22 October Tuesday

ഖാദര്‍ കമ്മിറ്റി റിപ്പോർട്ടും വിദ്യാഭ്യാസത്തിന്റെ ഭാവിയും

ഡോ. ജെ പ്രസാദ്Updated: Tuesday Oct 15, 2024

 

‘മികവിനായുള്ള സ്കൂള്‍ വിദ്യാഭ്യാസം’ എന്ന് വിശേഷിപ്പിക്കപ്പെട്ട ഖാദർ കമ്മിറ്റി റിപ്പോർട്ടിന്റെ ഒന്നാം ഭാഗത്ത് പ്രധാനമായും, വിദ്യാഭ്യാസ ഘട്ടങ്ങളെയും അധ്യാപകരുടെ യോഗ്യതകളെയും ശിഥിലീകരിച്ചുകിടക്കുന്ന വകുപ്പിന്റെ ഏകീകരണത്തെയും കുറിച്ചുള്ള നിർദേശങ്ങളാണ് ഉൾക്കൊള്ളിച്ചിരിക്കുന്നത്‌. വിദ്യാഭ്യാസത്തിന്റെ സമീപനം, ലക്ഷ്യം, ചരിത്രം, അവസ്ഥാവിശകലനം, ഏകോപനം, അധ്യാപകയോഗ്യത, ശാക്തീകരണം എന്നിവ സംബന്ധിച്ചും ഇതിൽ പറയുന്നു.


കേരളസമൂഹം ഏറെ പ്രതീക്ഷകളോടെ കാത്തിരുന്ന ഖാദർ കമ്മിറ്റി റിപ്പോർട്ടിന്റെ രണ്ടാം ഭാഗം കൂടി, ‘മികവിനായുള്ള വിദ്യാഭ്യാസം’ 2024 ജൂലൈ 31ന്‌ ചേർന്ന മന്ത്രിസഭായോഗം അംഗീകരിച്ചു. കേരളത്തിന്റെ പൊതുവിദ്യാഭ്യാസരംഗം മിക്കപ്പോഴും അനാരോഗ്യകരമായ വിവാദങ്ങളുടെ വിളനിലമായിരുന്നു. ഓരോ അഞ്ചുവർഷം കൂടുമ്പോള്‍ സംഭവിച്ചുകൊണ്ടിരുന്ന ഭരണമാറ്റം, പൊതുവിദ്യാഭ്യാസ മേഖലയുടെ ഗുണപരമായ മുന്നേറ്റത്തെ  സാരമായി ബാധിക്കുകയുണ്ടായി എന്നത് ഒരു യാഥാർഥ്യം മാത്രമാണ്.

ഈ തിരിച്ചറിവില്‍നിന്നാണ് 2016ല്‍ അധികാരത്തില്‍ വന്ന ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാര്‍, പൊതുവിദ്യാഭ്യാസമേഖലയുടെ അലകും പിടിയും മാറ്റണം എന്ന ഉദ്ദേശ്യത്തോടെ ‘പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞ’ത്തിന് തുടക്കം കുറിച്ചത്. മറ്റു സംസ്ഥാനങ്ങളിലെപ്പോലെ കുട്ടികളെ സ്‌കൂളുകളില്‍ എത്തിക്കുക എന്നത് നമുക്കൊരു പ്രശ്നമായിരുന്നില്ല.

കേരളത്തിലെ ആദ്യ മുഖ്യമന്ത്രിയായി ഇ എം എസ്‌ സത്യപ്രതിജ്ഞ ചെയ്യുന്നു

കേരളത്തിലെ ആദ്യ മുഖ്യമന്ത്രിയായി ഇ എം എസ്‌ സത്യപ്രതിജ്ഞ ചെയ്യുന്നു

2009ലെ കേന്ദ്ര വിദ്യാഭ്യാസ അവകാശ നിയമം നിലവിൽ വരുന്നതിന് ദശാബ്ദങ്ങൾക്ക് മുമ്പ് 1957ലെ ഇ എം എസ്‌ സർക്കാര്‍, സാർവത്രികവും നിർബന്ധിതവും സൗജന്യവുമായ വിദ്യാഭ്യാസം കുട്ടികളുടെ അവകാശമായി അംഗീകരിച്ചതിനെത്തുടർന്ന്‌ മഹാഭൂരിപക്ഷം കുട്ടികളും സ്‌കൂളിലെത്തുന്ന പ്രവണത വ്യാപകമായിരുന്നു. അതിന്റെ ഗുണഭോക്താക്കളാണ് ഈ ലേഖകന്‍ ഉൾപ്പെടുന്ന പഴയ തലമുറ.

എന്നാല്‍ എത്തിയ കുട്ടികളെയെല്ലാം പന്ത്രണ്ടാം തരം വരെ നിലനിർത്താനും അവർക്ക്‌ ശാസ്ത്രീയവും സാമൂഹികനീതിയിലധിഷ്ഠിതവും ഗുണമേന്മയുള്ളതും രാജ്യാന്തര നിലവാരമുള്ളതുമായ വിദ്യാഭ്യാസം നൽകുന്നതും ശ്രമകരമായ കാര്യമായിരുന്നു. അതേത്തുടർന്ന്‌ അക്കാദമികവും ഭൗതികവും ഭരണപരവുമായ തലങ്ങളില്‍ സുശക്തവും സമഗ്രവുമായ ഇടപെടല്‍ അനിവാര്യമാണ് എന്ന് സർക്കാര്‍ കണ്ടെത്തുകയുണ്ടായി.

അതിനായി  വിദ്യാഭ്യാസ മേഖലയുമായി ബന്ധപ്പെട്ട ഭാഗഭാക്കുകളുടെ (Stakeholders) സഹകരണത്തോടെയുള്ള പരിഹാരത്തിനാണ് സർക്കാര്‍  തുടക്കം കുറിച്ചത്. തുടക്കം കൗതുകകരവും ഫലപ്രദവുമാണെന്ന് കണ്ടതോടെ

പ്രൊഫ. എം എ ഖാദര്‍

പ്രൊഫ. എം എ ഖാദര്‍

ഗുണമേന്മയുള്ളതും ജനാധിപത്യത്തിലും മതനിരപേക്ഷതയിലും തുല്യനീതിയിലും അധിഷ്‌ഠിതമായ, പക്ഷപാതരഹിതമായ വിദ്യാഭ്യാസം എല്ലാ കുട്ടികൾക്കും നൽകുന്നതിനുള്ള പ്രായോഗിക നിർദേശങ്ങള്‍ സമർപ്പിക്കാന്‍ പ്രൊഫ. എം എ ഖാദര്‍ ചെയർമാനായി ഒരു കമ്മിറ്റിയെ  നിയമിച്ചു.

