22 November Friday
ആദ്യറൗണ്ടിൽ രജിസ്റ്റർ ചെയ്യാൻ

നീറ്റ് യു ജി 2024 അലോട്മെന്റ് നടപടികൾ തുടങ്ങി; ഇക്കാര്യങ്ങൾ നേരത്തെ അറിഞ്ഞിരിക്കുക

വെബ് ഡെസ്‌ക്‌Updated: Thursday Aug 15, 2024


ന്യൂഡൽഹി> നീറ്റ് യു.ജി. 2024 അടിസ്ഥാനമാക്കി ദേശീയതലത്തിൽ നടത്തുന്ന എം.ബി.ബി.എസ്./ബി.ഡി.എസ്./ബി.എസ്‌സി. നഴ്‌സിങ് അലോട്‌മെന്റ് നടപടികൾ  ആരംഭിച്ചു.

നടപടി ക്രമങ്ങൾ വിശദമാക്കുന്ന ഇൻഫർമേഷൻ ബുള്ളറ്റിൻ ആൻഡ് കൗൺസലിങ് സ്‌കീം മെഡിക്കൽ കൗൺസലിങ് കമ്മിറ്റി (എം.സി.സി.)   പ്രസിദ്ധപ്പെടുത്തി.

മൂന്നു കോഴ്‌സുകളും പല വിഭാഗം സ്ഥാപനങ്ങളും വ്യത്യസ്ത സീറ്റുകളും ഉണ്ടെങ്കിലും കൗൺസലിങ് പ്രക്രിയയാണ് സമാനമാണ്. വിശദ വിവരങ്ങൾ ഇതോടൊപ്പം നൽകുന്നു. വെബ് സൈറ്റ് mcc.nic.in

നേരത്തെ അറിയേണ്ട കാര്യങ്ങൾ

ആദ്യ റൗണ്ട് രജിസ്‌ട്രേഷനാണ് ഇപ്പോൾ തുടങ്ങിയിരിക്കുന്നത്. ആദ്യറൗണ്ടിൽ രജിസ്റ്റർ ചെയ്യാൻ കഴിയാത്തവർക്ക് രണ്ടാംറൗണ്ടിനായും രണ്ടിനും രജിസ്റ്റർ ചെയ്യാൻ കഴിയാത്തവർക്ക് മൂന്നാംറൗണ്ടിനും വ്യവസ്ഥകൾക്കു വിധേയമായി രജിസ്റ്റർ ചെയ്യാം. സ്‌ട്രേ റൗണ്ടിലും വ്യവസ്ഥകളോടെ പുതിയ രജിസ്‌ട്രേഷൻ ഉണ്ടായിരിക്കും.രജിസ്‌ട്രേഷൻ, ചോയ്‌സ് ഫില്ലിങ് എന്നിവ mcc.nic.in വഴിയാണ് നടത്തേണ്ടത്.

 

സീറ്റുകൾ ഏതൊക്കെ

എം.ബി.ബി.എസ്./ബി.ഡി.എസ്.: ഓൾ ഇന്ത്യ ക്വാട്ട (15 ശതമാനം), എയിംസ്, ജിപ്മർ, കല്പിത സർവകലാശാലകൾ സെൻട്രൽ യൂണിവേഴ്‌സിറ്റികൾ (ഡൽഹി, എ.എം.യു., ബി.എച്ച്.യു.- ഇൻസ്റ്റിറ്റ്യൂഷണൽ/ഡൊമിസൈൽ ക്വാട്ട ഉൾപ്പെടെ), ഇ.എസ്.ഐ.സി. (മുഴുവൻ സീറ്റുകൾ), ഇന്ദ്രപ്രസ്ഥ യൂണിവേഴ്‌സിറ്റി (വി.എം.എം.സി. ആൻഡ് എസ്.ജെ.എച്ച്., എ.ബി.വി.ഐ.എം.എസ്. ആൻഡ് ആർ.എം.എൽ., ഡൽഹി ഇ.എസ്.ഐ.സി. ഡെന്റൽ - 15 ശതമാനം ഓൾ ഇന്ത്യ ക്വാട്ടയും 85 ശതമാനം ഇൻസ്റ്റിറ്റ്യൂഷണൽ ക്വാട്ടയും), എ.എഫ്.എം.സി. രജിസ്‌ട്രേഷൻ ഭാഗംമാത്രം. കൂടാതെ ചില കേന്ദ്ര സ്ഥാപനങ്ങളിലെ ബി.എസ്‌സി. നഴ്‌സിങ് സീറ്റുകളും.

