08 September Sunday
മെറ്റലർജി, മെക്കാട്രോണിക്സ്...

എൻജിനിയറിങ്‌ ബ്രാഞ്ചുകളെ അറിയാം

വെബ് ഡെസ്‌ക്‌Updated: Monday Jul 15, 2024

കേരളത്തിൽ അമ്പത്തിമൂന്നോളം  എൻജിനിയറിങ് ബ്രാഞ്ചുകളുണ്ട്. സിവിൽ, മെക്കാനിക്കൽ, ഇലക്ട്രിക്കൽ, കംപ്യൂട്ടർ സയൻസ് തുടങ്ങിയവയെ അടിസ്ഥാന ബ്രാഞ്ചുകളായി പരിഗണിക്കാം.
 
കാലഘട്ടത്തിന്റെ ആവശ്യകത അനുസരിച്ച് രൂപപ്പെടുത്തിയ നിരവധി വിശേഷാൽ ബ്രാഞ്ചുകളും (സ്പെഷലൈസേഷൻ) ഉണ്ട്. ഇവയുടെ ആവിർഭാവം അടിസ്ഥാന ബ്രാഞ്ചുകളിൽനിന്നാണെന്നത് ശ്രദ്ധേയമാണ്. ഉദാഹരണത്തിന് കംപ്യൂട്ടർ സയൻസുമായി ബന്ധപ്പെട്ട നിരവധി ബ്രാഞ്ചുകൾ ഇപ്പോൾ കേരളത്തിൽ നിലവിലുണ്ട്. എന്നാൽ, ബിരുദതലത്തിൽ അടിസ്ഥാന ബ്രാഞ്ചുകൾ പഠിച്ച്  പിജി തലത്തിൽ ഇത്തരം സ്പെഷ്യലൈസേഷനുകൾ പരിഗണിക്കുന്നതായിരിക്കും കൂടുതൽ അനുയോജ്യം. ‘കീം' (KEAM 2024 ) വഴി പ്രവേശനം ലഭിക്കുന്ന പ്രധാനപ്പെട്ട ചില ബ്രാഞ്ചുകളെ പരിചയപ്പെടാം.

സിവിൽ

കെട്ടിടങ്ങൾ, റോഡുകൾ, പാലങ്ങൾ, റെയിൽപാതകൾ, അണക്കെട്ടുകൾ, തുരങ്കങ്ങൾ, വിമാനത്താവളങ്ങൾ, തുറമുഖങ്ങൾ തുടങ്ങിയവയുടെ രൂപകൽപ്പന, നിർമാണം, പരിപാലനം എന്നിവയുമായി ബന്ധപ്പെട്ട പഠനശാഖയാണിത്‌. സ്ട്രക്ച്ചറൽ എൻജിനിയറിങ്, കൺസ്ട്രക്‌ഷൻ എൻജിനിയറിങ്, വാട്ടർ റിസോഴ്സസ് എൻജിനിയറിങ്, ജിയോ ടെക്നിക്കൽ എൻജിനിയറിങ്, ട്രാൻസ്പോർട്ടേഷൻ എൻജിനിയറിങ്, ടൗൺ &  സിറ്റി പ്ലാനിങ്, റിമോട്ട് സെൻസിങ്‌, ബിൽഡിങ്‌ ടെക്നോളജി, കോസ്റ്റൽ എൻജിനിയറിങ്, എൻവയോൺമെന്റൽ എൻജിനിയറിങ്‌, ഹൈഡ്രോളിക് എൻജിനിയറിങ്, അർബൻ പ്ലാനിങ്‌, ഓഷ്യൻ ടെക്നോളജി തുടങ്ങിയ മേഖലകളിൽ ഉപരിപഠനം സാധ്യമാണ്.

