30 October Wednesday

ഭൂകമ്പ എൻജിനിയറിങ്‌ പഠിക്കാം എംടെക് നേടാം

പ്രൊഫ. കെ പി ജയരാജൻUpdated: Wednesday Oct 30, 2024

സുരക്ഷിതമായ സിവിൽ എൻജിനിയറിങ് ഘടനകൾക്ക് ഭൂകമ്പ വിശകലനവും അതിനനുസൃതമായ രൂപകൽപ്പനയും ഇപ്പോൾ അനിവാര്യമാണ്‌. അതിനാൽ ഈ വിഷയത്തിലെ സ്‌പെഷ്യലൈസേഷന് ഏറെ പ്രാധാന്യം ഉണ്ട്. ലോകമെമ്പാടും ഓരോവർഷവും സംഭവിക്കുന്ന ചെറുതും വലുതുമായ ഭൂകമ്പങ്ങളിൽനിന്ന്‌ വിവരങ്ങൾ ശേഖരിക്കുകയും അതിന്റെ വിശകലനത്തിലൂടെ ഭാവിയിലെ ഭൂകമ്പസാധ്യതകളെ നിരീക്ഷിച്ച് മുൻകരുതലുകൾ സ്വീകരിക്കുന്നതിനും നിർമാണ പ്രവർത്തനങ്ങളിൽ ഉപയോഗപ്പെടുത്തുന്നതിനുമുള്ള വൈദഗ്‌ധ്യമാണ്‌ എർത്ത്‌ക്വേക്ക്‌ എൻജിനിയറിങ്‌/എർത്ത്‌ക്വേക്ക്‌ സയൻസ്‌ ആൻഡ്‌ എൻജിനിയറിങ്‌ പഠനശാഖ വഴി ലഭ്യമാകുക.

ജോലി സാധ്യതകൾ

ഈ വിഷയത്തിൽ പഠനം കഴിഞ്ഞിറങ്ങുന്നവർക്ക് പെട്രോളിയം വ്യവസായം, ഖനി വ്യവസായം, ജിയോതെർമൽ സ്ഥാപനങ്ങൾ, ആണവ ഗവേഷണ കേന്ദ്രങ്ങൾ, എർത്ത് സയൻസസ് സ്ഥാപനങ്ങൾ, ഓഷ്യൻ ഇൻഫർമേഷൻ സർവീസസ്, ജിയോഫിസിക്കൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടുകൾ, വൻകിട വ്യവസായ/സ്വകാര്യ സ്ഥാപനങ്ങൾ എന്നിവയിലെല്ലാം ഏറെ ജോലി സാധ്യതകളുണ്ട്.
എർത്ത്‌ക്വേക്ക്‌ എൻജിനിയറിങ്‌/എർത്ത്‌ക്വേക്ക്‌ സയൻസ്‌ ആൻഡ്‌ എൻജിനിയറിങ്‌ എന്നിവയിൽ എംടെക് കോഴ്സുകളുള്ള ചില സ്ഥാപനങ്ങളെപ്പറ്റി:

ഐഐടി ധൻബാദ്


എർത്ത്ക്വേക്ക് സയൻസ് ആൻഡ് എൻജിനിയറിങ്ങിൽ രണ്ടു വർഷത്തെ എംടെക് കോഴ്സിന് ആകെ ട്യൂഷൻ ഫീസ് 60,000 രൂപ. ഭക്ഷണം ഉൾപ്പെടെ ഹോസ്റ്റൽ ചെലവ് 84,000 രൂപ. സിവിൽ/മെക്കാനിക്കൽ എൻജിനിയറിങ് ബ്രാഞ്ചുകളിൽ 60 ശതമാനം മാർക്കോടെ ബിരുദമുള്ളവർക്ക് അപേക്ഷിക്കാം. അഞ്ച് വർഷ ഇന്റഗ്രേറ്റഡ് ജിയോഫിസിക്സ്/ എക്സ്പ്ലോറേഷൻ ജിയോഫിസിക്സ്/ ജിയോളജി എംടെക് ബിരുദധാരികൾക്കും അപേക്ഷിക്കാം. വിവരങ്ങൾക്ക്‌: www.iitism.ac.in, ഫോൺ: 0326/ 2235001,2235004

ജാമിയ മില്ലിയ, 
ന്യൂഡൽഹി

നാല് സെമസ്റ്ററുകളായി എംടെക് എർത്ത്‌ക്വേക്ക്‌ എൻജിനിയറിങ്‌ രണ്ടു വർഷത്തെ പഠനമാണ്‌ ജാമിയ മില്ലിയ ഇസ്ലാമിയ സർവകലാശാല, ന്യൂഡൽഹി വാഗ്‌ദാനം ചെയ്യുന്നത്‌. കോഴ്സ് ഘടനയുമായി ചേർന്നുനിൽക്കുന്ന വിഷയത്തിൽ ഒരു അംഗീകൃത സർവകലാശാല ബിരുദമാണ് അപേക്ഷായോഗ്യത. സാധുവായ ഗേറ്റ് സ്കോർ ഉണ്ടായിരിക്കണം. 
വിവരങ്ങൾക്ക്‌: www.jmi.ac.in, ഫോൺ: 011/26981717,26984617

മാളവ്യ എൻഐടി ജയ്‌പുർ

അണക്കെട്ടുകളുടെ ഭൂകമ്പ സുരക്ഷയിൽ സ്‌പെഷ്യലൈസേഷനുള്ള എംടെക് കോഴ്‌സാണ് ഇവിടെയുള്ളത്. ഡാം ഫൗണ്ടേഷൻ, റിസർവോയർ സംവിധാനത്തിന്റെ ഭൂകമ്പ സ്വഭാവം, നിലവിലുള്ള അണക്കെട്ടുകളുടെ ഭൂകമ്പ സാധ്യത വിലയിരുത്തുക, അതിനനുസരിച്ച് പുനർനിർമാണം തുടങ്ങിയവയാണ്‌ പഠന വിഷയങ്ങൾ. 
വിവരങ്ങൾക്ക്‌: www.mnit.ac.in ഫോൺ:0141/2715034,2715035

മറ്റു സ്ഥാപനങ്ങൾ

വിശ്വേശരയ്യ എൻഐടി നാഗ്പുരിലും (www.vnit.ac.in ഫോൺ: 0712/2222828,2224123) എൻഐടി സിൽച്ചാറിലും (www.nits.ac.in ഫോൺ: 0384/2224879,2442273) എൻഐടി അഗർത്തലയിലും (www nita.ac.in ഫോൺ: 0381/2546360,2546630) എർത്ത്‌ക്വേക്ക്‌ എൻജിനിയറിങിൽ എംടെക് കോഴ്സുകൾ ഉണ്ട്. ഈ എൻഐടികളിലെ എംടെക് കോഴ്സിന് അപേക്ഷിക്കാൻ എൻജിനിയറിങ്/സയൻസ് എന്നിവയിലെ ഉചിതമായ വിഷയത്തിൽ ബിരുദമുള്ളവരും ഗേറ്റ്/ തത്തുല്യ സ്കോർ ഉള്ളവരുമായിരിക്കണം. ഈ സ്ഥാപനങ്ങളിലെ ശരാശരി വാർഷിക ട്യൂഷൻ ഫീസ് 40,000 രൂപ.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top