‘കന്നഡപ്പേടി’യിൽ ബിജെപി

Saturday Mar 9, 2019

മംഗളൂരു
കർണാടകത്തിന്റെ ചരിത്രത്തിലാദ്യമായി കോൺഗ്രസ‌്, ജനതാദൾ സെക്കുലർ പാർടികൾ സഖ്യമായി ലോക‌്സഭാ തെരഞ്ഞെടുപ്പിനെ നേരിടാൻ തീരുമാനിച്ചതോടെ കനത്ത തിരിച്ചടി ഉറപ്പിച്ച‌് ബിജെപി. കഴിഞ്ഞതവണ പാർലമെന്റ‌് തെരഞ്ഞെടുപ്പിൽ ഒപ്പംനിന്ന സംസ്ഥാനത്ത‌് ഇത്തവണ സ്ഥിതി വ്യത്യസ്തമാകുമെന്ന‌് ബിജെപി നേതൃത്വം തിരിച്ചറിഞ്ഞിട്ടുണ്ട‌്. 2004ന‌ു ശേഷം ലോക‌്സഭാ തെരഞ്ഞെടുപ്പുകളിൽ കോൺഗ്രസ‌്, ബിജെപി, ജെഡിഎസ‌് ത്രികോണ മത്സരത്തിനൊടുവിൽ ബിജെപി നേട്ടമുണ്ടാക്കുന്നതാണ‌് ചരിത്രം. 2014ലെ തെരഞ്ഞെടുപ്പിൽ 28ൽ 17 സീറ്റും ബിജെപി നേടിയപ്പോൾ കോൺഗ്രസിന‌് 9 സീറ്റും ജെഡിഎസിന‌് രണ്ടു സീറ്റുമായിരുന്നു ലഭിച്ചത‌്. കഴിഞ്ഞവർഷം ഉപതെരഞ്ഞെടുപ്പിൽ ബിജെപിക്ക‌് ഒരു സീറ്റ‌് നഷ‌്ടപ്പെട്ടു. 2009ൽ ബിജെപി 19 സീറ്റ‌് നേടിയിരുന്നു.

2014ൽ ബിജെപിക്ക‌് 43 ശതമാനം വോട്ടു വിഹിതമുണ്ടായിരുന്നപ്പോൾ കോൺഗ്രസിന‌ും (40.8) ജെഡിഎസിന‌ും (11) ചേർന്ന‌് 51.8 ശതമാനം വോട്ട‌ു ലഭിച്ചു. 2018ൽ പാർലമെന്റിലേക്ക‌് നടന്ന ഉപതെരഞ്ഞെടുപ്പിൽ സഖ്യമുണ്ടാക്കി മത്സരിച്ച 5 സീറ്റുകളിൽ 4 എണ്ണവും നേടാനായി. ബിജെപിയുടെ ബെല്ലാരി സീറ്റ‌് സഖ്യം പിടിച്ചെടുത്തു. ഉപതെരഞ്ഞെടുപ്പ‌് നടന്ന സംസ്ഥാന അധ്യക്ഷന്റെ മണ്ഡലവും ബിജെപിയുടെ ശക്തികേന്ദ്രവുമായ ശിവമോഗയിലെ ഭൂരിപക്ഷം 3.6 ലക്ഷത്തിൽനിന്നും കേവലം അമ്പതിനായിരത്തിലേക്ക‌് ഒതുക്കി.

വടക്കൻ കർണാടകയിലെ പത്തോളംസീറ്റിൽ ചെറിയ ഭൂരിപക്ഷത്തിനാണ‌് ബിജെപി ജയിച്ചുകയറിയത‌്. ഇവിടങ്ങളിലെല്ലാം കോൺഗ്രസ‌്, ജെഡിഎസ‌് വോട്ടുകൾ ഒന്നിച്ചാൽ ബിജെപിക്ക‌് വിനയാകും. ഇത‌് മുന്നിൽക്കണ്ടാണ‌് മേഖലയിൽനിന്നുള്ള നാല‌് വിമത എംഎൽഎമാരെ വച്ച‌് കോൺഗ്രസിലെ വിഭാഗീയത‌യ‌്ക്ക‌് മൂർച്ച കൂട്ടാൻ ബിജെപി കൊണ്ടുപിടിച്ച ശ്രമങ്ങൾ നടത്തുന്നത‌്.

