16 December Monday

ഇന്ത്യൻ ചെസ് വിപ്ലവം

വെബ് ഡെസ്‌ക്‌Updated: Saturday Dec 14, 2024


ഏറ്റവും സമാധാനപരവും മനോഹരവുമായ യുദ്ധത്തിലൂടെ ലോകത്തിന്റെ രാജാവായിരിക്കുകയാണ് ഇന്ത്യയുടെ ഡി ഗുകേഷ്. വിജയനിമിഷത്തിൽ പതിനെട്ടുകാരൻ ഉതിർത്ത കണ്ണീരിൽ 140 കോടി ഹൃദയങ്ങളുടെ ആനന്ദം ഉൾച്ചേർന്നിരുന്നു. നന്ദി ഗുകേഷ്; മനുഷ്യർക്കിടയിലെ രാജാവും രാജാക്കന്മാർക്കിടയിലെ മനുഷ്യനുമായതിന്. സിംഗപ്പുരിലെ വേൾഡ് സെന്റോസ റിസോർട്ടിൽ നടന്ന ലോക ചെസ് ചാമ്പ്യൻഷിപ്പിലാണ് സമാനതകളില്ലാത്ത നേട്ടം. ലോക ചാമ്പ്യനാകുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന ബഹുമതിയോടെയാണ് കിരീടം. 18 വർഷവും എട്ട് മാസവും 14 ദിവസവുംമാത്രം പ്രായം. നിലവിലെ ചാമ്പ്യൻ ചൈനയുടെ ഡിങ് ലിറെനെയാണ് കീഴടക്കിയത്. 14 കളിയിൽ മൂന്ന് ജയത്തോടെ ഏഴര പോയിന്റാണ് ഗുകേഷിന്റെ നേട്ടം. ഡിങ് ആറര പോയിന്റിൽ ഒതുങ്ങി. കളിയിൽ ഉടനീളം യുവത്വത്തിന്റെ ചടുലതയും സാഹസികതയും മുഖമുദ്രയാക്കിയ ഗുകേഷ്, ചൈനീസ് ഗ്രാൻഡ് മാസ്റ്ററുടെ പ്രതിരോധക്കോട്ട പൊളിച്ചപ്പോൾ ചെസ് ലോകം അമ്പരന്നു പോയി. തോൽക്കാൻ മനസ്സില്ലാതെ, സമനിലയുടെ വിരസതയ്ക്ക് വഴങ്ങാതെ, വിജയത്തിനു മാത്രമായി കരുക്കൾ നീക്കിയ ചെന്നൈ സ്വദേശി കളത്തിൽ ചൊരിഞ്ഞ ഊർജം ചെറുതല്ലായിരുന്നു. ആ പ്രവാഹത്തിൽ ചൈനീസ് വൻമതിലും ഒലിച്ചുപോയി. അസാമാന്യമായ ഇച്ഛാശക്തിയും പോരാട്ട വീര്യവും കാഴ്ചവച്ച ഗുകേഷ് ചെസ് ഭൂപടത്തിൽ ഇന്ത്യൻ ആധിപത്യത്തിന്റെ കൊടി ഉയർത്തി.

യാദൃച്ഛിക നേട്ടമെന്നോ അത്ഭുത വിജയമെന്നോ ഇതിനെ കുറച്ചു കാണാനാകില്ല. ഈ നൂറ്റാണ്ടിന്റെ തുടക്കത്തിൽ വിശ്വനാഥൻ ആനന്ദ് കൊളുത്തിയ ഇന്ത്യൻ ചെസ് വിപ്ലവം അതിന്റെ പാരമ്യത്തിലെത്തിയിരിക്കുന്നു. അഞ്ചു തവണ ചാമ്പ്യനാണ് ആനന്ദ്.  2013ൽ മാഗ്നസ് കാൾസനു മുന്നിൽ ആനന്ദ് കിരീടം അടിയറവയ്ക്കുമ്പോൾ ആ മത്സരത്തിന് ഏഴു വയസ്സുകാരൻ ഗുകേഷ് സാക്ഷിയായിരുന്നു. അന്ന് മനസ്സിൽ കുറിച്ച സ്വപ്നമാണ് ഇപ്പോൾ സാക്ഷാൽക്കരിച്ചതെന്ന്  സാക്ഷ്യപ്പെടുത്തുമ്പോൾ 11 വർഷത്തെ സമർപ്പണത്തിന് ചെക്കുകളില്ലാത്ത അഭിനന്ദനം ചൊരിഞ്ഞേ മതിയാകൂ.

