വ്യാജന്മാരുടെ "പൈൻ' വാർ

Saturday Mar 9, 2019


പാക‌് അതിർത്തികടന്ന‌് ഇന്ത്യ നടത്തിയ ആക്രമണത്തെ സംബന്ധിച്ച‌് പുതിയ വെളിപ്പെടുത്തലുമായി ലോകമാധ്യമങ്ങൾ. ആക്രമണം സംബന്ധിച്ച‌് കേട്ടതെല്ലാം ‘ഫെയ‌്ക‌്’ ആണോ എന്ന സംശയത്തിലേക്ക‌് പോകേണ്ട ഗതികേടിലാണ‌് ഇന്ത്യക്കാർ. കൊല്ലപ്പെട്ടവരുടെ എണ്ണം സംബന്ധിച്ച‌ും ഇന്ത്യൻ സേനയുടെ ആക്രമണം സംബന്ധിച്ചും എമണ്ടൻ വ്യാജന്മാർ പാഞ്ഞുനടക്കുമ്പോഴാണിത‌്.

പാകിസ്ഥാനെ ഇന്ത്യ വളഞ്ഞ‌ുവച്ച സാഹചര്യത്തിലാണ‌് അവിടത്തെ പ്രധാനമന്ത്രി ഇമ്രാൻഖാൻ അഭിനന്ദ‌് വർത്തമാനെ മൊചിപ്പിച്ചത‌്, ഇന്ത്യൻ പോർവിമാനങ്ങൾ പാഞ്ഞടുത്തപ്പോൾ പാകിസ്ഥാനും തീവ്രവാദികളും ‘ക്ഷ ണ ണ്ണ ഗ ഖ ..വരച്ചു’ എന്നുതുടങ്ങി വ്യാജവീരകഥകളുടെ കുത്തൊഴുക്ക‌ുതന്നെയാണ‌് നടക്കുന്നത‌്. അതിന‌് ബലം നൽകാൻ ചില ഓൺലൈൻ മാധ്യമങ്ങളും കൂടെയുണ്ട‌്. ഇത്തരം സാഹചര്യത്തിൽ സർക്കാർതന്നെയാണ‌് കൃത്യമായ കാര്യങ്ങൾ പുറത്തുവിടേണ്ടത‌്. തീവ്രവാദികൾ കൊല്ലപ്പെട്ടത‌് എവിടെ? എത്രപേർ? തുടങ്ങി പ്രധാനകാര്യങ്ങളിൽപ്പോലും സർക്കാർ വൃത്തങ്ങൾ കൈമലർത്തുകയാണ‌്. ബിജെപി അധ്യക്ഷൻ അമിത‌് ഷായും ചില മാധ്യമങ്ങളും പറഞ്ഞ ‘എണ്ണം’ അടിസ്ഥാനമാക്കിയാണ‌് വ്യാജകഥകളുടെ കുത്തൊഴുക്ക‌്.

ഈ സാഹചര്യത്തിലാണ‌് റോയിട്ടേഴ‌്സ‌്, സാൻഫ്രാൻസിസ‌്കോയിലെ പ്ലാനറ്റ‌് സാറ്റ‌്‌ലൈറ്റ‌് ഇങ്ക‌് എന്നീ മാധ്യമങ്ങൾ സാറ്റലൈറ്റ‌് ചിത്രങ്ങളുടെ സഹായത്തോടെ വ്യോമാക്രമണത്തിന്റെ വിവിധ വശങ്ങൾ പുറത്തുവിട്ടത‌്. ഇന്ത്യൻ വിമാനങ്ങൾ ബോംബിട്ടെങ്കിലും അവ തീവ്രവാദകേന്ദ്രങ്ങളിലല്ല വീണതെന്നാണ‌് ചിത്രങ്ങൾ വ്യക്തമാക്കുന്നത‌്. തകർത്തു എന്ന‌് പറയുന്ന മദ്രസ കെട്ടിടങ്ങളും തീവ്രവാദക്യാമ്പുകൾ നടക്കുന്നുവെന്ന‌് പറയുന്ന കെട്ടിടങ്ങളും അവിടെത്തന്നെയുണ്ടെന്നാണ‌് ഈ മാധ്യമങ്ങൾ റിപ്പോർട്ട‌് ചെയ്യുന്നത‌്.

ബാലാകോട്ടിൽ ഇട്ട ബോംബുകൾ പൈൻമരങ്ങളിലാണ‌് തട്ടിയതെന്ന‌് പ്രദേശവാസികളെ ഉദ്ധരിച്ച‌് റോയിട്ടേഴ‌്സ‌് റിപ്പോർട്ട‌് ചെയ‌്തിട്ടുണ്ട‌്. അതേസമയം, ‘മിറാഷ‌് വിമാനങ്ങൾ പറന്നുയർന്ന‌് ബാലാകോട്ടിന‌ു മുകളിലെത്തി ബോംബിട്ട‌് അത‌് ചെന്ന‌് തീവ്രവാദ ക്യാമ്പിൽ കയറി പൊട്ടിത്തെറിക്കുന്ന’ അനവധി വ്യാജ ദൃശ്യങ്ങളാണ‌് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത‌്. റോയിട്ടേഴ‌്സിന്റെയും മറ്റും പുതിയ വെളിപ്പെടുത്തൽ വന്നതോടെ ‘മുൻ പട്ടാളക്കാരെ’ ഉപയോഗിച്ച‌് തീവ്രവാദികളെ തകർത്തുകളഞ്ഞു എന്ന‌് സ്ഥാപിക്കാൻ പെടാപാടുപെടുകയാണ‌് സംഘപരിവാർ ഓൺലൈൻ കർസേവകർ. സ്വന്തം സർക്കാർതന്നെ കാര്യങ്ങൾ വെളിപ്പെടുത്തിയാൽ ഈ പാടുവല്ലതുമുണ്ടോ ?

ഏതായാലും, പുൽവാമയിൽ ഇന്ത്യൻസേനയിലെ 40 പേരെ കൊലപ്പെടുത്തിയതിന‌് തീവ്രവാദികൾക്ക‌് തക്കതായ തിരിച്ചടി നൽകണമെന്ന‌ുതന്നെയാണ‌് രാജ്യം പ്രതീക്ഷിച്ചതും ആഗ്രഹിച്ചതും. എന്നാൽ, അതിന്റെ വസ‌്തുതകൾ അറിയാതെ പടച്ചുവിടുന്ന വ്യാജന്മാർ ചെന്നു പതിക്കുന്നതും ‘പൈൻ’ മരങ്ങളിൽത്തന്നെയായിരിക്കുമെന്നുമാത്രം.


വോട്ടുബുക്ക്
സ്പെഷ്യല്‍
ഫേക്ക് ഇന്‍ ഇന്ത്യ
ഓര്‍ത്തെടുപ്പ്
വാര്‍ത്തകള്‍