അധികാരത്തിലെത്തിയാലും മറ്റു രാജ്യങ്ങളെ സംബന്ധിച്ച്‌ കാര്യമായി വ്യത്യാസമില്ല. ക്യൂബയോടുള്ള ശത്രുതാപരമായ സമീപനമായാലും മറ്റ്‌ ലാറ്റിനമേരിക്കൻ രാജ്യങ്ങളിൽ നടത്തുന്ന കുത്തിത്തിരിപ്പുകളായാലും വിയറ്റ്‌നാമിൽ നടത്തിയ അധിനിവേശമായാലും എണ്ണസമ്പന്നമായ പശ്ചിമേഷ്യയിലെ കടന്നാക്രമണങ്ങളായാലും ഒന്നിലും റിപ്പബ്ലിക്കന്മാരുടെയും ഡെമോക്രാറ്റുകളുടെയും നയങ്ങളിൽ കാര്യമായ മാറ്റമില്ല. ഇരുപാർടികളുടെയും നേതൃത്വങ്ങളുടെ നിലപാടുകൾക്കാധാരം അമേരിക്കൻ സാമ്രാജ്യത്വത്തിന്റെ പിന്നിലുള്ള കുത്തക മൂലധന താൽപ്പര്യങ്ങളാണ്‌. എന്നാൽ ആഭ്യന്തരവിഷയങ്ങളിൽ പലതിലും രണ്ട്‌ പാർടിക്കും വിപരീത നിലപാടുകളാണുള്ളത്‌. അതുകൊണ്ട്‌ അമേരിക്കൻ തെരഞ്ഞെടുപ്പുഫലം ആത്യന്തികമായി അമേരിക്കക്കാരെയും അമേരിക്കക്കാരാകാൻ ആഗ്രഹിക്കുന്നവരെയുമാണ്‌ ബാധിക്കുക.

ഈ സാഹചര്യത്തിലാണ്‌ തീവ്രവംശീയതയും സ്‌ത്രീവിരുദ്ധതയുമടക്കം ഭ്രാന്തൻ വലതുപക്ഷ നയങ്ങളുടെ വക്താവായ ട്രംപിന്റെ വിജയം ശ്രദ്ധേയമാകുന്നത്‌. യുഎസ്‌ കോൺഗ്രസിലെ അധികാരസമവാക്യത്തിൽ മാറ്റംവരുത്തി റിപ്പബ്ലിക്കന്മാർ ഉപരിസഭയായ സെനറ്റും തിരിച്ചുപിടിച്ചിട്ടുണ്ട്‌. അധോസഭയായ പ്രതിനിധിസഭയിൽ ഭൂരിപക്ഷം ഏതാണ്ട് ഉറപ്പിക്കുകയും ചെയ്‌തു. സെനറ്റിലും പ്രതിനിധിസഭയിലും റിപ്പബ്ലിക്കന്മാർക്കുള്ള ഭൂരിപക്ഷം വരുന്ന ജനുവരി 20ന്‌ അധികാരമേൽക്കുന്ന ട്രംപിന്‌ നിയമങ്ങൾ പാസാക്കലും സുപ്രധാന നിയമനങ്ങൾ നടത്തലും സുഗമമാക്കും. നിയമനങ്ങളിൽ പ്രധാനം സുപ്രീംകോടതി ജഡ്‌ജിമാരുടേതുതന്നെ.

ട്രംപ്‌ ഇത്തവണ വിജയിച്ചത്‌ അമേരിക്കൻ ജനാധിപത്യത്തിന്റെ പൊള്ളത്തരം ഒരിക്കൽക്കൂടി വ്യക്തമാക്കുന്നുണ്ട്‌. രണ്ടുതവണ പ്രതിനിധിസഭയിൽ ഇംപീച്ച്‌ ചെയ്യപ്പെട്ട ശേഷമാണ്‌ ട്രംപിന്റെ തിരിച്ചുവരവ്‌. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടതിനുശേഷം തീവ്രവംശീയവാദികളായ അനുയായികളെ കുത്തിയിളക്കി കോൺഗ്രസ്‌ മന്ദിരമായ കാപ്പിറ്റോളിൽ ആക്രമണം നടത്തിച്ച്‌ ജനാധിപത്യം അട്ടിമറിക്കാൻ ശ്രമിച്ചെന്ന ദുഷ്‌പേര്‌ ട്രംപിനുണ്ട്‌. എന്നാൽ, ഇതടക്കമുള്ള കേസുകൾ ഉപയോഗിച്ച്‌ ട്രംപിനെ ശിക്ഷിക്കാനോ അയോഗ്യനാക്കാനോ അമേരിക്കൻ ഭരണസംവിധാനം അശക്തമാണ്‌. അതേസമയം, ഇതെല്ലാം വലതുപക്ഷത്തിന്‌ ട്രംപിനെ കൂടുതൽ പ്രിയങ്കരനാക്കുകയും ചെയ്‌തു.

