രാഷ്ട്രീയ വൈരനിര്യാതന ബുദ്ധിയും അധികാരമോഹത്തിന്റെ ഹ്രസ്വദൃഷ്ടിയും കെട്ടിപ്പൊക്കിയ വിവിധ തടസ്സങ്ങൾ മറികടന്ന് വികസനത്തിന്റെയും പുരോഗതിയുടെയും ബദൽ ജീവിതത്തിന്റെയും കാര്യത്തിൽ കേരളത്തിലെ ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാർ നടത്തുന്ന കുതിപ്പുകൾ രാജ്യമാകെ ഉറ്റുനോക്കുകയാണ്. അതിൽ ലോകം ശ്രദ്ധിച്ച, സർക്കാർ നേട്ടങ്ങളിൽ ഏറെ തിളങ്ങുന്ന, വിസ്‌മയ പദ്ധതിയായ വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തെ ആരവങ്ങൾ പുതുപ്രതീക്ഷയുടെ നങ്കൂരമിടലാണ്. ലോക തുറമുഖ ഭൂപടത്തിൽ അതിലൂടെ നമ്മുടെ കൊച്ചു സംസ്ഥാനം മുദ്രകൾ പതിപ്പിച്ചിരിക്കുകയാണെന്ന് പറയാം. വൈകാതെ കൂറ്റൻ ആഡംബരക്കപ്പലുകളെ സ്വീകരിക്കാനുള്ള പ്രത്യേക പാതയും നിർമിക്കും. അത് കേരളത്തിന്റെ സമ്പദ്ഘടനയിലും വികസനത്തിലും നിർണായകമാകുകയും ചെയ്യും. അന്താരാഷ്‌ട്ര ചരക്ക് നീക്കത്തിന്റെ മേഖലയിൽ മാത്രമല്ല, വാണിജ്യ‐ വ്യവസായം, വിനോദ സഞ്ചാരം, കടൽഭക്ഷണം തുടങ്ങിയ തുറകളിലും പുതിയ വാതായനങ്ങൾ തുറക്കും. അത്യാധുനിക സൗകര്യങ്ങളുള്ള കണ്ണൂർ വിമാനത്താവളം, ദേശീയപാത, ഗെയിൽ പൈപ്പ്‌ലൈൻ, കൊച്ചി മെട്രോ, ഇടമൺ കൊച്ചി പവർ ഹൈവേ, വാട്ടർ മെട്രോ തുടങ്ങിയവയുടെ അനുബന്ധമാണ് പ്രതീക്ഷ മുളപ്പിക്കുന്ന ഈ നടപടികൾ.
പതിറ്റാണ്ടുകളായി കേരളം കൈക്കുമ്പിളിൽ സൂക്ഷിച്ച സ്വപ്‌നത്തിന്റെ സാക്ഷാൽക്കാരമാണ് വിഴിഞ്ഞം ഇന്റർനാഷണൽ സീപോർട്ട് തിരുവനന്തപുരം. തുറമുഖ നേട്ടങ്ങളിൽ തലയുയർത്തി നിൽക്കുന്ന ചൈനയേക്കാളും മികവാർന്ന ലോജിസ്റ്റിക് സംവിധാനമാണ് അതിലൂടെ ഇന്ത്യ നേടുന്നത്. 14,000 മുതൽ 20,000 കണ്ടെയ്‌നറുകളുമായി വിഴിഞ്ഞം ലക്ഷ്യമിടുന്ന മദർഷിപ്പുകൾ, രാജ്യത്ത് ഒരു തുറമുഖത്തും അടുപ്പിക്കാനാകില്ല. സിംഗപ്പുരും ഒമാനിലെ സലാലയും ശ്രീലങ്കൻ തലസ്ഥാനമായ കൊളംബോയുമാണ് ആശ്രയം. അവ തെരഞ്ഞെടുത്താൽ ഉണ്ടാകുന്ന ധന‐ സമയ നഷ്ടം താങ്ങാനാകില്ല. വിദൂരങ്ങളിലെ അന്യദേശ തുറമുഖങ്ങളിൽ ആഴ്‌ചകൾ കാത്തുകെട്ടിനിൽക്കേണ്ടതില്ലെന്നതു മാത്രമല്ല, കോടിക്കണക്കിനു രൂപയുടെ നികുതി ലാഭവും കിട്ടും. തുറമുഖം പൂർണ നിലയിലായാൽ ഒട്ടേറെ മദർഷിപ്പുകൾക്ക് ഒരേസമയം നങ്കൂരമിടാനുള്ള അവസരവുമുണ്ടാകും.
