23 December Monday

എംബിബിഎസ് സൗജന്യമായി പഠിക്കാം

വെബ് ഡെസ്‌ക്‌Updated: Wednesday Aug 7, 2024

നീറ്റ് യുജി (NEET UG 2024)യിൽ മികച്ച സ്കോർ ലഭിച്ചവർക്ക്‌ സൗജന്യമായി എംബിബിഎസ് പഠനം പൂർത്തിയാക്കി, ആംഡ് ഫോഴ്സസ് മെഡിക്കൽ സർവീസസിൽ (ആർമി /നേവി /എയർ ഫോ‌ഴ്‌സ്‌‌ ) കമീഷൻഡ് റാങ്കോടെയുള്ള മെഡിക്കൽ ഓഫീസറാകാൻ അവസരം. ആകെ 145 സീറ്റാണുള്ളത്. 115 സീറ്റ്‌ ആൺകുട്ടികൾക്കും 30 സീറ്റ്‌ പെൺകുട്ടികൾക്കും. 10 സീറ്റ്‌ പട്ടികവിഭാഗക്കാർക്കുള്ളതാണ്.

അപേക്ഷാ യോഗ്യത


2001 ജനുവരി ഒന്നിനും 2007 ഡിസംബർ 31 നുമിടയിൽ ജനിച്ചവരാകണം. നീറ്റ് യുജി 2024ൽ  യോഗ്യത നേടണം. ഇംഗ്ലീഷ്, ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി/ ബയോടെക്നോളജി  വിഷയങ്ങളടങ്ങിയ പ്ലസ്‌ടു  ആദ്യ ചാൻസിൽ ജയിക്കണം. ഈ നാല് വിഷയത്തിൽ ഓരോന്നിനും 50 ശതമാനവും മൂന്ന് സയൻസ് വിഷയത്തിന്‌ മൊത്തത്തിൽ 60 ശതമാനം മാർക്കും നേടണം.  അവിവാഹിതരായിരിക്കണം.  

പ്രവേശനരീതി

പ്രവേശനമാഗ്രഹിക്കുന്നവർ  ഈവർഷത്തെ എംസിസി കൗൺസലിങ്ങിന്റെ ആദ്യ റൗണ്ടിൽ പങ്കെടുത്ത് ഓപ്ഷൻ നൽകണം.14 മുതൽ  20 പകൽ 12 വരെ mcc.nic.in വഴി ഓപ്ഷൻ നൽകാം. ഓപ്ഷൻ നൽകിയവരിൽനിന്നും  ഏകദേശം 1880 പേരെ (1490 ആൺകുട്ടികൾ, 390 പെൺകുട്ടികൾ) നീറ്റ് യുജി സ്കോർ അടിസ്ഥാനത്തിൽ എഎഫ്എംസി  ഷോർട്ട് ലിസ്റ്റ് ചെയ്യും.

പുണെ എഎഫ്എംസി യിൽ  സ്ക്രീനിങ് ടെസ്റ്റുണ്ട്‌. കംപ്യൂട്ടർ അധിഷ്ഠിത പരീക്ഷയായ ടിഒഇഎൽആർ എന്ന 30 മിനിറ്റ് പരീക്ഷയിൽ 40 മൾട്ടിപ്പിൾ ചോയ്‌സ് ചോദ്യങ്ങളുണ്ടാകും. ശരിയുത്തരത്തിന് രണ്ടുമാർക്ക്. ഉത്തരം തെറ്റിയാൽ അര മാർക്കു വീതം കുറയും. ടെസ്റ്റിൽ  80 ൽ ലഭിക്കുന്ന മാർക്കും നീറ്റിൽ  720ലെ  മാർക്കും ചേർത്ത് 800ലുള്ള മാർക്കിനെ 200-ലേക്ക് മാറ്റും. ഇന്റർവ്യൂവിന്റെ 50 മാർക്ക് കൂടെ ചേർത്ത് 250-ൽ ലഭിക്കുന്ന മാർക്ക്  പരിഗണിച്ചാണ് മെറിറ്റ് ലിസ്റ്റ് തയ്യാറാക്കുക.

പിഎടിയുടെ മാർക്ക് റാങ്കിങ്ങിന് പരിഗണിക്കില്ല. യോഗ്യത നേടിയാൽ മതി.  മെഡിക്കൽ പരിശോധനയുണ്ട്‌. എൻസിസി /സ്പോർട്സ് എന്നിവയിൽ പങ്കെടുത്തവർക്കും സൈനികരുടെ മക്കൾക്കും വെയ്റ്റേജുണ്ട്.

ആനുകൂല്യങ്ങൾ

ഫീസ്, താമസം, ഭക്ഷണം, യാത്ര മുതലായവ സൗജന്യമാണ്. യൂണിഫോം, ബുക്ക്, സ്റ്റേഷനറി തുടങ്ങിയവക്ക് പ്രത്യേകം  അലവൻസുണ്ട്. കോഴ്‌സ് വിജയകരമായി പൂർത്തിയാക്കുന്നവർക്ക് ആംഡ് ഫോഴ്‌സസ് മെഡിക്കൽ സർവീസസിൽ കമീഷൻഡ് റാങ്കോടെ ഡോക്ടറായി ജോലിയിൽ പ്രവേശിക്കാം. പകുതിപ്പേർക്ക്‌ പെർമനന്റ്‌ കമീഷനും  പകുതിപ്പേർക്ക് ഷോർട്ട്‌ സർവീസ് കമീഷനും നൽകും.
വിവരങ്ങൾക്ക്‌:   www.afmcdg1d.gov.in, www.afmc.nic.in


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top