രാജ്യം തെരഞ്ഞെടുപ്പിനൊരുങ്ങി; കേരളത്തിൽ ഏപ്രിൽ 23ന്, വോട്ടെണ്ണൽ മെയ് 23ന്
Monday Mar 11, 2019
ന്യൂഡൽഹി > ലോക‌്സഭ പൊതു തെരഞ്ഞെടുപ്പ‌് ഏഴു ഘട്ടങ്ങളിലായി നടക്കും. ഏപ്രിൽ 11 മുതൽ മെയ‌് 19 വരെയാണ‌് തെരഞ്ഞെടുപ്പ‌്. മെയ‌് 23 ന‌് വോട്ടെണ്ണും. കേരളത്തിൽ ഏപ്രിൽ 23 ന‌് ഒറ്റഘട്ടമായാണ‌് വോട്ടെടുപ്പ‌്. ലോക‌്സഭാ തെരഞ്ഞെടുപ്പിനൊപ്പം ആന്ധ്ര പ്രദേശ‌്, ഒഡിഷ, സിക്കിം, അരുണാചൽ പ്രദേശ‌് നിയമസഭകളിലേക്കും തെരഞ്ഞെടുപ്പുനടക്കും. ജമ്മു–-കാശ‌്മീരിൽ ലോക‌്സഭാ സീറ്റുകളിലേക്ക‌് തെരഞ്ഞെടുപ്പുണ്ടെങ്കിലും നിയമസഭാ തെരഞ്ഞെടുപ്പുണ്ടാവില്ല. രാഷ്ട്രീയ പാർടികൾക്കും സ്ഥാനാർത്ഥികൾക്കുമുള്ള പെരുമാറ്റചട്ടം ഞായറാഴ‌്ച നിലവിൽ വന്നു. മുഖ്യതെരഞ്ഞെടുപ്പ‌് കമീഷണർ സുനിൽ അറോറയാണ‌് ഞായറാഴ‌്ച തെരഞ്ഞെടുപ്പ‌് തീയതി പ്രഖ്യാപിച്ചത‌്.
കേരളത്തിന‌് പുറമെ ആന്ധ്ര, അരുണാചൽ, ഗോവ, ഗുജറാത്ത‌്, ഹരിയാന, ഹിമാചൽ, മേഘാലയ, മിസോറം, നാഗാലാൻഡ‌്, പഞ്ചാബ‌്, സിക്കിം, തെലങ്കാന, തമിഴ‌്നാട‌്, ഉത്തരാഖണ്ഡ‌്, ആൻഡമാൻ നിക്കോബാർ, ദാദ്ര നഗർഹവേലി, ദാമൻ ദിയു, ലക്ഷദ്വീപ‌്, ഡൽഹി, പുതുച്ചേരി, ചണ്ഡിഗഢ‌് എന്നിവിടങ്ങളിലും ഒറ്റഘട്ടമാണ‌് വോട്ടെടുപ്പ‌്. കർണാടക, ത്രിപുര, മണിപ്പുർ, രാജസ്ഥാൻ സംസ്ഥാനങ്ങളിൽ രണ്ട‌് ഘട്ടമായി വോട്ടെടുപ്പ‌്നടക്കും. അസം, ഛത്തിസ‌്ഗഢ‌് എന്നിവിടങ്ങളിൽ മൂന്നും ജാർഖണ്ഡ‌്, മധ്യപ്രദേശ‌്, മഹാരാഷ്ട്ര, ഒഡിഷ സംസ്ഥാനങ്ങളിൽ നാലും ഘട്ടങ്ങളാണുള്ളത‌്. ജമ്മു–-കാശ‌്മീരിൽ അഞ്ചും ബീഹാർ, യുപി, ബംഗാൾ എന്നിവിടങ്ങളിൽ ഏഴും ഘട്ടങ്ങളായി വോട്ടെടുപ്പ‌് നടക്കും.
ലോക‌്സഭാ തെരഞ്ഞെടുപ്പിനൊപ്പം വിവിധ സംസ്ഥാനങ്ങളിലെ നിയമസഭാ ഉപതെരഞ്ഞെടപ്പുമുണ്ടാകും. തമിഴ്നാട്ടിൽ 18 നിയമസഭാ സീറ്റുകളിലേക്കും ഗോവയിൽ മൂന്ന‌് സീറ്റുകളിലേക്കും ബംഗാൾ, ബീഹാർ, ഗുജറാത്ത‌് എന്നിവിടങ്ങളിൽ രണ്ട‌് നിയമസഭാ സീറ്റുകളിലേക്കും മധ്യപ്രദേശ‌്, മഹാരാഷ്ട്ര, മേഘാലയ, മിസോറം, നാഗാലാൻഡ‌്, പുതുച്ചേരി എന്നിവിടങ്ങളിൽ ഓരോ നിയമസഭാ സീറ്റുകളിലേക്കുമാണ‌് ഉപതെരഞ്ഞെടുപ്പ‌്.
