ജീവകാരുണ്യ പ്രവർത്തനങ്ങളിലെ നിറസാന്നിധ്യം; കോട്ടയത്തിന്റെ വി എൻ വാസവൻ
Saturday Mar 9, 2019
വി എൻ വാസവൻ (65). സിപിഐ എം കോട്ടയം ജില്ലാ സെക്രട്ടറി, കോട്ടയം മുൻ എംഎൽഎ. സിഐടിയു ദേശീയ ജനറൽ കൗൺസിൽ അംഗവും റബ്കോ മുൻ ചെയർമാനും. വിദ്യാർഥി–-യുവജന പ്രസ്ഥാനങ്ങളിലൂടെ സംഘടനാരംഗത്തെി. 1974ൽ സിപിഐ എം അംഗമായി. 1991ൽ പാർടി ജില്ലാ കമ്മിറ്റിയിലും 97ൽ ജില്ലാസെക്രട്ടറിയറ്റിലുമെത്തി. സിഐടിയു ജില്ലാ സെക്രട്ടറി, ഡിവൈഎഫ്ഐ സംസ്ഥാന സമിതി അംഗം, കോട്ടയം ജില്ലാ സഹകരണ ബാങ്ക് പ്രസിഡന്റ്, സംസ്ഥാന സഹകരണ ബാങ്ക് ഡയറക്ടർ എന്നീ നിലകളിൽ പ്രവർത്തിച്ചു. കോട്ടയത്തെ ഏറ്റവും വലിയ ജീവകാരുണ്യ പ്രസ്ഥാനമായ "അഭയം' ചാരിറ്റബിൾ സൊസൈറ്റി രൂപീകരിക്കാൻ മുൻകൈയെടുത്തു. മറ്റക്കരയിൽ വെള്ളേപ്പള്ളിൽ നാരായണന്റെയും കാർത്യായനിയുടെയും മകൻ. ഭാര്യ: ഗീത. മക്കൾ: ഡോ. ഹിമ വാസവൻ, ഗ്രീഷ്മ വാസവൻ. മരുമകൻ: ഡോ. നന്ദകുമാർ.
കോട്ടയത്ത‌് രാഷ‌്ട്രീയ–-സാംസ‌്കാരിക–-സാമൂഹ്യ മണ്ഡലങ്ങളിൽ നിറസാന്നിധ്യമാണ‌് വി എൻ വാസവൻ. ജീവകാരുണ്യ പ്രവർത്തനങ്ങളിൽ സമർപ്പിതമായും വികസന സങ്കൽപ്പങ്ങളിൽ ദൂരക്കാഴ‌്ചയോടെയും ഇടപെടുന്ന വ്യക്തിത്വം. നിരവധി ജീവൻ പൊലിഞ്ഞ പാലാ ഐങ്കൊമ്പ് ബസപകടം, കുമരകം ബോട്ട് ദുരന്തം, ശബരിമല മണ്ണിടിച്ചിൽ, പുല്ലുമേട് ദുരന്തം, തേക്കടി ദുരന്തം, താഴത്തങ്ങാടി അപകടം, പ്രളയം എന്നിവയിലെല്ലാം രക്ഷാപ്രവർത്തനത്തിൽ പ്രകടിപ്പിച്ച സമർപ്പണ പാടവം ആരെയും അത‌്ഭുതപ്പെടുത്തുന്നതായിരുന്നു. ബസപകടത്തിൽ കത്തിക്കരിഞ്ഞ മൃതദേഹങ്ങൾ കൈകൊണ്ട‌് കോരിയെടുത്ത‌് വാഹനത്തിൽ കയറ്റിയ വാസവനെ ആരും മറക്കില്ല.
ഈ സാധുജന സേവന സന്നദ്ധതയാണ‌് "അഭയം' ചാരിറ്റബിൾ സൊസൈറ്റിയുടെ രൂപീകരണത്തിന‌് അദ്ദേഹത്തെ പ്രചോദിപ്പിച്ചത‌്. ചുരുങ്ങിയ നാളുകൾ കൊണ്ടുതന്നെ ആയിരക്കണക്കിന‌് അശരണർക്ക‌് ആശ്വാസമായി ഈ ജനകീയ പ്രസ്ഥാനം.
രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകുന്നതിൽ വാസവന്റെ പാടവം ജനം വീണ്ടും അനുഭവിച്ചറിഞ്ഞത‌് പ്രളയകാലത്താണ‌്. വെള്ളപ്പൊക്കത്തിൽ ഒറ്റപ്പെട്ട പടിഞ്ഞാറൻ പ്രദേശങ്ങളിൽ വാസവന്റെ നേതൃത്വത്തിൽ സിപിഐ എമ്മിന്റെയും അഭയത്തിന്റെയും വളണ്ടിയർമാരെത്തി. ടൺ കണക്കിന‌് അരിയും പലചരക്ക‌് സാധനങ്ങളുമാണ‌് സിപിഐ എമ്മിന്റെയും അഭയത്തിന്റെയും നേതൃത്വത്തിൽ പ്രളയബാധിതർക്ക‌് വിതരണംചെയ‌്തത‌്. എംഎൽഎയായിരിക്കെ കാരാപ്പുഴ പാലം 74 ദിവസം കൊണ്ട് പൂർത്തീകരിച്ച് പുതുചരിത്രം രചിച്ചു.