ഹൃദയഭൂമിയിൽ പോര‌് ‘ഹിന്ദുത്വ സംരക്ഷണ’ത്തിന‌് ; പശുസംരക്ഷണം പ്രധാന ചർച്ചാവിഷയം
Saturday Mar 9, 2019
കമൽനാഥ‌് ചിന്ദ‌്‌വാരയിൽ വലിയ ഹനുമാൻ ക്ഷേത്രം നിർമിച്ചതും ദിഗ‌്‌വിജയ‌്സിങ് ആറുമാസം നീണ്ട നർമദാപര്യടനം നടത്തിയതും ജ്യോതിരാദിത്യ സിന്ധ്യയുടെ മഹാക്ഷേത്ര സന്ദർശനങ്ങളുമാണ‌് വോട്ടു പിടിക്കാൻ നിയമസഭാ തെരഞ്ഞെടുപ്പു വേളയിൽ കോൺഗ്രസ‌് ഉയർത്തിക്കാണിച്ചിരുന്ന ‘ജനകീയ വിഷയങ്ങൾ’.
ന്യൂഡൽഹി> ഹൃദയഭൂമിയായ മധ്യപ്രദേശിൽ തങ്ങളാണ‌് ഹിന്ദുത്വരാഷ്ട്രീയത്തിന്റെ യഥാർഥ സംരക്ഷകരെന്ന‌് തെളിയിച്ച‌് വോട്ട‌് സമാഹരിക്കാനുള്ള തീവ്രപരിശ്രമത്തിലാണ‌് കോൺഗ്രസും ബിജെപിയും. പശുസംരക്ഷണമാണ‌് പ്രധാന ചർച്ചാവിഷയം. 2018 ഡിസംബറിലെ നിയമസഭാ തെരഞ്ഞെടുപ്പ‌് മധ്യപ്രദേശിൽ 15 വർഷത്തെ ശിവരാജ‌്സിങ് ചൗഹാൻ യുഗത്തിന‌് അന്ത്യംകുറിച്ചു. എന്നാൽ, അധികാരത്തിൽ വന്ന കോൺഗ്രസാകട്ടെ എല്ലാ തലത്തിലും ബിജെപിയുടെ നയസമീപനം തുടരുകയാണ‌്. പശുക്കടത്തിന്റെ പേരിൽ പിടിയിലായവരുടെ പേരിൽ ദേശീയ സുരക്ഷാനിയമപ്രകാരം കേസെടുത്തതും ഗുരുതരമായ ക്രമസമാധാന വീഴ‌്ചയും ചുരുങ്ങിയ കാലത്തിനിടെ കമൽനാഥ‌് സർക്കാരിനെതിരെ രൂക്ഷ വിമർശനമുയർത്തി.
മുഖ്യമന്ത്രി കമൽനാഥും ഉപമുഖ്യമന്ത്രി ജോതിരാദിത്യ സിന്ധ്യയും മുതിർന്ന നേതാവ‌് ദിഗ‌്‌വിജയ‌്സിങ്ങും ചേർന്ന ഭരണത്തിന‌് ഉറപ്പോ ഊർജമോ ഇല്ലെന്നാണ‌് ബിജെപിയുടെ വിമർശം. ‘ദിഗ‌്‌വിജയനാഥ സിന്ധ്യ’യാണ‌് മധ്യപ്രദേശിലെ മുഖ്യമന്ത്രിയെന്ന ലോക‌്സഭാ തെരഞ്ഞെടുപ്പു പ്രചാരണവേദികളിൽ ബിജെപി കോൺഗ്രസിനെ പരിഹസിക്കുന്നു. നിയമസഭാ തെരഞ്ഞെടുപ്പിലേറ്റ കനത്ത തിരിച്ചടിയുടെ ആഘാതത്തിൽനിന്നും ബിജെപി ഇനിയും മുക്തരായിട്ടില്ലെന്ന‌് കോൺഗ്രസ‌് തിരിച്ചടിക്കുന്നു.
ആകെയുള്ള 29 ലോക‌്സഭാ സീറ്റുകളിൽ 14ലും കോൺഗ്രസിന‌് വിജയസാധ്യത പ്രവചിക്കുന്നതാണ‌് 2018 നിയമസഭാ തെരഞ്ഞെടുപ്പു ഫലമെന്നും നേതാക്കൾ അവകാശപ്പെടുന്നു. മുറേന, ഗ്വാളിയോർ, ദമോഹ‌്, ജബൽപുർ, മണ്ട‌്‌ല, ഹോഷങ്കാബാദ‌്, ഭോപാൽ, രാജ‌്ഗഢ‌്, ദേവാസ‌്, ഉജ്ജയിൻ, ധർ, ഖർഗോൻ, ബേതുൽ, ബാലാഘാട്ട‌് തുടങ്ങിയ മണ്ഡലങ്ങളിൽ വിജയസാധ്യതയുണ്ടെന്നാണ‌് കോൺഗ്രസിന്റെ കണക്കുകൂട്ടൽ. ഗ്വാളിയോർ, മണ്ട‌്‌ല, ധർ, ഖർഗോൻ എന്നീ ലോക‌്സഭാ മണ്ഡലങ്ങളിലെ എട്ടിൽ ആറ‌് നിയമസഭാ മണ്ഡലങ്ങൾ 2018ൽ കോൺഗ്രസാണ‌് ജയിച്ചത‌്. ബേതുൽ, ഉജ്ജയിൻ, രാജ‌്ഗഢ‌് എന്നിവിടങ്ങളിൽ എട്ടിൽ അഞ്ച‌് സീറ്റും നേടാൻ കോൺഗ്രസിനായി.
