കേരളത്തിൽ സ്‌ത്രീ വോട്ടർമാർ പുരുഷന്മാരേക്കാൾ എട്ട് ലക്ഷം കൂടുതൽ; മൊത്തം വോട്ടർമാർ 2.54 കോടി
Tuesday Mar 12, 2019
തിരുവനന്തപുരം > കേരളത്തിൽ ലോക്‌സഭാ തെരഞ്ഞെടുപ്പിനുള്ള വോട്ടർമാരുടെ എണ്ണം 2.54 കോടിയെന്ന് തെരഞ്ഞെടുപ്പ് കമീഷൻ അറിയിച്ചു. ഇതിൽ 1,31,11308 സ്‌ത്രീ വോട്ടർമാരാണ്. പുരുഷ വോട്ടർമാരുടെ എണ്ണം 1,22,97403 ആണ്. മാതൃകാ പെരുമാറ്റച്ചട്ടം ലംഘിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ ടീക്കാറാം മീണ വാർത്താസമ്മേളനത്തിൽ പറഞ്ഞു. മാതൃകാ പെരുമാറ്റച്ചട്ടം സംബന്ധിച്ച ബുക്ക്‌ലെറ്റ് മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും നൽകിയിട്ടുണ്ട്. ജില്ലകളിൽ ചട്ടം ലംഘിക്കുന്നവർക്കെതിരെ നടപടിയെടുക്കാൻ ജില്ലാ കളക്ടർമാർക്ക് നിർദ്ദേശം നൽകി. മാതൃകാ പെരുമാറ്റച്ചട്ടം സംബന്ധിച്ച് രാഷ്ട്രീയ കക്ഷി പ്രതിനിധികളുമായി മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ 12ന് ചർച്ച നടത്തും. ജാതി മത സ്പർദ്ധ വളർത്തുന്ന പ്രചാരണം പെരുമാറ്റചട്ടത്തിനെതിരാണെന്ന് അദ്ദേഹം പറഞ്ഞു.
ജനുവരി 30ന് വോട്ടർ പട്ടിക പ്രസിദ്ധീകരിച്ച ശേഷം രണ്ടു ലക്ഷം അപേക്ഷകൾ ലഭിച്ചു. ഇതിൽ നടപടി പുരോഗമിക്കുന്നു. സംസ്ഥാനത്ത് മൊത്തം 2,54,08711 വോട്ടർമാരുണ്ട്. ഇതിൽ 1,22,97403 പുരുഷൻമാരുണ്ട്. 119 ട്രാൻസ്‌ജെൻഡറുകളും വോട്ടർപട്ടികയിലുണ്ട്. മലപ്പുറത്താണ് കൂടുതൽ വോട്ടർമാർ, 3047923. വയനാട്ടിലാണ് ഏറ്റവും കുറവ് വോട്ടർമാരുള്ളത്, 5,81,245 പേർ. നാമനിർദ്ദേശ പത്രിക പിൻവലിക്കുന്ന ഏപ്രിൽ എട്ടു വരെ പേരു ചേർക്കാം.
ഇത്തവണ 24,970 പോളിംഗ് സ്‌റ്റേഷനുകളാണുള്ളത്. 44436 വിവിപാറ്റുകളും 32772 ബാലറ്റ് യൂണിറ്റുകളും 35393 കൺട്രോൾ യൂണിറ്റുകളും തയ്യാറാണ്. മെഷീനുകളുടെ ആദ്യ ഘട്ട പരിശോധന പൂർത്തിയായി. സംസ്ഥാനത്തെ മുഴുവൻ പോളിംഗ് ബൂത്തുകളിലും വിവിപാറ്റുകളുണ്ടാവും. സംസ്ഥാനത്ത് കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ 900 ബൂത്തുകളാണ് പ്രശ്‌നബാധിതമായി കണ്ടിരുന്നതെങ്കിൽ ഇത്തവണ അത് 750 ആയിട്ടുണ്ട്. സ്ഥാനാർത്ഥികൾ തങ്ങളുടെ മേലുള്ള കേസുകൾ സംബന്ധിച്ച വിവരം ഫോം 26ൽ നൽകണം. ഇതുസംബന്ധിച്ച് രാഷ്ട്രീയ കക്ഷികളും സ്ഥാനാർത്ഥികളും മാധ്യമങ്ങളിൽ മൂന്നു പരസ്യം നൽകുകയും വേണം. ഇതിന് ചെലവാകുന്ന തുക ഇലക്ഷൻ ചെലവിൽ കണക്കാക്കും.
കേരളത്തിൽ രാവിലെ ഏഴു മണി മുതൽ വൈകിട്ട് ആറ് വരെയാണ് തിരഞ്ഞെടുപ്പ് നടക്കുക. മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറുടെ കാര്യാലയത്തിൽ ജോ. സി. ഇ. ഒയുടെ മേൽനോട്ടത്തിൽ 5 എ ഹാളിൽ കൺട്രോൾ റൂം പ്രവർത്തനം ആരംഭിച്ചു. ഇവിടെ മീഡിയ റൂമും സജ്ജീകരിക്കും. തിരഞ്ഞെടുപ്പിൽ ഹരിതചട്ടം പാലിക്കുന്നതിനെക്കുറിച്ചും രാഷ്ട്രീയ കക്ഷികളുമായി ചർച്ച നടത്തും. ഫ്‌ളക്‌സ് ബോർഡുകൾ ഉപയോഗിക്കരുതെന്ന് ആവശ്യപ്പെടുമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ പറഞ്ഞു. വോട്ടെടുപ്പ് കേന്ദ്രങ്ങളിൽ അംഗപരിമിതർക്ക് പ്രത്യേകം സൗകര്യം ഏർപ്പെടുത്തും. ഇവരെ വീടുകളിൽ നിന്ന് വോട്ടെടുപ്പ് കേന്ദ്രങ്ങളിൽ ഗതാഗത വകുപ്പിന്റെ വാഹനങ്ങളിൽ എത്തിക്കും. ഓരോ ജില്ലയിലെയും പ്രമുഖരുടെ പട്ടിക തയ്യാറാക്കാൻ ജില്ലാ കളക്ടർമാർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. ഇതുവരെ 500 പേരുടെ പട്ടികയായിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.