ആയുധപ്പന്തയത്തിനും ആണവയുദ്ധത്തിന് തന്നെയും വഴി തുറന്നുകൊണ്ട് അമേരിക്ക ഏകപക്ഷീയമായി റഷ്യയുമായുള്ള മധ്യദൂര ആണവശക്തി (ഐഎൻഎഫ്) കരാറിൽനിന്ന‌് പിൻവാങ്ങിയത് കടുത്ത ആശങ്ക ഉണർത്തുന്ന നടപടിയാണ്. അമേരിക്കയുടെ പിന്മാറ്റത്തെ തുടർന്ന് റഷ്യയും കരാറിൽനിന്ന് പിൻവാങ്ങിയിരിക്കുകയാണ്.
1987ൽ അമേരിക്കൻ പ്രസിഡന്റ് റൊണാൾഡ് റീഗനും സോവിയറ്റ് യൂണിയൻ പ്രസിഡന്റ് മിഖായേൽ ഗൊർബച്ചേവും തമ്മിൽ ഒപ്പിട്ടതായിരുന്നു ഈ കരാർ. ഭൂമിയിൽനിന്ന‌് 500 കിലോമീറ്ററിനും 5500 കിലോമീറ്ററിനും ഇടയിൽ സഞ്ചാരശേഷിയുള്ള മിസൈലുകൾ വിക്ഷേപിക്കുന്നതിൽനിന്ന‌് അമേരിക്കയെയും സോവിയറ്റ് യുണിയനെയും (ഇപ്പോൾ റഷ്യ) വിലക്കുന്നതായിരുന്നു ഈ സന്ധി. എന്നാൽ, റഷ്യ സന്ധി ലംഘിച്ച് ഈ ദൂരപരിധിയിലുള്ള മിസൈലുകൾ നിർമിക്കുകയും പരീക്ഷിക്കുകയും ചെയ‌്തുവെന്നാരോപിച്ചാണ് അമേരിക്ക ഏകപക്ഷീയമായി സന്ധിയിൽനിന്ന‌് പിൻവാങ്ങിയിട്ടുള്ളത്. എന്നാൽ, റുമാനിയയിലും പോളണ്ടിലും 1500 കിലോമീറ്റർ സഞ്ചാരശേഷിയുള്ള തോംഹാക്ക് മിസൈലുകൾ വിന്യസിച്ച് അമേരിക്കയാണ് കരാർ ലംഘനം നടത്തിയതെന്ന് റഷ്യയും ആരോപിച്ചു. ഐഎൻഎഫ് സന്ധി നിഷ്കർഷിക്കുന്ന ദൂരപരിധിയിൽ കുറഞ്ഞ 480 കിലോമീറ്റർ മാത്രം സഞ്ചാരശേഷിയുള്ള 9എം729 മിസൈലുകളാണ് പരീക്ഷിച്ചതെന്നും റഷ്യ വാദിക്കുന്നു.
ഏതായാലും ഇറാനുമായുള്ള ആണവകരാറിൽനിന്ന് പിൻവാങ്ങിയ അമേരിക്ക മറ്റൊരു ആണവായുധ നിയന്ത്രണക്കരാറിൽ നിന്നുകൂടി പിൻവാങ്ങിയത് ആയുധമത്സരത്തിന് ആക്കംകൂട്ടുമെന്ന കാര്യത്തിൽ സംശയമില്ല. 2021വരെ കാലാവധിയുള്ള ‘സ്റ്റാർട്ട‌്’ കരാറിൽ നിന്നുകൂടി അമേരിക്ക പിൻവാങ്ങുമെന്ന സൂചനയാണ് ലഭിക്കുന്നത്. സോവിയറ്റ‌് യൂണിയനും അമേരിക്കയുംതമ്മിൽ ഒപ്പിട്ട ഈ കരാർ ബാലിസ്റ്റിക‌് മിസൈൽ വേധ സംവിധാനം ഉപയോഗിക്കുന്നതിൽനിന്ന‌് ഇരു രാഷ്ട്രങ്ങളെയും വിലക്കുന്നതാണ്.
റഷ്യ കരാർ ലംഘിച്ചെന്നപേരിൽ ഐഎൻഎഫ് സന്ധിയിൽനിന്ന‌് അമേരിക്ക പിൻവാങ്ങിയത് വൻതോതിലുള്ള ആണവായുധവൽക്കരണത്തിന്റെ മുന്നോടിയാണെന്ന് വ്യക്തം. ട്രംപ് പ്രസിഡന്റായി അധികാരമേറിയതോടെയാണ് ആണവായുധ നിർമാണവും ഉപയോഗവും ശക്തമാക്കണമെന്ന വാദം ഉയർന്നത്. ട്രംപിന്റെ ദേശീയസുരക്ഷാ ഉപദേഷ്ടാവ് ജോൺ ബോൾട്ടനാകട്ടെ ആണവായുധങ്ങളുടെ നിർമാണവും വിന്യാസവും ശക്തിപ്പെടുത്തണമെന്ന പക്ഷക്കാരനാണ്.