മറ്റൊരു കായിക ഇനത്തിലും കൈവരിച്ചിട്ടില്ലാത്ത നേട്ടങ്ങളാണ് ചെസിൽ കുറഞ്ഞ കാലയളവിൽ ഇന്ത്യക്ക് സാധ്യമായത്. ഹംഗറിയിലെ ബുഡാപെസ്റ്റിൽ സെപ്തംബറിൽ നടന്ന ചെസ് ഒളിമ്പ്യാഡിൽ മൊത്തം 12 സ്വർണമെഡലുകളിൽ ആറും ഇന്ത്യ സ്വന്തമാക്കി. അന്ന് ഓപ്പൺ വിഭാഗം ടീം ഇനത്തിലും വ്യക്തിഗത ഇനത്തിലും ഗുകേഷ് സ്വർണമെഡൽ നേടിയിരുന്നു. ലോക ചാമ്പ്യനായ ഡിങ്ങിനെ നേരിടാനുള്ള കാൻഡിഡേറ്റ്സ് ടൂർണമെന്റിൽ പങ്കെടുത്ത എട്ടിൽ മൂന്നുപേരും ഇന്ത്യക്കാരായിരുന്നു. ആനന്ദിന്റെ പിൻഗാമിയായെത്തിയ യുവനിരയും ലോക വനിതാ റാപ്പിഡ് ചാമ്പ്യൻഷിപ് നേടിയ കൊണേരു ഹമ്പിക്കൊപ്പമെത്തിയ വനിതാ താരങ്ങളും ഇന്ത്യൻ ചെസിലെ പ്രതിഭാ ധാരാളിത്തത്തെ സൂചിപ്പിക്കുന്നു. 85 ഗ്രാൻഡ്മാസ്റ്റർമാരും 124 ഇന്റർനാഷണൽ മാസ്റ്റർമാരും നിറഞ്ഞതാണ് ഇന്ത്യൻ ചെസ് ലോകം. ചെസിലെ ഏറ്റവും കരുത്തരും അപകടകാരികളുമായ എതിരാളികൾ ഇന്ത്യൻ യുവതാരങ്ങളാണെന്ന് ലോക ഒന്നാംറാങ്കുകാരൻ മാഗ്നസ് കാൾസൺ പറഞ്ഞത് ശ്രദ്ധേയമാണ്. കഴിഞ്ഞ വർഷമാണ് ചെസ് ലോകകപ്പിൽ പ്രഗ്നാനന്ദ റണ്ണറപ്പായത്. ആനന്ദ് നൽകിയ ആവേശത്തിൽ ഇരച്ചെത്തിയ യുവനിരയിൽ ഇന്ത്യൻ ചെസിന്റെ ഭാവി ശോഭനമാണ്. ലോക ചെസ് സംഘടനയായ ഫിഡെയുടെ കണക്ക് പ്രകാരം ആദ്യ 100 റാങ്കുകാരിൽ 12 പേർ ഇന്ത്യക്കാരാണ്. ഗുകേഷിനെയും പ്രഗ്നാനന്ദയെയുംപോലെ മിടുക്കരാണ് അർജുൻ എറി ഗൈസിയും വിദിത്ത് ഗുജറാത്തിയും. മലയാളികളായ നിഹാൽ സരിനും എസ് എൽ നാരായണനും ആദ്യ നൂറിലുണ്ട്.

ഗുകേഷിന്റെ കളിയും ജീവിതവും പുതിയ തലമുറയ്‌ക്ക് പാഠമാണ്. ഈ നേട്ടങ്ങളൊന്നും കണ്ണടച്ച് തുറക്കുന്ന വേഗത്തിൽ ഉണ്ടായതല്ല. വർഷങ്ങളുടെ സപര്യയുണ്ട്. സഹനത്തിന്റെയും ആത്മസമർപ്പണത്തിന്റെയും കഥയുണ്ട്. വിജയത്തിന്റെ നെറുകയിലും വിനയത്തോടെയുള്ള പെരുമാറ്റം കാണാം. അച്ചടക്കവും മര്യാദയും കളത്തിൽ മാത്രമല്ല, പുറത്തും ഈ യുവാവിനെ വ്യത്യസ്തനാക്കുന്നു. രക്ഷിതാക്കളുടെ ത്യാഗത്തെക്കുറിച്ചും സ്മരിക്കണം. ഇഎൻടി സർജനായ അച്ഛൻ രജനീകാന്ത് വേദികളിൽ നിഴൽപോലെ ഒപ്പമുണ്ട്. പ്രഗ്നാനന്ദയുടെ വിജയ യാത്രയിൽ ഒപ്പമുണ്ടായിരുന്ന അമ്മ നാഗലക്ഷ്മി മറക്കാനാകാത്ത ചിത്രമായിരുന്നു.

പുരാതന ഇന്ത്യയിലെ കളിരൂപമായ ചതുരംഗത്തിന്റെ പരിഷ്കരിച്ച പതിപ്പായി നൂറ്റാണ്ടുകൾക്കു മുമ്പേ ചെസ് മാറിയെങ്കിലും വിശ്വനാഥൻ ആനന്ദിലൂടെ ഒരു ലോക ചാമ്പ്യനെ കിട്ടാൻ രണ്ടായിരാമാണ്ടുവരെ കാത്തിരിക്കേണ്ടി വന്നു. ഒരു പതിറ്റാണ്ടിനു ശേഷമാണെങ്കിലും ഗുകേഷിലൂടെ പിൻഗാമിയുണ്ടായിരിക്കുന്നു. അടുത്ത തവണ ഗുകേഷിനെ നേരിടുന്നത് മറ്റൊരു ഇന്ത്യക്കാരനായാൽ അത്ഭുതപ്പെടേണ്ട. അത്തരമൊരു സുവർണ തലമുറയെയാണ് ആനന്ദ് നമുക്കായി സമ്മാനിച്ചത്. നന്ദി, ആനന്ദ്... ഒരു തലമുറയെ പ്രചോദിപ്പിച്ചതിന്. ഇന്ത്യൻ ഗ്രാമങ്ങളിൽ ചതുരംഗത്തിന്റെ മായക്കളങ്ങൾ തീർത്തതിന്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top