പ്രചാരണത്തിൽ മുന്നിൽ; ആവേശത്തിൽ പ്രവർത്തകർ

Tuesday Mar 12, 2019


തൊടുപുഴ> എൽഡിഎഫ‌് സ്ഥാനാർഥി പ്രഖ്യാപനം കഴിഞ്ഞ‌് മൂന്നുദിവസം പിന്നിട്ടതേയുള്ളൂ. ജോയ‌്സ‌് ജോർജ‌് ഇപ്പോൾതന്നെ പ്രചാരണത്തിൽ ഏറെദൂരം മുന്നിലാണ‌്. യുഡിഎഫ‌് സ്ഥാനാർഥി പ്രഖ്യാപനം ഇനിയും കീറാമുട്ടിയായി അവശേഷിക്കുന്നു. മണ്ഡലത്തിൽ ബിജെപി പ്രസക്തമല്ലെങ്കിലും അവർക്കിടയിലെ തർക്കങ്ങളും തീർന്നിട്ടില്ല.  എൽഡിഎഫ‌് പ്രവർത്തകരാകട്ടെ, ആവേശഭരിതരായി മണ്ഡലത്തിന്റെ മുക്കിലും മൂലയിലും തെരഞ്ഞെടുപ്പു പ്രചാരണങ്ങൾ ഏറ്റെടുത്തുകഴിഞ്ഞു. സ്ഥാനാർഥിയുടെ ചിത്രങ്ങൾവച്ചുള്ള പോസ്റ്ററുകൾക്കൊപ്പം എംപി എന്ന നിലയിൽ കഴിഞ്ഞ നാളുകളിൽ മണ്ഡലത്തിൽ നടപ്പാക്കിയ വികസനനേട്ടങ്ങളും പ്രചാരണത്തിൽ നിറയുന്നു.

തിങ്കളാഴ‌്ച പകൽ രണ്ടിന‌് വഴിത്തലയിൽ നിന്നാണ‌് ജോയ‌്സ‌് ജോർജ‌് വോട്ടർമാരെ കാണുന്നതിന‌് തുടക്കമിട്ടത‌്. വഴിത്തലയിൽ കാത്തുനിന്ന സിപിഐ എം തൊടുപുഴ ഏരിയ സെക്രട്ടറി മുഹമ്മദ‌് ഫൈസൽ അടക്കമുള്ള നേതാക്കളും പ്രവർത്തകരും ചേർന്ന‌് അദ്ദേഹത്തെ ഹാരമണിയിച്ച‌് സ്വീകരിച്ചു. എല്ലായിടങ്ങളിലും കടകളും വിവിധ ഓഫീസുകളും കയറിയിറങ്ങിയായിരുന്നു വോട്ടഭ്യർഥന. ഓട്ടോ തൊഴിലാളികൾ, വ്യാപാരികൾ, ചുമട്ടുതൊഴിലാളികൾ എന്നിങ്ങനെ സമൂഹത്തിന്റെ നാനാതുറകളിലുള്ളവർ ഹസ‌്തദാനം നൽകി നാടിന്റെ വികസന നായകനെ വരവേറ്റു. ആരാധനാലയങ്ങൾ, മഠങ്ങൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവിടങ്ങളിലെല്ലാം ജോയ‌്സ‌് ജോർജ‌് കടന്നെത്തി. എല്ലായിടത്തുനിന്നും അകമഴിഞ്ഞ പിന്തുണ ഉറപ്പാക്കി മടക്കം.
പുറപ്പുഴ പഞ്ചായത്ത‌് ഓഫീസിൽ എത്തിയപ്പോൾ അവിടെ പാലിയേറ്റീവ‌് രോഗികളുമായി ബന്ധപ്പെട്ട ആശാപ്രവർത്തകരുടെ യോഗം നടക്കുകയാണ‌്.

യോഗത്തിന‌് ഭംഗം വരുത്താതെ, ചുരുക്കം വാക്കുകളിൽ എല്ലാ സഹായവും അഭ്യർഥിച്ച‌് മടങ്ങുന്നതിനിടെ ‘‘ഇനിയും ഞങ്ങൾക്കു വേണ്ടി ശബ‌്ദിക്കണ’’മെന്ന‌് ആശാപ്രവർത്തകരിൽ ഒരാളുടെ അഭ്യർഥന. ഇനിയും കൂടെയുണ്ടാകുമെന്ന‌് എംപിയുടെ ഉറപ്പ‌്. ഇവിടെനിന്നും ഇറങ്ങുന്നതിനിടെ,  ജനാധിപത്യ കേരള കോൺഗ്രസ‌് ഡെപ്യൂട്ടി ചെയർമാൻ പി സി ജോസഫ‌് അവിടെയെത്തി. അദ്ദേഹവുമായി കുശലസംഭാഷണത്തിനുശേഷം അടുത്ത കേന്ദ്രത്തിലേക്ക‌്.
തൊണ്ണൂറുകാരനായ ഇലവുംതൊട്ടിൽ കൊച്ച‌് എന്ന വർക്കി, പുറപ്പുഴ ടൗണിൽ സ്ഥാനാർഥി വരുന്നതറിഞ്ഞ‌് കാത്തുനിൽക്കുകയായിരുന്നു. ജോയ‌്സ‌് ജോർജ‌് എംപി അടുത്തെത്തി കാര്യങ്ങൾ തിരക്കി ആശ്ലേഷിച്ചപ്പോൾ കണ്ണുകളിൽ ആനന്ദം. വോട്ട‌് അഭ്യർഥിക്കുന്നതിനൊപ്പം ജനങ്ങളുമായി മണ്ഡലത്തിന്റെ വികസനകാര്യങ്ങൾ ജോയ‌്സ‌് ജോർജ‌് സംവദിക്കുന്നുമുണ്ട‌്.

വഴിത്തല, മാറിക, കുണിഞ്ഞി, കരിങ്കുന്നം, മുട്ടം എന്നിവിടങ്ങളിൽ പര്യടനത്തിനുശേഷം തൊടുപുഴ ടൗണിലും പരിസരങ്ങളിലും വോട്ടഭ്യർഥിച്ചാണ‌് ആദ്യദിന സന്ദർശനം സമാപിച്ചത‌്.


വോട്ടുബുക്ക്
സ്പെഷ്യല്‍
ഫേക്ക് ഇന്‍ ഇന്ത്യ
ഓര്‍ത്തെടുപ്പ്
വാര്‍ത്തകള്‍