നെഹ‌്റുവിനെ റായ‌്ബറേലിയിൽ എത്തിച്ച കമ്യൂണിസ്റ്റ‌് സന്യാസി

Saturday Mar 9, 2019

2014ലെ ലോക‌്സഭാ തെരഞ്ഞെടുപ്പ‌് പ്രചാരണം കൊടുമ്പിരികൊണ്ട സമയം. ഉത്തർപ്രദേശിലേക്ക‌് തെരഞ്ഞെടുപ്പ‌് റിപ്പോർട്ടിങ്ങിനായി ഡൽഹിയിൽനിന്ന് രാവിലെ ആറിനുള്ള ശതാബ്ദി എക്സ്പ്രസിൽ കയറി. റായ‌്ബറേലിയിലെ സ്ഥാനാർഥിയായ സോണിയഗാന്ധി ഉഛേഡിൽ കോൺഗ്രസ‌് റാലിയിൽ പ്രസംഗിക്കുന്നുണ്ട‌്. അതാണ‌് പ്രധാനലക്ഷ്യം. ആറര മണിക്കൂർ യാത്രയുണ്ട‌് ലഖ്നൗവിലേക്ക‌്. അവിടെനിന്ന് 95 കിലോമീറ്റർ സഞ്ചരിച്ചാൽ റായ്ബറേലയിലെത്താം. അടിയന്തരാവസ്ഥക്കുശേഷം നടന്ന തെരഞ്ഞെടുപ്പിൽ രാജ് നാരായൺ എന്ന സോഷ്യലിസ്റ്റ് സാക്ഷാൽ ഇന്ദിരാഗാന്ധിയെ തോൽപ്പിച്ച മണ്ഡലം.

നഗരത്തിലേക്ക് പ്രവേശിക്കുമ്പോൾ ആദ്യ കാഴ‌്ച നീലനിറത്തിലുള്ള ഫിറോസ് ഗാന്ധി കവാടം. തൊട്ടടുത്ത് ഇന്റർമീഡിയറ്റ് കോളേജ‌്. റായ്ബറേലിയിൽനിന്ന് ആദ്യം പാർലമെന്റിലെത്തിയ ഫിറോസ് ഗാന്ധിയുടെ പേരിൽ ഒരു പോളിടെക്നിക്കും നഗരത്തിലുണ്ട‌്. നെഹ‌്റുകുടുംബം കുത്തകയാക്കിയ മണ്ഡലത്തിൽ ആദ്യ എംപിയുടെ സ്മരണ നിലനിർത്താൻ മറ്റൊരു സ്ഥാപനവുമില്ല.

ജില്ലാ കോൺഗ്രസ് കമ്മിറ്റി ഓഫീസായ തിലക് ഭവനടുത്തുള്ള ലക്ഷ്മി ഹോട്ടലിലാണ‌്  മുറിയെടുത്തത്. പിന്നീടാണ് അറിഞ്ഞത് തെരഞ്ഞെടുപ്പ് പ്രചാരണവേളയിൽ ഫിറോസും ഇന്ദിരയും താമസിച്ചിരുന്നത് ഇതേ ഹോട്ടലിലായിരുന്നുവെന്ന‌്!  ഒന്നാംനമ്പർ മുറിയിൽ ഫിറോസും രണ്ടാംനമ്പർ മുറിയിൽ ഇന്ദിരയും. 1952ലും 1957ലുമാണ് ഫിറോസ് ഗാന്ധി റായ്ബറേലിയിൽ മത്സരിച്ച‌് ജയിച്ചത‌്. അലഹബാദിൽ താമസിച്ച നെഹ‌്റുകുടംബം എങ്ങനെയാണ് റായ്ബറേലിയിലെത്തിയത് എന്ന സംശയം ഹോട്ടൽലുടമയും നെഹ്റു കുടംബത്തിന്റെ വിശ്വസ്തനുമായ ഗണേശ് ശങ്കർ പാണ്ഡെയോട് ചോദിച്ചു. അപ്പോഴാണ് കമ്യൂണിസവും കിസാൻസഭയുമായി അതിന് ബന്ധമുണ്ടെന്നറിഞ്ഞത്.