 

രാജ്യത്ത് എവിടെയുള്ളവർക്കും അപേക്ഷിക്കാവുന്നവ ഓൾ ഇന്ത്യ ക്വാട്ട ഡൊമിസൈൽ ഫ്രീ  സീറ്റുകൾ ഇവയാണ്-  സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും സർക്കാർ മെഡിക്കൽ/ഡെന്റൽ കോളേജുകളിലെ 15 ശതമാനം എം.ബി.ബി.എസ്./ബി.ഡി.എസ്. സീറ്റുകൾ, ബി.എച്ച്.യു. എം.ബി.ബി.എസ്./ബി.ഡി.എസ്. ഓപ്പൺ സീറ്റുകൾ (100 ശതമാനം), എല്ലാ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്സ് ഓഫ് മെഡിക്കൽ സയൻസസ് (എയിംസ്) 100 ശതമാനം ഓപ്പൺ സീറ്റുകൾ, ജവാഹർലാൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പോസ്റ്റ് ഗ്രാേജ്വറ്റ് മെഡിക്കൽ എജുക്കേഷൻ ആൻഡ് റിസർച്ച് (ജിപ്മർ- പുതുച്ചേരി/കാരൈക്കൽ) ഓപ്പൺ സീറ്റുകൾ, എ.എം.യു. ഓപ്പൺ (എം ബി.ബി.എസ്./ബി.ഡി.എസ്.), ഡൽഹി, ഇന്ദ്രപ്രസ്ഥ യൂണിവേഴ്‌സിറ്റി (വി.എം.എം.സി. ആൻഡ്‌ എസ്.ജെ.എച്ച്., എ.ബി.വി.ഐ.എം.എസ്. ആൻഡ് ആർ.എം.എൽ., ഇ.എസ്.ഐ.സി. ഡെന്റൽ (15 ശതമാനം ഓൾ ഇന്ത്യ ക്വാട്ട), ജാമിയ ബി.ഡി.എസ്. ഓപ്പൺ സീറ്റുകൾ, ഇ.എസ്.ഐ.സി. 15 ശതമാനം എം.ബി.ബി.എസ്./ബി.ഡി.എസ്.

അഖിലേന്ത്യാതല സീറ്റിലെ സംവരണം ശതമാനത്തിൽ: എസ്.സി. -15, എസ്.ടി. -7.5, ഒ.ബി.സി. -27, ഇ.ഡബ്ല്യു.എസ്. -10, യു.ആർ. -40.5. ഓരോ വിഭാഗത്തിലും അതിലെ ഭിന്നശേഷി വിഭാഗക്കാർക്ക് അഞ്ചുശതമാനം സീറ്റ് സംവരണമുണ്ട്.

 

എ.എം.യു., ജാമിയ ഓപ്പൺ സീറ്റിൽ, ഭിന്നശേഷി സംവരണമൊഴികെ പൊതുവേ മറ്റ് സംവരണം ഇല്ല.

 

ബി.എസ്‌സി. നഴ്‌സിങ്ങിന് കേന്ദ്ര സ്ഥാപനങ്ങളിൽ ഡൊമിസൈൽ ഫ്രീ സീറ്റുകൾ/സംവരണം ഉണ്ടാകും.

