'ഇതാ, ഏവരുടേയും എംപി'; കണ്ണൂരിന്റെ പി കെ ശ്രീമതി
Saturday Mar 9, 2019
പി കെ ശ്രീമതി(69). കണ്ണൂർ ജില്ലാ കൗൺസിലിലെ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനും ജില്ലാ പഞ്ചായത്തിന്റെ ആദ്യ പ്രസിഡന്റുമായിരുന്ന പി കെ ശ്രീമതി 2001ൽ പയ്യന്നൂർ മണ്ഡലത്തിൽനിന്നാണ് നിയമസഭയിലെത്തിയത്. 2006ൽ വി എസ‌് അച്യുതാനന്ദൻ മന്ത്രിസഭയിൽ ആരോഗ്യ–- സാമൂഹ്യനീതി മന്ത്രിയായി. 1997ൽ സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗമായും പിന്നീട് കേന്ദ്രകമ്മിറ്റി അംഗമായും തെരഞ്ഞെടുക്കപ്പെട്ടു. ജനാധിപത്യ മഹിളാ അസോസിയേഷൻ സംസ്ഥാന സെക്രട്ടറി, ഡിവൈഎഫ്ഐ സംസ്ഥാന വൈസ് പ്രസിഡന്റ് എന്നീ നിലകളിലും പ്രവർത്തിച്ചു. അധ്യാപക സംഘടനാ രംഗത്തും സജീവമായിരുന്നു. നെരുവമ്പ്രം യുപി സ്കൂൾ പ്രധാനാധ്യാപികയായിരിക്കെ 2003ൽ സ്വയം വിരമിച്ചു. കയരളത്തെ പരേതരായ കേളപ്പൻ നമ്പ്യാരുടെയും പി കെ മീനാക്ഷി ടീച്ചറുടെയും മകളാണ്. പി ദാമോദരൻ നമ്പ്യാരാണ് ഭർത്താവ്. മകൻ പി കെ സുധീർ. മരുമകൾ: ധന്യ. സിപിഐ എം കേന്ദ്രകമ്മിറ്റി അംഗവും വ്യവസായ മന്ത്രിയുമായ ഇ പി ജയരാജന്റെ ഭാര്യ പി കെ ഇന്ദിര സഹോദരിയാണ്.
രണ്ടു വർഷം മുമ്പാണ്. ഡൽഹിയിൽ പാർലമെന്റ‌് സമ്മേളനത്തിൽ പങ്കെടുക്കുന്നതിനിടെ പി കെ ശ്രീമതിയുടെ ഫോണിലേക്ക് കണ്ണൂരിൽനിന്നൊരു പെൺകുട്ടിയുടെ വിളിയെത്തി. എൽഡി ക്ലർക്ക് പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന ഉദ്യോഗാർഥിയാണ്. നവജാത ശിശുവിന്റെ അമ്മ. കോഴിക്കോടാണ് പരീക്ഷാ സെന്റർ. കുഞ്ഞുമായി ബസ് യാത്ര അസാധ്യം. ട്രെയിനിൽ പോയി പരീക്ഷയെഴുതി മടങ്ങാമെന്ന് കരുതവേ അന്നത്തെ പത്രത്തിൽ അറിയിപ്പു കണ്ടതിന്റെ ആധിയിലാണ് വിളി. പാത ഇരട്ടിപ്പിക്കലിന്റെ ഭാഗമായി ഒരാഴ്ച പാസഞ്ചർ ട്രെയിനുകൾ റദ്ദാക്കുമെന്നും മറ്റുള്ള ട്രെയിനുകൾ മണിക്കൂറുകൾ വൈകാനിടയുണ്ടെന്നുമായിരുന്നു അറിയിപ്പ്. ‘‘വർഷങ്ങളായി തയ്യാറെടുക്കുന്ന പരീക്ഷയാണ് ടീച്ചറേ, ഇതെഴുതാൻ കഴിഞ്ഞില്ലെങ്കിൽ അധ്വാനമൊക്കെയും വെറുതെയാവും.’’ ഫോണിൽ സങ്കടം കരച്ചിലിന് വഴിമാറി.
‘‘മോള് പത്രത്തിൽ വന്ന അറിയിപ്പിന്റെ ഒരു ഫോട്ടോയെടുത്ത് എന്റെ ഫോണിലേക്ക് അയക്ക്. എന്തെങ്കിലും ചെയ്യാൻ പറ്റുമോന്ന് നോക്കട്ടെ.’’ രണ്ടു മണിക്കൂറിനകം ഉദ്യോഗാർഥിയുടെ ഫോണിലേക്ക് റെയിൽവേ അധികൃതരുടെ ഉത്തരവിന്റെ കോപ്പിയെത്തി. പിന്നാലെ എംപിയുടെ വിളിയും. പരീക്ഷ നടക്കുന്ന ശനിയാഴ്ച പാത ഇരട്ടിപ്പിക്കൽ പ്രവൃത്തി നിർത്തിവച്ച് റെയിൽവേ ഒറ്റ മണിക്കൂറിനകം ഉത്തരവിറക്കി. ഇതാണ് കണ്ണൂർ എംപി പി കെ ശ്രീമതി. നാട്ടിലെ ഏതൊരാൾക്കും വിളിപ്പുറത്തുള്ളയാൾ. ആർക്കും എപ്പോഴും സംശയലേശമെന്യേ ആവലാതികൾ പറയാൻ കാതു നൽകുന്ന, ആരുമായും അടുപ്പത്തോടെ ഇടപഴകുന്ന ജനപ്രതിനിധി.
കണ്ണൂർ മണ്ഡലത്തിൽ വികസനമെന്ന വാക്കിന്റെ അർഥമാണ് അഞ്ചു വർഷത്തിനിടെ പി കെ ശ്രീമതി മാറ്റിവരച്ചത്.
കണ്ണൂർ റെയിൽവേ സ്റ്റേഷൻ തന്നെ ഉദാഹരണം. മനോഹരമായ പ്ലാറ്റ‌്ഫോമുകൾ, പുതിയ ഇരിപ്പിടങ്ങൾ, ലിഫ‌്റ്റുകൾ, എസ‌്കലേറ്റർ, സബ‌്‌വേ, വിശാലമായ പാർക്കിങ‌്, തുടങ്ങി എല്ലാവിധ സൗകര്യങ്ങളും റെയ്ൽവേ സ്റ്റേഷനിലെത്തിച്ചു.കണ്ണൂർ നഗരത്തിലെ ഗതാഗക്കുരുക്കിനു ക്രിയാത്മകമായി പരിഹാരം കണ്ടു.മഹാപ്രളയമടക്കമുള്ള സങ്കടങ്ങളിൽ ജനങ്ങൾക്ക‌് താങ്ങായി അവർക്കൊപ്പം നിന്നു. നാടിന്റെ പൊതുവിഷയങ്ങളും സ‌്ത്രീപ്രശ‌്നങ്ങളും ഏറ്റെടുത്ത‌് പാർലമെന്റിനകത്തും പുറത്തും നടത്തിയ ഇടപെടലുകളും മാതൃകാപരം.