2017 ഒക്ടോബറില്‍ രൂപീകരിക്കപ്പെട്ട കമ്മിറ്റി, കോവിഡ് ഉൾപ്പെടെയുള്ള ബഹുമുഖ കാരണങ്ങളാലും സമഗ്രമായ റിപ്പോർട്ട്‌ തയ്യാറാക്കാന്‍ ഏറെ സമയം വേണ്ടതിനാലും രണ്ട് ഭാഗങ്ങളായാണ്  (ഘടനാപരവും അക്കാദമികവും) സർക്കാരിന്  റിപ്പോർട്ട്‌ സമർപ്പിച്ചത്.‘മികവിനായുള്ള സ്‌കൂള്‍ വിദ്യാഭ്യാസം’ എന്ന് വിശേഷിപ്പിക്കപ്പെട്ട റിപ്പോർട്ടിന്റെ ഒന്നാം ഭാഗത്ത് പ്രധാനമായും, വിദ്യാഭ്യാസ ഘട്ടങ്ങളെയും അധ്യാപകരുടെ യോഗ്യതകളെയും ശിഥിലീകരിച്ചുകിടക്കുന്ന വകുപ്പിന്റെ ഏകീകരണത്തെയും കുറിച്ചുള്ള നിർദേശങ്ങളാണ് ഉൾക്കൊള്ളിച്ചിരിക്കുന്നത്‌. വിദ്യാഭ്യാസത്തിന്റെ സമീപനം, ലക്ഷ്യം, ചരിത്രം, അവസ്ഥാവിശകലനം, ഏകോപനം, അധ്യാപകയോഗ്യത, ശാക്തീകരണം എന്നിവ സംബന്ധിച്ചും ഇതിൽ പറയുന്നു.

2019ല്‍ സമർപ്പിക്കപ്പെട്ട ഘടനാപരമായ നിർദേശങ്ങള്‍ അതിന്റെ പൂർണമായ അർഥത്തില്‍ നടപ്പിലാക്കാന്‍ ഇതുവരെ സാധിച്ചിട്ടില്ല എന്നത് സഗൗരവം കാണേണ്ടതുണ്ട്‌. എല്ലാക്കാലത്തും ഏതൊരു പരിഷ്‌കാരത്തെയും അന്ധമായി എതിർക്കുന്ന ഒരുകൂട്ടർ ഏത് രംഗത്തും ഉണ്ടാകുമല്ലോ. അതിവിടെയും ഉണ്ട് എന്നത് നാം കാണാതിരുന്നുകൂടാ. വിദ്യാലയം ആർക്കുവേണ്ടി എന്ന ചോദ്യത്തിന് വ്യക്തമായ ഉത്തരം കണ്ടെത്തിയാല്‍ എല്ലാ പ്രശ്നങ്ങൾക്കും പരിഹാരമാകും.

അടിസ്ഥാനഭാഗമായ ഘടന സുശക്തമായില്ലെങ്കില്‍ അതിനുമുകളില്‍ കെട്ടിപ്പൊക്കുന്ന അക്കാദമിക ഗോപുരം പ്രബലമാകില്ല. ഈ യാഥാർഥ്യം കണക്കിലെടുത്തുവേണം രണ്ടാം റിപ്പോർട്ടിന്റെ നിർദേശങ്ങള്‍ പ്രായോഗികതലത്തിൽ കൊണ്ടുവരാൻ.

നിത്യനൂതന സങ്കേതങ്ങളിലൂടെ മഹനീയ മാതൃകകള്‍ സൃഷ്ടിച്ച ഫിൻലൻഡ്‌, ക്യൂബ, ന്യൂസിലൻഡ്‌, ഡെന്മാർക്ക്‌, നോർവേ, സിംഗപ്പൂര്‍ തുടങ്ങിയ രാജ്യങ്ങളിലെ വിദ്യാഭ്യാസ രംഗത്ത് നടപ്പിലാക്കിവരുന്ന ഒട്ടേറെ കാര്യങ്ങള്‍ കേരളീയ സാഹചര്യത്തില്‍ എങ്ങനെ നടപ്പിലാക്കാം എന്നതു സംബന്ധിച്ച അന്വേഷണം ഈ സമിതി ആഴത്തിൽ പരിശോധിച്ചതായി നമുക്ക് മനസ്സിലാക്കാന്‍ സാധിക്കും.

അവിടങ്ങളില്‍ ദശാബ്ദങ്ങളായി സുഗമമായി നടത്തിവരുന്ന പല കാര്യങ്ങളും ബഹുമുഖ കാരണങ്ങളാല്‍ കേരളത്തില്‍ സമീപകാലത്തൊന്നും നടപ്പാക്കാന്‍ സാധിക്കില്ല എന്ന തിരിച്ചറിവും സമിതിക്കുള്ളതായി കാണാം. മറ്റൊരു പ്രത്യേകത ഈ റിപ്പോർട്ടില്‍ കണ്ടത്, ഒരു നിർദേശവും കർക്കശമായി നടപ്പാക്കാന്‍ സമിതി അഭിപ്രായപ്പെടുന്നില്ല എന്നതാണ്‌.

എല്ലാ നിർദേശങ്ങളും ജനാധിപത്യപരമായ ചർച്ചകളിലൂടെ നടപ്പാക്കാന്‍ ശ്രമിക്കണം എന്ന ഉപദേശമാണ് സമിതി സർക്കാരിന് നൽകുന്നത്. ഒരു ജനാധിപത്യ സംവിധാനത്തില്‍ ചർച്ചകളും സംവാദങ്ങളും നല്ലതാണ്;

എന്നാല്‍ അത്തരം ചർച്ചകള്‍ ഗുണദോഷവിചാരാധിഷ്ഠിതവും പരസ്പരം ആദാനപ്രദാനവും ആരോഗ്യപരവും അർഥപൂർണവും ആയില്ലെങ്കില്‍ സമൂഹം ആഗ്രഹിക്കുന്ന ഗുണഫലം ലഭ്യമാകില്ല. ജനാധിപത്യപരമായ ചർച്ചകള്‍ സമിതിയുടെ നിർദേശങ്ങൾക്ക്‌ ശക്തി പകരുന്നതാകണം എന്ന് സാരം.

