22 December Sunday
ജാം 
അപേക്ഷ സെപ്തംബർ 
3 മുതൽ

ഐഐടികളിലും എൻഐടികളിലും സയൻസ്‌ ഉപരിപഠനം

പി കെ അൻവർ മുട്ടാഞ്ചേരിUpdated: Wednesday Aug 7, 2024

ഐഐടികൾ, എൻഐടികൾ, ഐഐഎസ്‌സി അടക്കമുള്ള സ്ഥാപനങ്ങളിൽ സയൻസ് ഉപരിപഠനത്തിന് അവസരമൊരുക്കുന്ന പ്രവേശനപരീക്ഷയാണ് ജോയിന്റ്‌ അഡ്‌മിഷൻ ടെസ്റ്റ് ഫോർ മാസ്റ്റേഴ്‌സ് (JAM -2025). സെപ്‌തംബർ മൂന്നുമുതൽ ഒക്ടോബർ 11 വരെ അപേക്ഷിക്കാം. ഫെബ്രുവരി രണ്ടിനാണ് പരീക്ഷ. മാർച്ച് 19ന് ഫലമറിയാം. ഏപ്രിൽ രണ്ടുമുതൽ അഡ്മിഷൻ പോർട്ടൽ വഴി  പ്രവേശന നടപടി ആരംഭിക്കും. ഐഐടി ഡൽഹിക്കാണ് പരീക്ഷാ ചുമതല. കേരളത്തിൽ കണ്ണൂർ, കോഴിക്കോട്, പാലക്കാട്, തൃശൂർ, വടകര, ആലപ്പുഴ, എറണാകുളം, കൊല്ലം, കോട്ടയം, തിരുവനന്തപുരം എന്നിവ പരീക്ഷാകേന്ദ്രങ്ങളാണ്‌. വിദേശത്ത് കേന്ദ്രമില്ല.

പ്രോഗ്രാമുകൾ

എംഎസ് സി, എംഎസ് സി (ടെക്), എംഎസ് (റിസർച്ച്), എംഎസ് സി - എംടെക് ഡ്യുവൽ ഡിഗ്രി, ജോയിന്റ്‌ എംഎസ് സി - പിഎച്ച്ഡി, എംഎസ് സി - പിഎച്ച്ഡി ഡ്യുവൽ ഡിഗ്രി എന്നീ  പ്രോഗ്രാമുകളുടെ പ്രവേശനത്തിനാണ് ജാം സ്കോർ പരിഗണിക്കുന്നത്.

സ്ഥാപനങ്ങൾ

പാലക്കാട്, മുംബൈ, ഡൽഹി, ഭിലായി, ഭുവനേശ്വർ, ധൻബാദ്, ഗാന്ധി നഗർ, ഗുവാഹട്ടി, ഹൈദരാബാദ്, ഇൻഡോർ, ജമ്മു, ജോധ്പുർ, കാൺപുർ, ഖരഗ്പുർ, മദ്രാസ്, മാണ്ഡി, പട്ന, റൂർഖി, റോപ്പർ, തിരുപ്പതി, വാരാണസി എന്നീ ഐഐടികളിൽ 89 പോസ്റ്റ് ഗ്രാജ്വേറ്റ് പ്രോഗ്രാമുകളിലായി മൂവായിരത്തോളം സീറ്റുണ്ട്. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് ബംഗളൂരുവിലെ വിവിധ പിജി, ഇന്റഗ്രേറ്റഡ് പ്രോഗ്രാമുകളുടെ പ്രവേശനത്തിനും ജാം സ്കോർ പരിഗണിക്കും.

ഐസറുകൾ (ഭോപാൽ, പുണെ), എൻഐടികൾ, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പെട്രോളിയം ആൻഡ് എനർജി  വിശാഖപട്ടണം, ജവാഹർലാൽ നെഹ്റു സെന്റർ ഫോർ അഡ്വാൻസ്ഡ് സയന്റിഫിക് റിസർച്ച് ബാംഗ്ലൂർ, ഡിഫൻസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് ടെക്നോളജി പുണെ, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എൻജിനിയറിങ് സയൻസ് ആൻഡ് ടെക്നോളജി ശിവ്പുർ, സന്ത് ലോംഗോവാൾ  ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എൻജിനിയറിങ്‌ ആൻഡ് ടെക്നോളജി പഞ്ചാബ് തുടങ്ങിയ മുപ്പതോളം  സ്ഥാപനത്തിലെ വിവിധ പിജി പ്രോഗ്രാമുകളുടെ പ്രവേശനത്തിനും ജാം സ്കോർ പരിഗണിക്കാറുണ്ട്. ഫലം വന്നതിനുശേഷം പ്രവേശനം ആഗ്രഹിക്കുന്ന സ്ഥാപനങ്ങളുടെ അലോട്ട്മെന്റ്‌ രീതി മനസ്സിലാക്കി അപേക്ഷ നൽകണം.

യോഗ്യത


ബിരുദധാരികൾക്കും അവസാനവർഷ ബിരുദ വിദ്യാർഥികൾക്കും അപേക്ഷിക്കാം. ഓരോ പ്രോഗ്രാമിലെയും പ്രവേശനത്തിന് ബിരുദ പ്രോഗ്രാമിൽ പഠിച്ചിരിക്കേണ്ട വിഷയങ്ങൾ, ജാമിൽ  എഴുതേണ്ട വിഷയങ്ങൾ തുടങ്ങിയ വിവരങ്ങളടങ്ങിയ ഇൻഫർമേഷൻ ബ്രോഷർ ഉടൻ വെബ്സൈറ്റിൽ ലഭ്യമാകും. എത്ര  തവണ വേണമെങ്കിലും ജാം എഴുതാം. പ്രായപരിധിയില്ല.

7 വിഷയം

ബയോടെക്നോളജി, കെമിസ്ട്രി, ഇക്കണോമിക്സ്, ജിയോളജി, മാത്തമാറ്റിക്സ്, മാത്തമാറ്റിക്കൽ സ്റ്റാറ്റിസ്റ്റിക്സ്, ഫിസിക്സ് എന്നീ ഏഴ് വിഷയത്തിലാണ് പരീക്ഷ. കംപ്യൂട്ടർ അധിഷ്ഠിത പരീക്ഷയാണ്. 2 സെഷനുണ്ട്. കെമിസ്ട്രി, ജിയോളജി മാത്തമാറ്റിക്സ് എന്നിവ രാവിലെയും ബയോടെക്നോളജി, ഇക്കണോമിക്സ്, മാത്തമാറ്റിക്കൽ സ്റ്റാറ്റിസ്റ്റിക്സ്, ഫിസിക്സ് എന്നിവ ഉച്ചയ്‌ക്കുശേഷവും. എല്ലാം മൂന്നു മണിക്കൂർ പരീക്ഷ. 100 മാർക്കിന്റെ 60 ചോദ്യം. മൾട്ടിപ്പിൾ ചോയ്സ് (30 ചോദ്യം), മൾട്ടിപ്പിൾ സെലക്ട്‌ (10), ന്യൂമറിക്കൽ ആൻസർ ടൈപ് (20) എന്നിങ്ങനെ മൂന്നു തരം ചോദ്യമുണ്ടാകും. വിവരങ്ങൾക്ക്‌:   jam2025.iitd.ac.in
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top