22 November Friday

വിനേഷ്‌ , മനോഹരമാണ്‌ ഈ മുഹൂർത്തം

വെബ് ഡെസ്‌ക്‌Updated: Thursday Aug 8, 2024


സാക്ഷാൽക്കാരത്തിന്റെ വക്കിലെത്തിയ സ്വപ്‌നം കൺമുന്നിൽനിന്ന്‌ മാഞ്ഞുപോയിരിക്കുന്നു. ഇന്ത്യയുടെ വനിതാ ഗുസ്‌തിതാരങ്ങൾക്ക്‌ ഇതുവരെ നേടാനാകാതിരുന്ന ഉയരത്തിൽ എത്തിയ വിനേഷ്‌ ഫോഗട്ടിന്‌ ഒളിമ്പിക്‌സ്‌ മെഡൽനേട്ടം സാങ്കേതികമായി അസാധ്യമായി. അതേസമയം, രാജ്യത്തിന്റെ പെൺമക്കളെ ആക്രമിച്ചവർക്കും മുറിവേൽപ്പിച്ചവർക്കും ആക്ഷേപിച്ചവർക്കും മനോഹരമായ മറുപടിയാണ്‌ ഈ പോരാളി നൽകിയിരിക്കുന്നത്‌. അധികാരത്തിന്റെയും സമ്പത്തിന്റെയും സർവ പിന്തുണയോടെയും വനിതാ ഗുസ്‌തിതാരങ്ങളെ വേട്ടയാടിയ ബിജെപി നേതാവ്‌ ബ്രിജ്‌ഭൂഷൺ ശരൺ സിങ്ങിനെതിരെ തെരുവിൽ പോരാടിയ വിനേഷ്‌ അതേ പോർവീര്യം ഗോദയിലും പുറത്തെടുത്തു. രാജ്യത്തെ ആത്മാഭിമാനമുള്ള എല്ലാ മനുഷ്യർക്കും ആഹ്ലാദവും ആവേശവും പകർന്നാണ്‌ വിനേഷ്‌ ഒളിമ്പിക്‌സ്‌ 50 കിലോ ഫ്രീസ്‌റ്റൈൽ ഗുസ്‌തി മത്സരത്തിന്റെ ഫൈനലിൽ കടന്ന്‌ വെള്ളി മെഡൽ എങ്കിലും ഉറപ്പിച്ചത്‌. ഫൈനലിനു മുന്നോടിയായി ഭാരം വീണ്ടും പരിശോധിച്ചപ്പോൾ 50 കിലോയേക്കാൾ ഏതാനും ഗ്രാം കൂടുതൽ കണ്ടതിനെത്തുടർന്നാണ്‌ താരത്തിന്‌ അയോഗ്യത കൽപ്പിച്ചത്‌.

കഴിഞ്ഞ രണ്ടുവർഷം അസാധാരണ അനുഭവങ്ങളിലൂടെയാണ്‌ ഈ ഇരുപത്തൊമ്പതുകാരി കടന്നുപോയത്‌. വനിതാ ഗുസ്‌തിതാരങ്ങൾക്ക്‌ നീതി തേടിയുള്ള പോരാട്ടത്തിന്റെ ഭാഗമായി 2023 ലെ  ഏറിയപങ്ക്‌ നാളുകളിലും വിനീഷിന്‌ ഗോദയിൽനിന്ന്‌ വിട്ടുനിൽക്കേണ്ടിവന്നു. ഡൽഹി ജന്തർമന്ദറിൽ അതിശൈത്യവും കൊടുംചൂടും സഹിച്ച്‌ മാസങ്ങൾ നീണ്ട സമരത്തിന്‌ നേതൃത്വംനൽകി. സഹതാരങ്ങളായ സാക്ഷി മലിക്‌, ബജ്‌രംഗ്‌ പുനിയ എന്നിവർക്കൊപ്പം രാപകൽ തെരുവിൽ കഴിയേണ്ടിവന്നു. എംപിയായിരുന്ന ബ്രിജ്‌ഭൂഷൺ സിങ്ങിനെ സംരക്ഷിക്കാൻ ശ്രമിച്ച ഭരണനേതൃത്വത്തിനെതിരെ വീറോടെ പൊരുതിയ ഇവർക്കുനേരെ ഡൽഹി പൊലീസിന്റെ ഭീഷണിയും കൈയേറ്റവുമുണ്ടായി. കഴിഞ്ഞവർഷം മെയ്‌ 28ന്‌ പാർലമെന്റിന്റെ പുതിയ മന്ദിരം ഉദ്‌ഘാടനംചെയ്‌തപ്പോൾ ജന്തർമന്തർ പരിസരത്തുനിന്ന്‌ ഒഴിയണമെന്ന്‌ കായികതാരങ്ങളോട്‌ പൊലീസ്‌ ഉത്തരവിട്ടു. ഇതിൽ പ്രതിഷേധിച്ച വിനേഷിനെയും സാക്ഷി മലിക്കിനെയും തെരുവിലൂടെ വലിച്ചിഴച്ച്‌ പൊലീസ്‌ വാഹനത്തിൽ കയറ്റി.

