23 December Monday

ആയുഷ്‌ അഖിലേന്ത്യ പ്രവേശന കൗൺസലിങ്‌

വെബ് ഡെസ്‌ക്‌Updated: Wednesday Aug 28, 2024

യുഷ് (ആയുർവേദ, സിദ്ധ, യുനാനി, ഹോമിയോപ്പതി), ബിഫാം (ആയുർവേദ) പ്രോഗ്രാമുകളിലേക്ക് ആയുഷ് അഡ്മിഷൻ സെൻട്രൽ കൗൺസലിങ്‌ കമ്മിറ്റി (AACCC) നടത്തുന്ന അഖിലേന്ത്യ അലോട്ട്മെന്റ്‌ നടപടികൾ ആഗസ്റ്റ്‌ 28ന് ആരംഭിക്കും. നീറ്റ് യുജി 2024ൽ യോഗ്യത നേടിയവർക്ക് aaccc.gov.in/ug-counselling വഴി സെപ്റ്റംബർ 2 വരെ ആദ്യ റൗണ്ട് ചോയ്സ് ഫില്ലിങ്‌ നടത്താം.

പ്രോഗ്രാമുകൾ

ബിഎഎംഎസ്, ബിഎസ്എംഎസ്, ബിയുഎംഎസ്, ബിഎച്ച്എംഎസ്, ബി.ഫാം ആയുർവേദ എന്നീ പ്രോഗ്രാമുകളിലേക്കാണ്‌   പ്രവേശനം. സർക്കാർ,സർക്കാർ എയ്ഡഡ് കോളേജുകളിലെ ഓൾ ഇന്ത്യ ക്വോട്ട സീറ്റുകളിലേക്കും സെൻട്രൽ യൂണിവേഴ്സിറ്റികൾ, നാഷണൽ ഇൻസ്റ്റിറ്റ്യൂട്ടുകൾ,കൽപിത സർവകലാശാലകൾ എന്നിവയിലെ സീറ്റുകളിലേക്കുമാണ് എഎസിസിസി അലോട്ട്മെന്റ്‌ നടത്തുന്നത്.

4 റൗണ്ടുകൾ

റൗണ്ട് 1, റൗണ്ട് 2, റൗണ്ട് 3, സ്ട്രേ വേക്കൻസി റൗണ്ട് എന്നീ നാല് റൗണ്ടുകളുണ്ടാകും. എല്ലാ റൗണ്ടുകളിലും വ്യവസ്ഥകൾക്ക് വിധേയമായി പുതുതായി രജിസ്റ്റർ ചെയ്ത് ചോയ്സ് നൽകാൻ അവസരമുണ്ടാകും. ഒന്നാം റൗണ്ട് അലോട്ട്മെന്റിൽ പങ്കെടുക്കാൻ രജിസ്ട്രേഷൻ ഫീസ്, സെക്യൂരിറ്റി തുക എന്നിവ ഓൺലൈനായി അടച്ച്  സെപ്തംബർ രണ്ട് രാത്രി 11:59നുള്ളിൽ ചോയ്സ് നൽകണം.

ഫീസ്


കൽപ്പിത സർവകലാശാലകളിലേക്ക് രജിസ്ട്രേഷൻ ഫീസായി 5000 രൂപയും സെക്യൂരിറ്റി തുകയായി 50,000  രൂപയും അടയ്ക്കണം. എന്നാൽ കൽപ്പിത സർവകലാശാലകളൊഴികെയുള്ള ഓൾ ഇന്ത്യ ക്വോട്ടയടക്കമുള്ള സീറ്റുകളിലേക്ക് രജിസ്ട്രേഷൻ ഫീസ് 1000 രൂപയും (പട്ടികജാതി വർഗ, ഭിന്നശേഷി വിഭാഗക്കാർക്ക് 500 രൂപ മതി), സെക്യൂരിറ്റി തുക 20,000 രൂപയും അടച്ചാൽ മതി. രണ്ട് വിഭാഗത്തിലെ സീറ്റുകളും ആഗ്രഹിക്കുന്നവർ കൂടിയ തുകയായ രജിസ്ട്രേഷൻ ഫീസ് 5000 രൂപയും സെക്യൂരിറ്റി തുകയായ അമ്പതിനായിരവുമാണ് അടക്കേണ്ടത്.

