22 December Sunday

തൊഴിലിടങ്ങളിലെ മുതലാളിത്ത ചൂഷണം

വെബ് ഡെസ്‌ക്‌Updated: Saturday Sep 21, 2024


മുതലാളിത്ത ചൂഷണത്തിന്റെ ആഴങ്ങളും മുറിവുകളും സൂചിപ്പിക്കാനും അത്‌ അവശേഷിപ്പിക്കുന്ന പാടുകൾ അടിവരയിടാനും ചില പഴയകാല പഠനങ്ങളും ഗവേഷണങ്ങളും നീരാളി, വിഷപ്പാമ്പ്‌, മൂട്ട, തേൾ, ഡ്രാക്കുള, ഷൈലോക്ക്‌ തുടങ്ങിയ പ്രതീകങ്ങൾ ഉപയോഗിച്ചുവന്നതായി കാണാം. ആധുനികകാലത്തും അവ ഏറെ പ്രസക്തങ്ങളാണെന്ന്‌ പലവട്ടം തെളിയുകയാണ്‌. മനുഷ്യചലനങ്ങളുടെ എല്ലാത്തിനുംമേൽ പണവും ലാഭവുംമാത്രം പ്രതിഷ്‌ഠിക്കുന്ന അറുപിന്തിരിപ്പൻ കാഴ്‌ചപ്പാടുകൾ തൊഴിലാളികളെ വെറും യന്ത്രങ്ങളാക്കി അധഃപതിപ്പിച്ച്‌ മിച്ചമൂല്യം കുന്നുകൂട്ടി കൊഴുക്കുകയാണ്‌. എട്ടു മണിക്കൂർ ജോലി, എട്ടു മണിക്കൂർ വിനോദം, എട്ടു മണിക്കൂർ വിശ്രമം എന്ന മെയ്‌ദിന പോരാട്ട സന്ദേശമടക്കം പരിഗണിക്കപ്പെടാത്ത സ്ഥിതിയാണ്.

കന്നുകാലികളുടെയും കുതിരകളുടെയും കഴുതകളുടെയും താഴ്‌ന്ന പദവിയിലേക്ക്‌ മനുഷ്യരെ തള്ളിയിട്ട്‌ ചോരയൂറ്റുന്ന സാമ്പത്തിക ഡ്രാക്കുളകളാണ്‌ ആഗോളവൽക്കരണ–- ഉദാരവൽക്കരണ  കാലഘട്ടത്തിലെ തൊഴിലന്തരീക്ഷത്തിൽ ഒളിച്ചിരിക്കുന്നത്‌. ‘ഘടനാപരമായ പരിഷ്‌കാരങ്ങൾ’ എന്ന മധുരവാഗ്‌ദാനത്തിലൂടെ എല്ലാം സ്വാഭാവികമാണെന്ന്‌ തോന്നിപ്പിക്കും. ബഹുരാഷ്‌ട്ര അക്കൗണ്ടിങ്‌ സ്ഥാപനമായ പുണെയിലെ ഏൺസ്റ്റ് ആൻഡ് യങ് ഇന്ത്യ (ഇവൈ)യിലെ മലയാളി ചാർട്ടേഡ്‌ അക്കൗണ്ടന്റ്‌ അന്ന സെബാസ്റ്റ്യൻ അമിത ജോലിസമ്മർദത്തെതുടർന്ന്‌ മരിച്ച സംഭവം ഈ ശ്രേണിയിലെ അവസാനത്തേതാകാൻ ഇടയില്ല. 2024 മാർച്ചിൽ ജോലിയിൽ പ്രവേശിച്ച അന്ന നാലുമാസം കഴിഞ്ഞ്‌ ജൂലൈ 20ന് താമസസ്ഥലമായ പുണെയിൽ കുഴഞ്ഞുവീഴുകയായിരുന്നു. ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. അമിത ജോലിഭാരത്തെ തുടർന്ന്‌ ജീവൻ നഷ്ടമായെന്ന്‌ വ്യക്തമാക്കി അവരുടെ അമ്മ എസ്ബിഐ മുൻ മാനേജർ അനിത അഗസ്‌റ്റിൻ, ഇവൈ അധ്യക്ഷൻ രാജീവ്‌ മേമനിക്ക്‌ എഴുതിയ തുറന്ന കത്ത്‌ സമൂഹമാധ്യമങ്ങളിൽ നിറയുകയും സാമൂഹ്യ, രാഷ്ട്രീയ, മനുഷ്യാവകാശ പ്രസ്ഥാനങ്ങൾ ഏറ്റെടുക്കുകയുമുണ്ടായി. മകളുടെ സംസ്‌കാരത്തിൽപ്പോലും കമ്പനി അധികൃതർ പങ്കെടുത്തിരുന്നില്ലെന്നും ആ അമ്മ സൂചിപ്പിച്ചു.