മെക്കാനിക്കൽ

വിവിധ യന്ത്രസാമഗ്രികളുടെ രൂപകൽപ്പന, നിർമാണം, പരിപാലനം തുടങ്ങിയവയെക്കുറിച്ചു ള്ള പഠനശാഖയാണിത്. മെക്കാനിക്സ്, കൈനമാറ്റിക്സ്, തെർമോ ഡൈനാമിക്സ്, എയ്‌റോനോട്ടിക്കൽ എൻജിനിയറിങ്, മെറ്റീരിയൽ സയൻസ്, ഓട്ടോമൊബൈൽ  എൻജിനിയറിങ്‌, ഇൻഡസ്ട്രിയൽ എൻജിനിയറിങ് ആൻഡ്‌ മാനേജ്മെന്റ്‌, എനർജി മാനേജ്മെന്റ്‌, റോബോട്ടിക്സ് & ഓട്ടോമേഷൻ, മെക്കാനിക്കൽ ഡിസൈനിങ്, കംപ്യൂട്ടർ ഇന്റഗ്രേറ്റഡ് മാനുഫാക്ചറിങ്, മെറ്റീരിയൽ സയൻസ് & ടെക്നോളജി, ഇൻഡസ്ട്രിയൽ റഫ്രിജറേഷൻ & ക്രയോജനിക്സ്, ഇൻഡസ്ട്രിയൽ സേഫ്റ്റി തുടങ്ങിയവയിൽ തുടർ പഠനം സാധ്യമാണ്.

ഇലക്ട്രിക്കൽവൈദ്യുതിയുടെ ഉൽപ്പാദനം, വിതരണം, വൈദ്യുത മോട്ടോറുകൾ, ഇലക്ട്രോണിക് ഉപകരണങ്ങൾ എന്നിവയുടെ രൂപകൽപ്പന, നിർമാണം, പരിപാലനം തുടങ്ങിയവയ്‌ക്ക് പ്രാമുഖ്യം  നൽകുന്ന പഠനശാഖ. മെഡിക്കൽ, റോബോട്ടിക്സ്, മൊബൈൽ ഫോൺ, വാഹനങ്ങൾ, നാവിഗേഷൻ തുടങ്ങിയ ഒട്ടേറെ മേഖലകളിൽ ഇലക്ട്രിക്കൽ എൻജിനിയറിങ്ങിന് പ്രാധാന്യമുണ്ട്. പവർ ഇലക്ട്രോണിക്സ്, ഇലക്ട്രിക്ക് മെഷീൻസ്, കൺട്രോൾ സിസ്റ്റം, പവർ സിസ്റ്റം, റോബോട്ടിക്സ് & ഓട്ടോമേഷൻ, റിനീവബ്ൾ എനർജി, നെറ്റ് വർക്ക് എൻജിനിയറിങ്‌, ഇൻഡസ്ട്രിയൽ ഡ്രൈവ്സ്, സിഗ്നൽ പ്രോസസിങ്, പവർ ക്വാളിറ്റി, ഇൻസ്ട്രുമെന്റേഷൻ, ഫോട്ടോണിക്സ്, ടെലികമ്യൂണിക്കേഷൻ, കംപ്യൂട്ടർ സയൻസ്, ഇൻഫർമേഷൻ സെക്യൂരിറ്റി, വിഎൽഎസ്ഐ & എംബെഡഡ് സിസ്റ്റംസ്, ബയോമെഡിക്കൽ, വയർലെസ് ടെക്നോളജി തുടങ്ങി ഒട്ടേറെ മേഖലകളിൽ ഉപരിപഠന സാധ്യതകളുണ്ട്.

ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ

ഇലക്ട്രോണിക് ഉപകരണങ്ങളുടെ ഡിസൈനിങ്ങും വാർത്താവിനിമയ സംവിധാനങ്ങളിലെ നൂതന സാങ്കേതികവിദ്യകളും പഠനവിധേയമാക്കുന്ന ശാഖയാണിത്. സെമികണ്ടക്ടറുകൾ, മൈക്രോ കൺട്രോളറുകൾ, ടെലിവിഷൻ, ഒപ്റ്റിക്കൽ ഫൈബർ കേബിൾ, സാറ്റലൈറ്റ് കമ്യൂണിക്കേഷൻ തുടങ്ങിയവയും പഠനവിഷയങ്ങളാണ്.ഡിജിറ്റൽ സിഗ്നൽ പ്രോസസിങ്‌, എംബഡഡ് സിസ്റ്റംസ്, റോബോട്ടിക്സ് & ഓട്ടോമേഷൻ, ഡിജിറ്റൽ ഇലക്ട്രോണിക്സ്, ഫോട്ടോണിക്സ്, വയർലെസ് & മൊബൈൽ കമ്യൂണിക്കേഷൻ, ഇൻസ്ട്രുമെന്റേഷൻ എൻജിനിയറിങ്‌, ചിപ്പ് ഡിസൈനിങ്, പവർ ഇലകട്രോണിക്സ് തുടങ്ങിയ വിഷയങ്ങളിൽ ഉപരിപഠനം നടത്താം.