കേന്ദ്രസർക്കാരിന്റെ കർഷകവിരുദ്ധനയങ്ങൾക്കെതിരെ രാജ്യത്താകമാനം ഉയർന്നുവരുന്ന അതൃപ‌്തി കർണാടകത്തിലും പ്രകടമാണ‌്. നിലവിൽ മോഡി തരംഗമില്ലെന്ന‌് ബിജെപി നേതാക്കൾ തന്നെ സമ്മതിക്കുന്നു. അതിനിടെ, ബിജെപി നടത്തിയ ആഭ്യന്തര സർവേയിലും കർണാടകത്തിൽ സിറ്റിങ് സീറ്റുകൾ ഉൾപ്പെടെ നഷ്ടമാകുമെന്നും കനത്ത തിരിച്ചടിയുണ്ടാകുമെന്നുമാണ‌് റിപ്പോർട്ട‌്. സംസ്ഥാന ഘടകം അറിയാതെ ബിജെപി കേന്ദ്ര നേതൃത്വമാണ‌് സർവേ നടത്തിയത‌്. ആറോളം സിറ്റിങ് സീറ്റ‌് നഷ‌്ടമാകുമെന്നാണ‌് സർവേ ഫലം.

പുൽവാമ ആക്രമണത്തിന‌് ഇന്ത്യ നൽകിയ തിരിച്ചടി ബിജെപിക്ക‌് നേട്ടമാകുമെന്നും ഇത‌ുകാരണം സംസ്ഥാനത്ത‌് പാർടിക്ക‌് 22 സീറ്റ‌് ലഭിക്കുമെന്നുമുള്ള യെദ്യൂരപ്പയുടെ പ്രസ‌്താവന ബിജെപിക്ക‌് ദേശീയതലത്തിൽ തന്നെ വലിയ ക്ഷീണമുണ്ടാക്കി. നേരത്തെ ഭരണപക്ഷ എംഎൽഎമാരെ വിലയ‌്ക്കെടുത്ത‌് സർക്കാരിനെ താഴെയിറക്കാൻ നടത്തിയ ശ്രമങ്ങൾ പരാജയപ്പെട്ടതും ബിജെപിയെ പ്രതിരോധത്തിലാക്കി. ചുരുങ്ങിയ സമയത്തിനുള്ളിൽ മുഖംമിനുക്കാൻ പ്രവർത്തനങ്ങളിൽ ഏർപ്പെടാനാണ‌് കേന്ദ്രത്തിന്റെ നിർദേശം.

ബിജെപിയുടെ സിറ്റിങ് സീറ്റുകളായ ഉഡുപ്പി–-ചിക‌്മംഗളൂരുവിൽ ശോഭ കരന്തലജെ, ദക്ഷിണ കന്നടയിൽ നളീൻകുമാർ കട്ടീൽ, മൈസൂരു–-കൊടഗ‌് മണ്ഡലത്തിൽ പ്രതാപ‌് സിംഹ, കൊപ്പാളിൽ കരാടി സംഗണ്ണ, ബിജാപുരിൽ രമേഷ‌് ജിഗജിനാഗി എന്നിവർ വീണ്ടും മത്സരിക്കുന്നതിനെതിരെ കടുത്ത എതിർപ്പാണുള്ളത‌്. ബാഗൽകോട്ട‌് എംപിയായ പി സി ഗഡ്ഡിഗൗഡർ തെരഞ്ഞെടുപ്പ‌് രാഷ‌്ട്രീയത്തിൽനിന്ന‌് വിരമിക്കാൻ തീരുമാനിച്ചതും ബിജെപിയെ വെട്ടിലാക്കി. ഗുൽബർഗ, ചിത്രദുർഗ, തുംകൂർ, ചിക‌്ബല്ലാപുർ മണ്ഡലങ്ങളിൽ ബിജെപിക്ക‌് തീരെ സ്വാധീനമില്ല.

അനുകൂല സാഹചര്യം ഉപയോഗപ്പെടുത്താൻ കോൺഗ്രസിന‌് കഴിയുമോയെന്ന കാര്യം സംശയമാണ‌്. സീറ്റുകളുടെ എണ്ണത്തിൽ ഇരു പാർടികളും ധാരണയായെങ്കിലും മണ്ഡലങ്ങളെ ചൊല്ലിയുള്ള തർക്കം തീർന്നിട്ടില്ല. രാഹുൽ ഗാന്ധി ദേവഗൗഡയുമായി ബുധനാഴ‌്ച നടത്തിയ ചർച്ചയിൽ ജെഡിഎസിന‌് 9 സീറ്റ‌് നൽകാൻ തീരുമാനിച്ചത‌്  അംഗീകരിക്കാൻ കഴിയില്ലെന്ന നിലപാടിലാണ‌് സംസ്ഥാന കോൺഗ്രസ‌് നേതൃത്വം.


വോട്ടുബുക്ക്
സ്പെഷ്യല്‍
ഫേക്ക് ഇന്‍ ഇന്ത്യ
ഓര്‍ത്തെടുപ്പ്
വാര്‍ത്തകള്‍