കോർപറേറ്റ് രംഗത്തെ കൊടിയ ചൂഷണത്തിന്റെ ഇരകളിലൊന്നാണ്‌ ആ ഇരുപത്തേഴുകാരി. സംഭവം മുൻനിർത്തി സ്വതന്ത്രവും സമഗ്രവുമായ അന്വേഷണം ആരംഭിച്ചതായി കേന്ദ്ര തൊഴിൽ സഹമന്ത്രി ശോഭ കരന്തലാജെ അവകാശപ്പെട്ടെങ്കിലും ഇത്തരം സംഭവങ്ങളിൽ നീതി അകലെയാണെന്നാണ്‌ അനുഭവങ്ങൾ തെളിയിക്കുന്നത്‌. ഇനിയാർക്കും ഇങ്ങനെ സംഭവിക്കരുത്;  അതു മാത്രമേ ഉദ്ദേശിക്കുന്നുള്ളൂവെന്നും നിയമനടപടികളുടെ പിന്നാലെ പോകാനില്ലെന്നുമുള്ള അന്നയുടെ അച്ഛൻ കൃഷിവകുപ്പ് മുൻ അഡീഷണൽ ഡയറക്ട‌ർ കാക്കനാട് കങ്ങരപ്പടി പേരയിൽ സിബി ജോസഫിന്റെ വാക്കുകളിൽ ആ നിസ്സഹായതയാണ്‌ പ്രതിഫലിക്കുന്നത്‌.
ഇവൈയിൽ ജോലിക്കു ചേർന്ന മാർച്ച്‌ മാസത്തിനുശേഷം രണ്ടു പ്രാവശ്യമാണ്‌ അന്ന നാട്ടിലെത്തിയത്‌. പക്ഷേ, രണ്ടുവട്ടവും അവധിയിലും ഞായറാഴ്‌ചയടക്കം എവിടെയും പോകാതെ വീട്ടിലിരുന്ന്‌  തൊഴിലെടുക്കുകയായിരുന്നു. ശനിയും ഞായറും ഓഫീസ്‌ അവധിയാണെന്നതാണ്‌ പ്രഖ്യാപിത വ്യവസ്ഥയെങ്കിലും  ഓഫീസിൽ പോകുന്നില്ലെങ്കിലും താമസമുറിയിൽ തങ്ങി ജോലി ചെയ്യണം. ഓഫീസ്‌ ജോലി കഴിഞ്ഞ്‌ വീട്ടിലെത്തിയാലും അവിടത്തെ ഉന്നത മേധാവികൾ നിർദേശിക്കുകയും അടിച്ചേൽപ്പിക്കുകയും ചെയ്യുന്ന അസൈൻമെന്റുകളുമായി പാതിരാവ്‌ പിന്നിട്ടും കണ്ണിമപൂട്ടാതെ ബുദ്ധിമുട്ടേണ്ട സ്ഥിതി.  മാനേജർമാർ ഏൽപ്പിക്കുന്ന ജോലിഭാരം  എത്രയായാലും ഏറ്റെടുക്കേണ്ട പരിതാപകരമായ നിലയിലാണ്‌ ജീവനക്കാരികൾ. അവർ എല്ലാം നിശ്ശബ്ദമായി സഹിക്കുന്നത്‌ മുതലെടുത്ത്‌ അധികമധികം ജോലി കെട്ടിയേൽപ്പിക്കുകയാണ്‌  രീതി. പുതുതായി റിക്രൂട്ട്‌ ചെയ്യപ്പെടുന്നവരും സർവീസ്‌ കുറഞ്ഞവരും അനുഭവിക്കുന്ന ക്ലേശങ്ങളും വേദനകളും അവധിയില്ലായ്‌മയും അറിയിച്ചാൽത്തന്നെ ബധിരകർണങ്ങളിലാണ്‌ പതിക്കുക. അവ കേൾക്കാൻ സംവിധാനങ്ങളില്ലാത്തതിനാൽ മാനേജർമാർ ചൂഷണങ്ങൾ തടസ്സങ്ങളില്ലാതെ തുടരും. ജീവനക്കാർ ചിലരെങ്കിലും  മൗനം പാലിക്കുമെന്നതും ഉറപ്പായിരിക്കും. ആ നിശ്ശബ്ദതയ്‌ക്കിടയിൽ വീണ്ടും  ജോലി അടിച്ചേൽപ്പിക്കും. മരണവാറന്റിന്‌ സമാനമായ കരാറുകളിൽ ഒപ്പിടീച്ചാണ്‌ ബഹുരാഷ്ട്ര കമ്പനികൾ എല്ലാത്തരം രക്തമൂറ്റലും സാധൂകരിക്കുന്നത്‌. ട്രേഡ്‌യൂണിയൻ അവകാശനിഷേധമാണ്‌ അതിലൊന്ന്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top