ഇന്നസെന്റിന്റെ പ്രചാരണത്തിന‌് ആവേശത്തുടക്കം
Tuesday Mar 12, 2019
അങ്കമാലി> വോട്ട‌് ചോദിച്ചെത്തിയ ഇന്നസെന്റിനോട‌് വോട്ടർമാരായ സ‌്ത്രീകളുടെ കുശലാന്വേഷണം ‘ സാർ... ചേച്ചിക്ക‌് സുഖമല്ലേ’. ഇന്നസെന്റിന്റെ അമ്പരപ്പുകണ്ട‌് ചോദ്യത്തിന‌് കൂടുതൽ വ്യക്തത വരുത്തി. ‘സാറിന്റെ ഭാര്യ ആലീസിന് സുഖമല്ലേ എന്നാണ് ചോദിച്ചത‌്’. ‘അതെ’ എന്ന‌് ഇന്നസെന്റിന്റെ ചിരിയും മറുപടിയും. ചാലക്കുടിയിലെ വോട്ടർമാർക്ക‌് ഇന്നസെന്റിനെപ്പോലെ പരിചിതയാണ‌് ആലീസും. ആലീസിന‌് ക്യാൻസർ വന്നതും ചികിത്സിച്ചുമാറ്റിയതുമെല്ലാം പലതവണ പ്രസംഗങ്ങളിൽ പരാമർശിച്ചിട്ടുള്ളതുതന്നെ കാരണം.
അർബുദരോഗബാധ നേരത്തെയറിഞ്ഞാൽ ചികിത്സിച്ചുമാറ്റാമെന്ന തിരിച്ചറിവിൽനിന്നാണല്ലോ ചാലക്കുടിയിലെ അഞ്ച‌് സർക്കാർ ആശുപത്രികളിൽ ഇന്നസെന്റ‌് മാമ്മോഗ്രാം യൂണിറ്റുകൾ അനുവദിച്ചത‌്. തിങ്കളാഴ‌്ച ഔദ്യോഗിക തെരഞ്ഞെടുപ്പു പ്രചാരണ പരിപാടികൾക്ക‌് തുടക്കമിട്ട‌് ആദ്യം എത്തിയത‌് അങ്കമാലിയിലാണ‌്. രാവിലെ പാറക്കടവ‌് പഞ്ചായത്തിലെ കുറുമശേരിയിൽനിന്നാണ് പര്യടനം തുടങ്ങിയത‌്.
അങ്കമാലി നിയമസഭാ മണ്ഡലത്തിലെ വിവിധ പഞ്ചായത്തുകളിൽ വോട്ടർമാരെ കണ്ടു. പ്രധാന കവലകളിലും തൊഴിൽകേന്ദ്രങ്ങളിലുമെത്തി. അങ്കമാലി മുനിസിപ്പാലിറ്റി, പാറക്കടവ്, തുറവൂർ, മഞ്ഞപ്ര, അയ്യമ്പുഴ, കറുകുറ്റി, മൂക്കന്നൂർ, മലയാറ്റൂർ, കാലടി പഞ്ചായത്തുകളിലായിരുന്നു ഉച്ചവരെ. അങ്കമാലിയിലെ പ്രധാന വ്യാപാരകേന്ദ്രമായ പഴയ മാർക്കറ്റ് റോഡിൽ പൂക്കൾ നൽകിയാണ് വരവേറ്റത്. നായത്തോട് കവലയിൽ കാത്തുനിന്ന വനിതകൾ പൂച്ചെണ്ടുകൾ നൽകി. പാലക്കാട്ടുകാവ് ഭഗവതിക്ഷേത്രത്തിലെ കുംഭഭരണി ഉത്സവത്തിനെത്തിയ ഭക്തരോട‌് കുശലാന്വേഷണം. തുറവൂർ കവലയിലെ കച്ചവടസ്ഥാപനങ്ങളിൽ കയറി വോട്ട‌്തേടി. നോർത്ത‌് കിടങ്ങൂരിൽ മൂലൻസ‌് ഗ്രൂപ്പിന്റെ പായ‌്ക്കിങ് യൂണിറ്റിൽ ഊഷ്മള സ്വീകരണം. ജീവനക്കാരുമായി അൽപ്പം ഇന്നസെന്റായ തമാശകൾ പങ്കുവച്ചു. കറുകുറ്റി കപ്പേളക്കവലയിലെ ഓട്ടോത്തൊഴിലാളികളോടും വോട്ടഭ്യർഥിച്ചു. മൂക്കന്നൂർ പഞ്ചായത്തിൽ ആശുപത്രിക്കവലയിലും പൂതംകുറ്റിയിലും എത്തിയശേഷം മഞ്ഞപ്ര പഞ്ചായത്തിലെ ചന്ദ്രപുരയിലേക്ക‌്. അവിടെ ഉച്ചവെയിലിനെ കൂസാതെ കാത്തുനിന്നത‌് വൻ ജനാവലി.