 

ഇ.എസ്.ഐ.സി. കോളേജുകളിൽ, എം.സി.സി. നികത്തുന്ന, ഇൻഷ്വേർഡ് പേഴ്‌സൺസ് (ഐ.പി.) ക്വാട്ട സംവരണ സീറ്റുകളും (അർഹതയ്ക്കു വിധേയം) ഡൊമിസൈൽ ഫ്രീ ആണ്.

 

എ.എഫ്.എം.സി. എം.ബി.ബി.എസ്. പ്രവേശനത്തിൽ താത്‌പര്യമുള്ളവർ, എം.സി.സി. വെബ് സൈറ്റ് വഴി ഇപ്പോൾ രജിസ്റ്റർ ചെയ്യണം. ആദ്യ റൗണ്ട് രജിസ്‌ട്രേഷൻ സമയത്തുമാത്രമേ ഈ സൗകര്യം ഉണ്ടാവുകയുള്ളൂ. രജിസ്റ്റർ ചെയ്യുന്നവരുടെ പട്ടിക ഡി.ജി.എച്ച്.എസ്./എം.സി.സി., എ.എഫ്.എം.സി.ക്ക്‌ കൈമാറും. തിരഞ്ഞെടുപ്പ് എ.എഫ്.എം.സി. നടത്തും.

 

 

രജിസ്‌ട്രേഷൻ ഫീസ്/സെക്യൂരിറ്റി തുക

 

ചോയ്‌സ് നൽകുന്നതിനു മുൻപായി, പരിഗണിക്കപ്പെടേണ്ട സ്ഥാപനങ്ങൾക്കനുസരിച്ച്സെക്യൂരിറ്റി തുകയും ഓൺലൈനായി അടയ്ക്കണം. ​െക്രഡിറ്റ്/​െഡബിറ്റ് കാർഡ്, നെറ്റ് ബാങ്കിങ് വഴി തുക അടയ്ക്കാം.

 

കല്പിത സർവകലാശാലയിൽ ചോയ്‌സ് നൽകണമെങ്കിൽ എല്ലാ വിഭാഗം വിദ്യാർഥികളും രജിസ്‌ട്രേഷൻ ഫീസായി 5000 രൂപ അടയ്ക്കണം. സെക്യൂരിറ്റി തുകയായി രണ്ടു ലക്ഷം രൂപയും (മൊത്തം രണ്ടു ലക്ഷത്തി അയ്യായിരം രൂപ)

 

സർക്കാർ വിഭാഗ കൗൺസലിങ്ങിൽ മാത്രം (കല്പിത സർവകലാശാല ഒഴികെയുള്ളതെല്ലാം) പങ്കെടുക്കാൻ, യു.ആർ./ഇ.ഡബ്ല്യു.എസ്. വിഭാഗക്കാർ, രജിസ്‌ട്രേഷൻ ഫീസായി 1000 രൂപയും സെക്യൂരിറ്റി തുകയായി 10,000 രൂപയും അടയ്ക്കണം (മൊത്തം പതിനൊന്നായിരം രൂപ). പട്ടിക/മറ്റു പിന്നാക്ക/ഭിന്നശേഷി വിഭാഗക്കാർ യഥാക്രമം 500 രൂപയും 5000 രൂപയും (മൊത്തം 5500 രൂപ) അടയ്ക്കണം.

 

കല്പിത സർവകലാശാലകളിലും സർക്കാർ വിഭാഗം സ്ഥാപനങ്ങളിലും (കൗൺസലിങ് പ്രക്രിയയിൽ ഉൾപ്പെട്ടിട്ടുള്ള എല്ലാ സ്ഥാപനങ്ങളിലും) ചോയ്‌സ് നൽകാൻ ആഗ്രഹിക്കുന്നവർ, കൂടിയ തുകയായ 5000 രൂപ, രണ്ടു ലക്ഷം രൂപ, യഥാക്രമം, രജിസ്‌ട്രേഷൻ ഫീസായും സെക്യൂരിറ്റി തുകയായും നൽകണം. തുക അടച്ചാലേ ചോയ്‌സ് നൽകാൻ കഴിയൂ.