കംപ്യൂട്ടർ സയൻസ്

പേഴ്സണൽ കംപ്യൂട്ടർ മുതൽ സൂപ്പർ കംപ്യൂട്ടർ വരെ പഠനവിധേയമാക്കുന്ന ഈ ശാഖയിൽ കൂടുതൽ വേഗവും കാര്യക്ഷമതയുമുള്ള അൽഗോരിതങ്ങളും പ്രോഗ്രാമിങ്‌ ലാംഗ്വേജുകളുമാണ് പ്രധാന വിഷയങ്ങൾ. നെറ്റ്‌വർക്ക് സെക്യൂരിറ്റി, നെറ്റ് വർക്ക് സിസ്റ്റംസ്, കംപ്യൂട്ടർ  ഗ്രാഫിക്സ്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, മെഷീൻ ലേണിങ്, ക്ലൗഡ് കംപ്യൂട്ടിങ്‌, ഡാറ്റാ സയൻസ് & ബിഗ് ഡാറ്റാ അനലിറ്റിക്സ്, മൊബൈൽ കംപ്യൂട്ടിങ്, ഇന്റർനെറ്റ് ഓഫ് തിംഗ്സ്, ഡാറ്റാബേസ് സിസ്റ്റംസ് തുടങ്ങിയ വിഷയങ്ങളിൽ തുടർപഠനം സാധ്യമാണ്. കേരളത്തിലും വിദേശത്തും  നിരവധി സോഫ്റ്റ് വെയർ സ്ഥാപനങ്ങളിൽ  തൊഴിലവസരങ്ങളുണ്ട്. ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ഡാറ്റാ സയൻസ്, മെഷീൻ ലേണിങ്, റോബോട്ടിക്സ്, ഇന്റർനെറ്റ് ഓഫ് തിങ്സ്, സൈബർ സെക്യൂരിറ്റി, ബ്ലോക്ക് ചെയിൻ തുടങ്ങിയ ബ്രാഞ്ചുകളും ലഭ്യമാണ്.

ഇൻഫർമേഷൻ ടെക്നോളജി

കംപ്യൂട്ടറും കമ്യൂണിക്കേഷൻ സാധ്യതകളും ഉപയോഗപ്പെടുത്തി വിവരങ്ങൾ ശേഖരിക്കുക, സംരക്ഷിക്കുക, നിയന്ത്രിക്കുക, പ്രചരിപ്പിക്കുക തുടങ്ങിയവയുമായി ബന്ധപ്പെട്ട എൻജിനിയറിങ് പഠനശാഖ. നെറ്റ്‌വർക്ക് സെക്യൂരിറ്റി, കംപ്യൂട്ടർ ഓട്ടോമേഷൻ, ഇൻഫർമേഷൻ സെക്യൂരിറ്റി, ഡാറ്റാ സയൻസ്, ക്ലൗഡ് കംപ്യൂട്ടിങ്‌ തുടങ്ങിയ വിഷയങ്ങളിൽ ഉപരിപഠനം നടത്താം. ഇന്ത്യയിലും വിദേശത്തും സോഫ്റ്റ്‌വെയർ കമ്പനികളിൽ മികച്ച ജോലി സാധ്യതകളുണ്ട്.