ചില സുപ്രധാന നിർദേശങ്ങള്‍

അക്കാദമിക മികവിനായുള്ള സ്കൂൾ വിദ്യാഭ്യാസം സംബന്ധിച്ച സമഗ്ര വിശകലനം നടത്തിയ കമ്മിറ്റി, അതുസംബന്ധിച്ച ഒട്ടേറെ സുപ്രധാന നിർദേശങ്ങൾ അവതരിപ്പിക്കുന്നു. തുല്യനീതി ഉറപ്പാക്കിയുള്ള മികച്ച വിദ്യാഭ്യാസം, അധ്യാപകരെ പ്രൊഫഷണൽ ആക്കല്‍, വിദ്യാലയങ്ങളെ പൊതുഇടങ്ങൾ ആക്കല്‍, വിവിധ ഘട്ടങ്ങളിലെ പഠന ബോധന സമീപനം, ബോധനമാധ്യമം, വിഷയസമീപനങ്ങള്‍, ശാസ്ത്ര സാമൂഹിക, ശാസ്ത്ര ഗണിത പഠന സമീപനങ്ങള്‍, കലാ കായിക വിദ്യാഭ്യാസം, ഐസിടി വിദ്യാഭ്യാസം, ഭിന്നശേഷി സൗഹൃദ വിദ്യാഭ്യാസം, മൂല്യവിദ്യാഭ്യാസം, മെന്ററിങ്‌, സ്‌കൂള്‍ സമയം, മൂല്യനിർണയം, അധ്യാപക‐വിദ്യാർഥി അനുപാതം, അധ്യാപക യോഗ്യതയും അഭിരുചി പരിഗണനയും ക്ഷേമ സേവനവ്യവസ്ഥകളും, ഭരണനിർവഹണം, പഠനസമയം, ഉത്സവങ്ങളും ഗ്രേസ് മാർക്കും, സ്പെഷ്യല്‍ സ്‌കൂളുകള്‍, മോണിറ്ററിങ്‌, തദ്ദേശസ്ഥാപനങ്ങളുടെ ഉത്തരവാദിത്വം, വിജ്ഞാനാധിഷ്ഠിത നവകേരള നിർമിതിയുടെ പ്രസക്തി തുടങ്ങി വിവിധ വിഷയങ്ങളെ സംബന്ധിച്ച നിർദേശങ്ങള്‍ വളരെ സുതാര്യമായി അവതരിപ്പിക്കുന്ന കമ്മിറ്റി, ദേശീയ വിദ്യാഭ്യാസ നയം കേരളത്തിൽ വരുത്തിവച്ചേക്കാവുന്ന അപകടങ്ങളും പ്രതിബന്ധങ്ങളും ചൂണ്ടിക്കാട്ടുന്നു എന്നതും ശ്രദ്ധേയമാണ്.

നിർദേശങ്ങള്‍ നടപ്പാക്കുന്നത് ക്ഷിപ്രസാധ്യമോ?

റിപ്പോർട്ട്‌ പഠിക്കുന്നതിന് സർക്കാർ ഏറെ സമയമെടുത്തു എന്നത് സമൂഹത്തിൽ പല അനാവശ്യ സംശയങ്ങൾക്കും വഴിവച്ചു എന്നത് കാണാതിരുന്നുകൂടാ. അത് ഒരുപക്ഷേ റിപ്പോർട്ടിലെ നിർദേശങ്ങൾ നടപ്പിലാക്കുന്നതിന് വേണ്ടിവരുന്ന അധിക സാമ്പത്തിക ബാധ്യത ആയിരിക്കാം.

പരിഗണനാവിഷയം അല്ലെങ്കില്‍പോലും ഈ റിപ്പോർട്ട്‌ നടപ്പാക്കുന്നതിന് വേണ്ടിവരുന്ന സാമ്പത്തിക ബാധ്യതയെക്കുറിച്ചോ അതിന് വേണ്ടിവരുന്ന വിഭവസമാഹരണത്തെക്കുറിച്ചോ ഒന്നും തന്നെ റിപ്പോർട്ടില്‍ പരാമർശിക്കുന്നില്ല.

എങ്കിലും ഇന്ന് പൊതുവിദ്യാഭ്യാസരംഗത്ത് സർക്കാര്‍ ചെലവഴിക്കുന്ന തുകയുടെ എത്രയോ ഇരട്ടി നീക്കിവച്ചാല്‍ മാത്രമേ നിർദേശങ്ങള്‍ ഭാഗികമായെങ്കിലും നടപ്പാക്കാന്‍ സാധിക്കുകയുള്ളൂ എന്നതാണ് യാഥാർഥ്യം.

പണം കണ്ടെത്തല്‍ മാത്രമല്ല, പ്രശ്നസങ്കീർണമായ വിദ്യാഭ്യാസ മേഖലയിലെ പ്രശ്‌നങ്ങള്‍ ഓരോന്നും അനാവരണം ചെയ്യപ്പെടുമ്പോള്‍, ആ സങ്കീർണതകളുടെ നേട്ടം അനുഭവിച്ചുവന്നവരുടെ ഭാഗത്തുനിന്ന് ഉണ്ടായേക്കാവുന്ന എതിർപ്പുകള്‍ ലാഘവത്തോടെ കാണാന്‍ കഴിയില്ല; അവരുടെ പിന്നില്‍ നിക്ഷിപ്ത താൽപ്പര്യക്കാര്‍ കൂടി അണിനിരക്കുമ്പോള്‍ പ്രത്യേകിച്ചും. അത്തരം പ്രതിബന്ധങ്ങളെ ജനങ്ങളുടെ പിന്തുണയോടെ അതിജീവിക്കാന്‍ സർക്കാരിന് സാധിക്കുമെന്ന് മുൻകാല അനുഭവങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നു.

