ഗവേഷണ മേഖലയിൽ താൽപ്പര്യമുള്ളവർക്ക് ദേശീയതലത്തിൽ വിവിധ വകുപ്പുകളും സ്ഥാപനങ്ങളും നൽകുന്ന ഡോക്ടറൽ, പോസ്റ്റ് ഡോക്ടറൽ ഫെലോഷിപ്പുകൾക്ക് പൊതു പോർട്ടൽ നിലവിൽ വന്നു. കേന്ദ്ര ശാസ്ത്ര സാങ്കേതിക മന്ത്രാലയത്തിനു കീഴിലുള്ള വിവിധ ഫെലോഷിപ്പുകളോടൊപ്പം മറ്റ് വകുപ്പുകളിലെ ഫെലോഷിപ്പുകളും ഈ പോർട്ടലിൽ ഇപ്പോൾ ഉൾപ്പെടുന്നുണ്ട്. യുജിസി, സിഎസ്ഐആർ, ഐസിഎംആർ, എഐസിടിഇ, ബയോടെക്നോളജി വകുപ്പ് (ഡിബിടി), ശാസ്ത്ര സാങ്കേതിക വകുപ്പ് (ഡിഎസ്ടി), സയൻസ് ആൻഡ് എൻജിനിയറിങ് റിസർച്ച് ബോർഡ് (സെർബ്), ആണവോർജ വകുപ്പ്, ബഹിരാകാശ വകുപ്പ്, ഭൗമശാസ്ത്ര മന്ത്രാലയം, ഗോത്രവർഗ മന്ത്രാലയം എന്നിവ നൽകുന്ന 17 വ്യത്യസ്ത ഫെലോഷിപ്പുകൾ ഈ പോർട്ടലിൽ ലഭിക്കും. യുജി, പിജി കോഴ്സുകളിലെ ഫെലോഷിപ്പുകളും ഇതോടൊപ്പം ചേർത്തേക്കാം.
അർഹത കാൽക്കുലേറ്റർ
വിവിധ ഫെലോഷിപ്പ് സ്കീമുകൾക്കുള്ള യോഗ്യത പരിശോധിക്കാൻ വിദ്യാർഥികളെ സഹായിക്കുന്ന "അർഹത കാൽക്കുലേറ്റർ' ഈ പോർട്ടലിന്റെ സവിശേഷതയാണ്. വിദ്യാഭ്യാസ യോഗ്യത, മാർക്ക്, പ്രായം, സാമ്പത്തിക നില, സാമൂഹ്യ പശ്ചാത്തലം തുടങ്ങിയവ നൽകിയാൽ അവരവർക്ക് അനുയോജ്യമായ ഫെലോഷിപ്പുകൾ കണ്ടുപിടിക്കാൻ വേഗത്തിൽ കഴിയും. ഇതിനായി പോർട്ടലിലെ "Am I eligible' എന്ന ഓപ്ഷൻ വിദ്യാർഥികൾക്ക് പ്രയോജനപ്പെടുത്താം.
കോമൺ പ്രൊഫൈൽ
വ്യത്യസ്ത ഫെലോഷിപ്പുകൾക്കായി ഓരോ തവണയും അപേക്ഷിക്കേണ്ടതില്ല. യോഗ്യതയും അപേക്ഷയും സംബന്ധിച്ച എല്ലാ വിവരങ്ങളും പോർട്ടലിൽ ഉണ്ട്. അതോടൊപ്പം ‘കോമൺ ഫെലോഷിപ്പ് പോർട്ടൽ’ (സിഎഫ്പി)എന്ന പ്രത്യേക ഐഡി സൃഷ്ടിച്ച് അതിലൂടെ ഏത് ഫെലോഷിപ്പിനും എളുപ്പത്തിൽ അപേക്ഷിക്കാൻ സൗകര്യമുണ്ട്. കൂടാതെ, ഫെലോഷിപ്പുകൾക്കുള്ള അപേക്ഷയുടെ സ്ഥിതി ഡാഷ് ബോർഡിൽനിന്ന് മനസ്സിലാക്കാനുമാകും.
വിവരങ്ങൾക്ക്: www.fellowships.gov.in
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..