മഹാരാഷ്ട്രയിൽ ജനിച്ച് ഫിജിയിൽ കൂലിവേലക്കാരനായി ജീവിച്ച് ട്രേഡ‌് യൂണിയൻ നേതാവായി ഇന്ത്യയിൽ തിരിച്ചെത്തി സന്യാസിയായ ഒരാളുണ്ട‌്–- ബാബാ രാംചന്ദ്ര.  യുപിയിലെ പ്രതാപ്ഗഡിൽ കിസാൻസഭ സംഘടിപ്പിച്ചത‌് അദ്ദേഹമാണ‌്. റുറേ ഗ്രാമത്തിൽവച്ചാണ് കിസാൻസഭക്ക് രൂപംനൽകുന്നത്.

ഔധ്(അയോധ്യ) പ്രവിശ്യ 1920കളിൽ കർഷകസമരത്തിൽ തിളച്ചുമറിഞ്ഞിരുന്നു. മഹാരാഷ്ട്രയിൽ ജനിച്ച് ഫിജിയിൽ കൂലിവേലക്കാരനായി ജീവിച്ച് ട്രേഡ‌് യൂണിയൻ നേതാവായി ഇന്ത്യയിൽ തിരിച്ചെത്തി സന്യാസിയായ ഒരാളുണ്ട‌്–- ബാബാ രാംചന്ദ്ര.  യുപിയിലെ പ്രതാപ്ഗഡിൽ കിസാൻസഭ സംഘടിപ്പിച്ചത‌് അദ്ദേഹമാണ‌്. റുറേ ഗ്രാമത്തിൽവച്ചാണ് കിസാൻസഭക്ക് രൂപംനൽകുന്നത്. പ്രതാപ്ഗഡ‌ിൽനിന്ന‌് സുൽത്താൻപുർ, ഫൈസാബാദ്, റായ്ബറേലി ജില്ലകളിലേക്ക് കിസാൻസഭയുടെ പ്രവർത്തനം വ്യാപിച്ചു. ഒരു ലക്ഷത്തിലധികം അംഗങ്ങളോടെ വലിയ സ്വാധീനമുള്ള സംഘടനയായി അതു മാറി. താലുക്ദാരികളുടെയും ഭൂപ്രഭുക്കന്മാരുടെയും അക്രമവും കാശുപിരിവും  അവസാനിപ്പിക്കണെമെന്ന് ആവശ്യപ്പെട്ട് ബാബാരാംചന്ദ്രയുടെ നേതൃത്വത്തിൽ നടന്ന സമരത്തിന് നേരേ റായ്ബറേലിയിലെ മുൻഷിഗഞ്ചിലും ഫുർതാസഗഞ്ചിലും വെടിവയ‌്പ്പുണ്ടായി. എല്ലാത്തിനെയും അതിജീവിച്ച‌് മുന്നേറിയ കർഷകർ ക്രമേണ ഇടതുപക്ഷത്തേക്കും കമ്യൂണിസത്തിലേക്ക‌ും ആകർഷിക്കപ്പെട്ടു. ഇവരെ കോൺഗ്രസിലേക്ക് നയിക്കാനാണ് മോത്തിലാൽ നെഹ്റു മകനായ ജവഹർലാൽ നെഹ്റുവിനെ റായ്ബറേലിയിലേക്ക് അയച്ചത്. അന്നു തുടങ്ങിയ ബന്ധമാണ് നെഹ‌്റു കുടുംബവും റായ്ബറേലിയും തമ്മിലുള്ളത്. ബാബാരാംചന്ദ്രനെ മോത്തിലാൽ വീട്ടു തടങ്കലിലെന്നപോലെ പാർപ്പിച്ചാണ് കർഷകസമരം തണുപ്പിച്ചതെന്ന് ചരിത്രം പറയുന്നു.

ഫിറോസും ഇന്ദിരയുമൊത്തുള്ള ഒരുപാട് ഫോട്ടോകൾ ലക്ഷ‌്മി ഹോട്ടലിന്റെ വരാന്തയിൽ ഫ്രെയിം ചെയ്ത് തൂക്കിയിട്ടുണ്ടായിരുന്നു. എന്നാൽ ഫിറോസ് ഗാന്ധി എന്ന വ്യക്തിയെ കോൺഗ്രസ് പാർടി മറന്നുപോയിരിക്കുന്നുവെന്ന പരാതിയാണ് പാണ്ഡെ പങ്കുവച്ചത‌്.


വോട്ടുബുക്ക്
സ്പെഷ്യല്‍
ഫേക്ക് ഇന്‍ ഇന്ത്യ
ഓര്‍ത്തെടുപ്പ്
വാര്‍ത്തകള്‍