നാലുതരം നിർദേശങ്ങളാണ് റിപ്പോർട്ടിലുള്ളത്. സാമ്പത്തികച്ചെലവ് ഉള്ളതും ഇല്ലാത്തതും, ഹ്രസ്വകാല സാധ്യവും ദീർഘകാല സാധ്യവുമായവയും ഇതിലുണ്ട്‌. പുറമേനിന്നുള്ള എതിർപ്പുകളെ ജനാധിപത്യപരമായി പരിഹരിക്കാം. എന്നാല്‍ എതിർപ്പുകള്‍ സിസ്റ്റത്തിനുള്ളില്‍ നിന്നാണെങ്കില്‍ പരിഹാരം അനന്തമായി നീണ്ടുപോകാന്‍ സാധ്യതയുണ്ട്.

ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായി വിദ്യാഭ്യാസമേഖലയെ ഭാരതീയവൽക്കരിക്കാനും ആത്മീയവൽക്കരിക്കാനും ഹിന്ദുത്വവൽക്കരിക്കാനും കുത്തകവൽക്കരിക്കാനും സർവോപരി കേന്ദ്രവൽക്കരിക്കാനുമുള്ള ഭഗീരഥപ്രയത്നം ഒരുഭാഗത്ത് നടക്കുമ്പോള്‍ അവയെ എല്ലാം അവഗണിച്ചുകൊണ്ട് നമ്മുടെ ഭരണഘടനാമൂല്യങ്ങള്‍ ഉയർത്തിപ്പിടിക്കുന്നതും സാമൂഹികനീതിയിലധിഷ്ഠിതവും ഗുണമേന്മയുള്ളതുമായ വിദ്യാഭ്യാസം ഉറപ്പുവരുത്താനാണ് കേരളം ശ്രമിക്കുന്നത്.

ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായി വിദ്യാഭ്യാസമേഖലയെ ഭാരതീയവൽക്കരിക്കാനും ആത്മീയവൽക്കരിക്കാനും ഹിന്ദുത്വവൽക്കരിക്കാനും കുത്തകവൽക്കരിക്കാനും സർവോപരി കേന്ദ്രവൽക്കരിക്കാനുമുള്ള ഭഗീരഥപ്രയത്നം ഒരുഭാഗത്ത് നടക്കുമ്പോള്‍ അവയെ എല്ലാം അവഗണിച്ചുകൊണ്ട് നമ്മുടെ ഭരണഘടനാമൂല്യങ്ങള്‍ ഉയർത്തിപ്പിടിക്കുന്നതും സാമൂഹികനീതിയിലധിഷ്ഠിതവും ഗുണമേന്മയുള്ളതുമായ വിദ്യാഭ്യാസം ഉറപ്പുവരുത്താനാണ് കേരളം ശ്രമിക്കുന്നത്.

കോവിഡിനെ അതിജീവിക്കാന്‍ അവതരിപ്പിച്ച ഓൺലൈൻ സംവിധാനം, എഡ്യുടെക് കോർപറേറ്റുകളെ പ്രീണിപ്പിക്കുന്നതിനുവേണ്ടി ശക്തമായി തുടരാനും വ്യാപകമാക്കാനുമാണ് കേന്ദ്രസർക്കാര്‍ ശ്രമിക്കുന്നത്. അതിന്റെ  ഭാഗമായി വേണം ‘ബ്ലെൻഡെഡ് ലേണിങ്ങി’നെയും ‘വെർച്വല്‍ ലാബു’കളേയുമൊക്കെ കാണാന്‍.

സാങ്കേതിക സംവിധാനങ്ങളെ ഉപയോഗപ്പെടുത്തിക്കൊണ്ട് ഉദ്ഗ്രഥിത പഠനവും ഉൾച്ചേർന്ന വിദ്യാഭ്യാസവും എങ്ങനെ കൂടുതല്‍ ആകർഷകവും ഫലപ്രദവുമാക്കാം എന്നാണ് നാം പരിശോധിക്കേണ്ടത്.

സാങ്കേതിക സംവിധാനങ്ങള്‍ ഒരിക്കലും അധ്യാപകന് പകരമാവില്ല എന്ന തിരിച്ചറിവ് എല്ലാവർക്കും ഉണ്ടാകണം. നവകേരള നിർമിതിയുടെ ഭാഗമായി കേരളത്തെ ഒരു വിജ്ഞാന സമൂഹമായി പരിവർത്തിപ്പിക്കാനുള്ള പ്രവർത്തനങ്ങൾക്ക്‌ ആക്കം കൂട്ടുന്നതാണ് റിപ്പോർട്ടിലെ മിക്ക നിർദേശങ്ങളും.

ആ നിർദേശങ്ങള്‍ നടപ്പാക്കുന്നതിനുള്ള ശക്തമായ അടിത്തറ കേരളത്തിൽ ഇതിനകം രൂപപ്പെട്ടുകഴിഞ്ഞിട്ടുണ്ട്. സാമൂഹിക ജ്ഞാനനിർമിതി വാദം, അതിന്റെ എല്ലാ അർഥത്തിലും നടപ്പാക്കണമെങ്കില്‍ നമ്മുടെ അധ്യാപകസമൂഹം കൂടുതല്‍ പ്രൊഫഷണലും കാര്യവിവരമുള്ളവരും ബഹുവൈജ്ഞാനികരും ആയേ മതിയാകൂ.

അതിന് ഉത്തരോത്തരം വർധമാനമായ സന്നദ്ധതയും പ്രതിബദ്ധതയും അധ്യാപകര്‍  ഒരു ശീലവും സംസ്‌കാരവുമാക്കി മാറ്റണം. നിലവിലുള്ള അധ്യാപകരെ നിരന്തരം ശാക്തീകരിക്കുകയും പ്രീ സ്‌കൂള്‍ ഉൾപ്പെടെ വിദ്യാഭ്യാസത്തിന്റെ എല്ലാ ഘട്ടങ്ങളിലും ഏറ്റവും ഉയർന്ന യോഗ്യതയുള്ള അധ്യാപകരെ നിയമിക്കുകയും വേണം.