 

എ.എഫ്.എം.സി. പ്രവേശനം ആഗ്രഹിക്കുന്നവർ, എം.സി.സി. വെബ്‌സൈറ്റ് വഴി ഇപ്പോൾ രജിസ്റ്റർ ചെയ്യണം. ചോയ്‌സ് ഫില്ലിങ്ങിൽ ഈ സ്ഥാപനം ഉൾപ്പെടില്ല. പ്രവേശനം എ.എഫ്.എം.സി. ആണ് നൽകുന്നത്.

 

ആദ്യ റൗണ്ട് രജിസ്‌ട്രേഷൻ ഓഗസ്റ്റ് 20-ന് ഉച്ചയ്ക്ക് 12 വരെ നടത്താം. തുക അടയ്ക്കാൻ 20-ന് വൈകിട്ട് മൂന്നുവരെ സൗകര്യമുണ്ടാകും.

 

ചോയ്‌സ് ഫില്ലിങ് നാളെ മുതൽ

ആദ്യ റൗണ്ട് ചോയ്‌സ് ഫില്ലിങ് 16 മുതൽ 20-ന് രാത്രി 11.55 വരെ നടത്താം. ആദ്യറൗണ്ട് ചോയ്‌സ് ലോക്കിങ് 20-ന് വൈകീട്ട് നാലുമുതൽ അന്നു രാത്രി 11.55 വരെ.

ഓരോ റൗണ്ടിലേക്കും പുതിയ ചോയ്‌സുകൾ നൽകണം. ഒരു റൗണ്ടിലേക്കു നൽകുന്ന ചോയ്‌സുകൾ/ഒരു റൗണ്ടിനുശേഷം അവശേഷിക്കുന്ന ചോയ്‌സുകൾ എന്നിവ തുടർ റൗണ്ടിൽ പരിഗണിക്കുന്നതല്ല.

പ്രസ്തുത പ്രക്രിയയിൽ ഉൾപ്പെടുന്ന ഏതെങ്കിലും ഒരു സ്ഥാപനവും (15 ശതമാനം ഓൾ ഇന്ത്യ ക്വാട്ടയിലെ സ്ഥാപനങ്ങൾ, എയിംസ്, ജിപ്മർ, കേന്ദ്ര/കല്പിത സർവകലാശാലകൾ, ഇ.എസ്.ഐ.സി. സ്ഥാപനങ്ങൾ, നഴ്‌സിങ് കോളേജുകൾ തുടങ്ങിയവ) ഏതെങ്കിലും ഒരു കോഴ്‌സും (എം.ബി.ബി.എസ്./ബി.ഡി.എസ്./ബി.എസ്‌സി. നഴ്‌സിങ്) ചേരുന്നതാണ് ഒരു ചോയ്‌സ്.

രജിസ്റ്റർ ചെയ്യുന്ന ഒരാളെ, ഏതൊക്കെ കോഴ്‌സുകളിലേക്കും കോളേജുകളിലേക്കും പരിഗണിക്കണമെന്ന്, അവയ്ക്ക് മുൻഗണന നിശ്ചയിച്ച്, ആ വ്യക്തി, വെബ്‌സൈറ്റ് വഴി രേഖപ്പെടുത്തുന്ന പ്രക്രിയയാണ് ചോയ്‌സ് ഫില്ലിങ്.

 

അടച്ച രജിസ്‌ട്രേഷൻ ഫീസ്, സെക്യൂരിറ്റി തുക എന്നിവയ്ക്കനുസരിച്ച് അർഹതപ്പെട്ട എല്ലാ വിഭാഗം ചോയ്‌സുകളും ചോയ്‌സ് ഫില്ലിങ് പേജിൽ കാണാൻ കഴിയും. അവ മൊത്തത്തിൽ പരിഗണിച്ചുകൊണ്ടാണ്, ആപേക്ഷിക നിശ്ചയിച്ചാണ് ചോയ്‌സ് നൽകേണ്ടത്.