സുരക്ഷാസാഹചര്യങ്ങളും ക്രമസമാധാന സ്ഥിതിയും വിലയിരുത്തിയാണ‌് ചില സംസ്ഥാനങ്ങളിൽ പല ഘട്ടങ്ങളിലായി വോട്ടെടുപ്പ‌്. അടുത്തയിടെ ഭീകരാക്രമണമുണ്ടായ പുൽവാമ ഉൾപ്പെടുന്ന ജമ്മു–- കാശ‌്മീരിലെ അനന്ത‌്നാഗ‌് ലോക‌്സഭാ മണ്ഡലത്തിൽ മാത്രം മൂന്ന‌് ഘട്ടങ്ങളായാണ‌് വോട്ടെടുപ്പ‌്.
90 കോടി വോട്ടർമാർ
2019 ലോക‌്സഭാ തെരഞ്ഞെടുപ്പിൽ 90 കോടിയോളം പേർക്കാണ‌് വോട്ടവകാശം. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ 84 കോടി പേർക്കായിരുന്നു വോട്ടവകാശം. 8.43 കോടി പുതിയ വോട്ടർമാരുണ്ട‌്. ഇതിൽ 1.5 കോടി 18–-19 പ്രായപരിധിയിൽ വരുന്നവരാണ‌്. പത്തുലക്ഷം പോളിങ‌് ബൂത്തുകളാണ‌് ഒരുക്കുക. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ പോളിങ‌് ബൂത്തുകളുടെ എണ്ണം ഒമ്പത‌് ലക്ഷമായിരുന്നു. സാമൂഹ്യ മാധ്യമങ്ങളിലൂടെയുള്ള പ്രചാരണവും തെരഞ്ഞെടുപ്പ‌് കമീഷൻ നിരീക്ഷണ വിധേയമാക്കും. സാമൂഹ്യമാധ്യമങ്ങളിലെ രാഷ്ട്രീയ പരസ്യങ്ങൾക്കും മുൻകൂർ സർട്ടിഫിക്കേഷൻ നിർബന്ധമാക്കി. പെരുമാറ്റചട്ടം വിശദമായി പ്രതിപാദിച്ചുള്ള പ്രത്യേക മാന്വലും കമീഷൻ പുറത്തിറക്കി.
2014 ൽ ഒമ്പത‌് ഘട്ടങ്ങളായിട്ടായിരുന്നു ലോക‌്സഭാ തെരഞ്ഞെടുപ്പ‌്. ജൂൺ മൂന്ന‌് വരെയാണ‌് 16–-ാം ലോക‌്സഭയുടെ കാലാവധി. അതിന‌് മുമ്പായി പുതിയ സർക്കാർ അധികാരമേൽക്കണം.
വോട്ടിങ് യന്ത്രത്തിൽ സ്ഥാനാർഥി ചിത്രവും
എല്ലാ ബൂത്തുകളിലും വിവിപാറ്റ‌് സംവിധാനം ഉറപ്പുവരുത്തും. വോട്ടിങ‌് യന്ത്രത്തിൽ സ്ഥാനാർത്ഥികളുടെ ചിത്രമുണ്ടാകും. വോട്ടിങ‌് യന്ത്രങ്ങൾ ബൂത്തുകളിൽ എത്തിക്കുന്നതും തിരികെ കൊണ്ടുപോകുന്നതും ജിപിഎസ‌് സംവിധാനമുള്ള വാഹനത്തിൽ. പെരുമാറ്റചട്ട ലംഘനം കർശനമായി നേരിടും. വോട്ടിങ‌് രീതികളും മറ്റും വിശദമാക്കിയുള്ള വോട്ടേഴ‌്സ‌് ഗൈഡ‌് എല്ലാ വീടുകളിലും എത്തിക്കും.
വിജ്ഞാപനം 18ന‌്
ഒന്നാംഘട്ട തെരഞ്ഞെടുപ്പിനുള്ള വിജ‌്ഞാപനം മാർച്ച‌് 18 ന‌് പുറപ്പെടുവിക്കും. ഏപ്രിൽ 11 ന‌് നടക്കുന്ന ഒന്നാം ഘട്ട വോട്ടെടുപ്പിൽ നാമനിർദേശ പത്രിക സമർപ്പിക്കുന്നതിനുള്ള അവസാന തീയതി മാർച്ച‌് 25 ആണ‌്. 26 ന‌് സൂഷ‌്മപരിശോധന നടക്കും. പത്രിക പിൻവലിക്കാനുള്ള അവസാന തീയതി മാർച്ച‌് 28 ആണ‌്.