22 November Friday

പൊതു വിദ്യാലയങ്ങളിൽ കൈറ്റിന്റെ 
പുതിയ സ്വതന്ത്ര ഓപ്പറേറ്റിങ്‌ സ്യൂട്ട്

വെബ് ഡെസ്‌ക്‌Updated: Wednesday Aug 21, 2024

സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിലെ മൂന്നു ലക്ഷത്തിലധികം വരുന്ന കംപ്യൂട്ടറുകളിലും ഉപയോഗിക്കാനായി കൈറ്റ് ഗ്‌നു ലിനക്‌സ് 22.04 എന്ന പുതുക്കിയ സ്വതന്ത്ര ഓപ്പറേറ്റിങ്‌ സിസ്റ്റം സ്യൂട്ട്  തയ്യാറായി. കേരള ഇൻഫ്രാസ്ട്രക്ചർ ആൻഡ്‌ ടെക്‌നോളജി ഫോർ എഡ്യൂക്കേഷനാ (കൈറ്റ്)ണ്‌ ഇത്‌ തയ്യാറാക്കിയത്‌.

സ്‌കൂളുകളിലെ ഐസിടി പഠനത്തിനു മാത്രമല്ല, വിദ്യാർഥികൾക്കും അധ്യാപകർക്കും വീടുകളിൽ പൊതുവായ ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്ന കംപ്യൂട്ടറുകളിലും സർക്കാർ ഓഫീസുകൾ, ഡിടിപി സെന്ററുകൾ, പത്രസ്ഥാപനങ്ങൾ, സോഫ്റ്റ്‌വെയർ നിർമാതാക്കൾ, എൻജിനിയറിങ് കോളേജിലെ വിദ്യാർഥികൾ തുടങ്ങിയവർക്കും സമ്പൂർണ കംപ്യൂട്ടിങ് പ്ലാറ്റ്‌ഫോമായി ഈ ഒഎസ് സ്യൂട്ട് സൗജന്യമായി ഉപയോഗിക്കാം. നിലവിൽ ഉപയോഗിക്കുന്ന എക്‌സ് ഓർഗ് ജാലക സംവിധാനത്തിൽനിന്ന് വിഭിന്നമായി വേലാന്റ് സംവിധാനം സജ്ജീകരിച്ചാണ് പുതിയ പതിപ്പ്.

നിർമിതബുദ്ധിയും

 സ്വതന്ത്ര ജനകീയ ഓപ്പറേറ്റിങ് സിസ്റ്റമായ ഉബുണ്ടു അടിസ്ഥാനമാക്കി കസ്റ്റമൈസ് ചെയ്ത ഈ വിദ്യാഭ്യാസ ഒഎസ് സ്യൂട്ടിൽ പാഠപുസ്തകങ്ങളിൽ അവതരിപ്പിക്കുന്ന  ജി-കോമ്പ്രിസ്, ടക്‌സ്‌പെയിന്റ്, പിക്‌റ്റോബ്ലോക്‌സ്, ട്രാഫിക് ഗെയിം, വേസ്റ്റ് ചാലഞ്ച്, ഒമ്‌നി ടക്‌സ്, എഡ്യൂആക്ടിവേറ്റ്, ഫെറ്റ്, ജിയോജിബ്ര, ലിബർഓഫീസ് പാക്കേജ്, കളർപെയിന്റ്, സ്‌ക്രാച്ച്, ക്രിറ്റ തുടങ്ങിയ ആപ്ലിക്കേഷനുകൾ ലഭ്യമാണ്. നിർമിതബുദ്ധി ഈ വർഷംമുതൽ ഏഴാം ക്ലാസിലെ ഐസിടി പാഠപുസ്തകത്തിന്റെ ഭാഗമായ പശ്ചാത്തലത്തിൽ എഐ, മെഷീൻ ലേണിങ്, കംപ്യൂട്ടർ വിഷൻ തുടങ്ങിയവയിൽ പ്രാഥമിക ധാരണകൾ നേടാനുള്ള ടൂളുകളും ഇതിലുണ്ട്.