എങ്കിലും അവിടത്തെ വലതുപക്ഷത്തിന്റെ ശക്തിയല്ല ട്രംപിന്‌ വിജയം സമ്മാനിച്ചത്‌. ലോകമെങ്ങുമുള്ള മറ്റു വലതുപക്ഷ നേതാക്കളെപ്പോലെ പച്ചക്കള്ളവും വിദ്വേഷപ്രചാരണവും തന്നെയായിരുന്നു ട്രംപിന്റെയും പ്രചരണായുധം. ജനാധിപത്യവും നീതിയും സമാധാനവും ആഗ്രഹിക്കുന്ന പുരോഗമനവാദികളെ നിരാശരും നിസ്സംഗരുമാക്കി തെരഞ്ഞെടുപ്പിൽനിന്ന്‌ അകറ്റിയ ഡെമോക്രാറ്റിക്‌ പാർടിയുടെ കാപട്യങ്ങളാണ്‌ ഇന്ത്യൻ–-ആഫ്രിക്കൻ വംശജയായ കമല ഹാരിസിന്റെ കനത്ത തോൽവിക്ക്‌ കാരണം. പലസ്‌തീൻ ജനതയ്‌ക്കെതിരെ ഇസ്രയേൽ നടത്തുന്ന വംശഹത്യക്കെതിരെ അമേരിക്കൻ ക്യാമ്പസുകളിലടക്കം വലിയ പ്രതിഷേധമുയർന്നപ്പോഴും ഇസ്രയേലിന്‌ നിർലോഭം ആയുധങ്ങളെത്തിച്ച്‌ കൂട്ടക്കുരുതിയിൽ പങ്കാളിയാവുകയായിരുന്നു ജോ ബൈഡൻ–-കമല സർക്കാർ. പതിനായിരക്കണക്കിന്‌ കുഞ്ഞുങ്ങളും സ്‌ത്രീകളുമടക്കം ഗാസയിൽ കൊല്ലപ്പെട്ടപ്പോഴും അമേരിക്ക ഇസ്രയേൽ അനുകൂലനയം തുടർന്നത്‌ ഡെമോക്രാറ്റിക്‌ പാർടിയുടെ വോട്ടർമാരിൽ ഗണ്യമായ വിഭാഗത്തെ അകറ്റി. കറുത്തവംശജർ, ലാറ്റിനമേരിക്കൻ വംശജർ, അറബ്‌ വംശജരടക്കം മുസ്ലിം വോട്ടർമാർ എന്നിവരിൽനിന്നുപോലും ട്രംപിന്‌ പിന്തുണ കൂടിയെന്നാണ്‌ സൂചന. ഈ തകർച്ചയെ ഡെമോക്രാറ്റുകൾക്ക്‌ എളുപ്പം അതിജീവിക്കാനാകില്ല.

ട്രംപ്‌ കോവിഡ്‌ കൈകാര്യം ചെയ്‌തതിലെ അശാസ്‌ത്രീയതയും പിടിപ്പുകേടും കറുത്തവംശജൻ ജോർജ്‌ ഫ്ലോയ്‌ഡിനെ പൊലീസ്‌ കൊലപ്പെടുത്തിയത്‌ ഉയർത്തിയ പ്രതിഷേധവും കഴിഞ്ഞ തെരഞ്ഞെടുപ്പിൽ എല്ലാ വിഭാഗങ്ങളെയും, വിശേഷിച്ച്‌ കറുത്തവംശജരടക്കം ന്യൂനപക്ഷങ്ങളെ, വോട്ട്‌ ചെയ്യാൻ പ്രേരിപ്പിച്ചിരുന്നു. അമേരിക്കൻ ചരിത്രത്തിലെ ഏറ്റവും ഉയർന്ന പോളിങ് 2020ൽ ഉണ്ടായതിനു കാരണം അതായിരുന്നു. ഇത്തവണയാകട്ടെ പോളിങ്ങിൽ കാര്യമായ ഇടിവുണ്ടായതായാണ്‌ കണക്കുകൾ സൂചിപ്പിക്കുന്നത്‌. അപ്പോൾപ്പോലും തന്റെ വോട്ടുകൾ ഉറപ്പിക്കാൻ ട്രംപിന്‌ സാധിച്ചു. എന്തിലും കച്ചവടക്കണ്ണ്‌ മാത്രമുള്ള ട്രംപിന്റെ വിജയം യൂറോപ്യൻ രാജ്യങ്ങൾക്കും ആശങ്കയുണ്ടാക്കുന്നതാണ്‌. ഉക്രയ്നിലെ യുദ്ധത്തോടുള്ള അമേരിക്കൻ സമീപനം മാറിയേക്കും എന്നതാണ്‌ അവർക്ക്‌ പ്രശ്‌നം. ഇന്ത്യയടക്കമുള്ള രാജ്യങ്ങളിൽ കൂടുതൽ അമേരിക്കൻ ആയുധങ്ങൾ അടിച്ചേൽപ്പിക്കാനും നീക്കമുണ്ടായേക്കും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top