അതിനായി ഇന്റഗ്രേറ്റഡ് കോഴ്സ് തുടങ്ങുന്നത് നന്നായിരിക്കും. പ്രീ സ്‌കൂളിങ്‌ എന്നത് കുട്ടികളുടെ അവകാശമായി മാറണമെങ്കില്‍ നിലവില്‍ അവ്യവസ്ഥിതമായി കിടക്കുന്ന ‘പ്രീ സ്‌കൂളിങ്‌ സംവിധാനത്തെ’ മറ്റൊരു ‘യജ്ഞ’ത്തിലൂടെ ശിശുസൗഹൃദമാക്കുകയും വ്യവസ്ഥാപിതമാക്കുകയും ചെയ്യേണ്ടതുണ്ട്.

ഈ ഘട്ടത്തിലാണ് കുഞ്ഞുങ്ങളുടെ മസ്തിഷ്‌കവികാസം അതിന്റെ ഉന്നതിയില്‍ നടക്കുന്നത്. ജനനം മുതല്‍ ആറ്‌ വയസ്സുവരെയുള്ള കാലഘട്ടം വിദ്യാഭ്യാസാവകാശനിയമത്തിന്റെ പരിധിയില്‍ വരുന്നില്ല. അതുകൊണ്ടുതന്നെ കുട്ടികളെയും രക്ഷിതാക്കളെയും സംബന്ധിച്ച് അത്യന്തം സങ്കീർണവും നിർണായകവുമായ കാലഘട്ടമാണിത്.

രക്ഷിതാക്കളുടെ ഈ ഉത്കണ്ഠയെ പ്രയോജനപ്പെടുത്തുന്നത് ഇന്ന് കച്ചവടശക്തികള്‍ ആണ്. അതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് എൻ ടി എ നടത്തിയ നീറ്റ്/നെറ്റ് പരീക്ഷകളിൽ സമീപകാലത്തുണ്ടായ ചോദ്യപേപ്പർ കുംഭകോണം.

വിദ്യാഭ്യാസ രംഗത്ത് പുരോഗതി നേടിയിട്ടുള്ള പല രാഷ്ട്രങ്ങളിലും പ്രൈമറി ഘട്ടത്തില്‍ പ്രത്യേക പാഠ്യപദ്ധതിയോ പാഠപുസ്തകങ്ങളോ നിഷ്‌കർഷിക്കുന്നില്ല. നമ്മുടെ രാജ്യത്ത് അങ്ങനെയല്ല. അതുകൊണ്ടുതന്നെ ഒന്നുമുതല്‍ നാലുവരെ ക്ലാസുകളില്‍ പാഠപുസ്തകങ്ങള്‍ ഔപചാരിക പഠനത്തിനുള്ള വഴികാട്ടിയായി മാത്രമേ കാണേണ്ടതുള്ളൂ.

എന്നാല്‍ അഞ്ചുമുതല്‍ എഴുവരെയുള്ള ഘട്ടത്തില്‍ കുറേക്കൂടി ആഴത്തിലുള്ള ഉള്ളടക്കമാകാം. ഈ ഘട്ടത്തില്‍ കുട്ടിയുടെ പരിസരവുമായി ബന്ധപ്പെട്ട തൊഴില്‍ മേഖല പരിചയപ്പെടാനും അതുവഴി തൊഴിലിനോടുള്ള താൽപ്പര്യവും മനോഭാവവും ആഭിമുഖ്യവും വളർത്തിക്കൊണ്ടുവരാനും സാധിക്കും. സർവോപരി ശാരീരികവും മാനസികവും വൈകാരികവും മാനുഷികവും സാമൂഹികവുമായ വളർച്ചയ്‌ക്ക്‌ ഉതകുന്ന സാഹചര്യം ഒരുക്കേണ്ടതും അനിവാര്യമാണ്.

എട്ടുമുതല്‍ പന്ത്രണ്ടാം തരം വരെയാണ് സെക്കൻഡറി തലം. കോത്താരി കമീഷന്റെ കാലം മുതല്‍ പൊതുവിദ്യാഭ്യാസം എന്നത് പത്തു വർഷത്തെ പൊതുവിഷയപഠനവും, വ്യത്യസ്ത വിഷയങ്ങളുടെ ഗ്രൂപ്പുകളായുള്ള രണ്ടുവർഷത്തെ ആഴത്തിലുള്ള പഠനവും ചേരുന്നതാണ്. ഈ കോമ്പിനേഷനുകള്‍ അങ്ങനെതന്നെ തുടരണമോ എന്ന് പരിശോധിക്കണം.

ഈ ഘട്ടത്തില്‍ കുട്ടിയുടെ അക്കാദമികവും കായികവും കലാപരവുമായ  സർഗശേഷികളെ പരിപോഷിപ്പിക്കാനും ആസ്വാദനക്ഷമതയെ വികസിപ്പിക്കാനും ആശയാവിഷ്കാരത്തിനുള്ള അവസരമൊരുക്കാനും സാധിക്കണം.  പന്ത്രണ്ടാം ക്ലാസ് വിദ്യാഭ്യാസം എന്നത് ഉപരിപഠനത്തിനുള്ള പീഠികയായി മാത്രം കാണാതെ അതിജീവനത്തിനുള്ള ഉപാധിയായിക്കൂടി കണ്ടുകൊണ്ട് അതിനനുസരിച്ചുള്ള പ്രവർത്തനാധിഷ്ഠിത കോഴ്സുകളും ഉള്ളടക്കവും പഠനരീതികളും തൊഴിലവസരങ്ങളും തൊഴില്‍ സംരംഭങ്ങളും വികസിപ്പിക്കേണ്ടതാണ്.

ചുറ്റുപാടുകളെക്കുറിച്ചും സമൂഹത്തെക്കുറിച്ചും പ്രപഞ്ചത്തെക്കുറിച്ചുമൊക്കെയുള്ള സ്വന്തം കാഴ്ചപ്പാടുകൾക്ക്‌  ചിറകുമുളയ്‌ക്കുന്ന ഘട്ടമാണിത്. കുട്ടിയുടെ അത്തരം ചിന്തകളെയും അന്വേഷണങ്ങളെയും നേരായ വഴിയ്‌ക്ക് നയിക്കാനും അപഗ്രഥിക്കാനും അവയുടെ ഗുണദോഷവിചാരം നടത്താനും സുസ്ഥിര വികസന ലക്ഷ്യങ്ങള്‍ ഉൾക്കൊണ്ട്‌ മുന്നേറാനും ഈ ഘട്ടത്തില്‍ കുട്ടികൾക്ക്‌ കഴിയണം.