 

വിവിധ വിഭാഗങ്ങളിലായി (കോളേജ്/കോഴ്‌സ്) താത്‌പര്യമുള്ള ചോയ്‌സുകൾ ഇടകലർത്തി നൽകാവുന്നതാണ്.

 

താത്‌പര്യമനുസരിച്ച് വേണമെങ്കിൽ, ഒരു കോഴ്‌സിലെ/വിഭാഗത്തിലെ ചോയ്‌സുകൾ പൂർണമായും നൽകിയശേഷം അതിന്റെ തുടർച്ചയായി മറ്റൊരു കോഴ്‌സിലെ/വിഭാഗത്തിലെ ചോയ്‌സ് നൽകാം. അപേക്ഷാർഥിയാണ് അത് തീരുമാനിക്കേണ്ടത്.

 

എത്ര ചോയ്‌സുകൾ വേണമെങ്കിലും നൽകാം. എത്ര ചോയ്‌സുകൾ, എങ്ങനെ നൽകണം എന്നൊക്കെ, വിദ്യാർഥിക്ക് തീരുമാനിക്കാം. ചോയ്‌സ് നൽകിയ ശേഷം, പ്രഖ്യാപിച്ചിരിക്കുന്ന സമയപരിധിക്കുള്ളിൽ, ചോയ്‌സുകൾ ലോക്ക് ചെയ്യണം. അതിനുമുൻപ്‌ എത്ര തവണ വേണമെങ്കിലും ഒരിക്കൽ ഉൾപ്പെടുത്തിയ ചോയ്‌സുകൾ മാറ്റാം, പുനഃക്രമീകരിക്കാം. ലോക്കുചെയ്തു കഴിഞ്ഞാൽ ചോയ്‌സുകൾ മാറ്റാൻ കഴിയില്ല. ഓൾ ഇന്ത്യ ക്വാട്ടയിലെ ചില സീറ്റുകളിൽ ഉയർന്ന ഫീസ് ഉണ്ടായേക്കാം. ചോയ്‌സ് നൽകുമ്പോൾ ഫീസ് ഘടനയും മനസ്സിലാക്കണം.

ആദ്യറൗണ്ട് ലഭിച്ചാലും മാറേണ്ടി വന്നാൽ

എം.സി.സി. നടത്തുന്ന കൗൺസലിങ്ങിന്റെ ആദ്യ റൗണ്ടിൽ അലോട്‌മെന്റ് കിട്ടുന്നവർക്ക്, വേണമെങ്കിൽ ആ അലോട്‌മെന്റ് വേണ്ടെന്നുെവക്കാം. ഡിപ്പോസിറ്റ് നഷ്ടപ്പെടില്ല. രണ്ടാം റൗണ്ടിൽ അവർക്ക് പങ്കെടുക്കാനും കഴിയും. അതിനായി പുതിയ രജിസ്‌ട്രേഷനും നടത്തേണ്ടതില്ല. പക്ഷേ, പുതിയ ചോയ്‌സുകൾ യഥാസമയം നൽകണമെന്നു മാത്രം. ആദ്യ റൗണ്ടിൽ സീറ്റ് ലഭിക്കാത്തവർ രണ്ടാംറൗണ്ടിൽ പങ്കെടുക്കാൻ പുതിയ രജിസ്‌ട്രേഷൻ നടത്തേണ്ടതില്ല. എന്നാൽ, രണ്ടാം റൗണ്ടിലേക്ക് പുതിയ ചോയ്‌സുകൾ നൽകണം.