അപ്ലൈഡ് ഇലക്ട്രോണിക്സ് & ഇൻസ്ട്രുമെന്റേഷൻ

ഇലക്ട്രോണിക്സ് വിഷയങ്ങളോടൊപ്പം  ഇൻസ്ട്രുമെന്റേഷനും പ്രാധാന്യം നൽകുന്ന ശാഖ. മർദം, താപം, ഒഴുക്ക്, ആർദ്രത എന്നിവ അളക്കാൻ ഉപയോഗിക്കുന്ന ഉപകരണങ്ങൾ, അവ ഉപയോഗിച്ചുള്ള ഇലക്ട്രോണിക് നിയന്ത്രണ സംവിധാനങ്ങൾ എന്നിവയെക്കുറിച്ചുള്ള പഠനവുമാണ് പ്രധാനം. സെൻസേഴ്സ്, ആക്ചേറേറഴ്സ്, കൺട്രോൾ തിയറി, എംബഡഡ് സിസ്റ്റംസ് തുടങ്ങിയ മേഖലകളിൽ ഉപരിപഠന സാധ്യതയുണ്ട്.

ഓട്ടോമൊബൈൽ

മോട്ടോർ വാഹനങ്ങളുടെ രൂപകൽപ്പന, നിർമാണം, പരിപാലനം, ടെസ്റ്റിങ്‌ തുടങ്ങിയവയ്ക്ക് പ്രാധാന്യം നൽകുന്ന മെക്കാനിക്കൽ എൻജിനിയറിങ് ശാഖയാണിത്. ഓട്ടോമൊബൈൽ ഡിസൈനിങ്‌, ഗിയർ സിസ്റ്റം, പ്രോസസ് കൺട്രോൾ തുടങ്ങിയ മേഖലകളിൽ ഉപരിപഠന സാധ്യതകളുണ്ട്.

ബയോടെക്നോളജി

ജീവശാസ്ത്രത്തിലെ നൂതന സാങ്കേതികവിദ്യകൾ ഉപയോഗിച്ച് മനുഷ്യപുരോഗതിക്ക്‌ ഉതകുന്ന പുതിയ ടെക്നോളജികളും  ഉൽപ്പന്നങ്ങളും വികസിപ്പിച്ചെടുക്കുന്നതിനെക്കുറിച്ചുള്ള പഠനശാഖ. കേടുവരാത്ത പുതിയ ഭക്ഷ്യോൽപ്പന്നങ്ങൾ വികസിപ്പിച്ചെടുക്കുക, ഡിഎൻഎയിൽ മാറ്റം വരുത്തി കൂടുതൽ പ്രതിരോധശേഷിയുള്ള വിളകൾ ഉൽപ്പാദിപ്പിക്കുക തുടങ്ങിയവ ഉദാഹരണങ്ങളാണ്. ബയോ ഇൻഫർമാറ്റിക്സ്, ജനറ്റിക് സയൻസ്, മൈക്രോ ബയോളജി, സെൽ ബയോളജി തുടങ്ങിയ വിഷയങ്ങളിൽ ഉപരിപഠനം സാധ്യമാണ്.

എയ്‌റോനോട്ടിക്കൽ

വിമാനങ്ങൾ, മിസൈലുകൾ, ബഹിരാകാശ വാഹനങ്ങൾ, മറ്റു വ്യോമയാന ഉപകരണങ്ങൾ എന്നിവയുടെ രൂപകൽപ്പന, നിർമാണം, വികസനം, പരീക്ഷണം തുടങ്ങിയ മേഖലകളുടെ പഠനമാണിത്. വിമാനങ്ങളിൽ ഉപയോഗിക്കുന്ന ഇലക്ട്രോണിക് ഉപകരണങ്ങൾ, റേഡിയോ വാർത്താവിനിമയ സംവിധാനങ്ങൾ തുടങ്ങിയവയുടെ പരിചരണവും എയ്‌റോനോട്ടിക്കൽ എൻജിനിയർമാരാണ് നിർവഹിക്കുന്നത്.

മെറ്റലർജി

ലോഹങ്ങളുടെയും ലോഹക്കൂട്ടുകളുടെയും ഉപയോഗവും സംയോജനവും പഠനവിധേയമാക്കുന്ന എൻജിനിയറിങ് ശാഖ.
വാഹനങ്ങൾ, കംപ്യൂട്ടറുകൾ, യന്ത്രങ്ങൾ തുടങ്ങിയവയ്‌ക്ക്‌ ആവശ്യമായ ലോഹങ്ങളുടെ ലഭ്യത, ഖനനം, അവയെ തരംതിരിക്കൽ തുടങ്ങിയവയാണ് പ്രധാന പഠനവിഷയങ്ങൾ.

