21 November Thursday

കേരളത്തിൽ ആദ്യ പ്രൊസ്തെറ്റിക് ഓർത്തോട്ടിക് ബിരുദ കോഴ്സ് നിപ്മറിൽ

വെബ് ഡെസ്‌ക്‌Updated: Sunday Oct 27, 2024

തിരുവനന്തപുരം> സംസ്ഥാനത്തെ ആദ്യ ബാച്ചിലർ ഇൻ പ്രൊസ്തെറ്റിക് ആൻഡ് ഓർത്തോട്ടിക് ഡിഗ്രി കോഴ്സ് നിപ്‌മറിൽ (നാഷണല്‍‌ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിസിക്കല്‍ മെഡിസിന്‍ ആന്‍ഡ് റിഹാബിലിറ്റേഷനിൽ) ആരംഭിക്കുമെന്ന് മന്ത്രി ആർ ബിന്ദു. നാലര വർഷത്തെ ബാച്ചിലർ ഇൻ പ്രൊസ്തെറ്റിക്  ഓർത്തോട്ടിക് ബിരുദ കോഴ്സ് (ബിപിഒ) ആണ് സംസ്ഥാന സാമൂഹ്യനീതി വകുപ്പിനു കീഴിലെ സ്വയംഭരണസ്ഥാപനമായ നിപ്മറിൽ ആരംഭിക്കുന്നത്.

കൃത്രിമ കൈകാലുകൾ, വീൽ ചെയറുകൾ, ഭിന്നശേഷിക്കാർക്കും വയോജനങ്ങൾക്കുമുള്ള സഹായക ഉപകരണങ്ങൾ എന്നിവയുടെ ആവശ്യകതാ നിർണയം, ഗുണമേന്മാ നിർണയം, ഉൽപ്പാദനം എന്നിവയിൽ പ്രൊഫഷണൽ പരിശീലനം നൽകുന്ന കോഴ്സാണിത്. മെഡിക്കൽ കോളേജുകൾ, ജില്ലാ ആശുപത്രികൾ, ആർട്ടിഫിഷ്യൽ ലിമ്പ് സെന്ററുകൾ എന്നിവയിൽ മികച്ച തൊഴിൽ സാധ്യതയുള്ള പ്രൊഫഷണൽ ബിരുദമാണ് ബിപിഒ. വിദേശത്തും തൊഴിൽസാധ്യതയുണ്ട്. ദേശീയതലത്തിൽ ആർസിഐ അംഗീകാരമുള്ള 600 ബിരുദധാരികൾ മാത്രമേയുള്ളു. കേരളത്തിൽ ഈ ബിരുദമുള്ളവരുടെ എണ്ണം അറുപതിൽ താഴെയാണെന്ന് മന്ത്രി പറഞ്ഞു.

ഉന്നതവിദ്യാഭ്യാസ വകുപ്പിനു കീഴിലെ എൽബിഎസിനാണ് പ്രവേശനചുമതല. തുടക്കത്തിൽ 20 കുട്ടികൾക്കാണ് പ്രവേശനം. പ്ലസ് ടുവിന് ഫിസിക്സ്‌, കെമിസ്ട്രി, ബയോളജി വിഷയങ്ങൾ പഠിച്ചവർക്കാണ് യോഗ്യത. പാരാമെഡിക്കൽ കോഴ്സുകൾക്കായി എൽബിഎസിൽ ഇതിനകം രജിസ്റ്റർ ചെയ്തിട്ടുള്ളവർ ഈ കോഴ്സിന് ഓപ്ഷൻ നൽകണം. റീഹാബിലിറ്റേഷൻ കൗൺസിൽ ഓഫ് ഇന്ത്യയുടെ അംഗീകാരമുള്ള കോഴ്സിന്റെ അക്കാദമിക് നിയന്ത്രണം കേരളാ ഹെൽത്ത്‌ സയൻസ് സർവകലാശാലയ്‌ക്കാണ്. പ്രവേശന നടപടികൾ ഉടൻ ആരംഭിക്കും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top