തെരഞ്ഞെടുപ്പു നേട്ടങ്ങൾക്കായി മൃദുഹിന്ദുത്വ നിലപാടിൽനിന്നും കോൺഗ്രസ‌് സർക്കാർ തീവ്രഹിന്ദുത്വ പിടിവാശികളിലേക്ക‌് നീങ്ങുന്നതിന്റെ ഉദാഹരണമാണ‌് ഖാണ്ഡ‌്‌വ, അഗർമാൾവ മേഖലകളിലെ മുസ്ലിം ചെറുപ്പക്കാർക്കെതിരെ ദേശീയ സുരക്ഷാനിയമപ്രകാരം കേസെടുത്ത നടപടി. ബിജെപി ഭരണകാലത്ത‌് ഇത്തരം നടപടികളെ രൂക്ഷമായി വിമർശിച്ചിരുന്ന കോൺഗ്രസ‌് ദേശീയ, സംസ്ഥാന നേതൃത്വങ്ങളുടെ ലക്ഷ്യം ലോക‌്സഭാ തെരഞ്ഞെടുപ്പാണെന്ന കാര്യം വ്യക്തം. കമൽനാഥ‌് ചിന്ദ‌്‌വാരയിൽ വലിയ ഹനുമാൻ ക്ഷേത്രം നിർമിച്ചതും ദിഗ‌്‌വിജയ‌്സിങ് ആറുമാസം നീണ്ട നർമദാപര്യടനം നടത്തിയതും ജോതിരാദിത്യ സിന്ധ്യയുടെ മഹാക്ഷേത്ര സന്ദർശനങ്ങളുമാണ‌് വോട്ടു പിടിക്കാൻ നിയമസഭാ തെരഞ്ഞെടുപ്പു വേളയിൽ കോൺഗ്രസ‌് ഉയർത്തിക്കാണിച്ചിരുന്ന ‘ജനകീയ വിഷയങ്ങൾ’. ലോക‌്സഭാ തെരഞ്ഞെടുപ്പിലും ഈ വിഷയങ്ങളിൽ ഊന്നി കൂടുതൽ ശക്തമായ പ്രചാരണം നടത്താനാണ‌് കോൺഗ്രസിന്റെ നീക്കം.
2000 നവംബർ ഒന്നിന‌് ഛത്തീസ‌്ഗഢ‌് സംസ്ഥാനം രൂപീകരിച്ചതിനെ തുടർന്നാണ‌് മധ്യപ്രദേശിൽ ലോക‌്സഭാ സീറ്റുകളുടെ എണ്ണം 40ൽ നിന്ന‌് 29 ആയത‌്. 2014ൽ 27 സീറ്റും ബിജെപി നേടിയപ്പോൾ ജോതിരാദിത്യ സിന്ധ്യ മത്സരിച്ച ഗുന, കമൽനാഥ‌് മത്സരിച്ച ചിന്ദ‌്‌വാര മണ്ഡലങ്ങൾ മാത്രമാണ‌് കോൺഗ്രസിന‌് ജയിക്കാൻ കഴിഞ്ഞത‌്. 2015ൽ രത‌്‌ലാം ഉപതെരഞ്ഞെടുപ്പിൽ ബിജെപി പരാജയപ്പെട്ടു. 2009ൽ കോൺഗ്രസ‌് 16 സീറ്റും ബിജെപി 12 സീറ്റും നേടിയെങ്കിൽ 2004ൽ കോൺഗ്രസ‌് 25 സീറ്റും ബിജെപി നാല‌് സീറ്റും സ്വന്തമാക്കി. 2014ൽ 27 സീറ്റ‌് നേടിയെങ്കിൽ ഇക്കുറി 29 സീറ്റും തൂത്തുവാരുമെന്ന വീരവാദത്തോടെയാണ‌് ബിജെപി പ്രചാരണം.
പുൽവാമ ഭീകരാക്രമണവും ബാലാകോട്ടിലെ വ്യോമസേനയുടെ തിരിച്ചടിയും ഉൾപ്പെടെ സമീപകാലത്തുണ്ടായ സംഭവ വികാസങ്ങൾ ലോക‌്സഭാ തെരഞ്ഞെടുപ്പു ഫലത്തെ കാര്യമായി സ്വാധീനിക്കാനിടയുണ്ടെന്ന‌് ബിജെപി നേതാക്കൾ പരസ്യമായി അവകാശപ്പെടുന്നു. സംസ്ഥാനത്ത‌് പ്രാദേശിക പാർടികൾ ഒന്നും ലോക‌്സഭാ തെരഞ്ഞെടുപ്പിൽ കാര്യമായ സ്വാധീനമുണ്ടാക്കിയ ചരിത്രമില്ല. ബിഎസ‌്പി–-എസ‌്പി സഖ്യത്തെ കാര്യമായി എടുക്കേണ്ടതില്ലെന്ന‌് ബിജെപി, കോൺഗ്രസ‌് സംസ്ഥാന നേതാക്കൾ വിലയിരുത്തുന്നു.എന്നാൽ, എസ‌്പി–-ബിഎസ‌്പി സഖ്യം ചില മണ്ഡലങ്ങളിലെങ്കിലും കോൺഗ്രസിന‌് തിരിച്ചടിയാകുമെന്ന‌് രാഷ്ട്രീയ നിരീക്ഷകർ പറയുന്നു.