ലീഡ‌് ലക്ഷം ‘കടത്തിയ’ കൊച്ചി യാത്ര

Saturday Mar 9, 2019


നമ്പാടൻ മാഷ‌് കൈപൊക്കിയാലും താഴ‌്ത്തിയാലും മന്ത്രിസഭ തന്നെ താഴെ വീഴുമായിരുന്ന ഒരു കാലമുണ്ടായിരുന്നു. മാഷ‌് നിയമസഭ വിട്ട‌് പാർലമെന്റിലും അരക്കൈ നോക്കി. നമ്പാടനെ വിടാൻ എൽഡിഎഫ‌് കണ്ടുവച്ചിരുന്ന മണ്ഡലം മുകുന്ദപുരം. സ്വന്തം നാട‌്, കൂടാതെ ദീർഘകാലം നിയമസഭയിലേക്ക‌്  വിട്ട ഇരിങ്ങാലക്കുട ഉൾപ്പെട്ട മണ്ഡലം. പക്ഷെ, പരമ്പരാഗത യുഡിഎഫ‌് മണ്ഡലമെന്ന‌് വയ‌്പ‌് .  1967ൽ കോൺഗ്രസ‌ിന‌് ലഭിച്ച ആ ഒറ്റ സീറ്റ‌്  പനമ്പിള്ളി ഗോവിന്ദമേനോൻ ജയിച്ച മുകുന്ദപുരമായിരുന്നെന്നൊർക്കണം.

 ഏതായാലും, 2004ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ  നമ്പാടൻ മത്സരിച്ചു. എതിരാളി കെ കരുണാകരന്റെ മകൾ പത്മജ. മുകുന്ദപുരം കൈവിടില്ലെന്ന ആത്മവിശ്വാസത്തിലായിരുന്നു  കോൺഗ്രസ്. നമ്പാടൻ മാഷാണെങ്കിൽ സിപിഐ എമ്മിന്റെ ചിഹ്നത്തിൽ ആദ്യവും. നിയമസഭയിലേക്ക് ആദ്യ മൂന്നു തവണ കേരള കോൺഗ്രസുകാരനായും പിന്നീട‌് അഞ്ചുതവണ സിപിഐ എം സ്വതന്ത്രനായുമായിരുന്നു.

"അതേയ്, ഇത് മുകുന്ദപുരമാ മണ്ഡലം. ആറേഴ് ലക്ഷം വോട്ടുള്ളതാ. ഈ നിസ്സാര ലീഡൊക്കെ മാറി മറിയാം. ഞാൻ കളിയൊക്കെ കുറെ കണ്ടതാ. മക്കള് പോ....’

മുമ്പ‌് മത്സരിച്ചപ്പോഴൊക്കെ വോട്ടെണ്ണൽ കേന്ദ്രത്തിൽ മാഷ‌് പോകാറുണ്ട‌്. എന്നാൽ, മുകുന്ദപുരത്ത‌് മത്സരിച്ചപ്പോൾ  കൊടകരയ‌്ക്കടുത്ത് പേരാമ്പ്രയിലെ വീട്ടിൽ ടിവിയിൽ ഫലം കണ്ടിരുന്നു. എറണാകുളത്തായിരുന്നു വോട്ടെണ്ണൽ. പോകാൻ ഒരു ഭയം.

വോട്ടെണ്ണൽ ആരംഭിച്ച‌് നമ്പാടന് ആദ്യ ലീഡായപ്പോൾത്തന്നെ പ്രവർത്തകർ ആവേശം കൊള്ളാൻ തുടങ്ങി. ലീഡ് പതിനായിരമായപ്പോൾ പാർടി പ്രവർത്തകർ മാഷിന്റെ വീട്ടിലെത്തി വോട്ടെണ്ണൽ കേന്ദ്രത്തിലേക്ക് ക്ഷണിച്ചു. അദ്ദേഹം പറഞ്ഞു:

"അതേയ്, ഇത് മുകുന്ദപുരമാ മണ്ഡലം. ആറേഴ് ലക്ഷം വോട്ടുള്ളതാ. ഈ നിസ്സാര ലീഡൊക്കെ മാറി മറിയാം. ഞാൻ കളിയൊക്കെ കുറെ കണ്ടതാ. മക്കള് പോ....’

തിരിച്ചുപോയ പ്രവർത്തകർ ലീഡ് 30,000 കഴിഞ്ഞപ്പോൾ വീണ്ടുമെത്തി.

"മാഷെ ഞങ്ങളുടെ ക്ഷമ നശിച്ചു. നമുക്ക് പോകാം.’ പിന്നെയും അര മണിക്കൂർകൂടി കാത്തു. അപ്പോൾ ലീഡ് നാൽപ്പതിനായിരത്തോടടുത്തിരുന്നു. ‘ഇനി കൊച്ചിക്കു പുറപ്പെടാം’ എന്നായി മാഷ‌്.

