ആവേശത്തിരയിൽ എൽഡിഎഫ‌് കൺവൻഷനുകൾ
Tuesday Mar 12, 2019
ജനങ്ങളെയും എൽഡിഎഫ‌് പ്രവർത്തകരെയും ആവേശഭരിതരാക്കി എൽഡിഎഫ‌് പാർലമെന്റ‌് മണ്ഡലം കൺവൻഷനുകൾ. ഞായറാഴ‌്ച പാലക്കാട‌് പാർലമെന്റ‌് മണ്ഡലം കൺവൻഷൻ നടന്നു. തിങ്കളാഴ‌്ച കോഴിക്കോട‌്, മലപ്പുറം, തൃശൂർ, എറണാകുളം, ആലപ്പുഴ, ആറ്റിങ്ങൽ എന്നീ പാർലമെന്റ‌് മണ്ഡലം കൺവൻഷനുകളാണ‌് ചേർന്നത‌്.
കേരളത്തിലെ ജനങ്ങൾക്ക‌് സുപരിചിതരായ എൽഡിഎഫിന്റെ സ്ഥാനാർഥി നിരയുടെ പ്രഖ്യാപനത്തിനു പിന്നാലെ നടന്ന കൺവൻഷനുകളിൽ വൻ ജനസാന്നിധ്യമായിരുന്നു. മുന്നണിയുടെ ഐക്യവും കെട്ടുറപ്പും വിളിച്ചോതുന്നതായിരുന്നു കൺവൻഷനുകളിലെ പങ്കാളിത്തം. എതിരാളികളേക്കാൾ ഏറെ മുന്നിലെത്തിയ പ്രചാരണ പരിപാടികൾക്ക‌് കൺവൻഷനുകൾ വലിയ ഊർജം പകർന്നു.
ആറ്റിങ്ങൽ മണ്ഡലം കൺവൻഷൻ ആറ്റിങ്ങൽ മൂന്നുമുക്കിലെ സൺ ഓഡിറ്റോറിയത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ‌്ഘാടനംചെയ‌്തു. ഡെപ്യൂട്ടി സ്പീക്കർ വി ശശി അധ്യക്ഷനായി. മന്ത്രി കടകംപള്ളി സുരേന്ദ്രൻ, ആറ്റിങ്ങൽ മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി എ സമ്പത്ത‌്, തിരുവനന്തപുരം മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി സി ദിവാകരൻ, എൽഡിഎഫ‌് ഘടകകക്ഷിനേതാക്കൾ, കോൺഗ്രസ് നേതാവ് വക്കം പുരുഷോത്തമന്റെ സഹോദരൻ ഗോപി എന്നിവർ പങ്കെടുത്തു.
ആലപ്പുഴ മണ്ഡലം കൺവൻഷൻ ആലപ്പുഴ മുനിസിപ്പൽ ടൗൺഹാളിൽ ഭരണപരിഷ‌്കാര കമീഷൻ ചെയർമാൻ വി എസ‌് അച്യുതാനന്ദൻ ഉദ‌്ഘാടനംചെയ‌്തു. ടി ജെ ആഞ്ചലോസ് അധ്യക്ഷനായി. സ്ഥാനാർഥി എ എം ആരിഫ‌്, എൽഡിഎഫ‌് ഘടകകക്ഷി നേതാക്കൾ എന്നിവർ പങ്കെടുത്തു.എറണാകുളം ടൗൺഹാളിൽ സിപിഐ എം പൊളിറ്റ‌് ബ്യൂറോ അംഗം എം എ ബേബി കൺവൻഷൻ ഉദ‌്ഘാടനം ചെയ‌്തു. പി രാജു അധ്യക്ഷനായി. ബിനോയ‌് വിശ്വം എംപി, മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി, എൻസിപി നേതാവ‌് ടി പി പീതാംബരൻ, ഫ്രാൻസിസ‌് ജോർജ‌്, സാഹിത്യ സാംസ‌്കാരിക നായകരായ പ്രെഫ. എം കെ സാനു, കെപിഎസി ലളിത, ബാലചന്ദ്രൻ ചുള്ളിക്കാട‌്, മേജർ രവി, ആഷിക‌് അബു, ഹരീഷ‌് വാസുദേവൻ, മേഴ‌്സി കുട്ടൻ, കെ ആർ വിശ്വംഭരൻ തുടങ്ങിയവർ പങ്കെടുത്തു.
തൃശൂർ മണ്ഡലം കൺവൻഷൻ തൃശൂർ ടൗൺഹാളിൽ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ ഉദ‌്ഘാടനം ചെയ‌്തു. മന്ത്രിമാരായ സി രവീന്ദ്രനാഥ്, വി എസ് സുനിൽകുമാർ, എൽഡിഎഫ‌് സ്ഥാനാർഥി രാജാജി മാത്യു തോമസ‌് എന്നിവർ പങ്കെടുത്തു. മലപ്പുറം മണ്ഡലം കൺവൻഷൻ മലപ്പുറം മുനിസിപ്പൽ ടൗൺഹാളിൽ ഐഎൻഎൽ സംസ്ഥാന പ്രസിഡന്റ‌് പ്രൊഫ. എ പി അബ‌്ദുൾ വഹാബ‌് ഉദ‌്ഘാടനം ചെയ‌്തു.
എൽഡിഎഫ് കൺവീനർ എ വിജയരാഘവൻ, മുതിർന്ന സിപിഐ എം നേതാവ് പാലോളി മുഹമ്മദുകുട്ടി, സ്ഥാനാർഥി വി പി സാനു, എൽഡിഎഫ‌് നേതാക്കൾ തുടങ്ങിയവർ പങ്കെടുത്തു. കോഴിക്കോട‌് മണ്ഡലം കൺവൻഷൻ മുതലക്കുളം മൈതാനിയിൽ എം പി വീരേന്ദ്രകുമാർ ഉദ‌്ഘാടനം ചെയ‌്തു. സ്ഥാനാർഥി എ പ്രദീപ‌്കുമാർ, ഘടകകക്ഷി നേതാക്കൾ എന്നിവർ പങ്കെടുത്തു.