ആദ്യ അലോട്‌മെന്റ് പ്രകാരം ഒരു കോളേജിൽ പ്രവേശനം നേടുന്നവർ രണ്ടാം റൗണ്ടിൽ എങ്ങനെ തന്നെ പരിഗണിക്കണമെന്ന് പ്രവേശനം നേടുന്ന വേളയിൽ വ്യക്തമാക്കണം. മെച്ചപ്പെട്ട ഒരു ചോയ്‌സിലേക്ക് താത്‌പര്യമുണ്ടെങ്കിൽ പ്രവേശനം നേടുമ്പോൾത്തന്നെ, ‘അപ്ഗ്രഡേഷൻഓപ്ഷൻ നൽകാം. കിട്ടിയ സീറ്റിൽ പൂർണ തൃപ്തിയുണ്ടെങ്കിൽ, മറ്റൊരു മാറ്റം ആഗ്രഹിക്കുന്നില്ലെങ്കിൽ അപ്ഗ്രഡേഷൻസൗകര്യം വേണ്ടന്നുവെക്കാം. അങ്ങനെ ചെയ്താൽ, പ്രവേശനം നേടിയ സീറ്റിൽ തുടരാം.

 

രണ്ടാം റൗണ്ടിലേക്ക്  എത്താൻ

 

രണ്ടാം റൗണ്ടിലേക്ക് അപ്ഗ്രഡേഷൻ ഓപ്റ്റു ചെയ്യുന്ന ആൾ ആ റൗണ്ടിലേക്ക് പുതിയ ചോയ്‌സുകൾ നൽകണം (പുതിയ രജിസ്‌ട്രേഷൻ വേണ്ട, അവശേഷിക്കുന്ന ആദ്യറൗണ്ട് ചോയ്‌സുകൾ നിലനിൽക്കില്ല). അതിൽ ഒന്ന് ലഭിക്കുന്ന പക്ഷം, ആദ്യ റൗണ്ടിലെ സീറ്റ് നഷ്ടപ്പെടും (കാരണം, മറ്റൊരാൾക്ക് അത് അനുവദിച്ചിരിക്കും). പുതിയ സീറ്റിൽ പ്രവേശനം നേടുന്നില്ലെങ്കിൽ, പുതിയ സീറ്റ് നഷ്ടപ്പെടും.

 

സെക്യൂരിറ്റി തുകയും നഷ്ടപ്പെടും. രണ്ടാം അലോട്‌മെന്റിൽ മാറ്റം വരുന്നില്ലെങ്കിൽ ആദ്യ അഡ്മിഷൻ നില നിൽക്കും. അപ്ഗ്രഡേഷൻ തിരഞ്ഞെടുത്തശേഷം രണ്ടാം റൗണ്ടിലേക്ക് ചോയ്‌സ് ഫില്ലിങ്‌ നടത്താതിരുന്നാൽ ആദ്യ റൗണ്ട് പ്രവേശനം നിലനിൽക്കും.

 

രണ്ടാംറൗണ്ടിൽ അലോട്‌മെന്റ് ലഭിക്കുന്നവർ, അതു സ്വീകരിക്കാതിരുന്നാൽ (പ്രവേശനം നേടാതിരുന്നാൽ) സെക്യൂരിറ്റിത്തുക നഷ്ടപ്പെടും. പ്രവേശനം നേടി രാജിെവച്ചാലും സെക്യൂരിറ്റിക്തുക നഷ്ടപ്പെടും. എം.സി.സി. മൂന്നാം റൗണ്ടിൽ അവർക്കു പങ്കെടുക്കണമെങ്കിൽ പുതിയ രജിസ്‌ട്രേഷൻ നടത്തി, ഫീസ് അടയ്ക്കണം. ഇവർക്ക് എം.സി.സി. മൂന്നാം റൗണ്ടിൽ അലോട്‌മെന്റ് ലഭിച്ചാൽ, അതു സ്വീകരിക്കാതിരുന്നാലും സെക്യൂരിറ്റി ഡിപ്പോസിറ്റ് നഷ്ടപ്പെടും. സ്‌ട്രേ റൗണ്ടിൽ പങ്കെടുക്കാനും അർഹതയുണ്ടാകില്ല.