ഇ-–- ബുക്ക് റീഡർ, ഗ്രാഫിക്‌സ് -ഇമേജ് എഡിറ്റിങ്

മലയാളം കംപ്യൂട്ടിങ് സാധ്യമാക്കുന്നതിനുള്ള വിപുലമായ സംവിധാനങ്ങൾക്കു പുറമെ ഇ -ബുക്ക് റീഡർ, ഡിടിപി  സോഫ്റ്റ്‌വെയർ, ലാടെക് എഡിറ്റർ, ഗ്രാഫിക്‌സ് -ഇമേജ് എഡിറ്റിങ് സോഫ്റ്റ്‌വെയറുകൾ, സൗണ്ട് റെക്കോഡിങ് -വീഡിയോ എഡിറ്റിങ് -ത്രിഡി അനിമേഷൻ പാക്കേജുകൾ തുടങ്ങിയവയും ഉൾപ്പെടുത്തിയിട്ടുണ്ട്‌.  സ്‌ക്രീൻ റെക്കോഡിങ് -ബ്രോഡ്കാസ്റ്റർ ടൂളുകൾ, പ്രോഗ്രാമിങ്ങിനുള്ള ഐഡിഇകൾ, ഡാറ്റാബേസ് സെർവറുകൾ, ഡാറ്റാബേസ് അപ്ലിക്കേഷനുകൾ, മൊബൈൽ ആപ്പുകളുടെ ഡെസ്‌ക്‌ ടോപ്‌ വേർഷനുകൾ തുടങ്ങിയവയും ഉൾപ്പെടുത്തിയിട്ടുണ്ട്.

3000 കോടിയുടെ ലാഭം

നേരത്തേ ഹയർ സെക്കൻഡറി സ്‌കൂളുകൾക്കുള്ള കോഴ്‌സുകൾക്കും വൊക്കേഷണൽ ഹയർ സെക്കൻഡറിയിലെ എൻഎസ്‌ക്യുഎഫ് ജോബ് റോളുകൾക്കുള്ള സോഫ്റ്റ്‌വെയറുകൾക്കും പൂർണമായും സ്വതന്ത്ര സോഫ്റ്റ്‌വെയറുകൾ പ്രയോജനപ്പെടുത്തിയുള്ള ലാപ്‌ടോപ്പുകൾ സ്‌കൂളുകളിൽ കൈറ്റ് സജ്ജമാക്കിയിട്ടുണ്ട്. ഇതുമൂലം രണ്ടു ലക്ഷം കംപ്യൂട്ടറുകളിൽനിന്നായി 3000 കോടി രൂപ ലാഭിക്കാനായത് അന്താരാഷ്ട്ര തലത്തിൽ ശ്രദ്ധിക്കപ്പെട്ടിരുന്നു. സ്‌കൂളുകളിലെ കംപ്യൂട്ടറുകൾ പുതിയ ഓപ്പറേറ്റിങ് സിസ്റ്റം ഇൻസ്റ്റാൾ ചെയ്യുന്നതിനുള്ള പരിശീലനം എല്ലാ സ്‌കൂൾ ഐടി കോ–-ഓർഡിനേറ്റർമാർക്കും നൽകുമെന്ന് കൈറ്റ് സിഇഒ കെ അൻവർ സാദത്ത് അറിയിച്ചു. കൈറ്റ് വെബ്‌സൈറ്റിലെ ഡൗൺലോഡ്സ് ലിങ്കിൽനിന്ന്‌ 23 മുതൽ ഒഎസ് സ്യൂട്ട് സൗജന്യമായി ഡൗൺലോഡ് ചെയ്യാം. 23ന് രാവിലെ 10.30ന് എറണാകുളം കൈറ്റ് കേന്ദ്രത്തിൽ നടക്കുന്ന ചടങ്ങിൽ  മന്ത്രി വി ശിവൻകുട്ടി പുതിയ ഓപ്പറേറ്റിങ് സ്യൂട്ട്‌ പ്രകാശനം ചെയ്യും. വിവരങ്ങൾക്ക്‌:  kite.kerala.gov.in


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top