കേരളത്തിൽ ഇടതുപക്ഷ മുന്നേറ്റം ഉണ്ടാകും: വിജയരാഘവൻ

Wednesday Mar 13, 2019

പത്തനംതിട്ട> ലോക‌്സഭാ തെരഞ്ഞെടുപ്പിൽ കേരളത്തിൽ ഇടതുപക്ഷ മുന്നേറ്റം ഉണ്ടാകുമെന്ന് എൽഡിഎഫ‌് കൺവീനർ എ വിജയരാഘവൻ പറഞ്ഞു. പാർലമെന്റിൽ ഇടതുപക്ഷത്തിന്റെ അംഗബലം വർധിക്കും. കേന്ദ്രത്തിൽ മതനിരപേക്ഷ സർക്കാർ അധികാരത്തിൽ വരും. പത്തനംതിട്ട പ്രസ‌്ക്ലബ‌് സംഘടിപ്പിച്ച സംവാദത്തിൽ സംസാരിക്കുകയായിരുന്നു വിജയരാഘവൻ.

ഈ തെരഞ്ഞെടുപ്പിൽ കേരളത്തിൽ 2004ലെ മത്സരഫലം ആവർത്തിക്കും.  ഇവിടെ ഇടതുപക്ഷ ജനാധിപത്യ മുന്നണി ദൂരക്കാഴ്ചയുള്ള സമീപനമാണ‌് സ്വീകരിക്കുന്നത‌്. ഇടതുപക്ഷ സർക്കാർ മോഡി ഭരണത്തിൽനിന്ന‌് വിഭിന്നമായി, സാധാരണക്കാരന്റെ താൽപര്യം സംരക്ഷിക്കുന്ന ഭരണമാണ‌് നടത്തുന്നത‌്. ഇടതുപക്ഷത്തിനുകിട്ടുന്ന എല്ലാ ജനകീയ അംഗീകാരവും ബിജെപി അധികാരത്തിൽ വരാതിരിക്കാൻ ഉപയോഗിക്കും. നേരത്തെ സ്ഥാനാർഥികളെ പ്രഖ്യാപിച്ച‌് മികവുറ്റ സ്ഥാനാർഥിനിരയെ ജനങ്ങളുടെ മുന്നിൽ നിർത്തിയാണ‌് എൽഡിഎഫ‌് തെരഞ്ഞെടുപ്പിനെ നേരിടുന്നത‌്. യുഡിഎഫിന‌് അവസരവാദമല്ലാതെ രാഷ്ട്രീയ അജണ്ടയില്ല. ബിജെപിയുടെ കാഴ്ചപ്പാടിനൊപ്പമാണ‌് യുഡിഎഫ‌്. എൽഡിഎഫ‌് സർക്കാരിനെതിരായ പ്രവർത്തനങ്ങളാണ‌് നടത്തുന്നത‌്. മൗലികമായ പ്രശ്നങ്ങളിൽ നിലപാട‌് സ്വീകരിക്കാൻ കഴിയുന്നില്ല.

കേരളത്തിൽ ഒരു സീറ്റിലും ബിജെപി ജയിക്കാൻ പോകുന്നില്ല. വിശ്വാസപ്രശ്നം ഉയർത്തി അവർ നടത്തിയ അക്രമത്തിന‌് കേരളജനത പിന്തുണ നൽകിയില്ല. തിരുവനന്തപുരത്ത‌് നടത്തിയ സത്യഗ്രഹം അവസാനിപ്പിക്കേണ്ടിവന്നു.കേന്ദ്രത്തിൽ മതനിരപേക്ഷ സർക്കാർ അധികാരത്തിൽവരും.  കൂട്ടുകക്ഷി സർക്കാർ വരുമ്പോൾ ജനകീയ താൽപര്യം സംരക്ഷിക്കപ്പെടും എന്ന‌് ഉറപ്പുവരുത്താൻ ഇടതുപക്ഷത്തിന്റെ ഇടപെടൽശേഷി വർധിപ്പിക്കും. അഞ്ചുവർഷം പൂർത്തിയാക്കുന്ന നരേന്ദ്രമോഡി ഗവൺമെന്റ‌് എല്ലാ വിധത്തിലും പൂർണ പരാജയമായിരുന്നു. രാജ്യത്തിന്റെ ഐക്യം നിലനിർത്തുന്നതിൽ വരുത്തിയ വീഴ്ചയാണ‌് ഏറ്റവും വലിയ പരാജയം.

തീവ്രഹിന്ദുത്വ അടയാളങ്ങൾ രാജ്യത്തിന്റെ പൊതു അടയാളങ്ങളായി മാറ്റാൻ മോഡി ഗവൺമെന്റ‌് നടത്തിയ ശ്രമം ഇന്ത്യ പോലുള്ള മതേതര സമൂഹം അംഗീകരിക്കില്ല. വംശീയ കൊലപാതകങ്ങൾ, ഗോവധത്തിന്റെ പേരിലുള്ള കൊലകൾ, സാംസ്കാരികരംഗത്തെ പ്രമുഖർക്കുനേരെ തെരുവിൽ നടന്ന ആക്രമണങ്ങൾ കൊലപാതകങ്ങൾവരെ എത്തിയ അവസ്ഥയായിരുന്നു. സാമ്പത്തികരംഗത്തെ ദൂരക്കാഴ്ചയില്ലാത്ത നടപടികൾ നമ്മുടെ സമ്പദ‌്‌രംഗത്തിന്റെ അടിത്തറ തകർത്തു. നോട്ടുനിരോധനം റിസർവ‌് ബാങ്ക‌് ഗവർണറുമായി ആലോചിച്ചല്ല എന്നാണ‌് പുതിയ തെളിവുകൾ വ്യക്തമാക്കുന്നത‌്. ഇത‌് രാജ്യത്തിന‌് ലക്ഷക്കണക്കിന‌് കോടി രൂപയുടെ നഷ്ടമുണ്ടാക്കി. ദശലക്ഷക്കണക്കിന‌് തൊഴിൽ നഷ്ടപ്പെട്ടു.

പി ജെ ജോസഫിനെ എൽഡിഎഫിൽ എടുക്കുമോ എന്ന ചോദ്യത്തിന‌് ജോസഫ‌് ആദ്യം യുഡിഎഫിന്റെ അവസരവാദ നിലപാടുകളോടൊപ്പമല്ല എന്ന‌് പറയട്ടെ, എന്നിട്ട‌് നോക്കാമെന്ന‌് വിജയരാഘവൻ പറഞ്ഞു. ശബരിമല വിഷയം തെരഞ്ഞെടുപ്പു പ്രചാരണത്തിന‌് ഉപയോഗിക്കരുത‌് എന്ന മുഖ്യ തെരഞ്ഞെടുപ്പ‌് ഓഫീസറുടെ പരാമർശത്തിൽ തെറ്റുപറയാനാവിെല്ലന്നും അദ്ദേഹം പറഞ്ഞു.


വോട്ടുബുക്ക്
സ്പെഷ്യല്‍
ഫേക്ക് ഇന്‍ ഇന്ത്യ
ഓര്‍ത്തെടുപ്പ്
വാര്‍ത്തകള്‍