പ്രത്യേക പാറക്കല്ലുകളുടെ ലഭ്യതക്കുറവ്, താണ്ഡവമാടിയ ഓഖി, കോവിഡിന്റെ സംഹാരാത്മകത, കോൺഗ്രസ്‐ ബിജെപി പാർടികളുടെ അസഹിഷ്‌ണുത, ജാതിമത കൂട്ടായ്‌മയുടെ അതിക്രമങ്ങൾ, മാധ്യമ ഗൂഢാലോചന, പാരിസ്ഥിതിക ശാഠ്യക്കാരുടെ തെറ്റിദ്ധരിപ്പിക്കൽ, മയക്കുമരുന്ന് മാഫിയയുടെ സമനില തെറ്റിയ വാദങ്ങൾ എന്നിവയെല്ലാം കടന്നുവച്ചാണ് വിഴിഞ്ഞം നിശ്‌ചയദാർഢ്യത്തിന്റെ പ്രതീകമായത്. കൂറ്റൻ പദ്ധതി ലക്ഷ്യത്തിലെത്തിയപ്പോൾ പലമുഖമുള്ള പിതാക്കളും രക്ഷിതാക്കളും സാന്നിധ്യമറിയിക്കുകയാണ്. വിഴിഞ്ഞം പദ്ധതി അനിവാര്യമാണെന്ന് ആവശ്യപ്പെട്ട് 2006 ഒക്ടോബർ ഒന്നിന് ഡിവൈഎഫ്‌ഐ രാജ്ഭവനിലേക്ക് നടത്തിയ പ്രകടനത്തിന്റെ ഉദ്‌ഘാടകൻ അന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറിയായിരുന്ന പിണറായി വിജയനാണ്. 2006 സെപ്‌തംബർ 18ന് എൽഡിഎഫ് മന്ത്രിസഭ പദ്ധതിയുടെ അനുമതിക്ക് വേണ്ടതെല്ലാം ചെയ്യുമെന്ന് പ്രഖ്യാപിക്കുകയുണ്ടായി. 2009 നവംബർ 13ന് പഠനത്തിന് വി എസ് അച്യുതാനന്ദൻ സർക്കാർ ചുമതല നൽകി ഉത്തരവിറക്കി. ഉമ്മൻചാണ്ടി തറക്കല്ലിട്ടെങ്കിലും 100 ശതമാനം പ്രവൃത്തിയും പിണറായി സർക്കാരിന്റെ കാലത്തായിരുന്നു. സംസ്ഥാന നിയന്ത്രണത്തിലുള്ള തുറമുഖം സർക്കാർ‐ സ്വകാര്യ‐ സംയുക്ത സംരംഭമായാണ് വിഭാവനം ചെയ്‌തത്. നടത്തിപ്പ് ചുമതല വിഴിഞ്ഞം ഇന്റർനാഷണൽ സീപോർട്ട് ലിമിറ്റഡിനും അദാനി വിഴിഞ്ഞം പോർട്ട് പ്രൈവറ്റ് ലിമിറ്റഡിനുമാണ്. അദാനി ഗ്രൂപ്പിന് നാലു ദശാബ്ദത്തിന്റെ നടത്തിപ്പ് അവകാശമാണ് അനുവദിച്ചിരിക്കുന്നത്. കണക്കാക്കപ്പെടുന്ന ആകെ ചെലവ് 31,000 കോടി രൂപയാണ്. അതിൽ ആദ്യഘട്ടത്തിന് 8493 കോടി. അങ്ങനെ ഇന്ത്യൻ അന്താരാഷ്ട്ര വാണിജ്യ‐ വ്യാപാരത്തിന്റെ പ്രധാന കവാടമായി വിഴിഞ്ഞം മാറുമെന്നത് ഉറപ്പാണ്. യൂറോപ്പ്, പേർഷ്യൻ ഗൾഫ്, ദക്ഷിണ‐പൗരസ്ത്യ ഏഷ്യ തുടങ്ങിയവയെ ബന്ധിപ്പിക്കുന്ന കപ്പൽവഴിയായി അത് മാറുകയും ചെയ്യും. ചുരുക്കത്തിൽ ഇന്ത്യയുടെ അന്താരാഷ്ട്ര ചരക്ക് നീക്കത്തിന്റെ പകുതിക്കടുത്ത് വിഴിഞ്ഞത്തേക്ക് എത്തുമെന്നാണ് നിഗമനം.
വിഴിഞ്ഞം തുറമുഖം യാഥാർഥ്യമായതോടെ വികസനരംഗത്ത് കേരളം പുതിയൊരു യുഗംതന്നെ കുറിക്കുകയാണ്. സംസ്ഥാനത്തിന്റെ പൊതുവായ വികസനക്കുതിപ്പിന് ആക്കം കൂട്ടുന്ന ഒട്ടേറെ അനുബന്ധ മുന്നേറ്റവും ഇതോടൊപ്പം സംഭവിക്കുന്നുണ്ട്. കേരളത്തിന്റെ സാമൂഹ്യനേട്ടങ്ങളാകെ സംരക്ഷിച്ച് സർവാശ്ലേഷിയായ സമഗ്ര വികസനവും ജനക്ഷേമവും എന്ന എൽഡിഎഫിന്റെ നിലപാടിലൂന്നി സംസ്ഥാന സർക്കാർ എല്ലാ മേഖലയിലും പുതിയ പുതിയ ചുവടുകൾ വയ്ക്കുന്നതും ഇതോടൊപ്പം കാണണം. രണ്ടു ദിവസമായി എറണാകുളത്ത് നടന്ന ജനറേറ്റീവ് എഐ കോൺക്ലേവ് സംസ്ഥാനത്ത് നിർമിതബുദ്ധി സാങ്കേതികവിദ്യയുടെ വലിയ സാധ്യതകളാണ് തുറക്കുന്നത്. ഒരു വശത്ത് ഈ രീതിയിൽ വികസന പാതയിൽ മുന്നേറുമ്പോൾ ക്ഷേമ പെൻഷനുകളും ജീവനക്കാരുടെ ആനുകൂല്യങ്ങളും മുടങ്ങാതെ കൊടുക്കാനും കുടിശ്ശികകൾ കൊടുത്തുതീർക്കാനും സർക്കാർ നടപടി സ്വീകരിച്ചു വരുന്നു. പിണറായി സർക്കാരിന്റെ ഭരണം ഒമ്പതാം വർഷത്തിലേക്ക് കടന്ന ഈ അവസരത്തിൽ കേരളം മൗലികമായ മാറ്റങ്ങളുടെ പുതുവഴിയിലാണെന്ന് ജനങ്ങൾ അനുഭവത്തിലൂടെ തിരിച്ചറിയുന്നുണ്ട്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..