 

രണ്ടാംറൗണ്ടിൽ പ്രവേശനം നേടുന്നവർക്ക്, മെച്ചപ്പെട്ട ഒരു ചോയ്‌സ് മൂന്നാം റൗണ്ടിൽ വേണമെന്നുണ്ടെങ്കിൽ, രണ്ടാം റൗണ്ട് പ്രവേശനം നേടുമ്പോൾത്തന്നെ മൂന്നാംറൗണ്ടിലേക്കുള്ള അപ്ഗ്രഡേഷൻ താത്‌പര്യം സ്ഥാപനത്തിൽ അറിയിക്കണം. അപ്ഗ്രഡേഷൻ വേണ്ടെന്ന് ഓപ്റ്റ് ചെയ്താൽ തുടർ റൗണ്ടിൽ മാറ്റമുണ്ടാകില്ല. ഇവിടെയും മൂന്നാം റൗണ്ടിൽ അപ്ഗ്രഡേഷൻ ലഭിച്ചാൽ അത് സ്വീകരിക്കണം. രണ്ടാംറൗണ്ടിനു ശേഷമുള്ള സീറ്റ് നഷ്ടപ്പെടും. സ്വീകരിച്ചില്ലെങ്കിൽ മൂന്നാംറൗണ്ട് സീറ്റും നഷ്ടപ്പെടും. ഡിപ്പോസിറ്റ് നഷ്ടപ്പെടും. സ്‌ട്രേ റൗണ്ടിൽ പങ്കെടുക്കാനും കഴിയില്ല.

 

മൂന്നാംറൗണ്ടിൽ ആദ്യമായി സീറ്റ് ലഭിക്കുന്നവരും അത് സ്വീകരിക്കണം. ഇല്ലെങ്കിൽ അവർക്ക് സെക്യൂരിറ്റിത്തുക നഷ്ടമാകും. സ്‌ട്രേ വേക്കൻസി റൗണ്ടിൽ പങ്കെടുക്കാൻ കഴിയില്ല.

 

മൂന്നാംറൗണ്ട് കഴിയുമ്പോൾ എം.സി.സി. വഴി, എവിടെയെങ്കിലും ഒരു അഡ്മിഷൻ ഉള്ളവർക്ക് മറ്റൊരു അലോട്‌മെന്റ് പ്രക്രിയയിലും പങ്കെടുക്കാൻ കഴിയില്ല. ഇപ്രകാരം അഡ്മിഷൻ ഉള്ളവരുടെ പട്ടിക, എം.സി.സി., സംസ്ഥാന ഏജൻസികൾക്കു കൈ മാറും. അവരെ അഖിലേന്ത്യാ സ്‌ട്രേ അലോട്‌മെന്റിൽ നിന്ന്‌ ഒഴിവാക്കും.

 

സ്‌ട്രേ റൗണ്ടിൽ പുതിയ രജിസ്‌ട്രേഷൻ/ചോയ്‌സ് ഫില്ലിങ് ഉണ്ടായിരിക്കും. എം.സി.സി. യു.ജി. കൗൺസലിങ് മൂന്നാം റൗണ്ടിൽ പ്രവേശനം നേടിയവർ/സീറ്റ് ഉള്ളവർ, മൂന്നാം റൗണ്ടിൽ അലോട്‌മെന്റ് ലഭിച്ചെങ്കിലും പ്രവേശനം നേടാത്തവർ, സ്റ്റേറ്റ് അലോട്‌മെന്റ് ഏജൻസി നൽകുന്ന ഡേറ്റ പ്രകാരം, സ്‌ട്രേ വേക്കൻസി റൗണ്ട് സമയത്ത് സ്റ്റേറ്റ് ക്വാട്ടയിൽ പ്രവേശനമുള്ളവർ തുടങ്ങിയവർക്ക് സ്‌ട്രേ റൗണ്ടിൽ പങ്കെടുക്കാൻ അർഹതയില്ല.