യാത്രയ‌്ക്കിടയിൽ ഓരോ ജങ‌്ഷനിലും ടിവിയിലൂടെയും മൈക്ക‌് അനൗൺസ‌്മെന്റിലൂടെയും ലീഡ‌് നില  അറിഞ്ഞുകൊണ്ടിരുന്നു. ജങ‌്ഷനുകൾ കഴിയുമ്പോന്തോറും ലീഡ‌് നില ഉയർന്ന‌് വന്നു. ആദ്യ ജങ്ഷനിൽ നിന്ന‌് അടുത്ത ജങ്ഷൻ വരെ എത്തിയപ്പോൾ അയ്യായിരം വോട്ടിന്റെ വർധന. അവിടെ നിന്ന‌് കയറ്റം തുടങ്ങിയതാണ‌്.  ലീഡ് ലക്ഷത്തിലെത്തി. അപ്പോൾ, നമ്പാടൻ സ്വതസിദ്ധമായ നർമത്തിൽ ആശങ്ക പങ്കുവച്ചു:

"ആ വോട്ടിങ് യന്ത്രങ്ങൾക്ക് തകരാറൊന്നുമില്ലല്ലോ അല്ലേ...'. 

യാത്ര തുടർന്നു, പ്രവർത്തകരുടെ ആവേശവും വർധിച്ചു. എറണാകുളത്തെ വോട്ടെണ്ണൽ കേന്ദ്രത്തിലെത്തിയപ്പോൾ ലീഡ‌് 1.17 ലക്ഷം.

"പഞ്ചായത്തുമുതൽ പാർലമെന്റിലേക്കുവരെ തെരഞ്ഞെടുക്കപ്പെട്ട അപ്പൻ ഏറ്റവും ആഹ്ലാദംകൊണ്ട ദിനങ്ങളിലൊന്നായിരുന്നു അത‌് ’  –നമ്പാടന്റെ മകൻ എൻ എൽ സ്റ്റീഫൻ ഓർക്കുന്നു. കോൺഗ്രസിന്റെ കുത്തക സീറ്റ്  പിടിച്ചെടുത്തതും പാർടി ചിഹ്നത്തിലുള്ള തന്റെ ആദ്യ വിജയവും അപ്പനെ ഏറെ ആവേശഭരിതനാക്കി. പാർലമെന്റ് കൂടുമ്പോൾ അമ്മ ആനിടീച്ചറെ കൂടെ നിർത്തി. ഞങ്ങൾ മക്കളെയെല്ലാവരെയും പാർലമെന്റും ഡൽഹിയും കാണിക്കാൻ കൊണ്ടുപോയി. പുറത്തെപ്പോലെ വീട്ടിലും തമാശകൾക്ക് കുറവുണ്ടായില്ല. അടുത്ത സുഹൃത്തുക്കളായ സാജുപോൾ, ബി ഡി ദേവസി, ജോസ് തെറ്റയിൽ എന്നിവർ ഇടയ‌്ക്കിടെ വീട്ടിലെത്തി അപ്പന്റെ തമാശകളിൽ പങ്കുചേരാറുണ്ട്. ഒരിക്കൽ എങ്ങനെയുണ്ട് മാഷേ പാർലമെന്റ് എന്ന ചോദ്യത്തിന് അദ്ദേഹം മറുപടി നൽകിയത് ഇങ്ങനെ:

"അടിപൊളിയല്ലേ. അവിടെ എന്നെ എല്ലാവരും "ജി' കൂട്ടിയാണ് വിളിക്കുന്നത്. സോണിയാജി, വാജ്പേയ്ജി, അദ്വാനിജി എന്നതുപോലെ നമ്പാടൻജിയാണ് ഞാനിപ്പോൾ'.'

ദിവസം നാലു നമ്പർ (തമാശ) വിട്ടില്ലെങ്കിൽ ഉറക്കം വരാത്ത മാഷിന്റെ നമ്പറുകളും പിന്നീട‌് ചരിത്രമായി.  കേരളത്തിലെ മയിൽ കുറ്റികളിൽ സ്ഥലപ്പേര‌് മലയാളത്തിലാക്കാൻ കാരണവും നമ്പാടന്റെ ഈ നമ്പരുകളിലൊന്നാണ‌്. പല മലയാളം പേരുകളും ഇംഗ്ലീഷിലെഴുതുമ്പോൾ അശ്ലീലമാകുന്നുവെന്ന്‌ ഓർമിപ്പിച്ചപ്പോൾ ആ നമ്പരും ഏറ്റു.


വോട്ടുബുക്ക്
സ്പെഷ്യല്‍
ഫേക്ക് ഇന്‍ ഇന്ത്യ
ഓര്‍ത്തെടുപ്പ്
വാര്‍ത്തകള്‍