മെക്കാട്രോണിക്സ്

മെക്കാനിക്കൽ, ഇലക്ട്രിക്കൽ, കംപ്യൂട്ടർ സയൻസ്, ടെലി കമ്യൂണിക്കേഷൻ തുടങ്ങിയ എൻജിനിയറിങ് വിഷയങ്ങളുടെ സംയോജിത രൂപമാണ് മെക്കാട്രോണിക്സ്. ഈ വിഷയങ്ങളുടെയെല്ലാം സാധ്യതകൾ ഉപയോഗപ്പെടുത്തി ഉപകരണങ്ങൾ രൂപകൽപ്പന ചെയ്യുകയാണ് പ്രധാന ലക്ഷ്യം.

നേവൽ ആർക്കിടെക്ചർ

വിവിധ തരത്തിലുള്ള കപ്പലുകളുടെ രൂപകൽപ്പന, നിർമാണം, പരിപാലനം തുടങ്ങിയവ പഠനവിധേയമാക്കുന്ന എൻജിനിയറിങ് ശാഖ. ഓഷ്യൻ എൻജിനിയറിങ്, ഹാർബർ എൻജിനിയറിങ് തുടങ്ങിയ വിഷയങ്ങളിൽ ഉപരിപഠനം നടത്താം.  

ഫുഡ് ടെക്നോളജി

വിവിധ ഭക്ഷ്യവസ്തുക്കളിലുണ്ടാകുന്ന ഭൗതിക, രാസ, ജൈവിക മാറ്റങ്ങളെക്കുറിച്ച് പഠിക്കുകയും സുരക്ഷിതവും ആരോഗ്യദായകവുമായ ഭക്ഷണ പദാർഥങ്ങൾ ലഭ്യമാക്കുകയും ചെയ്യുക എന്നതാണ് ഈ ബ്രാഞ്ചിന്റെ ലക്ഷ്യം.

അഗ്രികൾച്ചർ

കാർഷികമേഖലയിൽ എൻജിനിയറിങ്ങിന്റെ ഉപയോഗമാണ് പഠനവിഷയം. കാർഷിക ഉപകരണങ്ങളുടെ വിപണനം, സർവീസിങ്‌, കൃഷി സ്ഥാപനങ്ങളുടെ രൂപകൽപ്പന, നിർമാണം, യന്ത്രവൽക്കരണം, ഉൽപ്പാദന സംഭരണം, സംസ്കരണം, ഭൂമി പരിപാലനം, ജലസേചന സംവിധാനങ്ങൾ, മണ്ണൊലിപ്പ് തടയാനുള്ള മാർഗങ്ങൾ തുടങ്ങിയവ പഠനവിധേയമാക്കുന്നു.

ബയോമെഡിക്കൽ

ആധുനിക എൻജിനിയറിങ് സങ്കേതങ്ങൾ ജീവശാസ്ത്രത്തിലും വൈദ്യശാസ്ത്രത്തിലും ഉപയോഗപ്പെടുത്തലാണ്  ഈ ശാഖയുടെ ലക്ഷ്യം. ആശുപത്രികളിലും വൈദ്യശാസ്ത്ര ഗവേഷണ സ്ഥാപനങ്ങളിലും ആവശ്യമായ മെഡിക്കൽ ഉൽപ്പന്നങ്ങളുടെ രൂപകൽപ്പനയും നിർമാണവും പഠനവിഷയങ്ങളാണ്.

ആർക്കിടെക്ചർ

എൻജിനിയറിങ്ങിന്റെ കൃത്യതയും കലയുടെ മനോഹാരിതയും സമ്മേളിക്കുന്ന മേഖലയാണ് ആർക്കിടെക്ചർ. മികച്ച ക്രിയാത്മകതയും ചിത്രകലാഭിരുചിയും ഗണിത ശാസ്ത്ര ആഭിമുഖ്യവുമുള്ളവർക്ക് തീർച്ചയായും ശോഭിക്കാൻ കഴിയും.   "നാറ്റ' സ്കോറും പ്ലസ് ടു മാർക്കും പരിഗണിച്ചാണ് പ്രവേശനം.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top