ഇത്രയധികം കുട്ടികള്‍ ഒരു ക്ലാസില്‍ വേണ്ടതുണ്ടോ എന്ന് പര്യാലോചിക്കണം. ബഹുമുഖങ്ങളായ സർഗാത്മകതയുടെയും ക്രിയാത്മകതയുടെയും ആസ്വാദനപരതയുടെയും സൗന്ദര്യം ആസ്വദിക്കാനും നൂതനങ്ങളായ അനുഭവങ്ങളും അവസരങ്ങളും സ്വാംശീകരിക്കാനും അതുവഴി സ്വന്തം ആശയങ്ങളെ പ്രായോഗിക പ്രവർത്തനപരിപാടികളാക്കി മാറ്റാനും വിദ്യാർഥികൾക്ക്‌ പ്രചോദനം നൽകുന്ന നവ പാഠ്യപദ്ധതിയും നവ ബോധനരീതികളും ഉണ്ടാകേണ്ടിയിരിക്കുന്നു.

 മൂല്യനിർണയം

ഇന്ത്യയുടെ ഭാവി രൂപപ്പെടുന്നത് ക്ലാസ്മുറികൾക്കുള്ളിലാണെന്ന കോത്താരി കമീഷന്റെ കാഴ്ചപ്പാടുകൾക്ക്‌ കേരളത്തില്‍ ഇപ്പോള്‍ പ്രസക്തിയില്ല. കോവിഡ് മഹാമാരി, കുട്ടികളെ ക്ലാസ്  മുറികളില്‍നിന്നു പുറത്തെത്തിച്ചതോടുകൂടി

ദൗലത്‌ സിങ്‌  കോത്താരി

ദൗലത്‌ സിങ്‌ കോത്താരി

അക്കാദമികവും അക്കാദമികേതരവും എന്ന വേർതിരിവ് ഏറെക്കുറെ ഇല്ലാതായിരിക്കുന്നു.

കലാകായിക പ്രവർത്തനങ്ങള്‍ ഉൾപ്പെടെ എല്ലാം ഇന്ന് അക്കാദമിക പ്രവർത്തനങ്ങളുടെ ഭാഗമാണ്. പഠനവിഷയങ്ങള്‍ തമ്മില്‍ ഇനി വെള്ളം കയറാത്ത അറകളായി അകന്നുനിൽക്കാനാവില്ല. വരുംകാലങ്ങള്‍ ഉദ്ഗ്രഥിത സമീപനത്തിന്റെ കാലഘട്ടമാണ്.

അതുകൊണ്ടുതന്നെ പഠനപ്രക്രിയക്ക് ഊന്നല്‍ നൽകാതെ പഠനഫലത്തിന്റെ (Learning Outcome) അടിസ്ഥാനത്തില്‍ മാത്രം നടത്തിവരുന്ന വിലയിരുത്തല്‍ പ്രക്രിയയുടെ പ്രസക്തിയും നഷ്ടപ്പെട്ടുകഴിഞ്ഞു.

വിദ്യാഭ്യാസപ്രക്രിയയുടെ അവിഭാജ്യ ഘടകമായ വിലയിരുത്തല്‍, കുട്ടികളുടെ വ്യത്യസ്തങ്ങളായ മികവുകളും കഴിവുകളും അവരറിയാതെ തന്നെ കണ്ടെത്താനും അവയെ അംഗീകരിക്കാനും പ്രോത്സാഹിപ്പിക്കാനും അതുവഴി അവരെ കൂടുതല്‍ ആത്മവിശ്വാസമുള്ളവരാക്കി മാറ്റാനും വിദ്യാഭ്യാസപ്രക്രിയക്ക് സാധിക്കണം.

അതല്ലാതെ കുട്ടികളുടെ നിലവാരത്തിന്റെ അടിസ്ഥാനത്തില്‍ അവരെ വ്യത്യസ്ത കള്ളികളിലും ഗ്രേഡുകളിലുമൊക്കെ വിന്യസിക്കുന്ന ഇന്നത്തെ രീതി, കുട്ടികൾക്കിടയില്‍ വിവേചനത്തിന് വഴിവയ്ക്കും. അതുപോലെതന്നെ ഭിന്നശേഷി സൗഹൃദവും ശിശുസൗഹൃദവും ആകണം നമ്മുടെ വിദ്യാഭ്യാസം. വിദ്യാലയങ്ങളെ ഗുണമേന്മയുടെ അടിസ്ഥാനത്തിലോ നിലവാരസൂചികയുടെ അടിസ്ഥാനത്തിലോ വേർതിരിക്കുന്ന രീതി ഒട്ടും ആശാസ്യമല്ല.

പരീക്ഷകള്‍ തന്നെ അപ്രസക്തമായിക്കൊണ്ടിരിക്കുന്ന വർത്തമാനകാല സാഹചര്യത്തില്‍ മൂല്യനിർണയത്തിന് നൂതനവും ശാസ്ത്രീയവും സമഗ്രവും വിദ്യാർഥിസൗഹൃദവുമായ മാർഗങ്ങളും രീതികളും അവലംബിക്കേണ്ടിയിരിക്കുന്നു. അത് ഫലപ്രദമാകണമെങ്കില്‍ അധ്യാപക‐വിദ്യാർഥി അനുപാതം ശാസ്ത്രീയമായി പരിഷ്‌കരിക്കുകയും വേണം.

രാവിലെ മുതല്‍ വൈകുന്നതുവരെ കുട്ടികളെ ക്ലാസ് മുറിക്കുള്ളില്‍ അടച്ചിട്ടുകൊണ്ടുള്ള ഇന്നത്തെ പഠനരീതി അങ്ങനെ തന്നെ തുടരണമോ എന്ന് പര്യാലോചിക്കണം. വിദ്യാലയങ്ങൾക്ക്‌ മാസ്റ്റര്‍ പ്ലാന്‍ എന്നപോലെ ഓരോ അധ്യാപകനും ഒരു മാസ്റ്റർ പ്ലാൻ ഉണ്ടാകണം. ഓരോ കുട്ടിക്കും ഓരോ ആസൂത്രണരേഖ ഉണ്ടാകണം. അത് അവരുടെ വൈവിധ്യമാർന്ന ശേഷികളുടെയും കഴിവുകളുടെയും നൈപുണികളുടെയും വികാസവുമായി ബന്ധപ്പെട്ടതാകണം.

