08 September Sunday

ഫാർമസി കോഴ്‌സുകൾ സാധ്യതകൾ

വെബ് ഡെസ്‌ക്‌Updated: Monday Jul 15, 2024

മെഡിക്കൽ അനുബന്ധ കോഴ്‌സുകളിൽ പ്രധാനപ്പെട്ട ഒന്നാണ്‌ ബിഫാമടക്കമുള്ള ഫാർമസി കോഴ്‌സുകൾ. കീം (KEAM) റാങ്ക് ലിസ്റ്റിൽനിന്നാണ്  കേരളത്തിൽ ബിഫാം പ്രവേശനം. വിവിധ ഔഷധങ്ങളുടെ നിർമാണം, വിതരണം, ഗുണനിലവാരം ഉറപ്പ് വരുത്തൽ, ഗവേഷണം, പാർശ്വ ഫലങ്ങളെക്കുറിച്ചുള്ള പഠനം തുടങ്ങിയവയുമായി ബന്ധപ്പെട്ട പഠനശാഖയാണ് ഫാർമസി. ഹയർസെക്കൻഡറിക്കുശേഷം പരിഗണിക്കാവുന്ന ഫാർമസി മേഖലയിലെ പ്രധാന പഠനാവസരങ്ങളെ പരിചയപ്പെടാം.

ബാച്ചിലർ ഓഫ് ഫാർമസി (ബിഫാം)

ഫാർമസി മേഖലയിലെ ബിരുദ കോഴ്‌സാണ് ബിഫാം. നാല് വർഷമാണ് പഠനം.ഇംഗ്ലീഷ്,ഫിസിക്‌സ്, കെമിസ്ട്രി, മാത്തമാറ്റിക്‌സ്/ ബയോളജി വിഷയങ്ങൾ പഠിച്ച് ഹയർ സെക്കൻഡറി അല്ലെങ്കിൽ തത്തുല്യ പരീക്ഷ പൂർത്തിയാക്കിയവർക്കാണ് യോഗ്യത. കേരളത്തിൽ എഞ്ചിനീയറിങ്‌ പ്രവേശന പരീക്ഷയിലെ ഫിസിക്‌സ്, കെമിസ്ട്രി പേപ്പറുകളിലെ മാർക്ക് പരിഗണിച്ച് തയ്യാറാക്കുന്ന കീം (KEAM) റാങ്ക് ലിസ്റ്റിൽ നിന്നാണ് പ്രവേശനം.

കേരളത്തിൽ 5 സർക്കാർ സ്ഥാപനങ്ങളും 50 സ്വാശ്രയ സ്ഥാപനങ്ങളുമാണുള്ളത്. സർക്കാർ സ്ഥാപനങ്ങളിലെ മുഴുവൻ സീറ്റുകളും സ്വാശ്രയ കോളേജുകളിലെ 50 ശതമാനം സീറ്റുകളുമാണ് കീം റാങ്ക് ലിസ്റ്റ് വഴി നികത്തുന്നത്. ഇത്തവണ കീം എഴുതിയവർ എൻട്രൻസ് കമ്മീഷണറുടെ അറിയിപ്പ് വരുന്ന മുറക്ക് കൗൺസലിംഗ് പ്രക്രിയയിൽ പങ്കെടുത്ത് ഓപ്ഷൻ നൽകണം. ബാക്കി 50 ശതമാനം സ്വാശ്രയ സീറ്റുകൾക്ക് കീം റാങ്ക് നിർബന്ധമില്ല.

ബിഫാം പഠനത്തിന് ശേഷം എംഫാം (മാസ്റ്റർ ഓഫ് ഫാർമസി ),ഫാംഡി (ലാറ്ററൽ പ്രവേശനം), എംബിഎ ഫാർമസ്യൂട്ടിക്കൽ മാനേജ്മെന്റ്‌ , എംബിഎ ഫാർമ മാർക്കറ്റിംഗ്, എംഎസ്‌സി ക്ലിനിക്കൽ റിസർച്ച് / ബയോ ഇൻഫർമാറ്റിക്സ് /ഫാർമസ്യൂട്ടിക്കൽ കെമിസ്ട്രി,എംടെക് ബയോടെക്നോളജി/മെഡിക്കൽ ബയോടെക്നോളജി/ബയോ ഇൻഫർമാറ്റിക്സ് തുടങ്ങിയ മേഖലകളിൽ ഉപരിപഠനം നടത്താം.

ഡിപ്ലോമ ഇൻ ഫാർമസി (ഡിഫാം)

പ്രായോഗിക പരിശീലനമടക്കം രണ്ട് വർഷവും മൂന്ന് മാസവും ദൈർഘ്യമുള്ള ഫാർമസി ഡിപ്ലോമ കോഴ്‌സുകൾ സർക്കാർ മേഖലയിലും അംഗീകൃത സ്വകാര്യ ഫാർമസി കോളേജുകളിലും ലഭ്യമാണ്. പ്ലസ്ടുവിന് ഫിസിക്‌സ്, കെമിസ്ട്രി എന്നിവയോടൊപ്പം ബയോളജി അല്ലെങ്കിൽ മാത്തമാറ്റിക്‌സ് ഒരു വിഷയമായി പഠിച്ചിരിക്കണം. പ്രത്യേക പ്രവേശന പരീക്ഷയില്ല. പ്ലസ്ടു മാർക്കിന്റെ അടിസ്ഥാനത്തിൽ എൽബിഎസ് സെന്റർ വഴിയാണ് പ്രവേശനം. സർക്കാർ  സ്ഥാപനങ്ങളിലെ മുഴുവൻ സീറ്റുകളും സ്വാശ്രയ കോളേജുകളിലെ 50 ശതമാനം സീറ്റുകളുമാണ് എൽബിഎസ് റാങ്ക് ലിസ്റ്റ് വഴി നികത്തുന്നത്.വിജ്‌ഞാപനം ഉടൻ പ്രതീക്ഷിക്കാം. വിവരങ്ങൾക്ക്‌: www.lbscentre.kerala.gov.in.  ഡിഫാമുകാർക്ക് ലാറ്ററൽ എൻട്രി വഴി ബിഫാം പ്രവേശനത്തിനും അവസരമുണ്ട്.വിവരങ്ങൾക്ക്‌: www.cee.kerala.gov.in