അടുത്തയിടെ അമേരിക്ക പ്രസിദ്ധീകരിച്ച ‘യുഎസ് പോസ്ചർ റിവ്യു' ആണവായുധനിർമാണം ത്വരിതപ്പെടുത്തണമെന്നാണ് ആവശ്യപ്പെടുന്നത്. കടുത്ത ആണവേതര ആക്രമണമുണ്ടാകുന്ന ഘട്ടത്തിലും ആണവായുധങ്ങൾ ഉപയോഗിക്കാൻ മടിക്കേണ്ടതില്ലെന്നാണ് ഈ റിപ്പോർട്ട‌് പറയുന്നത്. ചെറിയ സംഹാരശേഷിയുള്ള ആണവായുധങ്ങളുള്ള ഡബ്ല്യു 76 മിസൈലുകൾ നിർമിക്കണമെന്നും ഈ റിപ്പോർട്ട‌് വാദിക്കുന്നു. അമേരിക്ക ഹിരോഷിമയിൽ വർഷിച്ച ആണവബോംബിന്റെ മൂന്നിലൊന്ന് സംഹാരശേഷിയുള്ള ആണവായുധങ്ങളാണ് നിർമിക്കേണ്ടതെന്നും റിപ്പോർട്ട‌് പറയുന്നു. അമേരിക്കയിൽനിന്ന‌് ഇറങ്ങുന്ന പ്രസിദ്ധീകരണമായ ‘ഫോറിൻ അഫയേഴ്സ‌്' വാദിക്കുന്നത് ആണവയുദ്ധത്തിന് തയ്യാറെടുക്കാനാണ്. ഇതെല്ലാം വിരൽചൂണ്ടുന്നത് വൻതോതിലുള്ള ആണവായുധവൽക്കരണത്തിന് അമേരിക്ക തയ്യാറെടുക്കുകയാണ് എന്നാണ്. ഏകധ്രുവ ലോകനായകനായി തുടരണമെങ്കിൽ ആണവായുധങ്ങളിൽ മേധാവിത്വം വേണമെന്ന ധാരണയാണ് ഇതിന് പ്രേരിപ്പിക്കുന്നതെന്നാണ് വിലയിരുത്തപ്പെടുന്നത്.
അമേരിക്കയുടെ ഈ നീക്കത്തിന് പിന്നിൽ മറ്റു ചില കാരണങ്ങളുമുണ്ട്. പെന്റഗണുമായി അടുത്ത ബന്ധമുള്ള ഡേവിഡ് സൻഗേർ കഴിഞ്ഞ ദിവസം ‘ന്യൂയോർക്ക‌് ടൈംസി'ൽ എഴുതിയ ലേഖനത്തിൽ പരിതപിക്കുന്നത് നിരവധി ആണവായുധ സന്ധികളുടെ കെട്ടുപാടിൽ കിടന്ന് അമേരിക്കയ‌്ക്ക് ചൈനയ‌്ക്കെതിരെയും മറ്റും ആധുനികായുധങ്ങൾ വിന്യസിക്കാൻ കഴിയുന്നില്ലെന്നാണ്. ഐഎൻഎഫ് സന്ധി ഒപ്പിടുമ്പോൾ ചൈന ഇന്ന് കാണുന്ന രീതിയിലുള്ള ശക്തിയായിട്ടില്ലെനും അദ്ദേഹം ഓർമിപ്പിക്കുന്നു. ഇതിൽനിന്ന‌് വ്യക്തമാകുന്നത് ചൈനയുടെയും റഷ്യയുടെയും ഉയർച്ചയുടെ പശ്ചാത്തലത്തിലാണ് അമേരിക്ക വൻതോതിൽ ആണവായുധ നിർമാണത്തിലേക്കും വിന്യാസത്തിലേക്കും നീങ്ങുന്നതെന്നാണ്.
നിലവിലെ ഒരു വിധ ആയുധനിയന്ത്രണസംവിധാനത്തിലും ചൈന ഉൾപ്പെടുന്നില്ലെന്നും അതിനാൽ അമേരിക്കമാത്രം ഇത്തരം സംവിധാനങ്ങളിൽ തുടരുന്നതിൽ അർഥമില്ലെന്നുമാണ് അമേരിക്കയുടെ നിഗമനം.എന്നാൽ, ആണവായുധത്തിൽ അമേരിക്കയോടും റഷ്യയോടും ഒരു താരതമ്യവുമില്ലാത്ത രാജ്യമാണ് ചൈന. അതുകൊണ്ടുതന്നെ ചൈനയെ ചൂണ്ടിക്കാട്ടി അമേരിക്ക ആണവായുധ നിർമാണത്തിലേക്കും വിന്യാസത്തിലേക്കും നീങ്ങുന്നതിൽ ഒരു ന്യായീകരണവുമില്ല. ഏതായാലും ഐഎൻഎഫ് സന്ധിയിൽനിന്ന് അത് ഒപ്പിട്ടവർ പിന്മാറിയത് വലിയ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കും. റഷ്യൻ വിദേശമന്ത്രി സെർജി ലാവ്റോവ് അഭിപ്രായപ്പെട്ടതുപോലെ ‘നാടകീയവും വിപുലവുമായ പ്രത്യാഘാതങ്ങൾ' അത് സൃഷ്ടിക്കും. പ്രത്യേകിച്ചും യൂറോപ്യൻ , ഏഷ്യൻ മേഖലയിൽ.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..