അധ്യാപകനും വിദ്യാർഥികളും തമ്മിലും കുട്ടികള്‍ തമ്മില്‍ തമ്മിലും കൂട്ടായും നടത്തുന്ന വിമർശനാത്മകവും സർഗാകത്മകവുമായ ചിന്തകളുടെയും ചർച്ചകളുടെയും സംവേദനങ്ങളുടെയുമൊക്കെ ആകത്തുകയായിരിക്കും ആസൂത്രണരേഖ. കുട്ടികളെ വിലയിരുത്തുന്നതുപോലെ തന്നെ സുപ്രധാനമാണ് അധ്യാപകരെ വിലയിരുത്തുന്നതും. അധ്യാപകര്‍ സാമൂഹിക ഓഡിറ്റിങ്ങിന്‌ സ്വയം സന്നദ്ധരായി മുന്നോട്ടുവരാന്‍ തയ്യാറാകണം.

അതിനുള്ള ഒരു രീതിശാസ്ത്രം കൂട്ടായ ചർച്ചകളിലൂടെ വികസിപ്പിക്കണം. അൻപതോളം വരുന്ന അധ്യാപക സംഘടനകള്‍ പരസ്പരം പോരടിക്കുന്ന നമ്മുടെ വിദ്യാഭ്യാസ മേഖലയില്‍ രീതിശാസ്ത്ര രൂപീകരണം ക്ഷിപ്രസാധ്യമല്ല. ഇവിടെയാണ് വർഷങ്ങൾക്ക്‌ മുമ്പ്‌ കേരള ഹൈക്കോടതി റഫറണ്ടം സംബന്ധിച്ച് നടത്തിയ വിധിയുടെ പ്രസക്തി.

അനുനിമിഷം നമ്മളെ വിസ്മയിപ്പിക്കുന്ന തരത്തിലുള്ള വിജ്ഞാനവിസ്‌ഫോടനം നടന്നുകൊണ്ടിരിക്കുന്ന ഇക്കാലത്ത്, അധ്യാപകരെ നിരന്തരം നവീകരിക്കുകയും ശാക്തീകരിക്കുകയും ചെയ്യേണ്ടത് സമൂഹത്തിന്റെ വളർച്ചയ്ക്ക് അനിവാര്യമാണ്. അന്ധവിശ്വാസങ്ങളുടെയും അനാചാരങ്ങളുടെയും പേരില്‍ വർധിച്ചുവരുന്ന നരബലികളും കൂട്ടക്കുരുതികളും മയക്കുമരുന്ന് മാഫിയകളുടെ പ്രവർത്തനങ്ങളും അധ്യാപകർക്കിടയില്‍ ചർച്ച ചെയ്യപ്പെടണം.

അതിന്റെ കാരണങ്ങള്‍ കണ്ടെത്താനും അത്തരം ദുഷ്‌പ്രവണതകളെ സമൂഹത്തില്‍നിന്ന് ഉന്മൂലനം ചെയ്യാനും അധ്യാപകര്‍ മുൻകൈയെടുക്കണം. അതോടൊപ്പംതന്നെ അവർക്ക്‌ അതിനുള്ള അവസരവും പ്രോത്സാഹനവും നൽകേണ്ടതും സർക്കാരിന്റെ ഉത്തരവാദിത്വമാണ്. എങ്കിൽ മാത്രമേ വിദ്യാർഥികളെ നാം വിഭാവനം ചെയ്യുന്ന നല്ല മാനവരാക്കാൻ സാധിക്കുകയുള്ളൂ.

അധ്യാപകനിയമനം

മറ്റൊരു കോഴ്സിനും പ്രവേശനം ലഭിച്ചില്ലെങ്കില്‍ അധ്യാപക വിദ്യാഭ്യാസത്തിന് ചേരാമെന്ന കാഴ്ചപ്പാടിന് ഇപ്പോഴും കാര്യമായ മാറ്റം വന്നിട്ടില്ല. അതുകൊണ്ടുതന്നെ അധ്യാപനത്തില്‍ അഭിരുചിയും അഭിനിവേശവും താൽപ്പര്യവും ഇല്ലാത്ത ആർക്കും അധ്യാപകരാകാം എന്ന സ്ഥിതിവിശേഷത്തിന് അവസാനമുണ്ടാകണം.

സർക്കാര്‍ ഖജനാവില്‍നിന്ന് വേതനം നൽകുകയും മാനേജർമാര്‍ വന്‍ കോഴ വാങ്ങി നിയമനം നടത്തുകയും ചെയ്യുന്ന രീതി ഇനിയും തുടരണമോ എന്നത് പരിശോധിക്കപ്പെടണം. തസ്തിക നിർണയത്തിന് മുമ്പുതന്നെ ‘നിയമനം’ നടത്തുന്ന പ്രവണത ആശാസ്യമല്ല.

ആയതിനാല്‍ പിഎസ്‌സി മുഖേനയോ പ്രത്യേക റിക്രൂട്ട്‌മെന്റ്‌ സംവിധാനം വഴിയോ അധ്യാപക നിയമനം നടത്തണമെന്ന നിർദേശം സംബന്ധിച്ച്‌ ബന്ധപ്പെട്ടവരുമായി തുറന്ന ചർച്ച നടത്തി സമവായത്തിലെത്താന്‍ കഴിയണം. സ്ഥാനക്കയറ്റത്തിന്, അറിവിനും കഴിവിനും നൈപുണിയ്‌ക്കും യാതൊരു പരിഗണനയും നൽകാതെ സീനിയോറിറ്റി മാത്രം പരിഗണിക്കുന്ന രീതി ശാസ്ത്രീയമായി പരിഷ്‌കരിക്കപ്പെടണം.