ഡോക്ടർ ഓഫ് 
ഫാർമസി (ഫാംഡി)

ഇന്ത്യയിൽ ഫാർമസി പഠനരംഗത്ത് താരതമ്യേന പുതിയ കോഴ്‌സാണ് ഫാംഡി എന്നു പറയാം.  ഗവേഷണത്തിനും ക്ലിനിക്കൽ പ്രാക്ടീസിനുമാണ് മുൻതൂക്കം. പ്ലസ്ടു അല്ലെങ്കിൽ തത്തുല്യ പരീക്ഷയിൽ ബയോളജി/ മാത്തമാറ്റിക്സിൽ 50 ശതമാനവും ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി/മാത്തമാറ്റിക്‌സ് വിഷയങ്ങൾക്ക് മൊത്തം 50 ശതമാനം മാർക്കും ലഭിച്ചിരിക്കണം. 50 ശതമാനം മാർക്കോടെ ഡിഫാം പൂർത്തിയാക്കിയവർക്കും അപേക്ഷിക്കാം. കേരളത്തിൽ സ്വാശ്രയ സ്ഥാപനങ്ങളിലാണ് പഠനാവസരമുള്ളത്.

ഒരു  വർഷ ഇന്റേൺഷിപ്പടക്കം ആറ് വർഷമാണ് കോഴ്സ് ദൈർഘ്യം. വിജയകരമായി പഠനം പൂർത്തിയാക്കുന്നവർക്ക് ക്ലിനിക്കൽ ഫാർമസിസ്റ്റായി പ്രവർത്തിക്കാം. സ്വാശ്രയ സ്ഥാപനങ്ങളിലെ ബിഫാം, ഡിഫാം, ബിഫാം  ലാറ്ററൽ എൻട്രി എന്നിവയുടെ 50 ശതമാനം സീറ്റുകളിലേക്കും ഫാംഡി  കോഴ്സിന്റെ  മുഴുവൻ സീറ്റുകളിലേക്കും സ്ഥാപനങ്ങളിൽ നേരിട്ടോ അസോസിയേഷൻ വഴിയോ അപേക്ഷിക്കണം. 37 സ്വാശ്രയ സ്ഥാപനങ്ങളുടെ കൂട്ടായ്മ പ്രവേശനത്തിനായി അപേക്ഷ  ക്ഷണിച്ചിട്ടുണ്ട്. വിവരങ്ങൾക്ക്‌: www.ksspcma.com

മറ്റ്‌ സ്ഥാപനങ്ങൾ

എൻഐപിഇആർ (NIPER )ന്റെ  വിവിധ ക്യാമ്പസുകളായ മൊഹാലി, അഹമ്മദാബാദ്, ഗുവാഹത്തി, ഹാജിപ്പൂർ, ഹൈദരാബാദ്, കൊൽക്കത്ത, റായ്ബറേലി എന്നിവിടങ്ങളിൽ വിവിധ കോഴ്‌സുകളുണ്ട്. ബിർള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി & സയൻസ് പിലാനി, ജാമിയ ഹംദർദ്, പഞ്ചാബ് യൂണിവേഴ്‌സിറ്റി,  ജെഎസ്എസ് കോളേജ് ഓഫ് ഫാർമസി ഊട്ടി, മണിപ്പാൽ കോളേജ് ഓഫ് ഫാർമസ്യൂട്ടിക്കൽ സയൻസസ് മണിപ്പാൽ, ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കെമിക്കൽ ടെക്‌നോളജി  മുംബൈ,  ജാദവ്പൂർ യൂണിവേഴ്സിറ്റി കൊൽക്കത്ത തുടങ്ങിയവയും ഈ മേഖലയിലെ സ്ഥാപനങ്ങളാണ്.  അസം യൂണിവേഴ്സിറ്റി,  ഇന്ദിരാഗാന്ധി നാഷണൽ ട്രൈബൽ യൂണിവേഴ്സിറ്റി, ഹേമാവതി നന്ദൻ ബഹുഗുണ അഗർവാൾ യൂണിവേഴ്സിറ്റി തുടങ്ങിയ സെൻട്രൽ യൂണിവേഴ്സിറ്റികളിൽ സിയുഇടി യുജി വഴി ബിഫാമിന് പ്രവേശനം നേടാം. ജിപാറ്റ് ( GPAT) എന്ന പ്രവേശന പരീക്ഷ വഴി സ്റ്റൈപ്പന്റോടു കൂടി, വിവിധ സ്ഥാപനങ്ങളിൽ എംഫാം കോഴ്‌സ് പഠിക്കാം. ഒട്ടേറെ വിദേശ സർവകലാശാലകളുമുണ്ട്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top