ആദ്യ അലോട്ട്മെന്റ്‌ 5ന്‌

ഒന്നാം റൗണ്ട് അലോട്ട്മെന്റ്‌ ലിസ്റ്റ് സെപ്തംബർ അഞ്ചിന് പ്രസിദ്ധീകരിക്കും. സെപ്തംബർ 6നും 11നുമിടയിൽ അലോട്ട്മെന്റ്‌ ലഭിച്ച  കോളേജിൽ പ്രവേശനം നേടണം. രണ്ടാം റൗണ്ട് നടപടികൾ 18 മുതൽ 23 വരെയാണ്. 26ന് അലോട്ട്മെന്റ്‌ ലിസ്റ്റ് വരും. 27 മുതൽ ഒക്ടോബർ മൂന്ന് വരെയാണ് പ്രവേശന സമയം. ഒക്ടോബർ 9നും 14നുമിടയിൽ മൂന്നാം റൗണ്ട് രജിസ്ട്രേഷനും ചോയ്സ് ഫില്ലിങ്ങും നടക്കും. അലോട്ട്മെന്റ്‌ ലിസ്റ്റ് 17നും കോളേജ് പ്രവേശനം 18നും 22നുമിടയിലും നടക്കും.

സ്ട്രേ വേക്കൻസി റൗണ്ട്

മൂന്നാം റൗണ്ടിന് ശേഷം സർക്കാർ, സർക്കാർ എയ്ഡഡ്, സെൻട്രൽ യൂണിവേഴ്സിറ്റികൾ, നാഷണൽ ഇൻസ്റ്റിറ്റ്യൂട്ടുകൾ എന്നിവയിലെ ഒഴിവുള്ള സീറ്റുകൾ സ്ട്രേ വേക്കൻസി റൗണ്ട് വഴി നികത്തും. രണ്ട് റൗണ്ടുകളുണ്ടാകും. രജിസ്ട്രേഷനും ചോയ്സ് ഫില്ലിങ്ങും ഒന്നാം റൗണ്ടിൽ മാത്രം. മൂന്നാം റൗണ്ട് വരെ രജിസ്റ്റർ ചെയ്യാത്തവർക്കും സ്ട്രേ റൗണ്ടിൽ രജിസ്റ്റർ ചെയ്യാനവസരമുണ്ടാകും. പങ്കെടുക്കാൻ താൽപ്പര്യമുള്ളവർ ഓൺലൈനായി രജിസ്റ്റർ ചെയ്ത്, ഒക്ടോബർ 29നും  31നുമിടയിൽ
ചോയ്സ് ഫില്ലിങ്‌ നടത്തണം. നവംബർ രണ്ടിന് അലോട്ട്മെന്റ്‌ വരും. മൂന്നിനും ഏഴിനുമിടയിൽ കോളേജിൽ പ്രവേശനം നേടണം. നവംബർ 12ന് രണ്ടാം സ്ട്രേ റൗണ്ടിന്റെ ഫലമറിയാം. 13നും18നുമിടയിൽ പ്രവേശനം നേടണം.
 
കൽപ്പിത സർവകലാശാലകൾ സ്ട്രേ വേക്കൻസി റൗണ്ട് നേരിട്ടാണ് നടത്തുന്നത്.മൂന്നാം റൗണ്ടിന് ശേഷം ഒഴിവുള്ള സീറ്റ് വിവരങ്ങളും പ്രവേശനാർഹതയുള്ളവരുടെ ലിസ്റ്റും നവംബർ 12ന് സ്ഥാപനങ്ങൾക്ക് കൈമാറും. ഓരോ സ്ഥാപനവും  aaccc.gov.in/ug പോർട്ടൽ വഴി സ്ട്രേ വേക്കൻസി റൗണ്ട് കൗൺസിലിങ്‌ നടത്തും. നവംബർ 12നും 19നുമിടയിലായി കൗൺസിലിങ്‌/ കോളേജ് റിപ്പോർട്ടിങ്‌ പ്രകിയകൾ പൂർത്തിയാകും. വിവരങ്ങൾക്ക്‌: aaccc.gov.in/ug


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top