അധ്യാപക യോഗ്യത നേടുന്നവര്‍ മിക്കപ്പോഴും വർഷങ്ങള്‍ കഴിഞ്ഞാണ് ജോലിയില്‍ പ്രവേശിക്കുക. അതിനിടയില്‍ ശാസ്ത്ര സാങ്കേതിക വിജ്ഞാന മേഖലകളിലും ബോധന ശാസ്ത്ര മേഖലകളിലും ശരവേഗത്തില്‍ ഉണ്ടായിക്കൊണ്ടിരിക്കുന്ന പരിവർത്തനങ്ങള്‍ ഇക്കൂട്ടര്‍ അറിഞ്ഞുകൊള്ളണമെന്നില്ല.

അത്തരക്കാരെ, സർവീസില്‍ പ്രവേശിക്കുന്നതിന് മുമ്പോ അതിന് ശേഷമോ എസ്‌സിഇആര്‍ടിയുടെയും ഡയറ്റുകളുടെയും സംയുക്താഭിമുഖ്യത്തില്‍ നിർബന്ധിത ഇൻഡക്‌ഷന്‍ കോഴ്സുകൾക്ക്‌  വിധേയരാക്കണം. പ്രോബേഷന്‍ പ്രഖ്യാപനത്തിന് ഇത് ഒരു മുന്നുപാധി ആക്കാവുന്നതാണ്.

പാഠ്യപദ്ധതി

പാഠ്യപദ്ധതി എന്നത് കുട്ടികൾക്ക്‌ എല്ലാവർക്കും സമാനമായി നൽകപ്പെടുന്ന ഒരു സമീകൃതാഹാരമാണെന്ന് പറയാം. അതുകൊണ്ടുതന്നെ കുട്ടികളുടെ പ്രായത്തിനും വളർച്ചയ്ക്കും ഉതകുന്ന വിഭവങ്ങളാണ് പാഠ്യപദ്ധതിയിലൂടെ നാം നൽകേണ്ടത്.

ദേശീയതലത്തില്‍ തയ്യാറാക്കുന്ന ചട്ടക്കൂടിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനങ്ങള്‍  തയ്യാറാക്കുന്ന ചട്ടക്കൂടില്‍ നിന്നുകൊണ്ടാണ് മുന്‍കാലങ്ങളില്‍ പാഠ്യപദ്ധതിയും തദനുസൃതമായ പാഠപുസ്തകങ്ങളും തയ്യാറാക്കിയിരുന്നത്. അതിനിപ്പോള്‍ കേന്ദ്രസർക്കാർ മാറ്റം വരുത്തിയിരിക്കുന്നു.

സാമൂഹിക ജ്ഞാനനിർമിതി വാദത്തില്‍ അധിഷ്ഠിതമായ കെ സി എഫ് 2007ന്റെ പീഠികയില്‍ നിന്നുകൊണ്ട് ഈ നൂറ്റാണ്ടിന്റെയും വരും നൂറ്റാണ്ടിന്റെയും വെല്ലുവിളികളെ അഭിമുഖീകരിക്കാനും അതിജീവിക്കാനും കഴിയുന്ന വിധത്തിലുള്ള വിജ്ഞാന സമൂഹത്തെ രൂപപ്പെടുത്താന്‍ കഴിയുന്നതാകണം പുതിയ പാഠ്യപദ്ധതി.

വിവിധ വിഷയങ്ങളെ വേർതിരിച്ചു പഠിപ്പിക്കുന്ന രീതി ഇനിയും തുടരാനാവില്ല. ശാസ്ത്രീയവും വിമർശനപരവും സർഗപരവും യുക്തിപരവുമായ ചിന്തകൾക്ക്‌ പാഠ്യപദ്ധതി കൂടുതല്‍ ഊന്നല്‍ നൽകണം.

വിദ്യാഭ്യാസം ആജീവനാന്തം നീണ്ടുനിൽക്കുന്ന ഒരു പ്രക്രിയ ആയതിനാല്‍ നവകേരള നിർമിതിയില്‍ വിദ്യാഭ്യാസ മേഖലയ്ക്ക് നിർണായകമായ പങ്ക് വഹിക്കാനുണ്ട്; പ്രത്യേകിച്ച്‌ കേന്ദ്രസർക്കാരിന്റെ നേതൃത്വത്തില്‍ രാജ്യത്തെ ഹിന്ദുത്വവൽക്കരിക്കാനും അന്യമതവിദ്വേഷം വളർത്താനും ഭരണഘടനാമൂല്യങ്ങള്‍ ഇല്ലാതാക്കാനും കൊണ്ടുപിടിച്ച ശ്രമം നടക്കുന്ന പശ്ചാത്തലത്തില്‍.

നവഭാരത സൃഷ്ടിയുടെ പേരില്‍ മോദി ഭരണകൂടം രാജ്യത്തെ ഹിന്ദിവൽക്കരിക്കാനും ഹിന്ദുത്വവൽക്കരിക്കാനും ശ്രമിക്കുമ്പോള്‍ നവകേരളസൃഷ്ടിയുടെ ഭാഗമായി നമ്മുടെ കുട്ടികളെ മാനവീകരിക്കാനാണ്‌ ശ്രമിക്കേണ്ടത്. പ്രഥമദൃഷ്ട്യാ അപ്രായോഗികമെന്ന് തോന്നാമെങ്കിലും അതിനുള്ള സുതാര്യവും പ്രായോഗികവുമായ നിർദേശങ്ങളാണ് ഖാദര്‍ കമ്മിറ്റി മുന്നോട്ടുവയ്ക്കുന്നത്.

നവഭാരത സൃഷ്ടിയുടെ പേരില്‍ മോദി ഭരണകൂടം രാജ്യത്തെ ഹിന്ദിവൽക്കരിക്കാനും ഹിന്ദുത്വവൽക്കരിക്കാനും ശ്രമിക്കുമ്പോള്‍ നവകേരളസൃഷ്ടിയുടെ ഭാഗമായി നമ്മുടെ കുട്ടികളെ മാനവീകരിക്കാനാണ്‌ ശ്രമിക്കേണ്ടത്. പ്രഥമദൃഷ്ട്യാ അപ്രായോഗികമെന്ന് തോന്നാമെങ്കിലും അതിനുള്ള സുതാര്യവും പ്രായോഗികവുമായ നിർദേശങ്ങളാണ് ഖാദര്‍ കമ്മിറ്റി മുന്നോട്ടുവയ്ക്കുന്നത്.


ദേശാഭിമാനി വാരികയിൽ നിന്ന്

                                                                                                                                                  
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top