 

സ്‌ട്രേ റൗണ്ടിൽ അലോട്‌മെന്റ് ലഭിക്കുന്നവർ പ്രവേശനം നേടണം. നേടിയില്ലെങ്കിൽ സെക്യൂരിറ്റിത്തുക നഷ്ടപ്പെടും. കൂടാതെ അടുത്ത ഒരു സെഷനിലെ നീറ്റ് യു.ജി. അഭിമുഖീകരിക്കുന്നതിന് അവർക്ക് വിലക്കുണ്ടാവുകയും ചെയ്യും.

 രേഖകൾ ഹാജരാക്കുന്നത്

ഓരോ ഘട്ടത്തിലും അലോട്‌മെൻറ് ലഭിക്കുന്നവർ, അലോട്‌മെൻറ് ​െലറ്റർ എം.സി.സി. വെബ് സൈറ്റിൽനിന്ന്‌ ഡൗൺലോഡുചെയ്തെടുക്കണം. പ്രവേശനം നേടാൻ അസൽ രേഖകൾ സഹിതം, സമയപരിധിക്കകം സ്ഥാപനത്തിൽ നേരിട്ടു ഹാജരാകണം. പ്രവേശനം നേടിയ ശേഷം സീറ്റ് ഉപേക്ഷിക്കൽ/രാജി വെക്കൽ ഓൺലൈൻ ആയി പൂർത്തിയാക്കണം. അപ്ഗ്രഡേഷൻ ലഭിക്കുന്നവർ തൊട്ടുതലേ റൗണ്ട് പ്രവേശനത്തിൽ നിന്ന്‌ ഓൺലൈനായി രൂപപ്പെടുത്താവുന്ന റിലീവിങ് ലെറ്റർ എടുത്ത് പുതിയ സ്ഥാപനത്തിൽ പ്രവേശനം നേടണം.

 നീറ്റ് യുജി 2024; മെഡിക്കൽ കൗൺസലിങ് നടപടികൾ 14 മുതൽ Read more: https://www.deshabhimani.com/education/neet-2024/1131319

നീറ്റ് യുജി 2024; മെഡിക്കൽ കൗൺസലിങ് നടപടികൾ 14 മുതൽ
Read more: https://www.deshabhimani.com/education/neet-2024/1131319

കാറ്റഗറി മാറ്റംവഴി, ഒരു റൗണ്ടിൽ പ്രവേശനം നേടിയ സ്ഥാപനത്തിലേക്കു തന്നെ തുടർ റൗണ്ടിൽ അപ്ഗ്രഡേഷൻ ലഭിച്ചാലും തൊട്ടുതലേ റൗണ്ട് പ്രവേശനത്തിൽ നിന്ന്‌ ഓൺലൈനായി റിലീവിങ് ലെറ്റർ എടുത്ത് അതേ സ്ഥാപനത്തിൽ പുതിയ കാറ്റഗറിയിൽ പ്രവേശനം നേടണം.

 

എല്ലാ റൗണ്ടുകളും കഴിഞ്ഞിട്ടും ഒരു അലോട്‌മെന്റും ഇല്ലാത്തവർ, അലോട്‌മെന്റ് സ്വീകരിച്ചവർ എന്നിവർക്ക് സെക്യൂരിറ്റിത്തുക തിരികെ കിട്ടും. ഏത് അക്കൗണ്ട് വഴിയാണോ തുക അടച്ചത്, ആ അക്കൗണ്ടിലേക്കു മാത്രമേ തുക റീഫണ്ട് ചെയ്യുകയുള്ളൂ. കൂടുതൽ വിവരങ്ങൾക്ക് വെബ്സൈറ്റ് കാണുക


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top