‘രാജീവങ്കിളേ, അങ്കിൾ ജയിക്കും... ഞാനും വരാം... പ്രചാരണത്തിന‌്
Tuesday Mar 12, 2019
കൊച്ചി>‘രാജീവങ്കിളേ, അങ്കിൾ ജയിക്കും... ഞാനും വരാം പ്രചാരണത്തിന‌്. അങ്കിളിന്റെ ഒരു ചിത്രം ഞാൻ വരച്ചുതരാം...’ എറണാകുളം മണ്ഡലത്തിലെ എൽഡിഎഫ‌് സ്ഥാനാർഥി പി രാജീവ‌് വീട്ടിലെത്തിയപ്പോൾ അന്തരിച്ച സൈമൺ ബ്രിട്ടോയുടെ മകൾ കയീനില പറഞ്ഞു. സമ്മതം അറിയിച്ച രാജീവിനോട‌് പ്രചാരണത്തിന‌് ബ്രിട്ടോ ഉണ്ടാകില്ലല്ലോ എന്ന സങ്കടമാണ‌് ബ്രിട്ടോയുടെ ഭാര്യ സീന ഭാസ‌്കറിന‌് പറയാനുണ്ടായിരുന്നത‌്.
ഞായറാഴ‌്ച രാവിലെയാണ‌് പി രാജീവ‌് സൈമൺ ബ്രിട്ടോയുടെ പച്ചാളത്തെ വീട്ടിലെത്തിയത‌്. രാജീവിനെ കണ്ടയുടൻ കയീനില പുറത്തിറങ്ങി കൈകൂട്ടിപ്പിടിച്ച‌് വീട്ടിനകത്ത‌് കൊണ്ടുപോയി. അവൾ വരച്ച അബ്ബയുടെ (ബ്രിട്ടോയുടെ) ചിത്രങ്ങൾ രാജീവിനെ കാണിച്ചു. എന്റെ ചിത്രം വരയ‌്ക്കാമോ എന്ന ചോദ്യത്തിനു ‘ഞാൻ വരച്ചുതരാം അങ്കിളേ, നല്ലൊരു ഫോട്ടോ തന്നാൽ മതി’യെന്നു മറുപടി. പിന്നീട‌് അങ്കിളിന്റെ പോസ‌്റ്ററിൽ നോക്കി വരയ‌്ക്കാമെന്നായി. ബ്രിട്ടോ അന്തരിച്ചശേഷം ദേശാഭിമാനി വാരാന്തപ്പതിപ്പിൽ പ്രസിദ്ധീകരിച്ച സീനയുടെ അനുഭവക്കുറിപ്പ‌് വായിച്ച‌് പാലക്കാട‌് സ്വദേശി ടോം എന്നയാൾ വരച്ചുസമ്മാനിച്ച ചിത്രവും അവർ രാജീവിനെ കാണിച്ചു. ഇത്തവണ പ്രചാരണത്തിന‌് ബ്രിട്ടോ ഉണ്ടാകില്ലല്ലോ എന്നു പറഞ്ഞു സീന വിതുമ്പി. ഇരുവരെയും ആശ്വസിപ്പിച്ച‌് വിജയാശംസകൾ ഏറ്റുവാങ്ങി രാജീവ‌് മടങ്ങി.
തങ്ങളുടെ വിവാഹത്തിനു പലരും പങ്കെടുക്കാതിരുന്നപ്പോൾ എസ‌്എഫ‌്ഐ ജില്ലാ സെക്രട്ടറിയായിരുന്ന രാജീവ‌് മഹാരാജാസിലെ വിദ്യാർഥികളെയും കൂട്ടി പൂച്ചെണ്ടുകളുമായെത്തിയത‌് സീന ഇന്നും ഓർക്കുന്നു. രാജീവിനെപ്പോലെ പ്രഗത്ഭനായൊരാളെ പാർലമെന്റിലെത്തിക്കേണ്ടത‌് എറണാകുളത്തുകാരുടെ കടമയാണ‌്. എംപിയായിരിക്കുമ്പോഴും ജില്ലാ സെക്രട്ടറിയായിരിക്കുമ്പോഴും ആതുരശുശ്രൂഷാരംഗത്ത‌് അടക്കം നടത്തിയ ഇടപെടലുകൾ കേരളം മുഴുവൻ ശ്രദ്ധിച്ചതാണ‌്. കനിവ‌് പാലിയേറ്റീവ‌് കെയർ പദ്ധതിയും കനിവ‌് ഭവനപദ്ധതിയുമെല്ലാം ജനങ്ങൾക്കു പകർന്ന ആശ്വാസം ചെറുതല്ലെന്നും സീന പറഞ്ഞു. ബ്രിട്ടോയ‌്ക്കൊപ്പം പുറത്തുപോകുന്നതും പൊതുപരിപാടികളിൽ പങ്കെടുക്കുന്നതും നിലാവ‌് (കയീനില) ഏറെ ഇഷ്ടപ്പെട്ടിരുന്നതുകൊണ്ടാകണം രാജീവിന്റെ പ്രചാരണത്തിനു വരുമെന്ന‌് അവൾ പറയുന്നതെന്നും സീന കൂട്ടിച്ചേർത്തു.