മെഡലുകളും രാഷ്‌ട്രം നൽകിയ പുരസ്‌കാരങ്ങളും ഭരണനേതൃത്വത്തിന്റെ അന്യായ നിലപാടിൽ പ്രതിഷേധിച്ച്‌ ഗംഗാനദിയിൽ ഒഴുക്കിക്കളയാൻ ഒരുങ്ങിയ താരങ്ങളെ കർഷകനേതാക്കൾ ഇടപെട്ടാണ്‌ പിന്തിരിപ്പിച്ചത്‌. സുപ്രീംകോടതി ഇടപെടലിനെത്തുടർന്നാണ്‌ ബ്രിജ്‌ഭൂഷൺ സിങ്ങിനെതിരെ കേസെടുക്കാൻ ഡൽഹി പൊലീസ്‌ തയ്യാറായത്‌. താരങ്ങളിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടി നൽകിയ പരാതി ഇതിനിടെ പിൻവലിക്കപ്പെട്ടിരുന്നു. അഖിലേന്ത്യ ഗുസ്‌തി ഫെഡറേഷൻ തലപ്പത്ത്‌ ബ്രിജ്‌ഭൂഷണിന്റെ സ്വാധീനം നിലനിർത്താൻ കേന്ദ്രം നടത്തിയ ശ്രമങ്ങൾക്കെതിരായും താരങ്ങൾ പൊരുതി. താരങ്ങളെ അധിക്ഷേപിക്കാൻ ബ്രിജ്‌ഭൂഷൺ പക്ഷം പലരീതിയിൽ ശ്രമിച്ചു.

വിനേഷിന്റെയും കൂട്ടരുടെയും പരിശീലനവും മത്സരങ്ങളും മുടങ്ങാനും അവർ കടുത്ത മാനസിക സമ്മർദത്തിലൂടെ കടന്നുപോകാനും ഈ സംഭവപരമ്പര ഇടയാക്കിയെന്ന്‌ പറയേണ്ടതില്ല. ചുരുങ്ങിയ സമയമാണ്‌ ഒളിമ്പിക്‌സ്‌ തയ്യാറെടുപ്പിനായി ലഭിച്ചത്‌. അതിവേഗം തിരിച്ചുവരാൻ ശ്രമിച്ച വിനേഷിന്‌ കാൽമുട്ടിലെ ശസ്‌ത്രക്രിയ അതിജീവിക്കേണ്ടി വന്നു. കടുപ്പമേറിയ മറ്റൊരു തീരുമാനവും എടുക്കേണ്ടിവന്നു. 53 കിലോ വിഭാഗത്തിൽനിന്ന്‌ 50 കിലോ വിഭാഗത്തിലേക്ക്‌ മാറി മത്സരിക്കുക. തീക്ഷ്‌ണമായ പ്രക്രിയ വഴി ഭാരം കുറച്ചു. തുടർച്ചയായ 95 രാജ്യാന്തര മത്സരങ്ങളിൽ ജയിച്ച, ഒന്നാംനമ്പർ താരമായ ജപ്പാന്റെ യുയു സുസാക്കിയെ ക്വാർട്ടറിൽ അഞ്ചര മിനിറ്റിൽ തോൽപ്പിച്ച വിനേഷ്‌ സെമി ഫൈനലിൽ ക്യൂബയുടെ യൂസ്‌നിലീസ്‌ ഗുസ്‌മാനെയും മറികടന്നു. സുസാക്കിയുടെ വിജയം ഉറപ്പിച്ചിരുന്ന ജപ്പാനിൽനിന്നുള്ള മാധ്യമപ്രവർത്തകരടക്കം വിനേഷിന്റെ  പ്രകടനത്തിൽ വിസ്‌മയിച്ചുപോയെന്ന്‌ രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട്‌ ചെയ്‌തു. തനിക്കെതിരെ ശബ്ദമുയർത്തിയവരുടെ ഭാവി ഇല്ലാതാക്കുമെന്ന ഭീഷണി നേരിട്ടാണ്‌ ഇന്ത്യയുടെ വീരപുത്രി ലോക കായികവേദിയെ പ്രകമ്പനം കൊള്ളിച്ചത്‌. തുടർന്നുണ്ടായ ദൗർഭാഗ്യകരമായ സംഭവത്തിൽ കായികപ്രേമികൾ പല സംശയവും ഉയർത്തുന്നുണ്ട്‌. ഇന്ത്യൻ ഒളിമ്പിക്‌ അസോസിയേഷൻ അപ്പീൽ നൽകിയില്ലെന്നതും ഇതോടൊപ്പം ചേർത്തുവായിക്കണം. ഏതായാലും ഈ മൂഹൂർത്തം കണ്ണീരിന്റേതല്ല, വിജയമധുരത്തിന്റേതാണ്. വനിതാ താരങ്ങളുടെ അഭിമാനം സംരക്ഷിക്കാനുള്ള പോരാട്ടം തുടരുമെന്ന് സെമി ഫൈനലിനുശേഷം പ്രതികരിച്ച വിനേഷ് പ്രതിസന്ധികളിൽ തളരില്ലെന്ന സന്ദേശമാണ് പങ്കുവച്ചത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top