ഇന്നസെന്റിനൊപ്പം അഡ്വ. ജോസ് തെറ്റയിൽ, സിപിഐ എം മണ്ഡലം സെക്രട്ടറി അഡ്വ. കെ കെ ഷിബു, അങ്കമാലി മുനിസിപ്പൽ ചെയർപേഴ്സൺ എം എ ഗ്രേസി, തുറവൂർ പഞ്ചായത്ത് പ്രസിഡന്റ‌് കെ വൈ വർഗീസ് എന്നിവരുമുണ്ടായിരുന്നു.ഉച്ചയ‌്ക്കുശേഷം ആലുവ അസംബ്ലി മണ്ഡലത്തിലെ വിവിധ പ്രദേശങ്ങളിലായിരുന്നു. കാഞ്ഞൂരിൽനിന്നാരംഭിച്ച പര്യടനം വെള്ളാരപ്പള്ളി, ശ്രീമൂലനഗരം, നെടുമ്പാശേരി, പറമ്പയം, കുന്നുംപുറം, ആലുവ, ആശുപത്രിക്കവല, കമ്പനിപ്പടി, കുന്നത്തേരി, കോമ്പാറ, കുഞ്ചാട്ടുകര, ചുണങ്ങുവേലി, എന്നിവിടങ്ങളിലൂടെ കുട്ടമശേരിയിൽ സമാപിച്ചു. ജിസിഡിഎ ചെയർമാൻ വി സലിം, എൽഡിഎഫ‌് നേതാക്കളായ എ പി ഉദയകുമാർ, സി കെ സലിംകുമാർ, കെ എ കുഞ്ഞുമോൻ, ഷംസുദ്ദീൻ എന്നിവർ ഒപ്പമുണ്ടായി.
Vകാലടി പഞ്ചായത്ത് ബസ‌്സ്റ്റാൻഡിൽ സ്ത്രീജനങ്ങൾ നിറഞ്ഞ ചിരിയോടെ ഇന്നസെന്റിനെ വരവേറ്റു. കാലടി പാലത്തിന്റെ പണി എന്ന‌് കഴിയുമെന്ന ചോദ്യത്തിന‌് വ്യക്തതയോടെ മറുപടി.
‘‘കാലടി സമാന്തരപാലത്തിന്റെ കല്ലിടൽ കഴിഞ്ഞതാണ്.അലൈമെന്റിൽ ചില തർക്കങ്ങളുണ്ട‌്. എന്നെക്കൊണ്ടാകുന്നതുപോലെ ഇടപെട്ടിട്ടുണ്ട‌്. ഇനി തർക്കം പരിഹരിച്ച‌് നമുക്ക‌് ഈ പാലം യാഥാർഥ്യമാക്കണം. അതിന‌് നിങ്ങൾ സഹായിക്കണം’’–- ഇന്നസെന്റ‌് പറഞ്ഞു. നെടുമ്പാശേരിയിലെ കരിയാട‌്, കാരയ‌്ക്കാട്ടുകുന്ന‌്, ചെങ്ങമനാട‌് കുന്നുംപുറം, ദേശം കുന്നുംപുറം എന്നിവിടങ്ങളിലും ഇന്നസെന്റ‌് വോട്ടഭ്യർഥിച്ചു.
ആലുവയിൽ തോട്ടയ‌്ക്കാട്ടുകരയിൽ നിന്ന‌് പര്യടനമാരംഭിച്ചു. ജില്ലാ ആശുപത്രി പരിസരത്തും ചൂർണിക്കര കമ്പനിപ്പടിയിലും കുന്നത്തേരി, എടത്തല കോമ്പാറ, കുഞ്ചാട്ടുകര, ചുണങ്ങംവേലി എന്നിവിടങ്ങളിലെ പര്യടനത്തിന‌് ശേഷം കുട്ടമളേരിയിൽ സമാപിച്ചു. എടയപ്രം ക്ഷേത്രത്തിലെത്തിയും വോട്ട‌്തേടി.