കേരളത്തിന്റെ പെൺപെരുമ
Saturday Mar 9, 2019
തിരുവനന്തപുരം
കേരളത്തിലെ തദ്ദേശഭരണ സ്ഥാപനങ്ങളിൽ ഭരണനേതൃത്വത്തിന്റെ 50 ശതമാനം വനിതകളുടെ അവകാശമാക്കിയത‌് ഇടതുപക്ഷത്തിന്റെ ഇച്ഛാശക്തി. വനിതകളെ സമൂഹത്തിന്റെ മുൻനിരയിലേക്ക‌് കൊണ്ടുവരാനുള്ള നടപടികളിലെ സുപ്രധാന തീരുമാനമായിരുന്നു ഈ സംവരണം. 2009 ആഗസ‌്തിൽ എൽഡിഎഫ‌് മന്ത്രിസഭ 50 ശതമാനം വനിതാസംവരണം അംഗീകരിച്ചു. സെപ‌്തംബറിൽ പ്രത്യേക നിയമസഭാ സമ്മേളനം നിയമഭേദഗതിയും പാസാക്കി. ഇന്ത്യയിൽ ആദ്യമായി ഒരു സംസ്ഥാനത്ത‌് തദ്ദേശസ്ഥാപനങ്ങളുടെ തലപ്പത്ത‌് 50 ശതമാനം വനിതകൾക്ക‌് സംവരണംചെയ‌്ത‌് എൽഡിഎഫ‌് സർക്കാർ ചരിത്രം സൃഷ്ടിച്ചു.
ഭരണസമിതികളിൽ മാത്രമല്ല, ഭരണനേതൃത്വത്തിലും ഈ സംവരണം ഉറപ്പാക്കിയത‌് വനിതാശാക്തീകരണത്തിലുള്ള പ്രതിജ്ഞാബദ്ധമായ നിലപാടായി. വാർഡ‌്–ഡിവിഷൻ പ്രതിനിധികളിൽ 50 ശതമാനം വനിതകൾക്ക‌് ഉറപ്പാക്കി. മേയർ, ഡെപ്യൂട്ടി മേയർ, പ്രസിഡന്റ‌്, വൈസ‌് പ്രസിഡന്റ‌്, മുനിസിപ്പൽ ചെയർപേഴ‌്സൺ, വൈസ‌് ചെയർപേഴ‌്സൺ സ്ഥാനങ്ങളിലും സംവരണം നടപ്പാക്കി.
1992ൽ 73, 74 ഭരണഘടനാ ഭേദഗതി നിലവിൽ വന്നെങ്കിലും 1994 വരെയും കേരളത്തിൽ നടപ്പാക്കാൻ അന്നത്തെ മുഖ്യമന്ത്രിയായിരുന്ന കെ കരുണാകരൻ തയ്യാറായില്ല. സംസ്ഥാനത്ത‌് ഇത‌് വലിയ പ്രക്ഷോഭം ഉയർത്തി. ഇ എം എസ‌് അടക്കമുള്ളവർ സെക്രട്ടറിയറ്റിനുമുന്നിൽ സമരത്തിന്റെ ഭാഗമായി. തുടർന്ന‌് 1994ൽ അർധരാത്രിവരെ നീണ്ട നടപടികളിലൂടെ നിയമസഭ കേരള പഞ്ചായത്ത‌് രാജ‌് ആക്ടും മുനിസിപ്പിൽ ആക്ടും ഭേദഗതിചെയ‌്തു. ഭരണസമിതിയിൽ 33 ശതമാനം വനിതാ പ്രാതിനിധ്യവും നിയമഭേദഗതിയിൽ ഉൾപ്പെട്ടു. 1996ൽ അധികാരത്തിലെത്തിയ എൽഡിഎഫ‌് ജനകീയാസൂത്രണപദ്ധതിയിലൂടെ പദ്ധതി അടങ്കലിന്റെ മൂന്നിലൊന്ന‌് തദ്ദേശഭരണ സ്ഥാപനങ്ങൾക്ക‌് കൈമാറി. ഇതിന്റെ 10 ശതമാനം വനിതാ ശാക്തീകരണത്തിന‌് ഉതകുന്ന ഘടകപദ്ധതികൾക്ക‌് നീക്കിവയ‌്ക്കണമെന്ന വ്യവസ്ഥ കൊണ്ടുവന്നു. കുറഞ്ഞത‌് 500 കോടി രൂപയെങ്കിലും വനിതാ ശാക്തീകരണത്തിനായി നീക്കിവയ‌്ക്കപ്പെട്ടതോടെ സ‌്ത്രീകൾക്കായി ഒട്ടേറെ പദ്ധതി താഴെത്തട്ടിൽ രൂപംകൊണ്ടു.